വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍

ഈ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവരുടെയും പേരും വീട്ടുപേരും രക്ഷിതാവിന്റെ പേരും വിലാസവും വയസ്സും ഫോണ്‍ നമ്പറും ഒക്കെ അടങ്ങിയ ഒരു വലിയ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണു് വോട്ടര്‍ പട്ടികകള്‍. വോട്ടര്‍പട്ടികകളിലെ അക്ഷരത്തെറ്റുകള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ടെങ്കിലും അതിലും വലിയ പ്രശ്നമാണു് എന്‍കോഡിങ്ങ് തെറ്റുകള്‍ ഉണ്ടാക്കുന്നതു്. ഒരു വിവരവ്യവസ്ഥയുടെ അടിസ്ഥാന ആവശ്യം കാഴ്ച എന്നതിലുപരി വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയും ഉപയോഗിയ്ക്കുകയുമാണു്. അതിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഇപ്പോഴത്തെ വോട്ടര്‍പട്ടിക പുതുക്കലില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നു് ചൂണ്ടിക്കാട്ടുകയാണിവിടെ.

ചിത്രത്തില്‍ കാണുന്ന മലയാളം അക്കങ്ങള്‍ ചിലര്‍ക്കെങ്കിലും പരിചയം കാണും. വളരെ അപൂര്‍വ്വമായേ ഇവ ഉപയോഗിക്കാറുള്ളൂ. നിത്യജീവിതത്തില്‍ തീരെ ഇല്ലെന്നു തന്നെ പറയാം. പക്ഷേ, കൌതുകകരമായ രീതിയില്‍ ഇവയുടെ ഉപയോഗം പെട്ടെന്നു കൂടിവരികയാണു്. താഴെ കര്‍ഷകന്‍ എന്നെഴുതിയിരിക്കുന്നതു നോക്കൂ:

ഇതിനെ കര്‍ഷകന്‍ എന്നു വായിക്കാന്‍ അത്ര ബുദ്ധിമുട്ടില്ല. പക്ഷേ അതിലെ ര്‍ , ന്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്കു പകരം മലയാളം അക്കങ്ങളായ ൪(4), ൯(9) എന്നിവയാണു് ഉപയോഗിച്ചിട്ടുള്ളതു്. കാഴ്ചയില്‍ ഏകദേശം ഒരുപോലെയിരിക്കുന്നതിനാലും, ചില്ലക്ഷരം നേരാംവണ്ണം ടൈപ്പു ചെയ്യാന്‍ അറിയാത്തതിനാലും, ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ മലയാളം അക്കങ്ങള്‍ ചില്ലക്ഷരങ്ങളേക്കാള്‍ വേഗത്തില്‍ ടൈപ്പു ചെയ്യാന്‍ പറ്റുന്നതിനാലുമായിരിക്കണം ആളുകള്‍ ഇങ്ങനെ ടൈപ്പു ചെയ്യുന്നതു്.

കാഴ്ചയില്‍ ചില്ലക്ഷരങ്ങളാണെന്നു് തോന്നിപ്പിക്കുന്നതിനുള്ള ഈ വേലത്തരത്തിനു ഭംഗികേടു് മാത്രമേ ഉള്ളൂവെന്നു സമാധാനിക്കാമെങ്കിലും, പിന്നീടു് സെര്‍ച്ച് ചെയ്യുകയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊസസ്സിങ്ങിനു് ഈ ഡേറ്റ ഉപയോഗിക്കുകയോ ചെയ്യുമ്പോഴാണു് ഇതു് വയ്യാവേലി ആവുന്നതു്. യൂണിക്കോഡിലെ യാതൊരു പരസ്പരബന്ധവുമില്ലാത്ത രണ്ടു് കോഡ് പോയിന്റുകളാണു് ര്‍, ൪ എന്നിവ. രാമന്‍, രാമ൯ എന്നിവര്‍ വേറേവേറെ പേരുകളാണു്. ഒന്നു തിരഞ്ഞാല്‍ മറ്റേതു കിട്ടില്ല.

