കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു് മാപ്പിങ് പരിപാടി - 2.00

മുന്നുര

കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു്, ബഹുമാനപ്പെട്ട എം പിയുടെ സാന്‍സദ് ആദര്‍ശ് ഗ്രാം യോജന (സാഗി) പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടു്. ഈ പദ്ധതിയുടെ ഗൈഡ്‌ലൈന്‍സില്‍ പഞ്ചായത്തിന്റെ സോഷ്യല്‍മാപ്പും, റിസോഴ്സ് മാപ്പും നീഡ് മെട്രിക്സും ജി ഐ എസ് വഴി ഡാറ്റ ശേഖരിച്ചു വേണം തയ്യാറാക്കാന്‍ എന്നു പറയുന്നു.

സോഷ്യല്‍ മാപ്പ് എന്നു വച്ചാല്‍, പല കാറ്റഗറിയില്‍പ്പെടുന്ന വീടുകളും, പ്രധാന സ്ഥാപനങ്ങളും ഭൌതിക സാമൂഹ്യ അടിസ്ഥാന സൌകര്യങ്ങള്‍, മറ്റു സൌകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്ന മാപ്പാണു്.  

അതുപോലെ പഞ്ചായത്തിന്റെ റിസോഴ്സ് മാപ്പില്‍, ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പ്രകൃതിദത്തവും നിര്‍മ്മിതവുമായ ആസ്തികള്‍ അഥവാ വിഭവങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണു്. ഇതില്‍ ഭൂവിനിയോഗം, ജലാശയങ്ങള്‍, ജലസേചന സംവിധാനങ്ങള്‍, ഭൂമിയുടെ കിടപ്പു് - ചെരിവു്, നിമ്നോന്നതി, നീരൊഴുക്കു് എന്നിവയുള്‍പ്പെടണം. റിസോഴ്സ് മാപ്പില്‍ മൈക്രോവാട്ടര്‍ഷെഡുകളുടെ അതിര്‍ത്തികള്‍ കൂടി തിരിച്ചു ചേര്‍ത്താല്‍ അതു് കാര്‍ഷിക വികസനപ്രവര്‍ത്തനങ്ങള്‍ക്കും, പ്രകൃതി വിഭവങ്ങളുടെ മാനേജ്‌മെന്റിനും ഉപയുക്തമാക്കാം.

നീഡ് മെട്രിക്സ് - ഇതു തയ്യാറാക്കുന്നതു് ഗ്രാമത്തിന്റെ സമാഹൃത ആവശ്യങ്ങള്‍ യുക്തിയുക്തമായി കണക്കാക്കുന്നതിനായാണു്. ഇതിനായി ഡാറ്റ ശേഖരിക്കുന്നതു് ജിഐഎസ് പ്ലാറ്റ്ഫോം വഴിയാകണം.

2008ലെ കേന്ദ്രസര്‍ക്കാരിന്റെ കോമണ്‍ ഗൈഡ്‌ലൈന്‍സ് ഫോര്‍ വാട്ടര്‍ഷെഡ് ഡവലപ്പ്മെന്റ് പ്രൊജക്ട്സില്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനു് ടെക്‍നോളജി ഇന്‍പുട്ടായി റിമോട്ട് സെന്‍സിങ്ങും, കോര്‍ ജി ഐ എസ് സംവിധാനവും മറ്റും ഉപയോഗപ്പെടുത്തണമെന്നു പറയുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകള്‍ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ടു്. ഇതിനായുള്ള 2007ലെ വാട്ടര്‍ഷെഡ് വര്‍ക്ക്സ് മാന്വലില്‍, മാപ്പിങ്ങും, നീര്‍ത്തടങ്ങളുടെ ടെക്‍നിക്കല്‍ സര്‍വ്വേയും നടത്തണമെന്നു പറയുന്നു.

