ഡോ. വി. ശശികുമാറിന് ആദരാഞ്ജലികൾ
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകനും ശാസ്ത്ര എഴുത്തുകാരനും ഭൗമശാസ്ത്രജ്ഞനുമായ ഡോ. വി. ശശികുമാറിന്റെ നിര്യാണത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അനുശോചിക്കുന്നു.
കേരളത്തിലെ തുടക്കക്കാല സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയപ്രചരണത്തിൽ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ശശികുമാർ. സുഹൃത്തുക്കൾ അദ്ദേഹത്തെ സ്നേഹത്തോടെയും ആദരവോടെയും "കേരള സ്റ്റാൾമാൻ" എന്നുവിളിക്കുമായിരുന്നു. നാഷണൽ സെന്റർ ഫോര്‍ എര്‍ത്ത് സയന്‍സില്‍ ശാസ്ത്രജ്ഞനായിരുന്നു. കേരളത്തിലെ ഇടിമിന്നലുകളെപ്പറ്റിയും സമുദ്രതീരത്തെപ്പറ്റിയും വിശദപഠനം നടത്തിയിരുന്നു (January 1979 - December 2007). 2007 ൽ സെസിലെ ജോലി രാജിവെച്ചശേഷം സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചരിപ്പിക്കുന്ന ദൗത്യത്തില്‍ പൂര്‍ണമായും മുഴുകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്ടറായിരുന്നു. ഭൂമിയുടെ ആവരണം, ആകാശത്തിലെ അത്ഭുതക്കാഴ്ചകൾ മിന്നലും ഇടിയും എന്നിവയടക്കം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. Free as in Freedom, ചിതറിയ ചിന്തകൾ, കേരളചിന്തകള്‍ എന്നീ ബ്ലോഗുകളിലൂടെ അദ്ദേഹം തന്റെ ചിന്തകളും ആശയങ്ങളും പങ്കുവെച്ചു. 2007 ൽ അദ്ദേഹം എഴുതിയ The Story of Free Software in Kerala, India എന്ന ലേഖനത്തിൽ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങളുടെ തുടക്കകാലം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ തുടക്കകാലം മുതൽ തന്നെ നമ്മുടെ പ്രവർത്തങ്ങളോടൊപ്പം വഴികാട്ടിയായി അദ്ദേഹം ഉണ്ടായിരുന്നു.
സജീവമായ ചിന്തകളും പ്രവർത്തനങ്ങളും കൊണ്ട് തന്റെ കാലത്തെ അടയാളപ്പെടുത്തി ഓർമകളിലേക്ക് പോയ ശശികുമാർ സാറിന് പ്രണാമം. അദ്ദേഹം പരിചയപ്പെടുത്തി പ്രചരിപ്പിച്ച സ്വതന്ത സോഫ്റ്റ്‌വെയർ ആശയങ്ങൾ നമുക്ക് വഴികാണിക്കട്ടെ.