സ്റ്റേറ്റ് ഓഫ് മാപ്പ് ദ കേരള 2024
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂ
Original article was published on Malayal.am by Santhosh Thottingal
മലയാളഭാഷാ സാങ്കേതികവിദ്യയില്‍ ഉത്തരവാദിത്തപ്പെട്ടവരെന്നു നമ്മള് കരുതുന്നവരൊക്കെ നോക്കുകുത്തികളാവുകയും അതേ സമയം തന്നെ മലയാള ഭാഷയ്ക്കു ക്ലാസിക്കല്‍ പദവി വേണമെന്നും, പഠന, ഭരണ ഭാഷയാക്കണമെന്നുമൊക്കെ മുറവിളി കൂട്ടുകയും ചെയ്യുമ്പൊള്‍ തങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ചെറിയ സമയത്തു് ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ സ്വതന്ത്ര സോഫ്റ്റ്വെയര് ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നടത്തുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടെ ചെറിയൊരു പരിചയപ്പെടുത്തല്‍ ആണു് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നതു്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളഭാഷയ്ക്കു വേണ്ടി തങ്ങളുടെ ഒഴിവു സമയങ്ങളും സാങ്കേതികമായ കഴിവുകളും സമര്‍പ്പിച്ചിരിക്കുകയും ചെയ്യുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സുഹൃദ് കൂട്ടായ്മയില്‍ ഈ ലേഖകനും പങ്കാളിയാണെന്നു് തുടക്കത്തില്‍ തന്നെ പറയട്ടെ. സമകാലീന കേരളത്തിന്റെ രാഷ്ടീയ സാമൂഹിക സാഹചര്യങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കപ്പെടാത്തതെങ്കിലും ഒട്ടനവധി സാങ്കേതിക സംരംഭങ്ങള്‍ക്കും, ഇടപെടലുകള്‍ക്കും ഞങ്ങള്‍ നേതൃത്വം കൊടുക്കുകയുണ്ടായി. അറിവിന്റെ കുത്തകവത്കരണത്തിനെതിരെയുള്ള പോരാട്ടവും സ്വതന്ത്ര വിവര വിതരണ മാതൃകകളുടെ കെട്ടിപ്പടുക്കലും ഞങ്ങളുടെ ലക്ഷ്യമാണെന്നു പറയുമ്പോള്‍ ഞങ്ങളുടെ രാഷ്ടീയം വ്യക്തമാകുമെന്നു തോന്നുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായി മലയാളഭാഷയുടെ ഡിജിറ്റല്‍ ഭാവിയുടെ നിര്‍മിതി ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇതിനെപ്പറ്റി വിശദീകരിക്കുന്നതിനു മുന്നോടിയായി അല്പം ചരിത്രം കൂടി പറയേണ്ടതായിട്ടുണ്ട്.
മലയാളഭാഷ സാങ്കേതികവിദ്യയുമായി ആദ്യം കണ്ടുമുട്ടുന്നതു് അച്ചടിയന്ത്രങ്ങള് വന്നകാലത്താണു്. കേരളത്തിലെ ആദ്യത്തെ അച്ചടിശാല ഉണ്ടാകുന്നതു് 1821-ലാണു് ബഞ്ചമിന് ബെയ്ലി എന്ന ജസ്യൂട്ട് പാതിരിയാണു് കോട്ടയത്തു് സി.എം.എസ്. പ്രസ് തുടങ്ങുന്നതു് അദ്ദേഹമാണ് മലയാള ഭാഷയുടെ ആദ്യത്തെ ലോഹ ടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നാമൊക്കെ എഴുതിപ്പഠിക്കുന്ന മലയാളത്തിന്റെ ലിപികള്‍ അച്ചടിക്കുവേണ്ടി രൂപകല്പന ചെയ്യുന്നത് അദ്ദേഹമാണ്. വൈദ്യുതിയോ കമ്പ്യൂട്ടറോ ഒന്നുമില്ലാത്ത അക്കാലത്തു് അദ്ദേഹം കൊല്ലന്മാരുടെ സഹായത്തോടെ നാലു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അറുനൂറോളം ടൈപ്പുകള്‍ മലയാളത്തിനു വേണ്ടി നിര്‍മ്മിച്ചു് അച്ചടി തുടങ്ങി.