കേരള സംസ്ഥാന തെരഞ്ഞെടുപ്പു് കമ്മീഷന്റെ 2014 ജൂണ്‍ 18 തിയ്യതിയിലെ 311/2014/സം.തി.ക നമ്പ്ര് ഉത്തരവില്‍ "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഭൂപടങ്ങള്‍ ശാസ്ത്രീയമായി ഭരണപരവും അക്കാദമിക്‍ മേഖലകളിലെ ആവശ്യങ്ങള്‍ക്കു് ഉതകുന്ന രീതിയിലും തരത്തിലും ഒരു അടിസ്ഥാന ഭൂപടം എന്ന നിലയിലുമല്ല തയ്യാറാക്കിയിരിക്കുന്നതെന്നതിനാല്‍ ഭാവിയില്‍ എല്ലാ തരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഭൂപടങ്ങള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഔദ്യോഗികരേഖയായി ഉണ്ടാകേണ്ടതു് എത്രയും ആവശ്യമെന്നു് കരുതുന്ന"തായി നിരീക്ഷിച്ചിട്ടുണ്ടു്.

പ്രദേശത്തു് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിച്ചു നടത്തുന്നതിനു് ആധാരമാക്കാന്‍ പ്രദേശത്തിന്റെ വിശദമായ ഭൂപടം ഉണ്ടായേ തീരൂ.  

കൂടാതെ കേരള പഞ്ചായത്തു രാജ് നിയമത്തിലെ,

  • വകുപ്പു് 169 പ്രകാരം ഗ്രാമപഞ്ചായത്തുകളില്‍ നിക്ഷിപ്തമാക്കിയ വില്ലേജ് റോഡുകളുടെയും പാതകളുടെയും വഴികളുടെയും,
  • വകുപ്പു് 218 പ്രകാരം ഗ്രാമപഞ്ചായത്തുകളെ ഏല്പിച്ച ജലമാര്‍ഗ്ഗങ്ങളുടെയും, നീരുറവകളുടെയും, ജലസംഭരണികളുടെയും,
  • വകുപ്പു് 171 പ്രകാരം ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായ സമൂഹസ്വത്തുക്കളുടെയും   കാര്യക്ഷമമായ നടത്തിപ്പിനായും,
  • 3ാം പട്ടികയില്‍ അനുശാസിക്കുന്ന പ്രകാരം അവയുടെ അവശ്യ സ്ഥിതിവിവരക്കണക്കുകള്‍ മെച്ചപ്പെട്ട രീതിയില്‍ ക്രോഡീകരിച്ചു് പരിപാലിക്കുന്നതിനായും

അവയുടെ കൃത്യമായ ഭൂപടം ആധുനിക വിദൂര സംവേദനം, ജി ഐ എസ് സങ്കേതങ്ങളുപയോഗിച്ചു് സംരചിക്കുന്നതിനായും പഞ്ചായത്തിനു് ചുമതലയും ബാദ്ധ്യതയുമുണ്ടു്.

അതിനാല്‍ സാന്‍സദ് ആദര്‍ശ് ഗ്രാം യോജനയില്‍പ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിന്റെ ജി ഐ എസ് മാപ്പിങ് നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടു്. ഇതിനായി ജിയോമൈന്‍ഡ്സിന്റെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് സാങ്കേതിക കൂട്ടായ്മയുടെയും ഔദ്യോഗിക പങ്കാളിത്തത്തോടെയും ജില്ലയിലെ മൂന്നു് കോളേജുകളിലെ (കോഴിക്കോടു് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ്, പേരാമ്പ്ര സി കെ ജി എം ഗവണ്മെന്റ് കോളേജ്, പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് എന്നിവ) എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സന്നദ്ധ സേവനമുപയോഗപ്പെടുത്തിയും അപ്രകാരമൊരു ഭൂപടമുണ്ടാക്കുവാനും അന്താരാഷ്ട്ര മാപ്പിങ് പ്രൊജക്ടായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പിന്റെ സാദ്ധ്യതകള്‍ ഇതിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടു്.

ക്യാമ്പുകളുടെ വിവരങ്ങള്‍

22/12/2018 (ശനിയാഴ്ച) മുതല്‍ 28/12/2018 (വെള്ളിയാഴ്ച) വരെയുള്ള 7ദിവസങ്ങളിലായാണു് ഈ പരിപാടി നടക്കുക.

