January 9, 2015

ഉബുണ്ടുവില്‍ മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ?

ഉബുണ്ടുവില്‍ മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ?

ബാലശങ്കര്‍ സി

നമ്മള്‍ ഉപയോഗിക്കുന്ന മലയാളം ഫോണ്ടുകള്‍ പുതുക്കേണ്ടതെന്തുകൊണ്ട് എന്നതു നമ്മള്‍ കഴിഞ്ഞ ബ്ലോഗ് പോസ്റ്റില്‍ വിശദമാക്കി.അതില്‍ പറഞ്ഞതുപോലെ ഉബുണ്ടുവില്‍ ഫോണ്ടുകള്‍ പുതുക്കാനുള്ള എളുപ്പവഴിയായി ഒരു റെപ്പോസിറ്ററി ഞാന്‍ സജ്ജമാക്കിയിട്ടുണ്ട് . ആ റെപ്പോസിറ്ററി എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നാണ്‍ എന്നാണു് ഈ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നതു്.

ഉബണ്ടു കാലങ്ങളായി അവരുടെ ഡിസ്ട്രിബ്യൂഷനിലെ ഇന്ത്യന്‍ ഭാഷാ ഫോണ്ടുകള്‍ പുതുക്കുന്നില്ല. ഡെബിയനില്‍ വരുന്ന ഫോണ്ട് അപ്ഡേറ്റുകള്‍ ഇറക്കുമതി ചെയ്യല്‍ ഉബണ്ടു ചെയ്യേണ്ടതാണെങ്കിലും ഇപ്പോഴുള്ള മിക്ക ഫോണ്ടുകളും 2010ലേതിനേക്കാള്‍ പഴയതാണ് . 2011-2012 ല്‍ ഡെബിയന്‍ ഫോണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി ttf-malayalam-fonts എന്നതില്‍ നിന്നു fonts-<നിര്‍മ്മാതാവ്> എന്നരീതിയില്‍ മാറ്റി . എന്നാല്‍ അതുപ്രകാരം ttf-malayalam-fonts എന്ന പാക്കേജ് ഡെബിയനില്‍ ഇല്ലാതായിട്ട് fonts-smc പാക്കേജായി മാറിയതു ശ്രദ്ധിക്കാതെ ഉബുണ്ടു അവരുടെ ലാംഗ്വേജ് പാക്കില്‍ മലയാളം തെരഞ്ഞെടുത്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പണ്ടത്തെ പാക്കേജായിത്തന്നെ തുടര്‍ന്നു . ഇപ്പോള്‍ ഉബണ്ടുവില്‍ ttf-malayalam-fonts എന്ന പാക്കേജും fonts-smc എന്ന പാക്കേജും ലഭ്യമാണ് . ഒന്നു വളരെ പഴയ വെര്‍ഷന്‍ , മറ്റേതു ഒരുവര്‍ഷത്തോളം പഴകിയ വെര്‍ഷന്‍ . രണ്ടും പുതുക്കപ്പെടുന്നുമില്ല. സ്വാഭാവികമായി മലയാളം തെരഞ്ഞെടുക്കുമ്പോള്‍ പഴയ വെര്‍ഷനാണു ഇന്‍സ്റ്റാളാവുക. കാലങ്ങളായി ഇതു ചൂണ്ടിക്കാട്ടാന്‍ ഇട്ട ബഗ്ഗുകളില്‍ ഉബണ്ടുവിനാകട്ടെ വലിയ ശ്രദ്ധയുമില്ല. അതിനാലാണു ഈ PPA ഇന്‍സ്റ്റളേഷന്‍ വേണ്ടിവരുന്നതു് . ഉബുണ്ടു 14.04, 14.10, വരാനിരിയ്ക്കുന്ന 15.04 എന്നിവയിലാണു് ഇപ്പോള്‍ ഈ രീതിയില്‍ മലയാളപിന്തുണ ചേര്‍ക്കാനാവുക.

