ദേവഗിരി കോളേജില്‍ മലയാളം കമ്പ്യൂട്ടിങ് ഏകദിന ശില്പശാല നടത്തി

06/10/2015നു് ചൊവ്വാഴ്ച കോഴിക്കോടു് ദേവഗിരി സെയിന്റ് ജോസഫ്‌സ് കോളേജ് (ദേവഗിരി കോളേജ്) ലൈബ്രറിയും മലയാളം ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലയ്ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ നേതൃത്വം നൽകി.

രാവിലെ ഉദ്ഘാടനത്തിനുശേഷം സ്വ.മ.ക മുൻ പ്രസിഡണ്ട് പ്രവീൺ അരിമ്പ്രത്തൊടിയിൽ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആവശ്യകതയും ചരിത്രവും വിവരിച്ചു.

തുടർന്നു് സ്വ.മ.ക സെക്രട്ടറി ഋഷികേശ് ആസ്കീ, യൂണിക്കോഡ് എന്‍കോഡിങ്ങുകളുടെ വിശദാംശങ്ങളും വ്യത്യാസവും വിവരിച്ചു.

മലയാളം കമ്പ്യൂട്ടറിൽ തെളിവോടെ കാണുകയും, വായിക്കുകയും, എഴുതുകയും ചെയ്യുന്നതിനു് ചെയ്യേണ്ടതായ ക്രമീകരണങ്ങളെപ്പറ്റി പ്രതിപാദിച്ചു. യൂണിക്കോഡ് ഫോണ്ടുകൾ പരിചയപ്പെടുത്തുന്നതോപ്പം അവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണത്തിനു് പിരിയുംമുമ്പു് കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രാദേശികവത്ക്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ഉച്ചഭക്ഷണത്തിനുശേഷം സ്വ.മ.കയെ പരിചയപ്പെടുത്തി. എങ്ങിനെ സ്വ.മ.കയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാമെന്നും വിവരിച്ചു. സ്വ.മ.ക വികസിപ്പിച്ചെടുത്ത ഭാഷാ കമ്പ്യൂട്ടിങ്ങ് ടൂളുകൾ പരിചയപെടുത്തി. വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, ഓളം, തുടങ്ങിയവയെയും പരിചയപ്പെടുത്തി. ബി. എ. മലയാളം, എം. എ. മലയാളം, ബി. എഡ്, ജേര്‍ണ്ണലിസം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും, അദ്ധ്യാപകരും, സ്വ.മ.ക പ്രവർത്തകരായ മനുകൃഷ്ണൻ, ആർക്ക് അർജ്ജുൻ, ജയ്സെൻ നെടുമ്പാല തുടങ്ങിയവരും ശില്പശാലയിലും ചർച്ചകളിലും പങ്കെടുത്തു.

കോളേജ് ലൈബ്രേറിയൻ ശ്രീ. തോംസൺ കോളേജ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായ കോഹ ഉപയോഗിച്ചാണു് കാലങ്ങളായി നിയന്ത്രിക്കുന്നതു് എന്നും അറിയിച്ചു. അവിടെ വച്ചു് കോഹയുടെ മലയാളം പ്രാദേശികവല്ക്കരണത്തിനു് തുടക്കമിടുകയും ചെയ്തു. തുടര്‍പരിപാടികളുടെ ആവശ്യകത അദ്ദേഹം അറിയിച്ചു. കോളേജിലെ മലയാളം എം. എ. വിദ്യാര്‍ത്ഥിനികളിലൊരാള്‍ തന്റെ പ്രതികരണമറിയിക്കുന്നതിനിടയില്‍ വിക്കിഗ്രന്ഥശാലയെപ്പറ്റി ആദ്യമായറിഞ്ഞതു് അവിടെവച്ചാണെന്നറിയിക്കുകയും, അവരുടെ സിലബസ്സിലുള്ള പുസ്തകങ്ങള്‍ വിക്കിഗ്രന്ഥശാലയിലുണ്ടെന്നതില്‍ ആശ്ചര്യപ്പെടുകയും ചെയ്തു.


പരിപാടി വൈകുന്നേരം 3.45നു് സമാപിച്ചു.