ഇക്കാലത്തു് പലഭാഷകളും തങ്ങളുടെ ലിപിയെ സാങ്കേതികവിദ്യയുടെ പരിമിതികള്‍ക്കു വിട്ടുകൊടുത്തു് അച്ചടിയില്‍ ലാറ്റിന്‍ ലിപിയെ സ്വാംശീകരിച്ചിരുന്നു. ബെഞ്ചമിന്‍ ബൈലിയ്ക്കും വേണമെങ്കില്‍ ആ പാത പിന്തുടരാമായിരുന്നു. പക്ഷേ അദ്ദേഹമതു ചെയ്തില്ല എന്നു മാത്രമല്ല, അദ്ദേഹം രൂപകല്പന ചെയ്ത അക്ഷരങ്ങളോടെ മലയാള ഭാഷ അച്ചടിയില്‍ സജീവമായി. ഗുണ്ടര്‍ട്ടും ഈ പാത തന്നെ പിന്തുടര്ന്നു.
പിന്നീടു് മലയാളഭാഷയില്‍ സാങ്കേതികവിദ്യ ഇടപെടുന്നതു് ടൈപ്പ്റൈറ്റര്‍ കാലഘട്ടത്തിലാണു്. 1967 ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ മലയാളഭാഷ ടൈപ്പ്റൈറ്റര്‍, പ്രിന്റര്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനായി പരിഷ്കരിക്കാന്‍ ഒരു കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചു. യന്ത്രങ്ങള്‍ക്കു വേണ്ടി നിലവിലുള്ള അക്ഷരങ്ങളെ 75% കുറയ്ക്കാമെന്നു് ആ കമ്മിറ്റി നിര്‍ദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഏതു വിധമായിരിക്കണം മലയാളത്തിലെ അക്ഷരങ്ങളെ കുറയ്ക്കേണ്ടതു് എന്നതു തീരുമാനിക്കാന്‍ 1969 ല്‍ വേറൊരു കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചു. ഉ, ഊ, ഋ, റ/ര എന്നിവയുടെ മാത്രകള്‍/ചിഹ്നങ്ങള്‍ വ്യഞ്ജങ്ങളില് നിന്നും വിടുവിക്കണമെന്നും, പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.
1971 ജനുവരിയില്‍ സര്‍ക്കാര്‍ പത്രപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ഇക്കാര്യം അവതരിപ്പിക്കുകയും "പുതിയലിപി" 1971 ലെ വിഷു നാള് മുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും തീരുമാനിച്ചു. അന്നു് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ 8 സ്വരാക്ഷരങ്ങളും, 15 സ്വര, വ്യഞ്ജന ചിഹ്നങ്ങളും, 36 വ്യഞ്ജനങ്ങളും , 26 കൂട്ടക്ഷരങ്ങളും, 5 ചില്ലക്ഷരങ്ങളും അടക്കം മൊത്തം 90 അക്ഷരങ്ങളിലേക്കു് മലയാളത്തെ വെട്ടിയൊതുക്കി. ബെഞ്ചമിന്‍ ബെയ്ലി മലയാളത്തിനോട് ചെയ്യാതിരുന്നതു് മലയാളികള്‍ സ്വയം ചെയ്തു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള വെട്ടിനിരത്തല്‍ പരിപാടിയില്‍ മലയാളത്തിലെ അച്ചടിശാലകള്‍ ഒരേപോലെ പങ്കെടുത്തില്ല. പലരും നിലവിലുണ്ടായിരുന്ന കൂട്ടക്ഷരങ്ങളും എഴുത്തുരീതികളും തുടര്‍ന്നും ഉപയോഗിച്ചു. അങ്ങനെ പഴയതും പുതിയതും കൂടിക്കലര്‍ന്ന ഒരു ലിപി മലയാളത്തില്‍ വ്യാപകമായി. ഗോദ്റെജിന്റെയും റെമിങ്ങ്ടണിന്റെയും ടൈപ്പ്റൈറ്ററുകളിലെ 90 കട്ടകളിലേക്ക് മലയാളമൊതുങ്ങിയപ്പോള് നമ്മള് കുട്ടപ്പന് , തേങ്ങ , കച്ചവടം എന്നൊക്കെയുള്ള "മലയാളം" പ്രത്യേകിച്ചും സര്‍ക്കാര്‍ രേഖകളില്‍ കാണാന്‍ തുടങ്ങി. ഇതു് ടൈപ്പ്റൈറ്ററിനു മാത്രമാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും ശൂരനാട് കുഞ്ഞന്‍ പിള്ള അന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും 1973 ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തില്‍ പുതിയലിപി നിരന്നു.