ഫോണ്ടുകള്‍ ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

ഉബുണ്ടുവില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ രണ്ടു് വഴികളുണ്ടു്. ഒന്നു്, ഉബുണ്ടു തന്നെ നല്‍കുന്ന "ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍" എന്ന പ്രോഗ്രാം ഉപയോഗിച്ചു്. രണ്ടു്, ടെര്‍മിനലില്‍ കമാന്‍ഡുകള്‍ അടിച്ച്. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ ഉപയോഗിച്ച് മലയാളം ഫോണ്ടുകള്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നു് നോക്കാം.

  1. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ തുറക്കുക
    ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍
  2. ഉബുണ്ടുവിലെ സോഫ്റ്റ്‌വെയര്‍ സെന്റര്‍ എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയറുകള്‍ക്കായി തിരയുന്ന സ്ഥാനങ്ങളില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകള്‍ ലഭിക്കുന്ന PPA ചേര്‍ക്കുക എന്നതാണു ഇനി വേണ്ടതു്. അതിനായി, Edit മെനുവിലെ Software Sources ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നതു് പോലെ ഒരു ഡയലോഗ് ബോക്സ് ലഭിക്കും

  1. അതില്‍ രണ്ടാമത്തെ ടാബായ "Other Software” ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന ഡയലോഗ് ബോക്സില്‍ നിന്നും Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  1. PPAയുടെ വിലാസം കൊടുക്കാനായി ഒരു ഡയലോഗ് ബോക്സ് ലഭിക്കും. അവിടെ ടെക്സ്റ്റ് ബോക്സില്‍
    ppa:smcproject/repo

എന്നു് നല്‍കുക. ശേഷം, Add Source ബട്ടണില്‍ ക്ലിക്ക് ചെയ്യുക

  1. Other Software ടാബില്‍ ഇപ്പോള്‍ രണ്ട് വിലാസങ്ങള്‍ വന്നിരിക്കുന്നതായും, അതില്‍ ഒന്നു് ചെക്ക് ചെയ്ത അവസ്ഥയിലാണെന്നും കാണാം. ശേഷം, Close ബട്ടണ്‍ അമര്‍ത്തി ഡയലോഗ് ബോക്സില്‍ നിന്നും പുറത്തുകടക്കുക

  1. ഇപ്പോള്‍, ഉബുണ്ടു സോഫ്റ്റ്‌വെയറുകള്‍ക്കായി തിരയേണ്ട സ്ഥലങ്ങളുടെ പട്ടിക പുതുക്കുന്നതായിരിക്കും. അതു് മുകളിലെ പ്രോഗ്രസ് എന്ന ബട്ടണില്‍ (അതിന്റെ വശത്തു് ഒരു ഓറഞ്ച് നിറത്തിലുള്ള അനിമേഷന്‍ കാണാം) അമര്‍ത്തിയാല്‍ കാണാം.

  1. Updating Cache എന്ന പ്രവൃത്തി ചെയ്തുകഴിഞ്ഞാല്‍, മുകളിലെ All Software എന്ന ബട്ടണ്‍ അമര്‍ത്തി പൂമുഖത്തേക്കെത്തുക. അവിടെയുള്ള തിരച്ചില്‍ പെട്ടിയില്‍ (Search box) fonts-smc എന്നു് നല്‍കി എന്റര്‍ കീ അടിക്കുക. അപ്പോള്‍ , SMC Malayalam Font Pack എന്ന ഒരു ഫലം ലഭിച്ചതായി കാണാം.

