ഐ ഇ ഡി സി സമ്മിറ്റ്-2016 ല്‍ എസ്സ് എം സിയും
ഇന്നലെ 23/08/2016നു് ചൊവ്വാഴ്ച തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ഇ ഡി സി സമ്മിറ്റ്-2016ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും ഭാഗഭാക്കായി.
കേരളത്തിലെ എഞ്ചിനീയറിങ്, പോളിടെക്‍നിക്‍, മാനേജ്‌മെന്റ്, ആര്‍ട്സ് & സയന്‍സ് കോളജുകളിലെ ചെറു ഇന്‍കുബേറ്ററുകളായ നൂതന സംരഭകത്വ വികസന കേന്ദ്രങ്ങളുടെ (Innovation Entrepreneurship Development Centres) 2016ലെ വാര്‍ഷിക സമ്മേളനമായ പ്രസ്തുത പരിപാടിയില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്റ്റാളും ഉണ്ടായിരുന്നു.
സ്റ്റാളില്‍ ഋഷികേശ് കെ ബി, അനീഷ് ഷീല, ജയ്സെന്‍ നെടുമ്പാല എന്നിവര്‍ ഇൻഡിക് പ്രൊജക്‍ടിനെപ്പറ്റിയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പുറത്തിറക്കിയ ഫോണ്ടുകളെപ്പറ്റിയും ഇന്ത്യന്‍ ഭാഷാകമ്പ്യൂട്ടിങ്ങിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പറ്റിയും കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സമ്മേളന പ്രതിനിധികള്‍ക്കു് വിശദീകരിച്ചു കൊടുത്തു.
രാവിലെ പതിനൊന്നു മണി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സ്റ്റാളില്‍ ഏതാണ്ടു മുഴുവന്‍ സമയവും നല്ല തിരക്കനുഭവപ്പെട്ടു.
സ്റ്റാളില്‍ വന്ന വിദ്യാര്‍ത്ഥികളില്‍ മിക്കവര്‍ക്കും ഇന്ത്യൻ ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മേഖല പുതിയതായിരുന്നു. സ്വതന്ത്ര മലയാളും കമ്പ്യൂട്ടിങ്ങിന്റെയും ഇന്‍ഡിക്‍ പ്രൊജക്ടിന്റെയും പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കും പങ്കാളികളാകാമോ എന്നും പലരും തിരക്കി. വൈകീട്ടു് നാലര മണി വരെ സ്റ്റാള്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന ഇത്തരം പരിപാടികളില്‍ ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന സെഷനുകളുണ്ടാവേണ്ടതിനെപ്പറ്റിയുള്ള പുതിയ ഉള്‍ക്കാഴ്ച, പങ്കെടുത്ത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകര്‍ക്കും ലഭിച്ചു.