(കോഴിക്കോടു് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വളണ്ടിയര്‍മാര്‍ മാപ്പിങ് കൂടാതെ, പഞ്ചായത്തിലെ അങ്കണവാടികളില്‍ ചുമര്‍ച്ചിത്രങ്ങള്‍ വരയ്ക്കുകയും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലെ കേടായ ഉപകരണങ്ങള്‍ നന്നാക്കുകയും ചെയ്യുന്നുണ്ടു്.)  

ഈ 7 ദിവസത്തിനുള്ളില്‍ മാപ്പ് ചെയ്യേണ്ടതു്, താഴെ പട്ടികയിലെ വിഷയങ്ങളാണു്.

ഇവ കൂടാതെ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ അതിര്‍ത്തികള്‍ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ നിലവിലുള്ളതു് കൃത്യമാക്കുകയും വേണം.

വളണ്ടിയര്‍മാരോടും അയല്‍സഭാ ഭാരവാഹികളോടും

ജി പി എസ്സ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയാണു താരങ്ങള്‍. ഇവ കിട്ടാവുന്നത്രയും കൂടെ കരുതിയാല്‍ പരിപാടി അത്രയും ഗംഭീരമാക്കാം. വളണ്ടിയര്‍മാര്‍ സ്മാര്‍ട്ട് ഫോണില്‍ ഇന്റര്‍നെറ്റ് റീച്ചാര്‍ജ്ജ ചെയ്തു വന്നാല്‍ പരിപാടി സുഗമമായി നടക്കും. ആന്‍ഡ്രോയിഡ് ഫോണിലാണെങ്കില്‍ GPS Logger, Keypad-Mapper3 എന്നീ പണിയായുധങ്ങളാണു് വേണ്ടതു്. (മറ്റുള്ളതരം സ്മാര്‍ട്ട് ഫോണുകളില്‍ ഏതു തരം ആപ്പ്/ടൂളാണുപയോഗിക്കുകയെന്നു് വലിയ ധാരണ പോര.) ഇന്റര്‍നെറ്റ് ഓണാക്കി ഇവന്‍മാരെ രണ്ടിനേയും ആന്‍ഡ്രോയിഡ് ഫോണില്‍ സ്ഥാപിക്കുക. GPS Logger നെ ടൈം ഇന്റര്‍വെലും ഡിസ്റ്റന്‍സ് ഇന്റര്‍വെലും ഏറ്റവും കുറഞ്ഞ തരത്തിലും ട്രാക്കു് .gpx ആയി ലോഗ് ചെയ്യുന്ന വിധത്തിലും സെറ്റാക്കുകയും വേണം. ഇവിടെ വരുന്നതിനു് മുമ്പുതന്നെ ഇതു് ചെയ്തു വയ്ക്കുന്നതു് കൂടുതല്‍ നല്ലതു്.

ഈ ആപ്പുകള്‍ താഴെ കണ്ണികളില്‍ ലഭ്യമാണു്:

https://play.google.com/store/apps/details?id=com.mendhak.gpslogger

https://play.google.com/store/apps/details?id=de.enaikoon.android.keypadmapper3

ക്യാമ്പു തുടങ്ങുന്നതിന്റെ തലേന്നു് ക്യാമ്പിലെത്തി ഭാണ്ഡക്കെട്ടുകളും പണിയായുധങ്ങളും തല്ക്കാലം ക്യാമ്പു ചെയ്യുന്ന സ്ഥലത്തു വച്ചു് ഒതുക്കി വച്ചു് വിശ്രമിക്കാം. മൂന്നു ക്യാമ്പുകളിലെയും വളണ്ടിയര്‍മാര്‍ക്കു് ക്യാമ്പിന്റെ ആദ്യത്തെ ദിവസം എങ്ങനെയാണു് JOSM സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും HOT tasking manager ഉം ഉപയോഗിച്ചു് ഉപഗ്രഹ ചിത്രം നോക്കി പരിസരം മാപ്പ് ചെയ്യുന്നതെന്ന പരിശീലനം നല്കും. കൂടാതെ എല്ലാ വാര്‍ഡുകളിലെയും ബില്‍ഡിങ് ഫുട്പ്രിന്റ് മാപ്പ് ചെയ്തു തീര്‍ക്കാനും ശ്രമിക്കും. ഇതിനായി HOT tasking managerല്‍ ടാസ്കുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ടു്.

കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകളുള്ളതില്‍ ഓരോ വാര്‍ഡിലും ഉള്ള കെട്ടിടങ്ങളുടെ പട്ടിക പഞ്ചായത്തു് നികുതിനിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായ സഞ്ചയയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ടു്. ഓരോ വാര്‍ഡിലും 4 മുതല്‍ 6വരെ അയല്‍സഭകളുണ്ടു്. ഈ കെട്ടിടങ്ങളിലോരോന്നും ഏതെങ്കിലുമൊരു അയല്‍സഭയുടെ പരിധിയിലായിരിക്കും. ഈ ഓരോ അയല്‍സഭയുടെയും രണ്ടു വീതം ഭാരവാഹികള്‍ അതാതു പഞ്ചായത്തു് മെമ്പര്‍മാരുടെ നിര്‍ദ്ദേശാനുസരണം, അതാതു അയല്‍സഭകളുടെ പരിധിയിലെ കെട്ടിടങ്ങളടക്കമുള്ള വിഭവങ്ങളുടെ മാപ്പിങ്ങിനു് സഹായസന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടു്. പഞ്ചായത്തു മെമ്പര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലെ കെട്ടിടങ്ങളുടെ ലിസ്റ്റ് അയല്‍സഭകളാക്കി തിരിച്ചു തന്നിട്ടുമുണ്ടു്. ഇങ്ങനെ അയല്‍സഭകളാക്കി തിരിച്ച കെട്ടിടങ്ങളുടെ ലിസ്റ്റ്, അതാതു് അയല്‍സഭകളിലെ സന്നദ്ധരായ ഭാരവാഹികളുടെ പേരും കോണ്‍ടാക്‍റ്റ് നമ്പറും സഹിതം ആ വാര്‍ഡുകള്‍ ഏറ്റെടുത്ത എന്‍ എസ് എസ് യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കു് കൈമാറുന്നതാണു്. മാപ്പിങ്ങിനു വേണ്ട അവശ്യരേഖകളും ബന്ധപ്പെട്ടവര്‍ക്കു നല്കുന്നതാണു്.

ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം മുതല്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ തങ്ങളുടെ രണ്ടോ മൂന്നോ വളണ്ടിയര്‍മാരടങ്ങുന്ന ടീമിനെ ഓരോ ദിവസവും തങ്ങള്‍ക്കു ചുമതലപ്പെട്ട വാര്‍ഡിലെ, തെരഞ്ഞെടുക്കുന്ന ഓരോ അയല്‍സഭാ ഭാരവാഹിയുടെയും കൂടെ മാപ്പിങ്ങിനു് വിടേണ്ടതാണു്. സ്മാര്‍ട്ട്ഫോണ്‍+ആപ്പ് ആയുധധാരികളായ വളണ്ടിയര്‍മാര്‍ രണ്ടോ മൂന്നോ പേര്‍ക്കു് ഒരു അയല്‍സഭാ ഭാരവാഹിയായ റിസോഴ്സ്പേഴ്സണ്‍ കൂടെ വരുന്നതായിരിക്കും. ഇങ്ങനെ മൂന്നോ നാലോ പേരടങ്ങുന്നതാണു് അയല്‍സഭാ മാപ്പിങ് കൂട്ടാളികള്‍. ഓരോ ദിവസവും മാപ്പിങ് കൂട്ടാളികളെ നിശ്ചയിച്ചു കഴിഞ്ഞു് മാപ്പിങ് കൂട്ടാളികള്‍ക്കു് ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറാവുന്നതാണു്. രാവിലെ പ്രഭാതഭക്ഷണവും കഴിഞ്ഞു് അയല്‍സഭാ ഭാരവാഹികളുടെ കൂടെ വാര്‍ഡുകളിലേക്കു് മാപ്പിങ്ങിനു് ഇറങ്ങുന്ന മാപ്പിങ് കൂട്ടാളികള്‍ മുകളില്‍ പട്ടികപ്പെടുത്തിയ കെട്ടിടങ്ങളടക്കമുള്ള വിഭവങ്ങളുടെ വിവരങ്ങള്‍ GPS Logger, Keypad-Mapper3 എന്നീ മൊബൈല്‍ ആപ്പുകളുപയോഗിച്ചു് ശേഖരിക്കണം. GPS / ലൊക്കേഷന്‍ ഓണ്‍ ചെയ്തു് സ്റ്റെഡിയായിക്കഴിഞ്ഞാല്‍ ഈ രണ്ടു് ആപ്പുകളും ഒരേസമയം പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണു് ഫീല്‍ഡില്‍ തങ്ങള്‍ക്കു കിട്ടിയ അയല്‍സഭാ പരിധിക്കുള്ളില്‍ നടന്നു് ട്രാക്കു ചെയ്യേണ്ടതു്. ട്രാക്കു് gpx ആയി ലോഗ് ചെയ്യുന്ന പണി GPS Logger ചെയ്തോളും. സ്ഥലപ്പേരുകള്‍ മറ്റു് ആസ്തികള്‍, വിഭവങ്ങള്‍ തുടങ്ങിയവ അതാതിടത്തെത്തിയാല്‍ GPS Loggerല്‍ ടൈപ്പു ചെയ്തു് സേവ് ചെയ്താല്‍ മതി. കെട്ടിട നമ്പറുകള്‍ Keypad-Mapper3 ലാണു് ടൈപ്പു ചെയ്തു് സേവ് ചെയ്യേണ്ടതു്. ഫീല്‍ഡില്‍ കാണുന്ന, നിങ്ങള്‍ക്കിഷ്ടപ്പെട്ടതെന്തായാലും മൊബൈലില്‍ പടമെടുക്കാന്‍ മറക്കരുതു്. നല്ല പടങ്ങള്‍ koorachundumappingparty@gmail.com ലേക്കു് ഇമെയില്‍ വഴി അയച്ചു തരികയും വേണം കേട്ടോ. വളണ്ടിയര്‍മാര്‍ക്കുള്ള ഉച്ചഭക്ഷണം, തങ്ങളുടെ അയല്‍സഭയിലെ വീടുകളിലൊന്നില്‍ അയല്‍സഭാ ഭാരവാഹികള്‍ ഏര്‍പ്പാടാക്കുന്നതാണു്. ഉച്ചഭക്ഷണത്തിനു ശേഷം 3.30 മണി ആയാലോ, നടന്നു മടുത്തു് ക്ഷീണിച്ചാലോ മാപ്പിങ് മതിയാക്കി അയല്‍സഭാ ഭാരവാഹിയോടൊപ്പം ക്യാമ്പിലേക്കു് മടങ്ങാം. ക്യാമ്പില്‍ വച്ചു് JOSM അല്ലെങ്കില്‍ iD , HOT tasking manager എന്നിവ ഉപയോഗിച്ചു് തങ്ങള്‍ ഫീല്‍ഡില്‍ വച്ചു് ശേഖരിച്ച GPS Logger ലെ gpx ട്രാക്കുകളെ ഓപ്പണ്‍സ്ട്രീറ്റ് മാപ്പിലേക്കു് കേറ്റാം, വേണ്ടവിധത്തില്‍ എഡിറ്റു് ചെയ്തു് ശരിയാക്കാം. Keypad-Mapper3 ലെ osm ഡാറ്റയെ koorachundumappingparty@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കു് അയച്ചാല്‍ മതിയാകും. അതിനു ശേഷം ക്യാമ്പിലെ മറ്റു പ്രവര്‍ത്തനങ്ങള്‍, വിശ്രമം. തുടര്‍ന്നു ക്യാമ്പു തീരുന്നതു വരെ ഈ പ്രവര്‍ത്തനം, മാപ്പു ചെയ്യാത്ത ഇടങ്ങളിലെ വിവരങ്ങള്‍ ചേര്‍ക്കാനായി ആവര്‍ത്തിക്കണം.