"നിഘണ്ടുക്കള്‍, അക്ഷരത്തെറ്റ് പരിശോധിക്കാനുള്ള സംവിധാനം, വാചകങ്ങളെ സംഭാഷണമാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍, ഭാഷാ നിയമങ്ങള്‍ക്കനുസൃതമായുള്ള അകാരാദിക്രമം തയ്യാറാക്കാനുള്ള സംവിധാനം, പഴയ എന്‍കോഡിങ്ങ് രീതികളില്‍ നിന്നും ഡാറ്റയെ യുണിക്കോഡ് ആക്കാനുള്ള സംവിധാനം, എഴുതിയതിനെ പീഡിഎഫ്, ചിത്രങ്ങള്‍ തുടങ്ങിയ രീതികളിലേക്കു് ചിത്രീകരണപ്പിഴവില്ലാതെ മാറ്റാനുള്ള ഉപകരണങ്ങള്‍ എന്നിവ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്തതില്‍ ചിലതു മാത്രം. ഭാരതീയ ഭാഷകള്‍ക്കാകെ സമഗ്രമായ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണവും വികസനവും ലക്ഷ്യമിട്ടുള്ള ശില്പ പ്രൊജക്ട് എസ്.എം.സിയില്‍ നിന്നു് രൂപം കൊണ്ടു് ഇപ്പോള്‍ വേറിട്ട ഒരു വലിയ സംരംഭമായി മാറിക്കഴിഞ്ഞിരിക്കുന്നു."
കമ്പ്യൂട്ടറുകള്‍ വ്യാപകമാവാന്‍ തുടങ്ങിയ തൊണ്ണൂറുകളില്‍ വീണ്ടും മലയാളഭാഷ സാങ്കേതികവിദ്യയുമായി ഏറ്റുമുട്ടി. ഡോ.പ്രബോധചന്ദ്രന്നായരുടെ നേതൃത്വത്തില്‍ 'മലയാളത്തനിമ' എന്ന പേരില്‍ അക്ഷരങ്ങളെ വീണ്ടും കുറയ്ക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമങ്ങളരാംഭിച്ചു. റ,ര എന്നിവയുടെ ചിഹ്നങ്ങളൊക്കെ ഒഴിവാക്കാമെന്ന വാദഗതിയുണ്ടായി, കൃത്രിമം, ക്റ്ത്റിമം എന്ന രീതിയിലാവാമെന്നൊക്കെ. ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു് ഒരു ശൈലീപുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചു.
ഇവിടുന്നങ്ങോട്ടു് നമ്മള് കാണുന്നതു് മലയാളികളുടെ ചെറുത്തുനില്പിന്റെയും ലിപികള്‍ തിരിച്ചുപിടിക്കലിന്റെയും ചരിത്രമാണു്. കെ.എച് ഹുസൈന് , ആര് ചിത്രജകുമാര്‍ , എന്‍ ഗംഗാധരന് എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി ഇത്തരം പരിഷ്കാരങ്ങളെ തുറന്നെതിര്‍ത്തു. 1999ല്‍ മലയാളത്തിന്റെ സമഗ്രമമായ തനതുലിപി സഞ്ചയം വേഡ് പ്രോസസ്സിംഗിലും ടൈപ്പ് സെറ്റിംഗിലും വിജയകരമായി രചന ആവിഷ്ക്കരിച്ചു നടപ്പാക്കി. മലയാളത്തിന്റെ ഡിജിറ്റല്‍ ഭാവിയെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയായി പലരും രചനയെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു.
90 അല്ല, ആയിരക്കണക്കിനക്ഷരങ്ങളെ ഉള്‍ക്കൊള്ളാവുന്ന യൂണിക്കോഡ് സാങ്കേതികവിദ്യ അപ്പോഴേക്കും പ്രചാരത്തിലെത്താന്‍ തുടങ്ങി. രചന മുന്നോട്ടു വെച്ച തനതു ലിപി സഞ്ചയത്തിന്റെ മാതൃക പിന്തുടര്ന്നു കൊണ്ടു് അഞ്ജലി എന്ന പേരില്‍ കെവിന് ഒരു യൂണിക്കോഡ് അധിഷ്ഠിത ഫോണ്ടു് രൂപകല്പനചെയ്തു. രചനയും അതിന്റെ യൂണിക്കോഡ് ഫോണ്ടു് പുറത്തിറക്കി. ആയിരത്തോളം മലയാളലിപി രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഫോണ്ടുകള്‍ ജനപ്രിയമായിത്തുടങ്ങുകയും, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാളത്തനിമയും ശൈലീപുസ്തകവും പഴങ്കഥയാവുകയും ചെയ്തു.
