വാർഷിക പൊതുയോഗം 2024
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാ
ഈ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവരുടെയും പേരും വീട്ടുപേരും രക്ഷിതാവിന്റെ പേരും വിലാസവും വയസ്സും ഫോണ്‍ നമ്പറും ഒക്കെ അടങ്ങിയ ഒരു വലിയ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണു് വോട്ടര്‍ പട്ടികകള്‍. വോട്ടര്‍പട്ടികകളിലെ അക്ഷരത്തെറ്റുകള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ടെങ്കിലും അതിലും വലിയ പ്രശ്നമാണു് എന്‍കോഡിങ്ങ് തെറ്റുകള്‍ ഉണ്ടാക്കുന്നതു്. ഒരു വിവരവ്യവസ്ഥയുടെ അടിസ്ഥാന ആവശ്യം കാഴ്ച എന്നതിലുപരി വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയും ഉപയോഗിയ്ക്കുകയുമാണു്. അതിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഇപ്പോഴത്തെ വോട്ടര്‍പട്ടിക പുതുക്കലില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്പെട്ടതിനെത്തുടര്ന്നു് ചൂണ്ടിക്കാട്ടുകയാണിവിടെ.
ഇവിടെ ഈ വിഷയം ഇപ്പോള്‍ പരാമര്‍ശിക്കാന്‍ കാരണം, ഈ സൂത്രപ്പണി വളരെ ഗൌരവകരമായ രീതിയില്‍ സംസ്ഥാനത്തെ ആസന്നമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു് മുന്നോടിയായി നടക്കുന്ന വോട്ടര്‍പ്പട്ടിക പുതുക്കല്‍ പരിപാടിയില്‍ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണു്.
ഗുരുതരമായ രീതിയിലുള്ള ഡാറ്റ കറപ്ഷനാണു് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലുള്ളതു്. പുതിയ അപേക്ഷകളില്‍ മലയാളത്തിലുള്ള വിവരങ്ങള്‍ ടൈപ്പു ചെയ്യുന്നതിനു് വെബ് പേജില്‍ ഒരു ടൂള്‍ ചേര്‍ത്തിട്ടുണ്ടു്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പു ചെയ്യാന്‍ സൌകര്യമില്ലെങ്കിലോ അപേക്ഷകനോ അക്ഷയസെന്ററിലെ ഡാറ്റ എന്‍ട്രി ചെയ്യുന്ന ആള്‍ക്കോ ടൈപ്പിങ്ങ് വശമില്ലെങ്കിലോ ഉപയോഗപ്പെടുത്താനാണിതു്. സ്ക്രീനില്‍ കാണുന്ന അക്ഷരങ്ങളുടെ പട്ടികയില്‍ ക്ലിക്കുചെയ്തു് ടൈപ്പു ചെയ്യാന്‍ കഴിയും.
പ്രശ്നം വഷളാക്കുന്നതു് മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ കാര്‍ത്തിക, നിര്‍മല ഫോണ്ടുകളാണു്. നിരവധി ബഗ്ഗുകളുള്ള ആ ഫോണ്ടുകളില്‍ മലയാളം അക്കം ൯, ചില്ലക്ഷരം ന് എന്നിവ തിരിച്ചറിയാന്‍ എളുപ്പമല്ല.
അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ചെയ്യുന്ന വോട്ടര്‍പ്പട്ടിക ഡാറ്റാ എന്‍ട്രിയില്‍ താഴെപ്പറയുന്നതരം തെറ്റുകളാണു പ്രധാനമായും ശ്രദ്ധയില്‍ പെട്ടതു്:
കുറച്ചു ഉദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു:
പക്ഷേ, ഇനി മുതല്‍ രണ്ടു വോട്ടര്‍ പട്ടികയ്ക്കു പകരം സംസ്ഥാന ഇലക്ഷന് കമ്മീഷനും കേന്ദ്ര ഇലക്ഷന് കമ്മീഷനും ഒരു വോട്ടര്‍ പട്ടിക പൊതുവായി ഉപയോഗിക്കാന്‍ തീരുമാനത്തിലെത്തിയിട്ടുണ്ടു്. അതായതു് ഇപ്പോള്‍ ചേര്‍ക്കുന്ന പുതിയ വോട്ടര്‍മാരുടെ വിവരം സംസ്ഥാന ഇലക്ഷന് കമ്മീഷനും കേന്ദ്ര ഇലക്ഷന് കമ്മീഷനും ഉപയോഗിക്കും. ഈ ആവശ്യം മുന്നില്‍ കണ്ടാണു് NIC ഇതിനാവശ്യമായ സോഫ്റ്റ്വെയറും ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനവും നിര്‍മ്മിച്ചിട്ടുള്ളതു്. ഗ്രാമപഞ്ചായത്തു തലത്തില്‍ നടക്കുന്ന ഈ വിവര ശേഖരണത്തില്‍ വീട്ടുനമ്പര്‍, വാര്‍ഡ് വിവരങ്ങളും ഉള്ള കാര്യം ശ്രദ്ധിക്കുക. അങ്ങനെ വരുമ്പോള്‍ ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനരേഖകളില്‍ ഒന്നു് എന്ന പ്രാധാന്യത്തിനു പുറമേ, പല സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വോട്ടര്പ്പട്ടികയിലുണ്ടോ, ഇന്ന പഞ്ചായത്തിലെ വ്യക്തിയാണോ തുടങ്ങിയ പരിശോധനകള്‍ക്കു് ഈ പട്ടിക ഉപയോഗപ്പെടുത്തിയേക്കാം. ഭരണവ്യവസ്ഥയുടെ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ഈ വിവരങ്ങളും പരിശോധനകളും ഒരു വലിയ വിവരവ്യവസ്ഥ(Information system) നിര്‍മ്മിക്കുകയാണു്. അത്തരം ഒരു വിവരവ്യവസ്ഥയില്‍ തെറ്റായ പേരുകളോ, വിലാസങ്ങളോ കടന്നുകൂടുന്നതിനു് വളരെയേറെ പ്രത്യാഘാതങ്ങളുണ്ടു്. ദിവാകരന് എന്ന പേരു്, ഡാറ്റാബേസില്‍ ദിവാകര൯ എന്നാണെങ്കില്‍ ഒരു സോഫ്റ്റ്വെയറിനെ സംബന്ധിച്ചു് ദിവാകരന് വോട്ടര്‍പട്ടികയില്‍ ഇല്ല എന്നു തന്നെയാണര്ത്ഥമാക്കുന്നതു്.