  1. അതു് സെലക്ട് ചെയ്തതിനു് ശേഷം More Info എന്ന ബട്ടണ്‍ അമര്‍ത്തുക

  1. ഇപ്പോള്‍ ലഭിച്ച വിന്‍ഡോയില്‍, ഫോണ്ട് പാക്കേജിന്റെ വേര്‍ഷന്‍ ഏറ്റവും പുതിയതു് (6.1.1-1) തന്നെ ആണെന്നു് ഉറപ്പു വരുത്തുക

  1. വേര്‍ഷന്‍ ശരിയാണെന്നു് ഉറപ്പു വരുത്തിയാല്‍ മുകളിലുള്ള Install ബട്ടണ്‍ അമര്‍ത്തി ഇന്‍സ്റ്റളേഷന്‍ തുടങ്ങുക. ttf-indic-fonts-core എന്ന പാക്കേജ് നീക്കം ചെയ്താലേ ഫോണ്ട് പാക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റൂ എന്ന ഒരു മുന്നറിയിപ്പ് ലഭിക്കുന്നതായിരിക്കും. അവിടെ Install Anyway എന്ന ബട്ടണ്‍ അമര്‍ത്തുക

  1. ഇന്‍സ്റ്റളേഷന്‍ പുരോഗമിക്കുന്നതിനോടൊപ്പം പ്രോഗ്രസ് ബാര്‍ നിറയുന്നതും കാണാം.

  1. ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയായാല്‍, പാക്കേജിനെ പറ്റിയുള്ള വിവരണത്തിന്റെ വശത്ത് Installed എന്ന ഒരു പച്ച ശരി ചിഹ്നം കാണാം

  1. ഇപ്പോള്‍ മലയാളം ഫോണ്ടുകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞു. പരിശോധിക്കാനായി ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ എടുത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്തതിനു് ശേഷം ഫോണ്ടുകള്‍ മാറ്റി നോക്കുക

കമാന്റ് ലൈന്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍

ഇതേ കാര്യം തന്നെ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ കമാന്റ് ലൈനില്‍ ചെയ്യേണ്ട രീതി താഴെക്കൊടുക്കുന്നു. ഒരു ടെര്‍മിനല്‍ എടുത്ത് താഴെപ്പറയുന്ന കമാന്റുകള്‍ ഓരോന്നോരോനായി നല്‍കുക .

നിങ്ങള്‍ ഉബുണ്ടുവില്‍ മലയാളം ഫോണ്ടുകള്‍ ഉള്ള ttf-malayalam-fonts എന്ന പാക്കേജോ fonts-smc എന്ന പാക്കേജോ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഇതേ കമാന്‍ഡുകള്‍ കൊണ്ടുതന്നെ ആ പാക്കേജ് നിങ്ങള്‍ക്ക് പുതുക്കാവുന്നതാണു്. ടെര്‍മിനല്‍ തുറന്നു് താഴെ കൊടുത്തിരിക്കുന്ന കമാന്‍ഡുകള്‍ നല്‍കുക

sudo apt-add-repository ppa:smcproject/repo  
sudo apt-get update  
sudo apt-get remove ttf-freefont  
sudo apt-get install fonts-smc

ഇങ്ങനെ ചെയ്യുമ്പോള്‍ fonts-smc എന്ന പാക്കേജ് ഉബുണ്ടുവിന്റെ പ്രധാന റെപ്പോയില്‍ നിന്നും മാറി സ്വമക പരിപാലിക്കുന്ന ppaയില്‍ നിന്നും എടുത്തു് പുതുക്കുന്നതായിരിക്കും

ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തു് ഉപയോഗിക്കുന്നവര്‍

നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ടുകളുടെ പഴയ വേര്‍ഷനുകള്‍ നിലവില്‍ ഉണ്ടെങ്കില്‍ (ഹോം ഡയറക്ടറിയിലെ .fonts എന്ന സബ്‌ഡയറക്ടറിക്കകത്തു് മലയാളം ഫോണ്ടുകള്‍ നിങ്ങള്‍ സ്വയം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ~/.fonts/) അവ നീക്കം ചെയ്തതിനു് ശേഷം മുകളില്‍ പറഞ്ഞ പ്രക്രിയ ഉപയോഗിച്ച് fonts-smc പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും