സ്വതന്ത്രസോഫ്‌റ്റ്‌വെയറും അതിനപ്പുറവും - ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം മൂന്നുഭാഗങ്ങളായി പ്രസിദ്ധീകരിയ്ക്കുന്നു .

ആദ്യഭാഗം | രണ്ടാം ഭാഗം | മൂന്നാം ഭാഗം

നിങ്ങളോടൊരു അഭ്യര്‍ത്ഥനയോടുകൂടി ഞാന്‍ തുടങ്ങട്ടെ. നിങ്ങളെന്റെ ചിത്രങ്ങളെടുക്കുകയാണെങ്കില്‍ ദയവുചെയ്തു് അവ ഫേസ്‌ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ഇടരുതു്. ആ കമ്പനിയൊരു ഭീമാകാരമായ നിരീക്ഷണയന്ത്രമാണു്. അതു് ഉപയോഗിക്കുന്നവരെ അതു് തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. കമ്പനി മറ്റുള്ളവരെയാണു് ഉപയോഗിക്കുന്നതു്, മറിച്ചല്ല. അതുകൊണ്ടു്, കമ്പനിയുടെ ഉപയോക്താക്കള്‍ എന്നല്ല, കമ്പനിയാല്‍ ഉപയോഗിക്കപ്പെടുന്നവര്‍ എന്നാണു് ഞാനവരെ വിളിക്കുന്നതു്. കൂടാതെ നെറ്റിലുള്ള മറ്റെല്ലാവരെയും നിരീക്ഷിക്കാന്‍ കമ്പനി ശ്രമിക്കുന്നു. ആരുടെയെങ്കിലും ചിത്രം നിങ്ങള്‍ ഫേസ്‌ബുക്കിലിട്ടാല്‍ ആ വ്യക്തിയെ നിരീക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗംകൂടി നിങ്ങള്‍ അവര്‍ക്കു് നല്‍കുകയാണു്. അതുകൊണ്ടു് അങ്ങനെ ചെയ്യുന്നതു് നിങ്ങളുടെ സുഹൃത്തിനോടുള്ള മോശമായ പെരുമാറ്റമാവുന്നുണ്ടു്, എന്നോടും മോശമായ പെരുമാറ്റമാവുമതു്. അതുകൊണ്ടു്, ദയവുചെയ്തു് ഫേസ്‌ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ചിത്രം വേണ്ട. കൂടാതെ ഫേസ്‌ബുക്കിനാല്‍ ഉപയോഗിക്കപ്പെടുന്നവരാകാതിരിക്കാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു.

രണ്ടാമതായി, ഈ പ്രസംഗത്തിന്റെ ശബ്ദമോ വിഡിയോയോ നിങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ ദയവുചെയ്തു് സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അനുകൂലിക്കുന്ന ഫോര്‍മാറ്റുകളില്‍ മാത്രം അതു വിതരണം ചെയ്യുക. ഒജിജി, അഥവാ ഓഗ് (ogg) ഫോര്‍മാറ്റുകളോ വെബെം (webm) ഫോര്‍മാറ്റുകളോ മാത്രം ഉപയോഗിയ്ക്കുക. 'എംപി' എന്നതില്‍തുടങ്ങുന്ന ഫോര്‍മ്മാറ്റുകളിലൊന്നിലും ദയവുചെയ്തു് ഈ പ്രസംഗത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്യാതിരിയ്ക്കുക. കാരണം ആ ഫോര്‍മാറ്റുകള്‍ പല രാജ്യങ്ങളിലും പേറ്റന്റ് ചെയ്തിരിക്കുകയാണു്. മറ്റെല്ലാത്തിനും പുറമെ പകര്‍പ്പുകള്‍ ഫ്ലാഷ് ഫോര്‍മാറ്റില്‍ വിതരണം ചെയ്യുന്നതൊഴിവാക്കൂ. ദയവുചെയ്തു് ഈ പ്രസംഗം യൂട്യൂബില്‍ ഇടരുതേ. വിന്‍ഡോസ് മീഡിയ പ്ലെയര്‍, റിയല്‍ പ്ലെയര്‍, ക്വിക്‌ടൈം എന്നീ രീതികളിലുള്ള വിതരണവും ദയവായി ഒഴിവാക്കൂ. വിശേഷിച്ചു് ക്വിക‌്ടൈമില്‍. ദയവുചെയ്തു് ഐട്യൂണ്‍സില്‍ ഈ പ്രസംഗം ലഭ്യമാക്കരുതേ. ഐട്യൂണ്‍സ് കേള്‍ക്കാനായി സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മനുഷ്യര്‍ നിര്‍ബ്ബന്ധിതരാകുന്നു. ജനങ്ങള്‍ക്കു് ഐട്യൂണ്‍സ് പ്രവര്‍ത്തിപ്പിക്കാനായി വികസിപ്പിച്ച സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആപ്പിള്‍ മനഃപൂര്‍വ്വം ഉപയോഗശൂന്യമാക്കി. അതുകൊണ്ടു് യാതൊന്നും ഐട്യൂണ്‍സിലൂടെ വിതരണം ചെയ്യാന്‍ പാടില്ല. അതു് മഹാ ചീത്തയാണു്.
ഇവ അടുത്ത കാര്യത്തിലേയ്ക്ക് നമ്മെ എത്തിക്കുന്നു. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പ്രസംഗം വിതരണംചെയ്യാനുപയോഗിക്കുന്ന വെബ്സൈറ്റ് ഉപയോക്താക്കളെ നിര്‍ബ്ബന്ധിക്കുന്നില്ല എന്നും തികച്ചും സ്വതന്ത്രമായ സോഫ്റ്റ്‌വെയറുപയോഗിച്ചു് തങ്ങളുടെ കമ്പ്യൂട്ടറിലേക്കു് പകര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുമെന്നു് ഉറപ്പുവരുത്തണേ. അതായതു് ഇതു് യൂട്യൂബില്‍ ഇടരുതെന്നു തന്നെ. നോക്കൂ, യൂട്യൂബില്‍ രണ്ടു് സാധ്യതകളുണ്ടു്, ഓരോന്നിനും ഓരോ പ്രശ്നവുമുണ്ടു്. അതിലെ എച്ടിഎമ്മെല്‍ സാധ്യത നിങ്ങളെ സ്വതന്ത്രമല്ലാത്ത ജാവാസ്ക്രിപ്റ്റ് കോഡ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ഫ്ലാഷിന്റെ പ്രശ്നം പറഞ്ഞല്ലോ. പിന്നെ ദയവുചെയ്തു് ഈ പ്രസംഗം ക്രിയേറ്റീവ് കോമണ്‍സ് നോ ഡെറിവേറ്റിവ്സ് ലൈസന്‍സില്‍ വിതരണം ചെയ്യൂ, കാരണം ഇതു് ഒരു പ്രത്യേക കാഴ്ചപ്പാടിന്റെ അവതരണമാണു്.

അപ്പോള്‍, കമ്പ്യൂട്ടിങ് പ്രവര്‍ത്തനത്തിന്റെ തുടക്കമെന്നു പറയുന്നതു് നിങ്ങളുപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറും സ്വതന്ത്രമെന്നു് ഉറപ്പാക്കുകയാണു്. ഫ്രീ സോഫ്റ്റ്‌വെയറെന്നു ഞാന്‍ പറയുമ്പോള്‍, ഞാന്‍ സംസാരിക്കുന്നതു് സ്വാതന്ത്ര്യത്തെക്കുറിച്ചാണു്, വിലയെക്കുറിച്ചല്ല. വെറുതെ ലഭിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചല്ല ഞാന്‍ സംസാരിയ്ക്കുന്നതു്. പണം കൊടുക്കാതെ നിങ്ങള്‍ക്കു് ഒരു പകര്‍പ്പുകിട്ടി എന്നല്ല ഞാനുദ്ദേശിച്ചതു്. വാസ്തവത്തില്‍, ഒരു പകര്‍പ്പു ലഭിക്കാനായി പണംകൊടുത്തോ ഇല്ലയോ എന്നതു് ധാര്‍മ്മികമായി പ്രസക്തമേയല്ല; രണ്ടിലും തെറ്റില്ല. ധാര്‍മ്മികമായി നിര്‍ണ്ണായകമായിട്ടുള്ളതു് സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്കു് ലഭിച്ചുകഴിയുമ്പോള്‍ അതു് നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുണ്ടോ എന്നുള്ളതാണു്. അതുകൊണ്ടു് ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നു പറയുന്നതു് സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണു്. നമുക്കതിനെ 'മുക്ത് 'എന്നോ 'മുക്തോ' എന്നോ 'സ്വതന്ത്ര സോഫ്റ്റ്‌വെയര്‍' എന്നോ വിളിക്കാം.