ഈ കാലയളവില്‍ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനം ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പ്രചാരത്തിലാവാന്‍ തുടങ്ങി. ഭാഷാ സാങ്കേതികവിദ്യ സ്വതന്ത്ര സോഫ്റ്റ്വെയറിലധിഷ്ഠിതമാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ മലയാള സാങ്കേതിക പ്രവര്‍ത്തകര്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. 2002 ല്‍ ഈ ലക്ഷ്യത്തിനായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയ്ക്ക് കോഴിക്കോട് റീജ്യനല്‍ എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ബൈജു രൂപം നല്കി. 2004ല്‍ കൊച്ചിയില്‍ വച്ചു് രചനയുടെ യൂണിക്കോഡ് ഫോണ്ട് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സില്‍ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മലയാളികള്‍ക്കു സമര്‍പ്പിച്ചു.
രചന അക്ഷരവേദി തുടങ്ങിവെച്ച മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തങ്ങള്‍ 2006 ഓടു കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഏറ്റെടുത്തു. ഭാഷയുടെ തനിമയിലൂന്നിയ സാങ്കേതികവിദ്യയ്ക്കായി വാദിച്ച ഒരു സാമൂഹ്യപ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്വെയറിന്റെയും അറിവിന്റെ സ്വതന്ത്രവിതരണത്തിന്റെയും ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു സംഘം മലയാളികളായ സാങ്കേതികപ്രവര്‍ത്തകരും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടയില്‍ ഒത്തു ചേര്‍ന്നതോടെ മലയാളം കമ്പ്യൂട്ടിങ്ങിനു് ലക്ഷ്യവും ശക്തിയും കൈവരികയായിരുന്നു.
സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഗ്നു/ലിനക്സിലെ പിഴവില്ലാത്ത മലയാളം എഴുതാനും വായിക്കാനും തയ്യാറാക്കാന്‍ ഈ ലേഖകനടക്കമുള്ള പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെല്ലാം വിജയം കണ്ടു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സ്വതന്ത്ര സോഫ്റ്റ്വെയര് സംരംഭങ്ങളുമായും സഹകരിച്ചു് ആ സംരംഭങ്ങളിലെല്ലാം മലയാളഭാഷ അതിന്റെ തനതു രൂപത്തില്‍ തന്നെ ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.
സാങ്കേതികമായി വളരെ സങ്കീര്‍ണ്ണമാണു് മലയാളഭാഷ. മറ്റു ഭാരതീയ ഭാഷകളുടെയും സ്ഥിതി അതുതന്നെ. സങ്കീര്‍ണ്ണമായ ലിപികള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവയൊക്കെ ചിത്രീകരിക്കുന്നതില്‍ നിരവധി പിഴവുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളില് ഉണ്ടായിരുന്നു. ഇവയെല്ലാം തന്നെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ സാങ്കേതികമികവിനു മുന്നില്‍ കീഴടങ്ങി.
ഇതേ സമയം മൈക്രോസോഫ്റ്റ് വിന്‍ഡോസ് പോലെയുള്ള പ്രചാരത്തിലുള്ളതും അതേ സമയം കുത്തക സോഫ്റ്റ്വെയറുമായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഈ പിഴവുകള്‍ തിരുത്തിക്കിട്ടുന്നതിനായി അവയുടെ ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്റെ ദയക്കു വേണ്ടി കാത്തുനിന്നു. ഐടി മന്ത്രിമാര്‍ ബില്ഗേറ്റ്സിനോടു് മലയാളത്തില്‍ വിന്‍ഡോസ് ലഭ്യമാക്കാന്‍ അപേക്ഷിച്ചു. അതേ കാലയളവില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് മലയാളത്തില്‍ ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനം ലഭ്യമാക്കി. എല്ലാ സ്വതന്ത്രസോഫ്റ്റ്വെയര് വിതരണങ്ങളും മലയാളപിന്തുണയോടെ പുറത്തിറങ്ങിത്തുടങ്ങി.
രചനയ്ക്കു പുറമേ തനതുലിപി അടിസ്ഥാനമാക്കി പല ഫോണ്ടുകളും പില്ക്കാലത്തു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്തു. സുരേഷ് പി സുറുമ എന്ന പേരില്‍ ഒരു ഫോണ്ടു് വികസിപ്പിച്ചെടുത്തു. രചന ഫോണ്ടിന്റെ ശില്പി കെ.എച് ഹുസൈനും സുരേഷ് പിയും ചേര്‍ന്നു് മീര എന്ന തനതു ലിപി ഫോണ്ടു് 2007 ല്‍ പുറത്തിറക്കി. മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളുടെ വെബ്സൈറ്റുകളും മലയാളരാജ്യം , ഡൂള്‍ന്യൂസ്, കേരളവാച്ച് തുടങ്ങിയ ന്യൂസ് പോര്‍ട്ടലുകളും അടക്കം നിരവധി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വളരെ പ്രചാരത്തിലുള്ള ഈ ഫോണ്ടാണു് ഉപയോഗിക്കുന്നതു്.
