January 12, 2019

സ്വനലേഖ ഇനി വിൻഡോസിലും മാക്കിലും

സ്വനലേഖ ഇനി വിൻഡോസിലും മാക്കിലും

ലിനക്സിലെ സ്വനലേഖ എന്ന ടൈപ്പിങ്ങ് ടൂൾ ഇനി വിൻഡോസിലും മാക്കിലും ലഭ്യമാകും. ലിപ്യന്തരണം(Transliteration)  സമ്പ്രദായം ഉപയോഗിക്കുന്ന ഈ എഴുത്തുപകരണം ലിനക്സ് ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലുള്ളതാണ്. കീമാൻ എന്ന ടൂളിന്റെ സഹായത്തോടെ അതിനെ വിൻഡോസ്, മാക് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരിക്കുകയാണ്  രമേഷ് കുന്നപ്പുള്ളി.

മലയാളികൾക്ക് ശീലമുള്ള മംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പു ചെയ്യാവുന്നതുകൊണ്ട് പെട്ടെന്ന് പഠിക്കാൻ കഴിയുന്നുവെന്നതാണ് സ്വനലേഖയുടെ പ്രത്യേകത. അതിൽത്തന്നെ ചില മലയാളം അക്ഷരങ്ങൾ പല ഇംഗ്ലീഷ് കീകൾ ഉപയോഗിച്ച് ചിലരെഴുതാറുണ്ട്. അതിനെയെല്ലാം കണക്കിലെടുത്താണ് സ്വനലേഖയുടെ രൂപകല്പന. ഉദാഹരണത്തിന് രൂപകല്പന എന്നെഴുതാൻ roopakalpana എന്നോ ruupakalpana എന്നോ rUpakalpana എന്നൊക്കെ ഉപയോഗിക്കാം. സ്വനലേഖയുടെ വെബ്സൈറ്റിൽ നോക്കി വളരെച്ചുരുങ്ങിയ സമയംകൊണ്ട് ഈ പാറ്റേണുകൾ പഠിച്ചെടുക്കാവുന്നതാണ്. സന്തോഷ് തോട്ടിങ്ങൽ 2008 ൽ രൂപകല്പന ചെയ്തതാണ് ഈ ടൈപ്പിങ്ങ് സമ്പ്രദായം.

ആൻഡ്രോയിഡ് ഫോണുകളിൽ ഇൻഡിക് കീബോർഡിന്റെ സഹായത്തോടെ സ്വനലേഖ നിലവിൽ ഉപയോഗിക്കാവുന്നതാണ്. ക്രോം ഫയർഫോക്സ് എന്നിവയ്ക്ക് ബ്രൌസർ എക്സ്റ്റൻഷനുകളും ഉണ്ട്. ഇപ്പോൾ മാക്കിലും വിൻഡോസിലും കൂടി സ്വനലേഖ എത്തുന്നതോടെ എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും മൊബൈലിലും ഒരേ ടൈപ്പിങ്ങ് ടൂൾ ഉപയോഗിക്കാനാകും.

ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെയെന്നറിയുവാൻ സ്വനലേഖയുടെ വെബ്സൈറ്റ്  സന്ദർശിക്കുക.

വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ വീഡിയോ താഴെക്കൊടുക്കുന്നു.

സോഴ്സ് കോഡിനും ബഗ്ഗുകൾ റിപ്പോർട്ട് ചെയ്യാനും:  https://gitlab.com/smc/swanalekha/