ഇവിടെ ഈ വിഷയം ഇപ്പോള്‍ പരാമര്‍ശിക്കാന്‍ കാരണം, ഈ സൂത്രപ്പണി വളരെ ഗൌരവകരമായ രീതിയില്‍ സംസ്ഥാനത്തെ ആസന്നമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു് മുന്നോടിയായി നടക്കുന്ന വോട്ടര്‍പ്പട്ടിക പുതുക്കല്‍ പരിപാടിയില്‍ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണു്.

ഗുരുതരമായ രീതിയിലുള്ള ഡാറ്റ കറപ്ഷനാണു് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലുള്ളതു്. പുതിയ അപേക്ഷകളില്‍ മലയാളത്തിലുള്ള വിവരങ്ങള്‍ ടൈപ്പു ചെയ്യുന്നതിനു് വെബ് പേജില്‍ ഒരു ടൂള്‍ ചേര്‍ത്തിട്ടുണ്ടു്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പു ചെയ്യാന്‍ സൌകര്യമില്ലെങ്കിലോ അപേക്ഷകനോ അക്ഷയസെന്ററിലെ ഡാറ്റ എന്‍ട്രി ചെയ്യുന്ന ആള്‍ക്കോ ടൈപ്പിങ്ങ് വശമില്ലെങ്കിലോ ഉപയോഗപ്പെടുത്താനാണിതു്. സ്ക്രീനില്‍ കാണുന്ന അക്ഷരങ്ങളുടെ പട്ടികയില്‍ ക്ലിക്കുചെയ്തു് ടൈപ്പു ചെയ്യാന്‍ കഴിയും.

പക്ഷേ ഈ പട്ടികയില്‍ വലിയ പിശകുണ്ടു്. ല്‍ എന്ന ചില്ലക്ഷരമൊഴികെ വേറേ ചില്ലുകളൊന്നും അതിലില്ല. പക്ഷേ മലയാളം അക്കങ്ങളെല്ലാം ഉണ്ടുതാനും. ആരുടെയും പേരിലോ മേല്‍വിലാസത്തിലോ മലയാളം അക്കങ്ങള്‍ വരാന്‍ സാധ്യതയില്ലെന്നിരിക്കേ ചില്ലുകള്‍ ഒഴിവാക്കി ഈ അക്കങ്ങള്‍ കൊടുത്തിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല. ര്‍, ന്‍ എന്നീ ചില്ലുകള്‍ ഈ പട്ടികയില്‍ തപ്പുന്നവര്‍ ൪(4), ൯(9) എന്നീ മലയാളം അക്കങ്ങള്‍ ഉപയോഗിക്കും. അങ്ങനെ പേരിലെ ചില്ലെല്ലാം കാഴ്ചയില്‍ സാമ്യമുള്ള മലയാളം അക്കങ്ങളാവും. സത്യന്‍ എന്നാണു ടൈപ്പു ചെയ്യാനുദ്ദേശിച്ചെങ്കില്‍ സത്യ൯ (സത്യ9) എന്ന പേരാണു് പട്ടികയില്‍ കയറുന്നതു്.

പ്രശ്നം വഷളാക്കുന്നതു് മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ കാര്‍ത്തിക, നിര്‍മല ഫോണ്ടുകളാണു്. നിരവധി ബഗ്ഗുകളുള്ള ആ ഫോണ്ടുകളില്‍ മലയാളം അക്കം ൯, ചില്ലക്ഷരം ന്‍ എന്നിവ തിരിച്ചറിയാന്‍ എളുപ്പമല്ല.

അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ചെയ്യുന്ന വോട്ടര്‍പ്പട്ടിക ഡാറ്റാ എന്‍ട്രിയില്‍ താഴെപ്പറയുന്നതരം തെറ്റുകളാണു പ്രധാനമായും ശ്രദ്ധയില്‍ പെട്ടതു്:

  1. ആളുകളുടെ പേരിലും വിലാസത്തിലുമുള്ള ചില്ലുകള്‍ക്കു പകരം മലയാളം അക്കങ്ങള്‍ ഉപയോഗിയ്ക്കല്‍
  2. ം എന്ന അനുസ്വാര ചിഹ്നത്തിനു പകരം പൂജ്യം (൦) എന്ന അക്കമോ, ഇംഗ്ലീഷ് അക്ഷരമായ o യോ, മലയാളം ഠ-യോ ഉപയോഗിയ്ക്കല്‍ (കൂടുതലും സ്ഥലപ്പേര്, വീട്ടുപേര് തുടങ്ങിയവയില്‍)
  3. നിത്യ, മാത്യു എന്നൊക്കെയുള്ള പേരുകളിലെ ്യ ചിഹ്നത്തിനു പകരം ൃ ചിഹ്നം ഉപയോഗിക്കല്‍
  4. മ്പ എന്നതിനു മലയാളം അക്കം ൩(3) ഉപയോഗിക്കല്‍
  5. ന്ന എന്നതിനു മലയാളം അക്കം ൬(6) ഉപയോഗിക്കല്‍
  6. ക്ര എന്നതിനു (ക - അതായതു് ബ്രാക്കറ്റ് ചിഹ്നവും കയും ഉപയോഗിക്കല്‍
  7. ള്ള (ള +ചന്ദ്രക്കല+ള ) എന്നതിനു പകരം രണ്ട് ള ചേര്‍ത്തെഴുതല്‍

കുറച്ചു ഉദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു:






തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു് 2010 വരെ സംസ്ഥാന തെരഞ്ഞെടുപ്പു് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ വോട്ടര്‍പ്പട്ടിക തയ്യാറാക്കുകയായിരുന്നു പതിവു്. ഈ വോട്ടര്‍പ്പട്ടികകളില്‍ തെരഞ്ഞെടുപ്പു സമയമടുക്കുമ്പോള്‍ മാത്രമേ പുതുക്കലുകള്‍ നടത്തുക പതിവുള്ളൂ. ഇതിന്നായി പ്രത്യേകമായൊരു ഉദ്യോഗസ്ഥ സംവിധാനം ഇല്ല. പാര്‍ലമെന്റിലേക്കും സംസ്ഥാനനിയമസഭയിലേക്കുമുള്ള വോട്ടര്‍പ്പട്ടിക, കേന്ദ്രതെരഞ്ഞെടുപ്പു് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ ചീഫ് ഇലക്‍ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ കളക്‍ടര്‍മാര്‍, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്‍ടര്‍ എന്നിവര്‍ മുതല്‍ താലൂക്കു് തഹസീല്‍ദാര്‍മാരുടെ കീഴിലെ ഇലക്‍ഷന്‍ സെക്‍ഷന്‍ വരെ നീളുന്ന വിപുലമായ സ്ഥിരം ഉദ്യോഗസ്ഥ സംവിധാനം വഴി കാലാനുസൃതമാക്കി സൂക്ഷിക്കുന്ന പതിവാണുള്ളതു്.