ഇംഗ്ലിഷില്‍ ഈ ആശയം വ്യക്തമാക്കുന്നതിനു്, ഫ്രീ എന്ന പദത്തിനു് അവ്യക്തതയുള്ളതുകൊണ്ടു്, ഫ്രീ എന്നു പറയുമ്പോള്‍ ഫ്രീ സ്പീച് (സ്വതന്ത്രമായ ആശയവിനിമയം) എന്നാണു് ചിന്തിക്കുക, ഫ്രീ ബീയര്‍ (പണംകൊടുക്കാതെ ലഭിക്കുന്ന ബിയര്‍) എന്നല്ല. ഒരു പ്രോഗ്രാം സ്വതന്ത്രമല്ലാത്തപ്പോള്‍ നാമതിനെ 'അസ്വതന്ത്രവും, കുത്തവകാശമുള്ളതും, ഉപയോക്താവിനെ കീഴ്‌പെടുത്തുന്നതുമായ സോഫ്റ്റ്‌വെയര്‍' എന്നു വിളിക്കും, കാരണം ഓരോ അസ്വതന്ത്ര സോഫ്റ്റ്‌വെയറും അന്യായമായ അധികാരം സൃഷ്ടിക്കുന്നു. അതു് പ്രോഗ്രാമിന്റെ ഉപയോക്താവിന്റെ മേല്‍ പ്രോഗ്രാമിന്റെ നിര്‍മ്മാതാവിനു് അധികാരം നല്‍കുന്നു. ഇതു തീര്‍ത്തും അന്യായമാണു്. അസ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിലനില്‍ക്കരുതു്. ഒരു അസ്വതന്ത്ര പ്രോഗ്രാം ഒരുതരം ഡിജിറ്റല്‍ കോളനിവല്‍ക്കരണം സൃഷ്ടിക്കുന്നു. ഏതു് കോളനിസംവിധാനവുമെന്നപോലെ ഇതും ഇരകളെ വേര്‍തിരിച്ചും നിസ്സഹായരായും നിര്‍ത്തുന്നു. ഈ കാര്യത്തില്‍, അവര്‍ വേര്‍തിരിയ്ക്കപ്പെടുന്നതിനു കാരണം പ്രോഗ്രാം മറ്റുള്ളവര്‍ക്കു് നല്‍കുന്നതില്‍നിന്നു് ഉപയോക്താക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു എന്നതാണു്. പ്രോഗ്രാമിന്റെ മൂലരൂപം (source code) ഇല്ലാത്തതുകൊണ്ടാനു് അവര്‍ നിസ്സഹായരാകുന്നതു്. അവര്‍ക്കതില്‍ മാറ്റംവരുത്താനുള്ള അധികാരവും ഇല്ല. അതു് യഥാര്‍ത്ഥത്തില്‍ എന്താണു ചെയ്യുന്നതു് എന്നു പഠിക്കാന്‍പോലും ആവില്ല. അതുകൊണ്ടു് സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാവണം. പക്ഷെ എന്തുകൊണ്ടു്?

സ്വാതന്ത്ര്യമെന്നാല്‍ സ്വന്തം ജീവിതത്തെ സ്വയം നിയന്ത്രിയ്ക്കാനാകുകയെന്നതാണു്. അതായതു് നിങ്ങളുടെ ജീവിതത്തില്‍ എന്തുചെയ്യണമെന്നു് നിങ്ങള്‍ തീരുമാനിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കു് തോന്നിയതെന്തും ചെയ്യാമെന്നു് ഇതര്‍ത്ഥമാക്കുന്നുമില്ല. കാരണം വേറെയും മനുഷ്യരുണ്ടു്, അവര്‍ക്കുമുണ്ടു് അവകാശങ്ങള്‍. പക്ഷെ നിങ്ങളുടെ ജീവിതത്തില്‍ എന്തു ചെയ്യണമെന്നു് നിങ്ങളാണു് തീരുമാനിക്കുന്നതെന്ന അര്‍ത്ഥമതിനുണ്ടു്. നിങ്ങളുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ സ്വയംനിയന്ത്രിക്കാനാകുക എന്നതും അതിന്റെ ഭാഗമാണു്. കമ്പ്യൂട്ടറും സോഫ്റ്റ്‍വെയറുമുപയോഗിച്ചാണു് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെങ്കിലോ? പ്രവര്‍ത്തനങ്ങളെ സ്വയം നിയന്ത്രിക്കാനാകുകയെന്നാല്‍ സോഫ്റ്റ്‍വെയറിനെ നിയന്ത്രിക്കാനാകേണ്ടിയിരിക്കുന്നു. അതാണിവിടെ നിര്‍ണ്ണായകമായ കാര്യം. ഉപയോക്താക്കള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്‍വെയറാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍. ഉപയോക്താക്കളെ നിയന്ത്രിക്കുന്നതാണു് കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയര്‍. സോഫ്റ്റ്‌വെയറിനെ സംബന്ധിച്ചു് ഈ രണ്ടു സാധ്യതകളേയുള്ളൂ. ഏതു പ്രോഗ്രാമിനും ഒന്നുകില്‍ ഉപയോക്താക്കള്‍ അതിനെ നിയന്ത്രിക്കുന്നു, അല്ലെങ്കില്‍ അതു് ഉപയോക്താക്കളെ നിയന്ത്രിക്കുന്നു. മറ്റൊരു സാധ്യതയില്ല. ഉപയോക്താവ് പ്രോഗ്രാമിനെ നിയന്ത്രിക്കുമ്പോള്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന പേരു് ഉചിതമാകുന്നതു് ഈ അര്‍ത്ഥത്തിലാണു്. കാരണം ഉപയോക്താക്കള്‍ക്കു് പ്രോഗ്രാമിനെ നിയന്ത്രിക്കാനാകണമെങ്കില്‍ അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കുന്ന നാല് സ്വാതന്ത്ര്യങ്ങള്‍ അവശ്യമാണു്.

