സാസോ ഫോസോ?
ഡോ. കൈലാഷ് നാഥ്
സ്വതന്ത്രസോഫ്റ്റ്വെയർ എന്ന ആശയം ഒന്നര പതിറ്റാണ്ടു മുൻപ് മുഖ്യധാരയിൽ വരുന്ന കാലത്തു ആ വിപ്ലവത്തിന്റെ മുൻപന്തിയിൽ നിൽക്കുകയും, സർക്കാർ ആവശ്യത്തിനുള്ള ഭൂരിഭാഗം സോഫ്റ്റ്വെയറുകളും സ്വതന്ത്രസോഫ്റ്റ്വെയർ അടിസ്ഥാനമായി നിർമ്മിയ്ക്കുകയും പിന്നീട് അത് ഐ.റ്റി നയമായി പ്രാബല്യത്തിൽ കൊണ്ടുവന്ന് ലോകത്തിനു തന്നെ മാതൃകയാവുകയും ചെയ്ത സംസ്ഥാനമാണ് കേരളം. കൂടാതെ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും സ്വതന്ത്രസോഫ്റ്റ്വെയറിന്റെ ഉപയോഗം ഉറപ്പു വരുത്താനും അതിന്റെ വളർച്ചക്കായി പല മേഖലകളിലേക്ക് പകർത്താനാകുന്ന മാറ്റങ്ങൾ കൊണ്ടുവരാനും കേരള സർക്കാരുകൾക്ക് കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്.
അങ്ങനെയുള്ള കേരളത്തിൽ, വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും മറ്റും ഉയർന്ന നിലവാരമുള്ള നിരവധി സ്വതന്ത്രസോഫ്റ്റ്വെയർ ബദലുകളും ചെലവ് കുറഞ്ഞ പ്രവർത്തനോപാധികളും നിലവിലുള്ളപ്പോൾ, കോവിഡ് വിവരശേഖരണത്തെച്ചൊല്ലി ഉടലെടുത്ത സാസ് (SaaS - Software as a Service) vs. ഫോസ് (FOSS - Free and Open Source Software - സ്വതന്ത്രസോഫ്റ്റ്വെയർ) സംവാദം ആശ്ചര്യജനകമാണ്. ക്ളൗഡ് സെർവറുകളിൽ ക്രമീകരിക്കുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇന്റർനെറ്റ് വഴി സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് സാസ്. വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികളാണ് സാധാരണയായി സാസ് സേവനങ്ങൾ നൽകുന്നത്. സോഫ്റ്റ്വെയർ സ്വതന്ത്രമായാലും കുത്തകയായാലും സാസ് രൂപത്തിൽ നൽകാം. കൂടാതെ സാങ്കേതികവൈദഗ്ധ്യം ഉള്ള ആർക്കും നിലവിൽ ലഭ്യമായ സ്വതന്ത്രസോഫ്റ്റ്വെയർ അവരുടെ നിയന്ത്രണത്തിലുള്ള ക്ളൗഡ് സെർവറുകളിൽ ക്രമീകരിച്ച് സാസ് സേവനദാതാവാകാം. അപ്പോൾ സാസ് vs. ഫോസ് എന്നത് യുക്തിപരമായൊരു താരതമ്യം പോലുമല്ല.
സ്വതന്ത്രസോഫ്റ്റ്വെയർ എന്താണെന്നും അതിന്റെ മേന്മകൾ എന്തൊക്കെയാണെന്നും പ്രതിപാദിക്കുന്ന എണ്ണമറ്റ വിവരണങ്ങളും ലേഖനങ്ങങ്ങളും പല മാധ്യമങ്ങൾ വഴി എളുപ്പത്തിൽ ലഭ്യമായതിനാൽ അതിന്റെ അടിസ്ഥാന തത്വമായ "ഫ്രീ" വിലയെയല്ല മറിച്ച് സ്വാതന്ത്ര്യത്തെയാണ് പ്രതിപാദിക്കുന്നത് എന്ന് മാത്രം ഇവിടെ എടുത്തു പറയുന്നു. സ്വാതന്ത്ര്യമെന്നാൽ ആർക്കും സോഫ്റ്റ്വെയർ വേണ്ടവിധേന ഉപയോഗിക്കാനും മാറ്റുവാനും മറ്റുള്ളവർക്ക് പകർപ്പുകൾ കൈമാറുക വഴി അവർക്കും തുല്യാവകാശങ്ങൾ ലഭ്യമാക്കാനുമുള്ള അവകാശം; അതൊരു വ്യക്തിയായാലും സ്ഥാപനമായാലും സർക്കാരായാലും. സാങ്കേതികവിദ്യ എന്നതിലപ്പുറം സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ തത്വങ്ങൾ ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങളായ സുതാര്യത, കൂട്ടായ്മ, ഓഡിറ്റബിലിറ്റി എന്നിവയുമായി താത്ത്വികമായി മാത്രമല്ല നിയമപരമായും ഇഴചേർന്നിരിക്കുന്നു. ജനസേവനത്തിനായി പൊതുപണം ഉപയോഗിച്ചു സർക്കാർ നിർമ്മിക്കുന്ന സ്വതന്ത്രസോഫ്റ്റ്വെയർ പൊതുമുതലായി പൊതുസഞ്ചയത്തിൽ വരുന്നത് എത്രത്തോളം അർത്ഥവത്താണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. സ്വതന്ത്രസോഫ്റ്റ്വെയറിന്റെ പ്രാധാന്യത്തേയും മേന്മയേയും പറ്റിയുള്ള ചോദ്യങ്ങൾ അര്ത്ഥശൂന്യമാണെന്ന് വ്യക്തമാകാൻ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മൈക്രോസോഫ്ട്, ഐ.ബി.എം എന്നീ രണ്ട് കുത്തക കമ്പനികൾ മാത്രം ഈ മേഖലയിൽ നടത്തിയ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങൾ നോക്കിയാൽ മതി.
ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് സർക്കാരുകൾക്ക് നേട്ടങ്ങൾ മാത്രം സംഭാവന ചെയ്യുന്നൊരു സംവിധാനമാണ് സ്വതന്ത്രസോഫ്റ്റ്വെയർ. ഉദാഹരണത്തിന്, കുത്തക സോഫ്റ്റ്വെയർ തിരഞ്ഞെടുക്കുമ്പോൾ ഉയരാവുന്ന നിക്ഷിപ്ത താത്പര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നില്ല. പൊതുസഞ്ചയത്തിൽ പൊതുമുതലായി മാറുന്ന സ്വതന്ത്രസോഫ്റ്റ്വെയറുകൾ സാങ്കേതിക വിദഗ്ദ്ധർക്ക് അനായാസമായി പരിശോധിക്കാനുമാകുന്നു. സ്വതന്ത്രസോഫ്റ്റ്വെയറിനു സ്വതസിദ്ധമായ ഈ സുതാര്യത അനാവശ്യമായ ഊഹാപോഹങ്ങൾക്കിടം നൽകുന്നില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഒരു പ്രോഗ്രാമർ എന്ന നിലയിൽ ഞാൻ സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോഗിക്കാനും നിർമ്മിക്കാനും തുടങ്ങിയിട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോഗിച്ച് സെറോധ (Zerodha) എന്ന സ്ഥാപനത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ബ്രോക്കറായി വളർത്തിയതിൽ പങ്കാളിയാകാനുമായിട്ടുണ്ട്. അങ്ങനെയുണ്ടായ ചില പ്രായോഗിക അനുഭവപാഠങ്ങൾക്ക് ഈ സാഹചര്യത്തിൽ പ്രസക്തിയുണ്ടെന്ന് തോന്നിയതിനാലാണ് ചില നിരീക്ഷണങ്ങളും അവലോകനങ്ങളുമാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.
കുത്തക സാസിനു പകരം ഇന്ത്യയിലുള്ള ക്ളൗഡ് സംവിധാനത്തിൽ സ്വതന്ത്രസോഫ്റ്റ്വെയർ ക്രമീകരിക്കുക വഴി പ്രതിവർഷം കോടികളുടെ ഐ.റ്റി ചെലവാണ് സെറോധ ലാഭിയ്ക്കുന്നത്. കൂടാതെ പതിനായിരം കോടിയില്പരം വരുന്ന സാമ്പത്തിക രേഖകൾ സ്വതന്ത്ര ഡാറ്റാബേസ് സംവിധാനങ്ങൾ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ സംഭരിക്കുകയും, സ്വതന്ത്ര "നിർമിതബുദ്ധി" (Artificial Intelligence) മാതൃകകൾ ഉപയോഗിച്ച് “unstructured” (പ്രത്യേക ഘടനയില്ലാത്ത) പ്രമാണങ്ങളും മറ്റും വലിയതോതിൽ യാന്ത്രികമായി പരിശോധിക്കുകയും ചെയ്യുന്നു. ദിവസേന ദശലക്ഷക്കണക്കിനു വരുന്ന സാമ്പത്തിക ഇടപാടുകൾ പ്രോസസ്സ് ചെയ്യാൻ ഇന്ത്യയിൽ നിർമ്മിച്ച ERPNext അടക്കമുള്ള അനേകം സോഫ്റ്റ്വെയറുകൾ സെറോധ വിനിയോഗിക്കുന്നുണ്ട്. ഇങ്ങനെ സോഫ്റ്റ്വെയർ സേവനങ്ങളിൽ സ്വയംപര്യാപ്തത കൈവരിച്ചതിനാൽ ഇന്ത്യൻ നിയമപരിധിയിൽ നിൽക്കാനും വിവരശേഖരണ മാനദണ്ഡങ്ങൾ എളുപ്പം പാലിക്കാനും കഴിയുന്നു. സെറോധ മാത്രമല്ല നിരവധി ആധുനിക ടെക്നോളജി കമ്പനികൾ പ്രവർത്തിക്കുന്നതും ഇങ്ങനെയാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പൊതുജനസേവനത്തിനായി സർക്കാർ വിന്യസിക്കേണ്ട പല സാങ്കേതികവ്യവസ്ഥകളുമായുള്ള സാദൃശ്യം വ്യക്തമാണ്.