പക്ഷേ, ഇനി മുതല്‍ രണ്ടു വോട്ടര്‍ പട്ടികയ്ക്കു പകരം സംസ്ഥാന ഇലക്‍ഷന്‍ കമ്മീഷനും കേന്ദ്ര ഇലക്‍ഷന്‍ കമ്മീഷനും ഒരു വോട്ടര്‍ പട്ടിക പൊതുവായി ഉപയോഗിക്കാന്‍ തീരുമാനത്തിലെത്തിയിട്ടുണ്ടു്. അതായതു് ഇപ്പോള്‍ ചേര്‍ക്കുന്ന പുതിയ വോട്ടര്‍മാരുടെ വിവരം സംസ്ഥാന ഇലക്‍ഷന്‍ കമ്മീഷനും കേന്ദ്ര ഇലക്‍ഷന്‍ കമ്മീഷനും ഉപയോഗിക്കും. ഈ ആവശ്യം മുന്നില്‍ കണ്ടാണു് NIC ഇതിനാവശ്യമായ സോഫ്റ്റ്‌വെയറും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവും നിര്‍മ്മിച്ചിട്ടുള്ളതു്. ഗ്രാമപഞ്ചായത്തു തലത്തില്‍ നടക്കുന്ന ഈ വിവര ശേഖരണത്തില്‍ വീട്ടുനമ്പര്‍, വാര്‍ഡ് വിവരങ്ങളും ഉള്ള കാര്യം ശ്രദ്ധിക്കുക. അങ്ങനെ വരുമ്പോള്‍ ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനരേഖകളില്‍ ഒന്നു് എന്ന പ്രാധാന്യത്തിനു പുറമേ, പല സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വോട്ടര്‍പ്പട്ടികയിലുണ്ടോ, ഇന്ന പഞ്ചായത്തിലെ വ്യക്തിയാണോ തുടങ്ങിയ പരിശോധനകള്‍ക്കു് ഈ പട്ടിക ഉപയോഗപ്പെടുത്തിയേക്കാം. ഭരണവ്യവസ്ഥയുടെ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ഈ വിവരങ്ങളും പരിശോധനകളും ഒരു വലിയ വിവരവ്യവസ്ഥ(Information system) നിര്‍മ്മിക്കുകയാണു്. അത്തരം ഒരു വിവരവ്യവസ്ഥയില്‍ തെറ്റായ പേരുകളോ, വിലാസങ്ങളോ കടന്നുകൂടുന്നതിനു് വളരെയേറെ പ്രത്യാഘാതങ്ങളുണ്ടു്. ദിവാകരന്‍ എന്ന പേരു്, ഡാറ്റാബേസില്‍ ദിവാകര൯ എന്നാണെങ്കില്‍ ഒരു സോഫ്റ്റ്‌വെയറിനെ സംബന്ധിച്ചു് ദിവാകരന്‍ വോട്ടര്‍പട്ടികയില്‍ ഇല്ല എന്നു തന്നെയാണര്‍ത്ഥമാക്കുന്നതു്.

ചില്ലുകള്‍ ടൈപ്പു ചെയ്യുന്നതെങ്ങനെ?

വോട്ടര്‍ രജിസ്ട്രേഷന്‍ പേജിലെ ഇപ്പോഴുള്ള സംവിധാനം വീണ്ടും വീണ്ടും തെറ്റുകള്‍ കടന്നുകൂടാനെ സഹായിക്കൂ. എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേയൌട്ട് ഉപയോഗിച്ച് ടൈപ്പു ചെയ്യാന്‍ സാധിക്കുന്നതാണു്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരം കിട്ടാന്‍ 3 കീ അമര്‍ത്തേണ്ടതുണ്ടു്.

  • ര്‍ = ര + ് + ZWJ = j + d + ]
  • ന്‍ = ന +് + ZWJ = n + d + ]

ഈ ലേയൌട്ടില്‍ സാര്‍വ്വദേശീയമായി ഉപയോഗത്തിലുള്ള അക്കങ്ങള്‍ക്കു പകരം മലയാളം അക്കങ്ങള്‍ മാപ്പുചെയ്തിട്ടുണ്ടെന്നു മറക്കരുതു്. പലരും കീബോര്‍ഡില്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചാണു് ടൈപ്പു ചെയ്യുന്നതെന്നും അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടു് അവിടെയും ശ്രദ്ധ വേണം.