സ്വാതന്ത്ര്യം-പൂജ്യം എന്നതു് നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ എന്താവശ്യത്തിനും പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണു്. പ്രോഗ്രാമിന്റെ മൂലരൂപം പഠിച്ചു് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനായി മാറ്റം വരുത്താനുള്ളതാണു് സ്വാതന്ത്ര്യം-ഒന്നു്. ഈ രണ്ടു് സ്വാതന്ത്ര്യങ്ങളുമുണ്ടെങ്കില്‍ ഓരോ ഉപയോക്താവിനും സ്വന്തമായി പ്രോഗ്രാമിന്റെമേല്‍ നിയന്ത്രണം ലഭിക്കും. അതുകൊണ്ടു് നിങ്ങളുടെ കൈവശമുള്ള പകര്‍പ്പിന്റെമേല്‍ നിങ്ങള്‍ക്കും എന്റെ കൈവശമുള്ള പകര്‍പ്പിന്റെമേല്‍ എനിക്കും പൂര്‍ണ്ണമായ നിയന്ത്രണം ലഭിക്കുന്നു. നിങ്ങളുടെ കൈവശമുള്ള പകര്‍പ്പില്‍ എനിക്കു് മാറ്റംവരുത്താനാവില്ല. അതുപോലെ എന്റെ കൈവശമുള്ള പകര്‍പ്പില്‍ നിങ്ങള്‍ക്കും മാറ്റംവരുത്താനാവില്ല. നിങ്ങള്‍ക്കു് നിങ്ങളുടെ പകര്‍പ്പില്‍ മാറ്റംവരുത്താനാകും എന്നതാണു് കാര്യം. ഇതു നിങ്ങള്‍ക്കു് നിങ്ങളുടെ പ്രോഗ്രാമിനു മുകളിലുള്ള പ്രത്യേകനിയന്ത്രണം സാദ്ധ്യമാക്കുന്നു. പക്ഷെ പ്രത്യേകനിയന്ത്രണംകൊണ്ടുമാത്രം പ്രയോജനമില്ല. കാരണം മിക്ക ഉപയോക്താക്കളും പ്രോഗ്രാമര്‍മാരല്ല. മൂലരൂപം പഠിച്ചു് മാറ്റംവരുത്തേണ്ടതെങ്ങിനെ എന്നവര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം-പൂജ്യവും ഒന്നും ചേര്‍ന്നു നല്‍കുന്ന നിയന്ത്രണാധികാരം കൊണ്ടുമാത്രം അവര്‍ക്കു് വലിയ പ്രയോജനമൊന്നുമില്ല. ഇതുകൊണ്ടു് ഞാനെന്തുചെയ്യാനാണെന്നു് അവര്‍ ചോദിച്ചേയ്ക്കും. പക്ഷെ, എന്നേപ്പോലൊരു പ്രോഗ്രാമര്‍ക്കുപോലും, ഞങ്ങള്‍ക്കുപോലും, പ്രത്യേകമായ നിയന്ത്രണം മാത്രം പോര, കാരണം നമ്മളോരോരുത്തരും നൂറുകണക്കിനോ ആയിരക്കണക്കിനോ പ്രോഗ്രാമുകളുപയോഗിക്കുന്നുണ്ടു്. അത്രവളരെ പ്രോഗ്രാമുകളുടെ മൂലരൂപം പഠിക്കാനും അവയില്‍ നൈപുണ്യം നേടാനും ആര്‍ക്കുമാവില്ല. ഒരാള്‍ക്കു് ചെയ്യാന്‍ കഴിയുന്നതിനപ്പുറമാണതു്. അതുകൊണ്ടുതന്നെ നമുക്കു് കൂട്ടായ നിയന്ത്രണം ആവശ്യമാണു്; അതായതു് ഉപയോക്താക്കളുടെ കൂട്ടായ്മകള്‍ക്കു് ഒത്തുചേര്‍ന്നു് ഒരു പ്രോഗ്രാമിന്റെ മേല്‍ നിയന്ത്രണം കൊണ്ടുവരാനും അവര്‍ക്കാവശ്യമുള്ള രീതിയില്‍ അതിനെ പ്രവര്‍ത്തിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ആവശ്യമായി വരുന്നു. അതിനായി മറ്റുരണ്ടു് സ്വാതന്ത്ര്യങ്ങള്‍ക്കൂടി അവശ്യമായിവരുന്നു. അതേപടിയുള്ള പകര്‍പ്പുകളെടുക്കാനുള്ളതാണു് സ്വാതന്ത്ര്യം-രണ്ടു്, എന്നിട്ടു് അവ ആര്‍ക്കെങ്കിലും നല്‍കുകയോ വില്‍ക്കുകയോ ചെയ്യാം. മറ്റാര്‍ക്കെങ്കിലും നല്‍കാനോ വില്‍ക്കാനോ വേണ്ടി മാറ്റംവരുത്തിയ പതിപ്പുകളുടെ പകര്‍പ്പെടുക്കാനുള്ളതാണു് സ്വാതന്ത്ര്യം-മൂന്നു്. ഈ രണ്ടു് സ്വാതന്ത്ര്യങ്ങളും ചേരുമ്പോള്‍ കൂട്ടായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കള്‍ക്കു ലഭിക്കുന്നു. കാരണം അവരിലൊരാള്‍ ഒരു മാറ്റം വരുത്തിയാല്‍ അതു മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്. അവര്‍ക്കു് കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി തിരിച്ചയയ്ക്കുകയും ചെയ്യാം. അങ്ങനെ ഈ ഉപയോക്താക്കള്‍ക്കു് ഒരുമിച്ചുപ്രവര്‍ത്തിച്ചു് അവരുടെ ആവശ്യമനുസരിച്ചു് പ്രോഗ്രാമിനെ മാറ്റാനും അവര്‍ക്കാവശ്യമുള്ള രീതിയില്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനുമാകും. മാത്രമല്ല, വേണമെങ്കില്‍ അവരുടെ പതിപ്പിന്റെ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കും പൊതുജനത്തിനുപോലും വേണമെങ്കില്‍ നല്‍കുകയുമാകാം. ഉപയോക്താക്കള്‍ക്കു് ഒരു പ്രാഗാമിനു മേല്‍ വ്യക്തിപരമായും കൂട്ടമായും നിയന്ത്രണം സാദ്ധ്യമാകുമ്പോഴാണു് പ്രോഗ്രാമിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉപയോക്താക്കള്‍ക്കാവുന്നതു്. അങ്ങനെയാണു് വേണ്ടതും. എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങളില്‍ ഏതെങ്കിലും ലഭ്യമല്ലാതിരിയ്ക്കുകയോ തികയാതെവരികയോ ചെയ്താല്‍ ഉപയോക്താക്കള്‍ പ്രോഗ്രാമിനെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നുവെന്നു പറയാനാകില്ല. അതായതു് അപ്പോള്‍ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കുന്നു. നിര്‍മ്മാതാവ് പ്രോഗ്രാമിനെയും. അപ്പോള്‍ ഉപയോക്താക്കളുടെമേല്‍ സോഫ്റ്റ്‌വെയര്‍നിര്‍മ്മാതാവിനു് അധികാരം നല്‍കുന്ന പ്രോഗ്രാമാണതു്. ഇതൊരു നുകമാണു്. ഒരന്യായമാണു്. അതുകൊണ്ടാണു് അസ്വതന്ത്രമായ പ്രോഗ്രാം അനീതിയാകുന്നതു്. അതുകൊണ്ടുതന്നെയാണു് അസ്വതന്ത്രമായ പ്രോഗ്രാം നിലനില്‍ക്കാന്‍ പാടില്ലാത്തതും.

സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറും തമ്മിലുള്ള വ്യത്യാസം സാങ്കേതികമല്ല എന്നു് നിങ്ങള്‍ക്കു് കാണാമല്ലോ. പ്രോഗ്രാമിനു് എന്തെല്ലാം സവിശേഷതകളുണ്ടു് എന്നതല്ല പ്രശ്നം. അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമല്ല. അതിന്റെ മൂലരൂപം എങ്ങനെയാണു് എഴുതിയിരിക്കുന്നെന്നതുമല്ല പ്രശ്നം. ഈ ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കേതികമായ വിശദാംശങ്ങളാണു് അവയെല്ലാം; എന്തായാലും ഈ പ്രശ്നവുമായി നേരിട്ടു് നിര്‍ണ്ണായകമായി ബന്ധപ്പെട്ടവയല്ല. അവതമ്മില്‍ ബന്ധങ്ങളുണ്ടാവാനുള്ള നേരിട്ടല്ലാതെയുള്ള പ്രവണതയുണ്ടാവാം പക്ഷെ അവ പ്രശ്നത്തിന്റെ ഭാഗമല്ല. ധാര്‍മ്മികവും സാമൂഹ്യവും രാഷ്ട്രീയവുമായ വ്യത്യാസമാണു് സ്വതന്ത്രവും കുത്തകാവകാശമുള്ളതും തമ്മിലുള്ളതു്. അതുകൊണ്ടാണു് അതിത്രവളരെ പ്രധാനമാകുന്നതും. ഒരു സ്വതന്ത്രമായ പ്രോഗ്രാമുപയോഗിക്കുന്നതു് സാമൂഹികവികസനമാണു്. അതൊരു നല്ല കാര്യമാണു്. ഓരോ പ്രോഗ്രാമിങ് കൂട്ടത്തിന്റെയും അറിവ്, അതു് സ്വതന്ത്രമാണെങ്കില്‍, ആ അറിവ് ഉപയോക്താക്കള്‍ക്കു് പഠിക്കാനും മനസ്സിലാക്കാനും ലഭ്യമാവും. അപ്പോള്‍ ആ പ്രോഗ്രാം അവര്‍ക്കു് നിലനിര്‍ത്തുകയും ആവശ്യമനുസരിച്ചു് മാറ്റാനും വിപുലപ്പെടുത്താനും കഴിയും. അവരുടെ അറിവ് മറ്റുവിധങ്ങളിലും ഉപയോഗിക്കാനാകും. പക്ഷെ കുത്തകാവകാശമുള്ള പ്രോഗ്രാമിന്റെ ഉപയോഗം വികസനമല്ല. കാരണം ഒരു പ്രത്യേക സ്ഥാപനത്തോടുള്ള വിധേയത്വമാക്കി അതു പാരതന്ത്ര്യം അടിച്ചേല്പിക്കുകയാണു്. അതു് സമൂഹത്തിനു് ദോഷം ചെയ്യുകയാണു്. അതൊരു സാമൂഹികപ്രശ്നമാണു്. അതിനാല്‍ ആ അസ്വതന്ത്ര പ്രോഗ്രാമിനെ ഇല്ലാതാക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ആരും അതുപയോഗിക്കാതാവണം.