സ്വതന്ത്രസോഫ്റ്റ്വെയർ നൽകുന്ന സ്വയംപര്യാപ്തത സോഫ്റ്റ്വെയറുകളും അവയ്ക്കുമേൽ നിർമ്മിച്ച ഉപാധികളും വിവരശേഖരങ്ങളും കുത്തക കമ്പനികളുടെ സാങ്കേതികവ്യവസ്ഥകൾക്കുള്ളിൽ കുടുങ്ങിപ്പോകാതിരിക്കാനും അവയുടെ ക്രമീകരണങ്ങൾക്ക് എപ്പോഴും അതേ കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥ വരാതിരിക്കാനും സഹായിക്കുന്നു. സ്വതന്ത്രസോഫ്റ്റ്വെയർ നിർമ്മിക്കുന്നത് സ്വകാര്യ കമ്പനിയായാലും പൊതുസ്ഥാപനമായാലും ഫലം പൊതുസഞ്ചയത്തിലാവുക വഴി സാങ്കേതിക വൈദഗ്ധ്യമുള്ള കൂട്ടായ്മകൾക്ക് അവ അനായാസേന പരിശോധിക്കാനും അവയെ തുടർച്ചയായി മെച്ചപ്പെടുത്താനും അങ്ങനെ സോഫ്റ്റ്വെയർ കാലഹരണപ്പെട്ടു പോകാനുള്ള സാധ്യത കുറയ്ക്കാനുമാകുന്നു. ഈ രീതിയിലാണ് അതിസങ്കീർണ്ണവും വൻവാണിജ്യമൂല്യവുമുള്ള ഒട്ടനവധി സോഫ്റ്റ്വെയറുകൾ ആഗോളതലത്തിൽ നിർമ്മിക്കപ്പെടുന്നത്.
പിന്നെ, ലോകത്തിന്റെ ഏതു കോണിൽ നിർമ്മിച്ച സ്വതന്ത്രസോഫ്റ്റ്വെയർ ആയാലും അത് ക്രമീകരിക്കാനുള്ള വൈദഗ്ദ്യം പ്രാദേശികമായി വളർത്തിക്കൊണ്ടു വരാൻ കഴിയും. അത്തരത്തിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്വകാര്യ സ്ഥാപനങ്ങളും കൂട്ടായ്മകളും കേരളത്തിനുള്ളിൽത്തന്നെയുണ്ട്. 2018 പ്രളയകാലത്ത് സ്വതന്ത്രസോഫ്റ്റ്വെയർ കൂട്ടായ്മകൾ അതിവേഗം നിർമ്മിച്ചെടുത്ത "കേരളാറെസ്ക്യൂ" (Kerala Rescue) പോർട്ടൽ ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് എത്രത്തോളം ഉപകാരപ്പെട്ടു എന്നോർക്കേണ്ടതാണ്. സ്റ്റാർട്ടപ് മിഷൻ പോലെയുള്ള സ്ഥാപനങ്ങൾ വഴി സർക്കാറിനാവശ്യമായ സോഫ്റ്റ്വെയർ നിർമ്മിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണെങ്കിൽ തൊഴിലവസരങ്ങളും വാണിജ്യസാധ്യതകളും സൃഷ്ടിക്കുക മാത്രമല്ല പൊതു പണം പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ തന്നെ നിലനിർത്താനുമാകും.
സ്വതന്ത്രസോഫ്റ്റ്വെയർ സംവിധാനങ്ങൾ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനും അതിനു വേണ്ട സാഹചര്യം ഒരുക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കേരളാറെസ്ക്യൂ പോലുള്ളൊരു സ്വതന്ത്രസോഫ്റ്റ്വെയർ സംവിധാനം കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ ഇല്ലാതെ പോയത് അതിന്റെ സൂചനയാണ്. “സാസ് vs. ഫോസ്” പോലുള്ള നിരര്ത്ഥകമായ സംവാദങ്ങളല്ല, മറിച്ച് സ്വതന്ത്രസോഫ്റ്റ്വെയർ അധിഷ്ഠിതമായ തനതായ സാസ് സംവിധാനങ്ങൾ വലിയ തോതിൽ നിർമ്മിച്ചു സാങ്കേതികസ്വയംപര്യാപ്തത കൈവരിക്കാനുള്ള ഊർജിതമായ നടപടികളാണ് ഇനിയുണ്ടാകേണ്ടത്.
(സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവർത്തകനും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ കമ്പനിയായ സെറോധയുടെ CTOയും ആണ് ഡോ.കൈലാഷ് നാഥ്. )