ദൂരത്തുള്ള ഫീല്‍ഡിലേക്കു് കൊണ്ടു വിടുന്നതിനും തിരികെ കൊണ്ടു വരുന്നതിനും വാഹനം ആവശ്യാനുസരണം ലഭ്യമാക്കാം. സ്വന്തമായി വാഹനമുള്ളവര്‍ക്കു് അതും ഉപയോഗിക്കാം. വൈദ്യസഹായം വേണ്ടിവന്നേക്കാവുന്ന ഘട്ടങ്ങളില്‍, കൂരാച്ചുണ്ടു് സി എച്ച് സിയിലെയും കക്കയം പി എച്ച് സിയിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ആവശ്യാനുസരണം ലഭ്യമാവുന്നതാണു്.

അവസാന ദിവസം, ഫീല്‍ഡ് സര്‍വ്വേ ഉച്ചയോടെ അവസാനിപ്പിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പില്‍ തിരികെയെത്തി അന്നത്തെ ട്രാക്കുകളും ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ കയറ്റി എഡിറ്റ് ചെയ്തു് അപ്ഡേറ്റ് ചെയ്തതിനു ശേഷം, പഞ്ചായത്തു് പ്രദേശത്തിന്റെ മുഴുവന്‍ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്തു് മാപ്പു് തയ്യാറാക്കി പ്രിന്റെടുത്തു് വൈകുന്നേരത്തെ യോഗത്തില്‍ പ്രകാശിപ്പിക്കാം. പങ്കെടുത്ത എല്ലാവര്‍ക്കും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്ക്കാം. പരിപാടിയുടെ ആകെയുള്ള വിലയിരുത്തലും, തുടര്‍പരിപാടികള്‍ ആസൂത്രണം ചെയ്യലും ആവാം. തുടര്‍ന്നു് പിരിയാം.

ഗ്രാമപഞ്ചായത്തു് എല്ലാ വളണ്ടിയര്‍മാര്‍ക്കും നല്കുന്ന നിര്‍ദ്ദേശങ്ങള്‍

കൂടെ കരുതാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവ:

  • കുട, തൊപ്പിയുണ്ടെങ്കില്‍ അതും.
  • ഫീല്‍ഡില്‍ കുടിവെള്ളം കൊണ്ടുപോവുന്നതിനു് പെറ്റ് ബോട്ടില്‍ (വളരെ വലുതല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക).
  • നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ചാര്‍ജര്‍ / ഹാന്‍ഡ്ഹെല്‍ഡ് ജി പി എസ്സിന്റെ ബാറ്ററി (ദിവസവും വൈകുന്നേരം ചാര്‍ജ് ചെയ്യാന്‍ മറക്കരുതു്).
  • പവര്‍ബാങ്കുണ്ടെങ്കില്‍ അതും.
  • മലമ്പ്രദേശത്തു് ഉപയോഗിക്കാന്‍ പറ്റിയ പാദരക്ഷകള്‍.
  • സ്വന്തമായി ലാപ്‌ടോപ്പ് കമ്പ്യൂട്ടറുള്ളവര്‍ അതു് കൊണ്ടു വരണേ.
  • എന്തെങ്കിലും ചികിത്സയിലുള്ളവരാണെങ്കില്‍ അവരുടെ മരുന്നുകള്‍ കൂടെ കരുതാന്‍ ശ്രദ്ധിക്കണം.
  • ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കണ്ണട ഉപയോഗിക്കുന്നവര്‍ കണ്ണട കൂടെ കൊണ്ടുവരാന്‍ മറക്കരുതു്.