ഒരു സ്വതന്ത്രമായ പ്രോഗ്രാം വികസിപ്പിക്കുക എന്നതു് സമൂഹത്തിനു നല്‍കുന്ന സംഭാവനതന്നെയാണു്. എന്നാല്‍ അതെത്രമാത്രമാണെന്നതു് പ്രോഗ്രാമിന്റെ വിശദാംശങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രോഗ്രാം ഉപയോഗപ്രദമാണെങ്കില്‍ അതു് വലിയ സംഭാവനയാണു്. അതു് തീരെ ഉപയോഗപ്രദമല്ലെങ്കില്‍ അതിന്റെ സംഭാവന തീരെ കുറവാണു്. പക്ഷെ കഴിയുന്നത്ര സമൂഹത്തിനു സംഭാവനകള്‍ നല്‍കാന്‍ തക്കവണ്ണമാണു് ആ സോഫ്റ്റ്‌വെയര്‍ വിതരണംചെയ്യുന്നതെന്നാണു് അതു് സ്വതന്ത്രസോഫ്റ്റ്‌വെയറാണെങ്കില്‍ അര്‍ത്ഥമാക്കുന്നതു്. കുത്തകാവകാശമുള്ള പ്രോഗ്രാം വികസിപ്പിക്കുന്നതു് യാതൊന്നും സംഭാവനചെയ്യുന്നില്ല കാരണം അതു് അധികാരം പിടിച്ചെടുക്കലാണു് ജനങ്ങളെ കീഴടക്കാനുള്ള ശ്രമവുമാനു്. അതു് സമൂഹത്തിനോടുള്ള ദ്രോഹമാണു്. സാമൂഹികമായി പറയുകയാണെങ്കില്‍ അസ്വതന്ത്രമായ പ്രോഗ്രാം ഒരുതരം കെണിയാണു്. അതിനു് ആകര്‍ഷകമായ സവിശേഷതകളുണ്ടെങ്കില്‍ അവയാണു് പ്രലോഭനം. വിരോധാഭാസമെന്നു തോന്നാമെങ്കിലും ആകര്‍ഷകമായ സവിശേഷതകള്‍ കുത്തകാവകാശമുള്ള ഒരു പ്രോഗ്രാമിനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നില്ല. മറിച്ചു് കൂടുതല്‍ ദോഷകരമാക്കുകയാണു് ചെയ്യുന്നതു്. അതുകൊണ്ടു് കുത്തകാവകാശമുള്ള ഒരു പ്രോഗ്രാമിന്റെ വികസനത്തില്‍ സഹായിക്കാനോ വെറുതെയിരിക്കാനോ ചെയ്യാനുള്ള അവസരമുണ്ടെങ്കില്‍, ധാര്‍മ്മികമായി നിങ്ങളുടെ കടമ വെറുതെയിരിക്കുക എന്നതാണു്. കാരണം ആ വിധത്തില്‍ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യുന്നില്ല. ഒന്നുമില്ലെങ്കിലും ദ്രോഹമൊന്നും ചെയ്യാതിരിക്കുക.