"കേവലം ഒരാളില്‍ നിന്നു തുടങ്ങിയ സംരംഭം ഇന്നു് ഇന്ത്യയിലെ ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ ഏറ്റവും വലുതും സജീവവുമായ സംഘടനയാണു്. ഇന്ത്യയിലെ മറ്റു ഭാഷകള്‍ സ്വതന്ത്ര സോഫ്റ്റ്വയര് അധിഷ്ഠിത ഭാഷാ കമ്പ്യൂട്ടിങ്ങിനു് മാതൃകയാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംഘടനയെയാണു്."
2007ല്‍ "ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്" എന്ന വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സോഫ്റ്റ്വെയര് കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടിയിലേക്കു് ഇന്ത്യയില്‍ നിന്നുള്ള ഏക സംഘടനയായി എസ്.എം.സിയെ ഗൂഗിള്‍ തിരഞ്ഞെടുത്തു. ആ പരിപാടിയുടെ ഭാഗമായി ദ്യുതി എന്ന ആലങ്കാരിക തനതു ലിപി ഫോണ്ടു് ഹിരണ്‍ വേണുഗോപാല്‍, ഹുസൈന് മാഷുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചു.
യൂണിക്കോഡ് സാങ്കേതികവിദ്യ ഉപയോക്താവിനിഷ്ടമുള്ള എഴുത്തു രീതി തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നുണ്ടു്. അതുകൊണ്ടു് തന്നെ കൂട്ടക്ഷരങ്ങള്കുറഞ്ഞ, സ്വരചിഹ്നങ്ങള്‍ വിട്ടെഴുതുന്ന രീതിയിലുള്ള ഫോണ്ടുകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്നുണ്ടു് . കല്യാണി, രഘുമലയാളം, സമ്യക് മലയാളം എന്നീ ഫോണ്ടുകള്‍ ചില ഉദാഹരണങ്ങള്‍.
തെറ്റില്ലാതെ ലളിതമായി മലയാളം ടൈപ്പു ചെയ്യുന്നതിനായി ഇന്‍സ്ക്രിപ്റ്റ്, ലളിത, സ്വനലേഖ എന്നീ എഴുത്തുപകരണങ്ങളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് ഭാരതീയ ഭാഷകള്ക്കാകെയുള്ള പൊതുവായ ഒരു ടൈപ്പിങ്ങ് രീതിയാണു്. ഇതിപ്പോള്‍ ഐടി@സ്കൂള്‍ സിലബസ്സിന്റെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടു്. ലളിത, സ്വനലേഖ എന്നിവ വളരെ കുറച്ചുസമയം കൊണ്ടു് പഠിച്ചെടുക്കാവുന്ന ഫൊണറ്റിക് അല്ലെങ്കില്‍ ലിപ്യന്തരണം അടിസ്ഥാനമാക്കിയുള്ള എഴുത്തുപകരണങ്ങളാണു്. ഈ ഫോണ്ടുകളും ടൈപ്പിങ്ങ് ഉപകരണങ്ങളുമൊക്കെ മിക്ക ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലും പ്രത്യേകിച്ചു് സജ്ജീകരണമോ ഇന്‍സ്റ്റാളേഷനോ ആവശ്യമില്ലാതെ എസ്.എം.സി ലഭ്യമാക്കിയിട്ടുണ്ടു്.