വോട്ടര്‍ രജിസ്ട്രേഷന് പേജിലെ ഇപ്പോഴുള്ള സംവിധാനം വീണ്ടും വീണ്ടും തെറ്റുകള്‍ കടന്നുകൂടാനെ സഹായിക്കൂ. എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേയൌട്ട് ഉപയോഗിച്ച് ടൈപ്പു ചെയ്യാന്‍ സാധിക്കുന്നതാണു്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരം കിട്ടാന്‍ 3 കീ അമര്ത്തേണ്ടതുണ്ടു്.
നല്ലൊരു മലയാളം ഫോണ്ടും സിസ്റ്റത്തില്‍ ഉപയോഗിക്കേണ്ടതു് അത്യാവശ്യമാണു്. മുകളില്‍ കൊടുത്ത ചിത്രങ്ങളില്‍ മീര ഫോണ്ടു് ചില്ലും മലയാള അക്കവും തമ്മില്‍ ചെറിയ രൂപവ്യത്യാസം ഉണ്ടാക്കുന്നതു കണ്ടല്ലോ. പക്ഷേ അക്ഷയ കേന്ദ്രങ്ങളില്‍ പൊതുവേ ഉപയോഗത്തിലുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ എക്സ് പി, വിസ്ത, 7 തുടങ്ങിയ വേര്‍ഷനുകളിലെ ഡിഫോള്‍ട്ട് മലയാളം ഫോണ്ടായ കാര്‍ത്തിക, ചിലേടങ്ങളിലെങ്കിലും ഉണ്ടായിരിക്കാനിടയുള്ള വേര്‍ഷന്‍ 10ലെ ഡിഫോള്‍ട്ട് ഫോണ്ടായ നിര്‍മല എന്നിവയില്‍ മേല്‍പ്പറഞ്ഞ ചില്ലക്ഷരങ്ങളും അവയ്ക്കു പകരം ടൈപ്പു ചെയ്തു ചേര്‍ക്കുന്ന അക്കങ്ങളും തമ്മില്‍ അത്ര രൂപവ്യത്യാസം കാണുന്നില്ല. അതുകൊണ്ടുതന്നെ ടൈപ്പു ചെയ്തു കഴിഞ്ഞാലും ഒന്നും അറിയാന്‍ കഴിയില്ല.
അനുസ്വാരത്തിനു പകരം 0, o, മലയാളഅക്കം ൦ എന്നിവ ടൈപ്പു ചെയ്യുന്നതു് വേറൊന്നു്. അനുസ്വാരം ടൈപ്പു ചെയ്യാന്‍, ഇന്‍സ്ക്രിപ്റ്റില്‍ x എന്ന കീ ആണു് അടിക്കേണ്ടതു്. കോമളം എന്നെഴുതാന്‍ കോമള0 എന്നെഴുതിയാല്‍ അതു് കോമള'പൂജ്യം' മാത്രമേ ആവൂ.
ദുഃഖം എന്നെഴുതാന്‍ ദു കഴിഞ്ഞ് : ചിഹ്നം ഇടുന്നതു് വേറൊരു സൂത്രപ്പണിയാണു്. പേരുകളില്‍ വിസര്‍ഗ്ഗം കാണാന്‍ സാധ്യതയില്ലാത്തതുകൊണ്ടു് വോട്ടര്‍പ്പട്ടികയില്‍ അതു് പ്രശ്നമായേക്കില്ല. പക്ഷേ മലയാളം ടൈപ്പു ചെയ്യുമ്പോള്‍ അതു് ശ്രദ്ധിക്കുന്നതു് നന്നായിരിക്കും.
മലയാളം ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിയ്ക്കുന്ന ആരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ. ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഇലക്ഷന്കമ്മീഷനു ആവശ്യമെങ്കില്‍ സാങ്കേതിക സഹായമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ നല്കാന് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് തയ്യാറാണു്.