യഥാര്‍ത്ഥജീവിതത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു് മറ്റുമാര്‍ഗ്ഗങ്ങളും ലഭ്യമായിരിക്കും; അതുകൊണ്ടു് അവ തിരഞ്ഞെടുക്കുക. പക്ഷെ നാം ഈ രണ്ടു് സാധ്യതകളെ സൈദ്ധാന്തികമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍, ശരിയായ കാര്യം ഒന്നും ചെയ്യാതിരിക്കുകയാണു് , സമൂഹത്തിനു് ദോ‍ഷം ചെയ്യുന്നതല്ല. ജനങ്ങളെ അടിമപ്പെടുത്താന്‍ സഹായിക്കുന്നതല്ല. അതുകൊണ്ടു് സ്വതന്ത്രസോഫ്റ്റ്‌വെയറും കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറും തമ്മിലുള്ള വ്യത്യാസം പ്രോഗ്രാമിലടങ്ങിയിരിക്കുന്നതിലല്ല അതെങ്ങനെ വിതരണംചെയ്യുന്നു എന്നതിലാണു് , എന്തെല്ലാം നിബന്ധനകളോടെയാണു് എന്നതിലാണു്. ഏതു് പ്രോഗ്രാമും സ്വതന്ത്രസോഫ്റ്റ്‌വെയറായി പുറത്തിറക്കാം. ഏതു് പ്രോഗ്രാമും കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറായി പുറത്തിറക്കാം. ചിലപ്പോള്‍ ഒരേ മൂലരൂപംതന്നെ സമാന്തരമായി രണ്ടുവിധത്തിലും വിതരണം ചെയ്യുന്നുണ്ടു്. അതുകൊണ്ടു് ഉപയോക്താക്കള്‍ക്കു് എങ്ങനെ വിതരണംചെയ്യുന്നു എന്നതാണു് കാര്യം, അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടോ അതിനെ നിരാകരിച്ചുകൊണ്ടോ. പക്ഷെ കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറിനൊപ്പം മറ്റൊരു അന്യായവുമുണ്ടു്, അതിന്റെ പേരാണു് മാല്‍വെയര്‍ (malware). ഉപയോക്താക്കളെ ദ്രോഹിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനായി രൂപകല്പന ചെയ്ത ദുഷ്ടപ്രോഗ്രാമാണു് മാല്‍വെയര്‍. അതായതു് പ്രോഗ്രാമിന്റെ കോഡ് (മൂലരൂപം) എന്തുചെയ്യുന്നു എന്നതിന്റെ പ്രശ്നം മാത്രമാണതു്. അതുകൊണ്ടു് താത്വികമായി കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറും മാല്‍വെയറും വ്യത്യസ്ഥമാണു്. ഒന്നു്, പ്രോഗ്രാമെങ്ങനെ വിതരണംചെയ്യുന്നു എന്നതിനേക്കുറിച്ചാണു്. മറ്റേതു് പ്രോഗ്രാം എന്ത് ചെയ്യുന്നു എന്നതിനേക്കുറിച്ചും. പക്ഷെ പ്രായോഗികമായി അവ ഒരുമിച്ചു വരുന്നതായാണു് കാണുന്നതു്. അസ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പലപ്പോഴും മാല്‍വെയര്‍ കൂടിയാവുന്നുണ്ടു്. ഈ പ്രോഗ്രാമുകള്‍ ചെയ്യുന്ന ദ്രോഹങ്ങളെന്തെല്ലാമാണു്? പലപ്പോഴും അവ ഉപയോക്താവിനുമേല്‍ നിരീക്ഷണം നടത്തുകയും ലഭിക്കുന്ന വിവരങ്ങള്‍ ഒരു സെര്‍വറിലേക്കു് അയയ്ക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്കു് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നും അവരെ തടയാനായി അവ പലപ്പോഴും രൂപകല്പന ചെയ്തിരിക്കുന്നു. ചിലപ്പോള്‍ അവയ്ക്ക് പിന്‍വാതിലുകള്‍ കാണാറുണ്ടു്. മറ്റാരോ നല്കുന്ന ഉത്തരവനുസരിച്ചു് എന്തെങ്കിലും ചെയ്യാനായി സൃഷ്ടിച്ചിരിക്കുന്ന ദുഷ്ടകഴിവിനെയാണു് പിന്‍വാതിലെന്നു പറയുന്നതു്: അതു് ഉപയോക്താവിന്റെ അനുവാദം ചോദിക്കുന്നില്ല. ദൂരത്തിരിക്കുന്ന അധികാരി പറയുന്നതെന്തും അതു് ചെയ്യും. അടുത്തകാലത്ത് കാണുന്ന അരോചകമായ മറ്റൊരു കാര്യം സെന്‍സര്‍ഷിപ്പാണു്. കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറില്‍ ഇതു് സാധാരണമാണു്. വാസ്തവത്തില്‍ കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറുകളുടെ മിക്കവാറും എല്ലാ ഉപയോക്താക്കളും കുത്തകാവകാശമുള്ള ദുഷ്ടസോഫ്റ്റ്‌വെയറുകളുടെ അറിയപ്പെടുന്ന പതിപ്പുകള്‍ ഉപയോഗിക്കുന്നുണ്ടു്. ഇതു് തെളിയിക്കാനായി നിങ്ങള്‍ക്കു് ഒരു പട്ടിക തന്നാല്‍ മതിയാകും. ഈ ദുഷ്‌പ്രവൃത്തികളെല്ലാം ചെയ്യുന്ന നിങ്ങള്‍ കേട്ടിരിക്കാനിടയുള്ള ഒരു സോഫ്റ്റ്‌വെയറാണു് മൈക്രോസോഫ്റ്റ് വിന്‍ഡോസ്. അച്ചടിയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ള ദുഷ്ട പ്രവൃത്തികളുടെ കാര്യം മാത്രമാണിവിടെ പറയുന്നതു്. ഇതു് ഊഹമല്ല. ഉപയോക്താവിനെ വിന്‍ഡോസ് രഹസ്യമായി നിരീക്ഷിക്കുന്നു. ഉപയോക്താവിന്റെ പ്രവൃത്തികള്‍ പരിമിതപ്പെടുത്താനായി അതില്‍ മാര്‍ഗ്ഗങ്ങളൊരുക്കിയിട്ടുണ്ടു്. ഇവയെ ഡിജിറ്റല്‍ കൈവിലങ്ങുകളെന്നോ ഡിആര്‍എം- ഡിജിറ്റല്‍ നിയന്ത്രണ പരിപാലനം (Digital Restrictions Management) – എന്നോ വിളിക്കാം. അതിനു് അറിയപ്പെടുന്ന മൂന്നു് പിന്‍വാതിലുകളുണ്ടു്; മൊബൈലുകള്‍ക്കുള്ള പുതിയ വിന്‍ഡോസ് 8ലെ ദുഷ്‌പ്രവൃത്തിയാണു് സെന്‍സര്‍ഷിപ്. നമ്മുടെ പ്രയോഗങ്ങളുടെ (ആപ്ലിക്കേഷനുകളുടെ) സെന്‍സര്‍ഷിപ്പാണതു്. ഉപയോക്താവിനു് ഇ‍‍ഷ്ടമുള്ള പ്രയോഗങ്ങള്‍ അതില്‍ സ്ഥാപിക്കാനാവില്ല. മൈക്രോസോഫ്റ്റ് അംഗീകരിച്ച പ്രയോഗങ്ങള്‍ മാത്രമേ അതില്‍ സ്ഥാപിക്കാനാവുള്ളൂ. അതുകൊണ്ടു് വിന്‍ഡോസ് മാല്‍വെയറാണു്. പക്ഷെ അതു് ഇനിയും വഷളാണു്. പിന്‍വാതിലുകളിലൊന്നു് ആഗോളമാണു്. ആഗോളപിന്‍വാതിലെന്നാല്‍ മറ്റൊരാളിനു് സോഫ്റ്റ്‌വെയറിന്റെ മൂലരൂപം ബലമായി മാറ്റാനുള്ള സൗകര്യമൊരുക്കുന്ന ഒന്നാണു്. വിന്‍ഡോസ് പ്രവര്‍ത്തിപ്പിക്കുന്ന എന്റെ കമ്പ്യൂട്ടറിലെ പ്രോഗ്രാം മാറ്റാന്‍ മൈക്രോസോഫ്റ്റിനാകും. അതുകൊണ്ടു് അവര്‍ക്കതില്‍ എന്തുമാറ്റം വേണമെങ്കിലും വരുത്താം. ഇന്നു് വിന്‍ഡോസിലില്ലാത്ത എന്തെങ്കിലും ദുഷ്ടസാധ്യത അവര്‍ക്കു് നാളെ ബലമായി ചേര്‍ക്കാനാകും. അതുകൊണ്ടു് വിന്‍ഡോസ് ആഗോള മാല്‍വെയറാണു്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ മാല്‍വെയറാണു്. മാക് ഓയെസ്സില്‍ ഡിജിറ്റല്‍ കൈവിലങ്ങുകളുണ്ടെന്നു മാത്രമല്ല, ഉപയോക്താക്കളുണ്ടാക്കുന്ന ഫയലുകള്‍ ആപ്പിളിന്റെ സെര്‍വറുകളിലേക്കു് അയയ്ക്കുന്നുണ്ടു് എന്നു് ഒരുവര്‍ഷംമുമ്പു് ചിലര്‍ കണ്ടുപിടിച്ചു. ഇതു് ചാരപ്രവൃത്തിയാണു്. പക്ഷെ ആപ്പിളിന്റെ ഐസാധനങ്ങളെന്ന മൊബൈല്‍ രാക്ഷസന്മാരിലെ സോഫ്റ്റ്‌വെയര്‍ ഇതിനേക്കാള്‍ വളരെ വഷളാണു്. ഐഒഎസ്സില്‍ (iOS) പല ചാരപ്രവൃത്തികളും ജനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടു്. ഏതു് ഐഫോണില്‍നിന്നും ദൂരെനിന്നുതന്നെ വ്യക്തിപരമായ വിവരങ്ങള്‍ ആപ്പിളിനു് പിടിച്ചെടുക്കാന്‍ കഴിയും. അവര്‍ക്കു് തീര്‍ച്ചയായും ഡിജിറ്റല്‍ റിസ്‌ട്രിക്‌ഷന്‍സ് മാനേജ്‌മെന്റുണ്ടു് (DRM). അവര്‍ക്കൊരു പിന്‍വാതിലുണ്ടു്. പ്രയോഗങ്ങളുടെ സെന്‍സര്‍ഷിപ്പ് ആദ്യമായി ഐഫോണിലാണു് തുടങ്ങിയതു്, ഇക്കാര്യം ആപ്പിള്‍തന്നെ സമ്മതിക്കുന്നതുമാണു്. ഉപയോക്താവിനു് ഇഷ്ടമുള്ള ആപ്ലിക്കേഷനുകള്‍ സ്ഥാപിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു പൊതുഉപയോഗ കമ്പ്യൂട്ടര്‍ ആദ്യമായാണു് അവര്‍ കച്ചവടം ചെയ്തതു്. ആപ്പിള്‍ അംഗീകരിച്ച ആപ്ലിക്കേഷനുകള്‍ മാത്രമേ അവര്‍ക്കു് അതില്‍ സ്ഥാപിക്കാനാവുമായിരുന്നുള്ളൂ. ഈ നിയന്ത്രണം ഭേദിക്കാനുള്ള മാര്‍ഗ്ഗം ഉപയോക്താക്കള്‍ കണ്ടുപിടിച്ചപ്പോള്‍ അവരതിനെ ജയില്‍ഭേദനം (jail breaking) എന്നുവിളിച്ചു. ഈ കമ്പ്യൂട്ടറുകളുടെ യഥാര്‍ത്ഥസ്വഭാവം വിളിച്ചോതുന്ന പേരാണതു്. ഉപയോക്താക്കള്‍ക്കു് തടവറയാവാനായി രൂപകല്പന ചെയ്ത കമ്പ്യൂട്ടറുകളാണവ. അതുകൊണ്ടു് ആപ്പിളിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ മാല്‍വെയറാണു്.

ആന്‍ഡ്രോയ്ഡ് മാല്‍വെയറാണു്. ആന്‍ഡ്രോയ്ഡിന്റെ ഒരുപാടു് ഭാഗങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. ചില ഭാഗങ്ങള്‍ കുത്തകാവകാശമുള്ളതും. കുത്തകാവകാശമുള്ള ഒരു ഭാഗത്തിന്റെ പേര് ഗൂഗിള്‍ പ്ലേ എന്നാണു്. ഗൂഗിളിന്റെ ആപ് സ്റ്റോറിലേക്കു് പ്രവേശിക്കാനുള്ള പ്രോഗ്രാമാണതു്. അതിനു് ആഗോളമായ ഒരു പിന്‍വാതിലുമുണ്ടു്, ഓട്ടോ അപ്ഗ്രേഡ് എന്നാണതിന്റെ പേര്. എപ്പോഴൊക്കെ ഒരു പ്രോഗ്രാമിനു് ഓട്ടോ അപ്ഗ്രേഡുണ്ടായിരിക്കുകയും ഉപയോക്താവിനു് അതു് തടയാന്‍ മാര്‍ഗമില്ലാതിരിക്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം അതൊരു ആഗോള പിന്‍വാതിലാണു്. ഫ്ലാഷ് പ്ലേയര്‍ മാല്‍വെയറാണു്. അതിനു് ഡിജിറ്റല്‍ കൈവിലങ്ങുകളുണ്ടെന്നു മാത്രമല്ല വെബ്‌സൈറ്റുകള്‍ക്കു് സന്ദര്‍ശകരെ പിന്‍തുടരാനും തിരിച്ചറിയാനുമുള്ള സംവിധാനവുമുണ്ടു്. ഫ്ലാഷ് പ്ലെയര്‍ ഒരു രസകരമായ ഉദാഹരണമാണു് കാരണം അതു് വെറുതെ കിട്ടുന്നതാണു് എന്നാല്‍ സ്വതന്ത്രമല്ല. ഒരു പ്രോഗ്രാം പണംനല്‍കാതെ ലഭിക്കുന്നതാണു് എന്നതു് ധാര്‍മ്മികമായി പ്രസക്തമല്ല എന്നാണിതു് സൂചിപ്പിക്കുന്നതു്. അതു് വെറുമൊരു പാര്‍ശ്വവിഷയമാണു്. പ്രസക്തമായ കാര്യം പ്രോഗ്രാം സ്വതന്ത്രമാണോ കുത്തകാവകാശമുള്ളതാണോ എന്നതുമാത്രമാണു്. കുത്തകാവകാശമുള്ള ഫ്ലാഷ് പ്ലെയറിന്റെ കാര്യത്തില്‍ ഉപയോക്താക്കളോടുള്ള മോശമായ പെരുമാറ്റത്തിനു അഡോബി പണം മേടിക്കുന്നില്ല എന്നതുമാത്രമാണു് അതു് വെറുതെ ലഭിക്കുന്നതാണു് എന്നതിന്റെ അര്‍ത്ഥം.

ആമസോണ്‍ 'സ്വിന്‍ഡിലി'ലുള്ള സോഫ്റ്റ്‌വെയര്‍ മാല്‍വെയറാണു്. ആമസോണിന്റെ ഇ-ബുക് റീഡറിനെക്കുറിച്ചാണു് ഞാന്‍ സംസാരിക്കുന്നതു്. 'സ്വിന്‍ഡില്‍' എന്നതു് അതിന്റെ ഔദ്യോഗിക പേരല്ല പക്ഷെ അതു് ചെയ്യുന്ന കര്‍മ്മത്തിനു് യോജിക്കുന്ന പേരാണു്. പരമ്പരാഗതമായി ലഭിച്ചിരുന്ന സ്വാതന്ത്ര്യങ്ങളില്‍നിന്നു് അതു് പുസ്തകവായനക്കാരെ കബളിപ്പിക്കുന്നു. ഉദാഹരണമായി, വാങ്ങുന്നയാളേക്കുറിച്ചു് യാതൊന്നും അറിയിക്കാതെ ഒരു പുസ്തകം പണംനല്‍കി വാങ്ങാന്‍ സാധിക്കും. ഞാന്‍ ആ രീതിയില്‍ മാത്രമേ പുസ്തകം വാങ്ങൂ. പക്ഷെ ആമസോണ്‍ പണം റൊക്കമായി സ്വീകരിക്കില്ല. ഉപയോക്താവ് ആരാണെന്നു് വെളിപ്പെടുത്താന്‍ അതു് നിര്‍ബന്ധിക്കുന്നു, അങ്ങനെ ഓരോ ഉപയോക്താവും വായിച്ച പുസ്തകങ്ങളുടെ ഒരു കൂറ്റന്‍ ഡാറ്റാബേസ് അവര്‍ക്കു നിര്‍മ്മിക്കാനായി. ഇത്തരം ഡാറ്റാബേസിന്റെ നിലനില്‍പ്പ് മനുഷ്യാവകാശങ്ങളെ അപകടപ്പെടുത്തുന്നു. അതിനെ നമുക്കു് നശിപ്പിക്കണം. അതു് നിലനില്‍ക്കാന്‍ നാമനുവദിച്ചുകൂട. പക്ഷെ വാസ്തവത്തില്‍ അതിനേക്കാള്‍ വളരെക്കൂടുതല്‍ ചാരപ്രവൃത്തി ചെയ്യുന്നുണ്ടു് സ്വിന്‍ഡില്‍. ഏതു് പുസ്തകത്തിന്റെ ഏതു് പേജാണു് ഉപയോക്താവ് വായിക്കുന്നതു് എന്നു് അതു് ആമസോണിനെ അറിയിക്കുന്നു. നിങ്ങള്‍ വായിച്ചുകഴിഞ്ഞ് പുസ്തകം മറ്റാര്‍ക്കെങ്കിലും വായിക്കാന്‍ കൊടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യമാണു് മറ്റൊന്നു്. അല്ലെങ്കില്‍ പല സമയങ്ങളിലായി പലര്‍ക്കും വായിക്കാന്‍ കൊടുക്കാനുള്ള സ്വാതന്ത്ര്യം. അല്ലെങ്കില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നവര്‍ക്കു് കൊടുക്കാനുള്ള സ്വാതന്ത്ര്യം. 'സ്വിന്‍ഡിലി'ലെ സോഫ്റ്റ്‌വെയറിലുള്ള ഡിജിറ്റല്‍ കൈവിലങ്ങളുകള്‍കൊണ്ടു് ആമസോണ്‍ ഇതെല്ലാം ഇല്ലാതാക്കുന്നു. അതോടൊപ്പം അവര്‍ ഉപയോക്താക്കള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഉടമ്പടിയില്‍ സ്വകാര്യസ്വത്തിനോടുള്ള പൂര്‍ണ്ണമായ അവജ്ഞയുമുണ്ടു്. ഈ ഉടമ്പടിയില്‍ പറയുന്നതു് ഉപയോക്താവിന്റെ സ്വന്തമല്ല പുസ്തകങ്ങള്‍ എന്നാണു്. അവയെല്ലാം ആമസോണിന്റെ സ്വത്താണു്. സോവിയറ്റ് യൂണിയന്‍ പോലും ഇത്രകണ്ടു് തീവ്രവാദപരമായിരുന്നില്ല. സോവിയറ്റ് യൂണിയനില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ആള്‍ക്കാരെ അനുവദിച്ചിരുന്നു. എന്തായാലും. പിന്നെ, ഇഷ്ടമുള്ളിടത്തോളം കാലം പുസ്തകം കയ്യില്‍ വച്ചിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്. നിരീക്ഷണത്തിലൂടെ നാം മനസ്സിലാക്കിയ ഒരു പിന്‍വാതിലിലൂടെ ആമസോണ്‍ അതും റദ്ദാക്കുന്നു. ഓര്‍വെല്ലിനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലൂടെ ഒരു പിന്‍വാതിലിന്റെ സഹായത്തോടെ 2009ല്‍ ഒരു പ്രത്യേക പുസ്തകത്തിന്റെ ആയിരക്കണക്കിനു് പ്രതികള്‍ ആമസോണ്‍ തുടച്ചുമാറ്റി. ഏതായിരുന്നു ആ പുസ്തകമെന്നോ? ജോര്‍ജ് ഓര്‍വെല്ലിന്റെ 1984! ‘Big brother is watching you’ എന്ന പ്രയോഗം നമുക്കു നല്‍കിയ പുസ്തകം തന്നെ. ഈ പ്രവര്‍ത്തിയോടു് ഒരുപാട് വിമര്‍ശനമുണ്ടാകുകയും ഇനി സര്‍ക്കാര്‍ ഉത്തരവിടാതെ ഇങ്ങനെ ചെയ്യില്ല എന്നു് ആമസോണ്‍ പ്രഖ്യാപിക്കുകയും ചെയ്യേണ്ടിവന്നു. നിങ്ങള്‍ 1984 വായിച്ചിട്ടുണ്ടെങ്കില്‍ തീരെ സമാധാനം നല്‍കുന്ന പ്രസ്താവനയേയല്ല ഇതു്. 1984 അവതരിപ്പിക്കുന്നതു്, തങ്ങള്‍ക്കിഷ്ടമില്ലാത്ത പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ടു് കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഒരു സമഗ്രാധിപത്യത്തെയാണു്. അവിടെനിന്നങ്ങോട്ടു് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. ഈ ഉല്പന്നത്തിന്റെ ഔദ്യോഗികനാമം 'കിന്‍ഡില്‍' എന്നാണു്. 'കിന്‍ഡില്‍' എന്നാല്‍ 'തീ പിടിപ്പിക്കുക' എന്നാണു്. ഉപയോക്താക്കളുടെ പുസ്തകങ്ങള്‍ വിദൂരെ നിന്നു് കത്തിക്കുക എന്നതാണു് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന സൂചനയായിരിക്കാം അതു് നല്‍കുന്നതു്. എന്നാല്‍ ആമസോണ്‍ പറയുന്നതു് പുസ്തകങ്ങളുടെ ഉടമസ്ഥര്‍ ഉപയോക്താക്കളല്ല എന്നാണെന്നൊരു പ്രശ്നം മാത്രം. വലിയ ഒഴികഴിവ്! വാസ്തവത്തില്‍, ആമസോണിനു് എന്തു വൃത്തികേടും കാട്ടാനായി 'സ്വിന്‍ഡിലി'ന്റെ സോഫ്റ്റ്‌വെയറില്‍ ഒരു പിന്‍വാതിലുണ്ടു്. പിന്നെ, പറഞ്ഞതുപോലെ, ആമസോണ്‍ അവരുടെ വാക്കു പാലിച്ചില്ല. അവര്‍ക്കു് തോന്നുന്നതുപോലെ വിദൂരത്തുനിന്നു് പുസ്തകങ്ങള്‍ മായ്‌ച്ചുകളയുന്ന പണി അവര്‍ വീണ്ടും തുടങ്ങി.