ഇവിടെ ക്യാമ്പില്‍ ഒരു ദിവസമെങ്കിലും താമസിക്കുന്നവര്‍ അധികമായി കൂടെ കരുതേണ്ടവ:

  • സ്വന്തം വിരിപ്പും പുതപ്പും കൂടെ കരുതണം.  
  • ഒരു ടോര്‍ച്ചു്.
  • ടോയ്‌ലെറ്റിലും കുളിമുറിയിലും നിങ്ങളുപയോഗിക്കുന്ന വ്യക്തിഗത സാമഗ്രികള്‍.
  • സ്ലീപ്പിങ് ബാഗുള്ളവര്‍ അതു കൊണ്ടുവരുന്നതു് നന്നായിരിക്കും.

ഫീല്‍ഡില്‍ വനത്തിനടുത്തു കൂടിയുള്ള ഭാഗത്തു പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കു്:

  • ശ്രദ്ധയില്ലാതെയോ ഒറ്റയ്ക്കോ നഗ്നപാദരായോ നടക്കാന്‍ പാടില്ല.
  • പെര്‍ഫ്യൂമുകളോ ഡിയോഡറന്റുകളോ ഉപയോഗിക്കരുതു്.
  • പരിധിയില്‍ കവിഞ്ഞ ശബ്ദമുണ്ടാക്കുകയുമരുതു്.
  • കഴിവതും കടുംവര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക, പകരം, മങ്ങിയ നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതു്:

  • ആവശ്യത്തിനു് ലാപ്‌ടോപ്പുകള്‍ കിട്ടിയിട്ടില്ല.
  • എക്സ്റ്റെന്‍ഷന്‍ കേബിളുകളും പ്ലഗ്ഗുകളും ആവശ്യത്തിനു് കിട്ടിയിട്ടില്ല.
  • അവശ്യചെലവുകള്‍ക്കു് ഫണ്ട് ലഭ്യമായിട്ടില്ല.

ഈ വിഷയങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ കയ്യയച്ചു സഹായിക്കണേ..

കൂരാച്ചുണ്ടിലേക്കു് എത്താന്‍

Route map
  1. കോഴിക്കോട്ടു നിന്നു് - കോഴിക്കോടു് മൊഫ്യൂസില്‍ ബസ്സ് സ്റ്റാന്റില്‍ നിന്നു് ½, ¾ മണിക്കൂര്‍ കൂടുമ്പോള്‍ കൂരാച്ചുണ്ടിലേക്കു് ബസ്സുണ്ടു്. ബാലുശ്ശേരി, കൂട്ടാലിട വഴി.
  2. കൊയിലാണ്ടിയില്‍ നിന്നു് - താമരശ്ശേരിക്കുള്ള ബസ്സില്‍ കയറി ബാലുശ്ശേരിയിലിറങ്ങുക. ബാലുശ്ശേരിയില്‍ വച്ചു് കോഴിക്കോടു നിന്നു കൂരാച്ചുണ്ടിലേക്കു വരുന്ന ബസ്സില്‍ കയറി കൂരാച്ചുണ്ടിലെത്താം.
  3. പേരാമ്പ്ര നിന്നു് - ചെമ്പ്ര വഴിയോ കായണ്ണ വഴിയോ കൂരാച്ചുണ്ടിലേക്കുള്ള ബസ്സില്‍ കയറി ഇവിടെയെത്താം.
  4. താമരശ്ശേരിയില്‍ നിന്നു് - എസ്റ്റേറ്റ് മുക്കു്, തലയാടു് വഴിയുള്ള ബസ്സില്‍ കയറിയോ, കൊയിലാണ്ടിക്കുള്ള ബസ്സില്‍ കയറി ബാലുശ്ശേരിയിലിറങ്ങി, കോഴിക്കോടു നിന്നു കൂരാച്ചുണ്ടിലേക്കു വരുന്ന ബസ്സില്‍ കയറിയോ കൂരാച്ചുണ്ടിലെത്താം.

ഫോണില്‍ വിളിച്ചു സംസാരിക്കാന്‍

  • ജയ്സെന്‍ നെടുമ്പാല (അസിസ്റ്റന്റ് സെക്രട്ടറി, കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു്):- +91 9645 082877
  • അര്‍ജ്ജുന്‍ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, geominds.in)- +91 8089 621316
സമൂഹ മാധ്യമം