സാങ്കേതികവിദ്യ വളരെ പുരോഗമിച്ച ഇക്കാലത്തു് ഫോണ്ടുകള്‍, ടൈപ്പിങ്ങ് എന്നിവയിലൊക്കെ അപ്പുറത്തേക്കു് എസ്.എം.സി വളര്‍ന്നു കഴിഞ്ഞു. നിഘണ്ടുക്കള്‍, അക്ഷരത്തെറ്റ് പരിശോധിക്കാനുള്ള സംവിധാനം, വാചകങ്ങളെ സംഭാഷണമാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍, ഭാഷാ നിയമങ്ങള്‍ക്കനുസൃതമായുള്ള അകാരാദിക്രമം തയ്യാറാക്കാനുള്ള സംവിധാനം, പഴയ എന്‍കോഡിങ്ങ് രീതികളില്‍ നിന്നും ഡാറ്റയെ യുണിക്കോഡ് ആക്കാനുള്ള സംവിധാനം, എഴുതിയതിനെ പീഡിഎഫ്, ചിത്രങ്ങള്‍ തുടങ്ങിയ രീതികളിലേക്കു് ചിത്രീകരണപ്പിഴവില്ലാതെ മാറ്റാനുള്ള ഉപകരണങ്ങള്‍ എന്നിവ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്തതില്‍ ചിലതു മാത്രം. ഭാരതീയ ഭാഷകള്‍ക്കാകെ സമഗ്രമായ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണവും വികസനവും ലക്ഷ്യമിട്ടുള്ള ശില്പ പ്രൊജക്ട് എസ്.എം.സിയില്‍ നിന്നു് രൂപം കൊണ്ടു് ഇപ്പോള്‍ വേറിട്ട ഒരു വലിയ സംരംഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സംരംഭങ്ങളെക്കുറിച്ചു് കൂട്ടുതലറിയാന് smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സ്വതന്ത്ര സോഫ്റ്റ്വെയര് വികസനശൈലിയുടെ പ്രത്യേകത അതു് ഉപയോക്താവും ഉത്പാദകരും തമ്മിലുള്ള വിടവു് ഇല്ലാതെയാക്കുന്നു എന്നതാണു്. ഏതൊരു ഉപയോക്താവിനും തങ്ങള്‍ക്കാവശ്യമുള്ള സോഫ്റ്റ്വെയര് നിര്‍മ്മാണത്തില്‍ തങ്ങളാല്‍ കഴിയുന്ന വിധം പങ്കാളിയാവാന്‍ സാധിയ്ക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പിന്തുടരുന്ന ഈ മാതൃകയിലേക്കു് വളരെയധികം ആളുകള്‍ - സാങ്കേതികപ്രവര്‍ത്തകരും അല്ലാത്തവരും എത്തുകയുണ്ടായി. കേവലം ഒരാളില്‍ നിന്നു തുടങ്ങിയ സംരംഭം ഇന്നു് ഇന്ത്യയിലെ ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ ഏറ്റവും വലുതും സജീവവുമായ സംഘടനയാണു്. ഇന്ത്യയിലെ മറ്റു ഭാഷകള്‍ സ്വതന്ത്ര സോഫ്റ്റ്വയര് അധിഷ്ഠിത ഭാഷാ കമ്പ്യൂട്ടിങ്ങിനു് മാതൃകയാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംഘടനയെയാണു്.
ഭാരതീയ ഭാഷകള്‍ തമ്മില്‍ ഉള്ള സമാനതകള്‍ കാരണം പല ഭാഷകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാങ്കേതികവിദ്യകള്‍ സ്വാംശീകരിച്ചിട്ടുണ്ടു്. മലയാളത്തിനു പുറമേ മറ്റു ഭാഷകള്‍ക്കുള്ള ചില അപ്ലിക്കേഷനുകളും എസ്.എം.സി മുന്‍കൈ എടുത്തു് പരിപാലിക്കുന്നുണ്ടു്. അവര്‍ക്കു വേണ്ടി എസ്.എം.സിയുടെ സെര്‍വറും പങ്കുവെയ്ക്കുന്നുണ്ടു്. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളിലേക്കു് അവയുടെ ഓരോ റിലീസുകള്‍ക്കും ഇരുപതോളം പാക്കേജുകള്‍ പോകുന്നതു് എസ്.എം.സിയില്‍ നിന്നാണു്. ഇത്രയും സോഫ്റ്റ്വെയര് പാക്കേജുകള്‍ പരിപാലിക്കുന്ന വേറൊരു ഇന്ത്യന്‍ സംഘടനയും ഇല്ല.
"പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളിലേക്കു് അവയുടെ ഓരോ റിലീസുകള്‍ക്കും ഇരുപതോളം പാക്കേജുകള്‍ പോകുന്നതു് എസ്.എം.സിയില്‍ നിന്നാണു്. ഇത്രയും സോഫ്റ്റ്വെയര് പാക്കേജുകള്‍ പരിപാലിക്കുന്ന വേറൊരു ഇന്ത്യന്‍ സംഘടനയും ഇല്ല."
ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ നോക്കികുത്തികളാവുകളും അതേ സമയം ഭാഷയുടെ ഭാവിയെ വളരെയധികം ബാധിക്കുകയും ചെയ്യുന്ന മേഖലകളില്‍ നടത്തുന്ന ഇടപെടലുകളാണു് എസ്.എം.സിയെ ശ്രദ്ധേയമാക്കുന്നതു്. കുപ്രസിദ്ധമായ മലയാളത്തിലെ ചില്ലക്ഷര-യുണിക്കോഡ് ചര്‍ച്ചയില്‍ ശക്തമായ നിലപാടെടുക്കുകയും മലയാളത്തോടു് യാതൊരു ബാധ്യതയുമില്ലാത്ത സോഫ്റ്റ്വെയര് കമ്പനികള്‍ തീരുമാനിക്കുന്ന തെറ്റായ എന്‍കോഡിങ്ങ് സ്റ്റാന്‍ഡേഡുകളെ ജനമധ്യത്തില്‍ , കുറഞ്ഞതു് ഇന്റര്‍നെറ്റിലെങ്കിലും തുറന്നു കാട്ടുന്നതിലും എസ്.എം.സി വളരെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ടു്. പ്രശ്നത്തില്‍ സജീവമായി ഇടപെട്ടെങ്കിലും യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ മാത്രം എസ്.എം.സിയും അതിനു് മുമ്പ് രചന അക്ഷരവേദിയും യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിനു സമര്‍പ്പിച്ച രേഖകള്‍ക്കു് കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചില്ലക്ഷരവിവാദത്തില് സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ചില്ലക്ഷരങ്ങള്‍ രണ്ടുവിധത്തില്‍ എഴുതാമെന്നെ തീരുമാനം വന്നപ്പൊള്‍ ഉണ്ടായ സാങ്കേതികപ്രശ്നം മലയാളം കമ്പ്യൂട്ടിങ്ങിനിപ്പോഴും തലവേദനയാണു്. ഇതേ പോലെത്തന്നെ ന്റ എന്ന അക്ഷരം ന്+ ചന്ദ്രക്കല + റ എന്നെഴുതണമെന്ന യൂണിക്കോഡിന്റെ നിര്‍ദ്ദേശത്തെയും, റ്റ എന്ന ഉച്ചാരണത്തിന്റെ പാതിയെ തമിഴിലെ 'ടി' എന്ന അക്ഷരം കൊണ്ടു് മലയാളത്തിലേക്ക് ചേര്‍ത്തപ്പോഴും , രേഫത്തിന്റെ ചിഹ്നം പ്രത്യേകം എന്‍കോഡ് ചെയ്തപ്പോഴും എല്ലാം എസ്.എം.സി ശക്തമായി ഇടപ്പെട്ടിരുന്നു. പക്ഷേ എസ്.എം.സിക്കു് യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനങ്ങളിലിടപെടാന് കഴിവില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ യൂണിക്കോഡ് തീരുമാനങ്ങളത്രയും മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാവിയ്ക്കു് പ്രശ്നമായി വന്നിരിക്കുകയാണു്.
മലയാളഭാഷയ്ക്കു വേണ്ടി മുറവിളി കൂട്ടുകയും അതേ സമയം ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതു് ഇനിയും തുടരുന്നതു് ആര്‍ക്കും ഭൂഷണമല്ല.
സര്‍ക്കാര്‍ സ്ഥാപനമായ സീഡാക്ക് ഭാഷാ കമ്പ്യൂട്ടിങ്ങ് സ്റ്റാന്‍ഡേഡുകള്‍ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ മിക്കവാറും ഉത്തരവാദിത്തമില്ലായ്മയുടെയും സാങ്കേതികപ്പിഴവുകളുടെയും മകുടോദാഹരണങ്ങളാവാറുണ്ടു്. സീഡാക്കിന്റെ ഇന്‍സ്ക്രിപ്റ്റ് സ്റ്റാന്ഡേഡിനെതിരെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വ്യക്തമായ വിമര്ശനങ്ങളുയര്ത്തിയിട്ടുണ്ടു്. സര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയും സ്കൂളുകളിലെ ടൈപ്പിങ്ങ് പഠനവും എസ്.എം.സി പരിപാലിക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡ് അനുവര്‍ത്തിക്കുന്നു. ഈയിടെ മലയാളത്തിലുള്ള ഇന്റര്‍നെറ്റ് വിലാസങ്ങള്ക്കു വേണ്ടി സീഡാക്ക് തയ്യാറാക്കിയ രൂപരേഖയെ എസ്.എം.സി പരസ്യമായ വിമര്‍ശനത്തിനു വിധേയമാക്കുകയും ആ രൂപരേഖ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു് പുനഃപരിശോധിക്കാന്‍ സീഡാക്ക് തയ്യാറാവുകയും ചെയ്തിരിക്കുന്നു.
പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.എം.സിയ്ക്ക് ഓഫീസോ സാമ്പത്തികസഹായങ്ങളോ ഒന്നുമില്ല. ലോകത്തിന്റെ പലഭാഗങ്ങളില്‍ ഉള്ള അംഗങ്ങള്‍ മെയിലിങ്ങ് ലിസ്റ്റ്, ഐആര്‍സി, വിക്കി തുടങ്ങിയ ആശയവിനിമയ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടു് പ്രവര്‍ത്തിയ്ക്കുന്നു. പല ഡെവലപ്പര്‍മാരും പരസ്പരം ഒരിക്കലും കണ്ടിട്ടില്ലാത്തവരായാലും സംരംഭങ്ങളെല്ലാം വളരെ ഭംഗിയായി നിര്‍വഹിക്കുന്നു. ഒരേ ലക്ഷ്യവും ആശയവുമുള്ള ഉള്ള ഒരു കൂട്ടം മലയാളി സാങ്കേതികപ്രവര്‍ത്തകര്‍ ഒത്തുചേരുമ്പോളുണ്ടായ സര്ഗ്ഗാത്മകതയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. വ്യവസ്ഥാപിത സംഘടനകളില്‍ നിന്നും അതു് എത്രയോ വ്യത്യസ്ഥം.
മാതൃഭാഷാ കമ്പ്യൂട്ടിങ്ങ് പാഠ്യ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറായ ഒരേ ഒരു ഇന്ത്യന്‍ സംസ്ഥാനം കേരളമാണു്. മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുമുണ്ടു്. സര്‍ക്കാറിന്റെ സ്വതന്ത്ര സോഫ്റ്റ്വയര് നയത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ ഈ പരിപാടികളിലെല്ലാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പടുത്തുയര്‍ത്തിയ അടിത്തറയ്ക്കുമുകളിലാണു് സാധ്യമാവുന്നതു്. പക്ഷേ ഇതു തിരിച്ചറിയപ്പെടുന്നില്ല. അതിന്റെ പ്രധാനകാരണം, വളരെയധികം പേരും വളരെക്കാലും കുത്തകസോഫ്റ്റ്വെയര് ഉപയോക്താക്കളാവുകയും , ഏതെങ്കിലും കമ്പനികള്‍ നിര്‍മ്മിക്കും ഞങ്ങള്‍ കാശുകൊടുത്തോ അല്ലാതെയോ അവ ഉപയോഗിക്കും എന്ന വിധത്തിലുള്ള ഒരു മാനസികാവസ്ഥയില്‍ നിന്നുള്ള മാറ്റം സംഭവിച്ചിട്ടില്ല എന്നതാണു്. അത്തരം ഒരവസ്ഥയില്‍ സോഫ്റ്റ്വെയര് വികസിപ്പിക്കുന്നവര്‍ക്കു് വലിയ പ്രധാന്യമൊന്നുമില്ല. അതേ സമയം മലയാളത്തിനാവശ്യമായ സോഫ്റ്റ്വെയര് നമ്മള്‍ക്കിടയില്‍ തന്നെയുള്ളവരുടെ പ്രവര്ത്തനഫലമാണെന്നുള്ള തിരിച്ചറിവു് ഉണ്ടാകുമ്പോള്‍ സ്ഥിതി മാറും.
ചെറിയ ശതമാനം പേര് മാത്രം സ്വതന്ത്ര സോഫ്റ്റ്വെയര് ആയിരുന്ന കാലം മാറിക്കൊണ്ടിരിക്കുകയാണു്. സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് പ്രോത്സാഹിപ്പിക്കുക, ഈ മേഖലയിലേക്കു് കൂടുതല്‍ സാങ്കേതികപ്രവര്‍ത്തകരെ ആകര്‍ഷിക്കുക, മലയാളം കമ്പ്യൂട്ടിങ്ങില്‍ സാധാരണക്കാര്‍ക്കു് പരിശീലനം നല്‍കുക എന്നിവ ലക്ഷ്യമിട്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒട്ടേറെ പഠനശിബിരങ്ങള് നടത്തുകയുണ്ടായി. ഐടി പാഠ്യപദ്ധതി സ്വതന്ത്രസോഫ്റ്റ്വയര്‍ അധിഷ്ഠിതമാവുകയും, പൊതുവില്‍ ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള്ക്കുള്ള ജനപ്രീതി വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന വരും കാലത്തു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അംഗീകരിക്കപ്പെടും.