പിന്നെ മിക്കവാറും എല്ലാ മൊബൈല്‍ ഫോണുകളുടെയും ഉദാഹരണമുണ്ടു്. ഓരോ മൊബൈല്‍ഫോണും മാറ്റാവുന്ന സോഫ്റ്റ്‌വെയറുള്ള കമ്പ്യൂട്ടറാണു്, ഒരുപക്ഷെ ഉപയോക്താവിനു് അതുചെയ്യാനായി എന്നു വരില്ല, പക്ഷെ ഒരു കമ്പനിക്കാവും. അതെ, അതു് വിദൂരത്തുനിന്നു് മാറ്റാനാവും. ആഗോള പിന്‍വാതിലോടുകൂടിയാണു് അവ നിര്‍മ്മിച്ചിരിക്കുന്നതു്. കൂടാതെ ഉപയോക്താവിനെ പിന്തുടരാനുള്ള ഉപകരണമായാണു് അതു് നിര്‍മ്മിച്ചിരിക്കുന്നതു്. അതു് എവിടെയാണെന്നു് അതിന്റെ റേഡിയോ പ്രവര്‍ത്തിക്കുമ്പോഴെല്ലാം അതിനു് പറയാന്‍ കഴിയും. വിദൂരത്തുനിന്നുള്ള നിര്‍ദ്ദേശം ലഭിക്കുമ്പോഴൊക്കെ അതു് കൃത്യമായ ജിപിഎസ് സ്ഥാനം അയയ്ക്കുമെന്നു മാത്രമല്ല ഉപയോക്താവിനു് ഇതു് തടയാനുമാവില്ല. ഈ പിന്തുടരല്‍തന്നെ മോശമാണു് പക്ഷെ അതിലെ പിന്‍വാതിലിനെ ഒരു ശ്രവണോപകരണമായി മാറ്റിയിരിക്കയാണു്. അതു് കേള്‍ക്കുന്നതെല്ലാം എല്ലാസമയത്തും പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയുമാണു്. നിങ്ങള്‍ മൈക്രോഫോണിലേക്കു് സംസാരിക്കണമെന്നില്ല. മുറിയുടെ മറുഭാഗത്തുനിന്നു് സംസാരിക്കുന്നതുപോലും അതിനു് പിടിച്ചെടുത്ത് പ്രക്ഷേപണം ചെയ്യാനാകും. ഇനി ഫോണ്‍ സ്വിച്ചോഫ് ചെയ്തുകൊണ്ടു് നിങ്ങള്‍ക്കു് സ്വകാര്യത തിരിച്ചുപിടിക്കാമെന്നു് കരുതിയാല്‍ ഹഹഹ അതു് ഓഫാകുന്നതുപോലെ അഭിനയിക്കും. പക്ഷെ വാസ്തവത്തില്‍ അതു് ശ്രവിച്ചുകൊണ്ടിരിക്കും പ്രക്ഷേപണം ചെയ്തുകൊണ്ടും. ഇതു് ബാറ്ററി വേഗം തീരാന്‍ കാരണമാകും അതുകൊണ്ടു് കുറേക്കൂടി പുരോഗമിച്ച ഒരു പതിപ്പ് എന്‍എസ്എ ഉണ്ടാക്കി. അതു് ചില പ്രത്യേക പദങ്ങള്‍ക്കുവേണ്ടി ശ്രദ്ധിക്കുകയും ആ സംസാരം മാത്രം പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു. അതിനെ കേള്‍ക്കാതാക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. അതിലെ എല്ലാ ബാറ്ററികളും മാറ്റുക – എല്ലാ ബാറ്ററികളും, പ്രകടമായി കാണുന്നതു മാത്രമല്ല. നിങ്ങള്‍ക്കു് പെട്ടെന്നു് തിരിച്ചറിയാനാകാത്തതും എടുത്തുമാറ്റാനാവാത്തതുമായ ചെറിയൊരു രണ്ടാമത്തെ ബാറ്ററി കൂടിയുണ്ടു്. കൊണ്ടുനടക്കാവുന്ന ഫോണുകളേക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയപ്പോള്‍ ഇവ സ്റ്റാലിന്റെ സ്വപ്നമായിരുന്നിരിക്കണമെന്നു് ഞാന്‍ തീരുമാനിച്ചു. ഇവ മനുഷ്യാവകാശങ്ങളോടുള്ള ഒരു അപരാധമാണു്. അതുകൊണ്ടു് അത്തരമൊരെണ്ണം സ്വീകരിക്കാതിരിക്കുക എന്നതെന്റെ കടമയാണു്. അതുകൊണ്ടാണു് എനിയ്ക്ക് ഒരിക്കലും മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്നതു്. അതുകൊണ്ടാണു് മൊബൈല്‍ഫോണ്‍ ‍‍ഞാന്‍ കൊണ്ടുനടക്കാത്തതു്. കാരണം വല്യേട്ടന്റെ കണ്ണില്‍ ഒരു കുത്തുകൊടുക്കുക എന്നതു് ഓരോ പൗരന്റെയും കടമയാണു്. സൗകര്യമെന്നു തോന്നിയാല്‍പ്പോലും നാം സ്വീകരിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ടു്.

ഇവ ചില ഉദാഹരണങ്ങള്‍ മാത്രമാണു് പക്ഷെ ഞാന്‍ പറഞ്ഞുവന്നതു് തെളിയിക്കാന്‍ ഇതുമതി. കാരണം ഇവ അത്രയധികം ഉപയോഗിക്കപ്പെടുന്നതാണു്. കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറിന്റെ ഓരോ ഉപയോക്താവും ഇവയിലേതെങ്കിലും ഉപയോഗിക്കുന്നുണ്ടാകും. അതായതു് അവരില്‍ ഏതാണ്ടു് എല്ലാവരുംതന്നെ കുത്തകാവകാശമുള്ള മാല്‍വെയറിന്റെ ഇരകളാണു്. ഈ ഉദാഹരണങ്ങളുടെയും മറ്റുള്ളവയുടെയും വിശദാംശങ്ങളറിയാന്‍ www.gnu.org/philosophy/proprietary എന്ന വെബ് പേജ് നോക്കുക.