നല്ലൊരു മലയാളം ഫോണ്ടും സിസ്റ്റത്തില്‍ ഉപയോഗിക്കേണ്ടതു് അത്യാവശ്യമാണു്. മുകളില്‍ കൊടുത്ത ചിത്രങ്ങളില്‍ മീര ഫോണ്ടു് ചില്ലും മലയാള അക്കവും തമ്മില്‍ ചെറിയ രൂപവ്യത്യാസം ഉണ്ടാക്കുന്നതു കണ്ടല്ലോ. പക്ഷേ അക്ഷയ കേന്ദ്രങ്ങളില്‍ പൊതുവേ ഉപയോഗത്തിലുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ എക്സ് പി, വിസ്ത, 7 തുടങ്ങിയ വേര്‍ഷനുകളിലെ ഡിഫോള്‍ട്ട് മലയാളം ഫോണ്ടായ കാര്‍ത്തിക, ചിലേടങ്ങളിലെങ്കിലും ഉണ്ടായിരിക്കാനിടയുള്ള വേര്‍ഷന്‍ 10ലെ ഡിഫോള്‍ട്ട് ഫോണ്ടായ നിര്‍മല എന്നിവയില്‍ മേല്‍പ്പറഞ്ഞ ചില്ലക്ഷരങ്ങളും അവയ്ക്കു പകരം ടൈപ്പു ചെയ്തു ചേര്‍ക്കുന്ന അക്കങ്ങളും തമ്മില്‍ അത്ര രൂപവ്യത്യാസം കാണുന്നില്ല. അതുകൊണ്ടുതന്നെ ടൈപ്പു ചെയ്തു കഴിഞ്ഞാലും ഒന്നും അറിയാന്‍ കഴിയില്ല.

അനുസ്വാരത്തിനു പകരം 0, o, മലയാളഅക്കം ൦ എന്നിവ ടൈപ്പു ചെയ്യുന്നതു് വേറൊന്നു്. അനുസ്വാരം ടൈപ്പു ചെയ്യാന്‍, ഇന്‍സ്ക്രിപ്റ്റില്‍ x എന്ന കീ ആണു് അടിക്കേണ്ടതു്. കോമളം എന്നെഴുതാന്‍ കോമള0 എന്നെഴുതിയാല്‍ അതു് കോമള'പൂജ്യം' മാത്രമേ ആവൂ.

ദുഃഖം എന്നെഴുതാന്‍ ദു കഴിഞ്ഞ് : ചിഹ്നം ഇടുന്നതു് വേറൊരു സൂത്രപ്പണിയാണു്. പേരുകളില്‍ വിസര്‍ഗ്ഗം കാണാന്‍ സാധ്യതയില്ലാത്തതുകൊണ്ടു് വോട്ടര്‍പ്പട്ടികയില്‍ അതു് പ്രശ്നമായേക്കില്ല. പക്ഷേ മലയാളം ടൈപ്പു ചെയ്യുമ്പോള്‍ അതു് ശ്രദ്ധിക്കുന്നതു് നന്നായിരിക്കും.

ഇതു് ഇനി തിരുത്താന്‍ എന്തുചെയ്യണം?

  • ഡാറ്റാബേസിലെ ഇത്തരം പ്രശ്നങ്ങള്‍ ഒരു ഓട്ടോമേറ്റഡ് സ്ക്രിപ്റ്റ് വഴി, ശ്രദ്ധാപൂര്‍വം തിരുത്താവുന്നതാണു്.
  • വോട്ടര്‍ രജിസ്ട്രേഷന്‍ പേജിലെ ഇപ്പോഴുള്ള ടൈപ്പിങ്ങ് സംവിധാനം എടുത്തുമാറ്റണം. മെച്ചപ്പെട്ട ഒരു ടൂളിനെപ്പറ്റി ചിന്തിക്കാവുന്നതാണു്.
  • അക്ഷയ കേന്ദ്രങ്ങളിലെ ഡാറ്റ എന്‍ട്രി ചെയ്യുന്നവര്‍ക്കു ഇതു സംബന്ധമായ പരിശീലനവും നിര്‍ദ്ദേശങ്ങളും കൊടുത്തു് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈ എടുക്കണം.

മലയാളം ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിയ്ക്കുന്ന ആരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ. ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഇലക്ഷന്‍കമ്മീഷനു ആവശ്യമെങ്കില്‍ സാങ്കേതിക സഹായമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ നല്‍കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് തയ്യാറാണു്.