ഞാന്‍ പരാമര്‍ശിക്കാത്ത കുത്തകാവകാശമുള്ള മറ്റു പ്രോഗ്രാമുകളുടെ കാര്യമെങ്ങിനെ? അതു്, അവ മാല്‍വെയറാണോയെന്നു് മിക്കസമയത്തും നമുക്കറിയില്ല, നമുക്കു് പരിശോധിക്കാനുമാവില്ല. പക്ഷെ ഏതൊക്കെ മാല്‍വെയറാണു് ഏതൊക്കെയല്ല എന്നു നമുക്കു പറയാന്‍ പറ്റില്ല. കുത്തകാവകാശമുള്ള ഒരു പ്രത്യേക പ്രോഗ്രാം തെരഞ്ഞെടുത്തിട്ടു് അതു് മാല്‍വെയറല്ല എന്നു പറയാന്‍ നമുക്കാവില്ല, കാരണം അതു് പരിശോധിക്കാന്‍ നമുക്കു് മാര്‍ഗമില്ല. അതുകൊണ്ടു് കുത്തകാവകാശമുള്ള ഒരു പ്രോഗ്രാമിനെ അന്ധമായി വിശ്വസിക്കുകയേ മാര്‍ഗമേയുള്ളൂ. ഒരു കോര്‍പ്പറേഷനും മനുഷ്യരോട് മോശമായി പെരുമാറിയിട്ടില്ല എന്നു പറയുന്ന ഒരു കോര്‍പ്പറേഷനാണു് അതുണ്ടാക്കിയതു്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മണ്ടന്മാര്‍ക്കുവേണ്ടിയാണു് കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിയ്ക്കപ്പെടുന്നതു്. ഒരു പ്രോഗ്രാമിനെ വിശ്വസിക്കാനുള്ള യുക്തിപരമായ ഏക മാര്‍ഗം അതു് സ്വതന്ത്രമായിരിക്കുമ്പോള്‍ മാത്രമാണു്. കാരണം സ്വതന്ത്രമായിരിക്കുമ്പോള്‍ അതിനെ നിയന്ത്രിക്കുന്നതു് ഉപയോക്താക്കളാണു്. അവര്‍ക്കു് അതിന്റെ മൂലരൂപം പരിശോധിക്കാന്‍ കഴിയും. അതു് മാറ്റാനും കഴിയും. ചില ഉപയോക്താക്കള്‍ക്കു് നിശ്ചയമായും അതു് ചെയ്യാനറിയില്ല. പക്ഷെ അവരില്‍ ചിലര്‍ പ്രോഗ്രാമര്‍മാരാണു്. അവര്‍ ഇടയ്ക്കിടയ്ക്ക് മൂലരൂപം പരിശോധിക്കുകയും പുതിയ സാധ്യതകള്‍ ചേര്‍ക്കുകയോ തെറ്റുകള്‍ തിരുത്തുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ആ പ്രക്രിയയില്‍ അവര്‍ അതിന്റെ മൂലരൂപം വായിക്കുന്നു. അതുകൊണ്ടു് ദുഷ്ടമായ എന്തെങ്കിലും ഭാഗമുണ്ടെങ്കില്‍ അതു് തിരിച്ചറിയാന്‍ സാധിക്കുന്നു. പിന്നെ തീര്‍ച്ചയായും എന്തെങ്കിലും പിശകുകളുണ്ടെങ്കില്‍ അവയും കണ്ടെത്താന്‍ സാധ്യതയുണ്ടു്. ഇവിടെ കാര്യമെന്തെന്നാല്‍ ഉപയോക്താക്കള്‍ക്കു് ഇവിടെയൊരു പ്രതിരോധമുണ്ടു്, സ്വതന്ത്ര പ്രോഗ്രാമിന്റെ ഉപയോക്താക്കള്‍ക്കു് മാല്‍വെയറിനെതിരെ ഒരു പ്രതിരോധമുണ്ടു്. അതു് പൂര്‍ണ്ണമല്ല. അതിനു് ഉറപ്പൊന്നുമില്ല. പക്ഷെ അറിയാവുന്ന ഏക പ്രതിരോധം അതാണു്. കുത്തകാവകാശമുള്ള പ്രോഗ്രാമിന്റെ ഉപയോക്താക്കള്‍ യാതൊരു പ്രതിരോധവുമില്ലാത്തവരാണു്. പ്രോഗ്രാമിന്റെ ഉടമസ്ഥരുടെ കനിവിലാണവര്‍. നിര്‍മ്മാതാക്കള്‍ക്കു് അവരേക്കൊണ്ടു് നിലം തുടയ്ക്കാം (എന്തും ചെയ്യാം). ഒരു സ്വതന്ത്ര പ്രോഗ്രാമിന്റെ ഉപയോക്താക്കള്‍ക്കു് ഒരു പ്രതിരോധമെങ്കിലുമുണ്ടു്. മാത്രമല്ല, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ വികസിപ്പിക്കുന്ന ഡെവലപ്പര്‍മാരായ നമുക്കു് അതേ പ്രലോഭനം തോന്നാറില്ല. എന്തുകൊണ്ടാണു് കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറില്‍ ഇത്രയധികം മാല്‍വെയറുള്ളതു്? കാരണം ഈ പാവം മണ്ടന്മാരായ ഉപയോക്താക്കളുടെമേല്‍ തങ്ങള്‍ക്കു് അധികാരമുണ്ടെന്നു് കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവര്‍ക്കറിയാം. ഇതുപോലത്തെ ദുഷ്ടസാധ്യതകള്‍ സോഫ്റ്റ്‌വെയറിലുള്‍പ്പെടുത്തിയാല്‍ അതു് നീക്കാനോ നിര്‍ജീവമാക്കാനോ ഉപയോക്താക്കള്‍ക്കു് കഴിയില്ല എന്നവര്‍ക്കറിയാം. അവര്‍ക്കു് അധികാരമുണ്ടെന്നു് അവര്‍ക്കറിയാവുന്നതുകൊണ്ടാണു് അവര്‍ക്കു് പ്രലോഭനമുണ്ടാകുന്നതു്. ഇനി, നമുക്കു് ഉറച്ച ധാര്‍മ്മിക മൂല്യങ്ങളുള്ള പ്രലോഭനങ്ങള്‍ക്കു വഴങ്ങാത്ത ഒരുകൂട്ടം ആള്‍ക്കാരെ നമുക്കു് സങ്കല്പിക്കാവുന്നതാണു്. എന്നാല്‍ കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയറിന്റെ ലോകത്ത് ഇന്നു നാം കാണുന്നതു് അതല്ല. അവരുടെ ധാര്‍മ്മിക നിലവാരം തറയില്‍ക്കൂടി താഴോട്ടു പോയിരിക്കുന്നു. അതു് സാധാരണ പതിവായിരിക്കുന്നു. അവര്‍ പരസ്യമായി അതേപ്പറ്റി സംസാരിക്കുന്നു. അവര്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ഉപയോക്താക്കളെ മണ്ടന്മാരാക്കാനുള്ള ഏറ്റവും പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നു.

പക്ഷെ ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവര്‍ക്കു് ആരുടെമേലും അധികാരമില്ല, അതു് ഞങ്ങള്‍ക്കു് അറിയുകയും ചെയ്യാം. ഞങ്ങള്‍ക്കു് ആ പ്രലോഭനം തോന്നാറില്ല. ഞങ്ങള്‍ക്കു് അധികാരമില്ലാത്തതുകൊണ്ടു് ഞങ്ങള്‍ അഴിമതിക്കാരാവുന്നില്ല. അതാണു് കാര്യം. ആര്‍ക്കും ആ അധികാരമുണ്ടാവാന്‍ പാടില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരാള്‍ക്കു് മറ്റൊരാളിന്റെമേല്‍ അധികാരം നല്‍കുന്നില്ല. സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതു് എന്നാല്‍ അതാണു് അര്‍ത്ഥം. അതുകൊണ്ടു് നിങ്ങള്‍ക്കു് സങ്കല്പിക്കാം, ഒരു യുവ ഡെവലപ്പര്‍ ഉപകാരപ്രദമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നു വയ്ക്കുക. ആ വ്യക്തി കുത്തകാവകാശമുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിലേക്കു് കടന്നാല്‍ എന്തു സംഭവിക്കും? ദുഷിയ്ക്കല്‍. ദുഷിച്ചുകഴിഞ്ഞ മറ്റുള്ളവരുടെ നടുക്കു പെട്ടുകഴിയുമ്പോള്‍, ഇഷ്ടമുള്ളപോലെ ഉപയോക്താക്കളോട് മോശമായി പെരുമാറുന്നതു് സ്വാഭാവികമായ ഒരന്തരീക്ഷത്തില്‍ അവരും അതൊക്കെ സാധാരണമായി കണക്കാക്കാന്‍ തുടങ്ങും. അവരുടെ സഹപ്രവര്‍ത്തകരേപ്പോലെ അവരും ദുഷിയ്ക്കും. അതേ വ്യക്തി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് കടന്നാല്‍ വ്യത്യസ്ഥമായ പാഠമാണു് പഠിക്കുക. ഉപയോക്താക്കളോട് മോശമായി പെരുമാറരുതെന്നും അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്നും മനസ്സിലാക്കിയിട്ടുള്ള മറ്റുള്ളവരുടെ നടുക്കാകുമ്പോള്‍ അവരും ഉപയോക്താക്കളോട് സത്യസന്ധമായി പെരുമാറാന്‍ പഠിക്കും. അതുകൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സൈബര്‍സ്പേസിനെയും അതിന്റെ എല്ലാ ഉപയോക്താക്കളെയും വിമോചിപ്പിക്കുക എന്നതാണു്.


[ തുടരും ]

പകര്‍പ്പവകാശം : ഡോ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
(ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍ നോ ഡെറിവേറ്റിവ്സ് - CC-BY-ND-4.0 – ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു )
ഉപയോഗിച്ച ചിത്രങ്ങള്‍ CC-BY-SA- 4.0 ലൈസന്‍സ് അനുസരിച്ചാണു പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു് . പകര്‍പ്പവകാശം അതാതു ചിത്രങ്ങളില്‍ സൂചിപ്പിച്ചിരിയ്ക്കുന്നു