സ്റ്റേറ്റ് ഓഫ് മാപ്പ് ദ കേരള 2024
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂ
അനിവര് അരവിന്ദ്
മലയാളം ഫോണ്ടുകള് ഉപയോഗിയ്ക്കുന്ന നമ്മളില് പലരും ഫോണ്ടുകള് പുതിയ വെര്ഷനിലേയ്ക്ക് പുതുക്കുക എന്ന കാര്യത്തില് അത്ര ശ്രദ്ധാലുക്കളല്ല. ഇതു വ്യക്തികളുടെ മാത്രമല്ല പത്രസ്ഥാപന വെബ്സൈറ്റുകളുടെ വരെ ശീലമാണു്. ഫോണ്ടുകള്ക്ക് അപ്ഡേറ്റില്ലാത്ത ആസ്കിക്കാലത്തെ ശീലങ്ങളുടെ ബാക്കിയാണിതു്. പുതിയ സ്റ്റാന്ഡേര്ഡുകളും മാറ്റങ്ങളും വരുന്നതിനനുസരിച്ച് ഫോണ്ടുകള് മെച്ചപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന കാലമാണിതു്. ഫോണ്ടുകള് സോഫ്റ്റ്വെയറുകള് തന്നെയാണു്. അതിനാല് യൂണിക്കോഡ് വെര്ഷന് മാറ്റങ്ങള്ക്കും ഓപ്പണ്ടൈപ്പ് സ്റ്റാന്ഡേര്ഡ് മാറ്റങ്ങള്ക്കും പുതിയ ഫീച്ചറുകള് ലഭ്യമാക്കാനും ഒക്കെ ഫോണ്ടുകള് പുതിയ വെര്ഷനിലേയ്ക്ക് പുതുക്കേണ്ടതു് അത്യാവശ്യമാണു്. മിക്കഫോണ്ടുകളുടെയും ഇപ്പോഴത്തെ വെര്ഷന് 6.1 ആണു്. 04, 5.1 വെര്ഷനുകളിലുള്ള മീരയും രചനയുമാണ് ഇപ്പോഴും ഒട്ടനവധി പേര് ഉപയോഗിയ്ക്കുന്നതും വെബ്സൈറ്റുകളില് ലിങ്ക് ചെയ്തിരിയ്ക്കുന്നതും . അതുപോലെ .730 വെര്ഷനിലുള്ള അഞ്ജലിഓള്ഡ്ലിപി ഫോണ്ടാണ് മിക്കവരും ഇന്നും ഉപയോഗിയ്ക്കുന്നതു്. ഇവ പുതുക്കേണ്ടതാണ്. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഫോണ്ടുകള്ക്ക് സ്ഥിരമായ ഒരു ഡൌണ്ലോഡ് ലൊക്കേഷനും പ്രിവ്യൂ പേജും സജ്ജമാക്കിയിരിയ്ക്കുന്നു .നിങ്ങള്ക്ക് പുതിയ വെര്ഷന് ഫോണ്ടുകള് http://smc.org.in/fonts എന്ന ലിങ്കില് നിന്നും കണ്ട് ഡൗണ്ലോഡ് ചെയ്യാവുന്നതാണു്. സന്തോഷ് തോട്ടിങ്ങലാണു് ഈ പേജ് സജ്ജമാക്കിയതു്. ഓണ്ലൈന് പത്രസ്ഥാപനങ്ങള് ഫോണ്ട് ഡൗണ്ലോഡ് ഓപ്ഷന് ഇതിലെ ലിങ്കുകളിലേയ്ക്ക് പോയന്റ് ചെയ്യാന് അഭ്യര്ത്ഥിയ്ക്കുന്നു . ഒപ്പം പത്രങ്ങള് നിങ്ങളുടെ എംബഡ് ചെയ്യുന്ന വെബ്ഫോണ്ടുകള് പുതിയ വെര്ഷനുകളിലേയ്ക്ക് പുതുക്കുന്നതും നന്നായിരിയ്ക്കും .കമ്പ്യൂട്ടറില് ഇന്സ്റ്റാള് ചെയ്യാവുന്നതും സാധാരണക്കാര്ക്കാവശ്യവുമായ TTF ഫോണ്ടുകള്ക്കു പുറമേ WOFF, WOFF2, EOT എന്നീ വെബ്ഡെവലപ്പര്മാര്ക്കാവശ്യമായ വെബ്ഫോണ്ട് രൂപങ്ങളും ഇതേ പേജില് തന്നെ ലഭ്യമാണു്.
എന്തുകൊണ്ടിതു പ്രധാനമാകുന്നുവെന്നു വിശദീകരിയ്ക്കാം
2001 മുതലേ ഓപ്പണ്ടൈപ്പ് ഫോണ്ടുകള് വന്നു തുടങ്ങിയെങ്കിലും മൈക്രോസോഫ്റ്റും അഡോബും കൂടി നിര്മ്മിച്ച ഓപ്പണ് ടൈപ്പ് സാങ്കേതികവിദ്യ ഒരു ISO അംഗീകൃത ഓപ്പണ് സ്റ്റാന്ഡേര്ഡ് ആയിമാറാനുള്ള ശ്രമം തുടങ്ങുന്നതു് 2005 അവസാനമാണു്. 2007 ല് ഓപ്പണ്സ്റ്റാന്ഡേര്ഡായി ഐഎസ്ഓ അംഗീകാരം ലഭിച്ച ഓപ്പണ് ഫോണ്ട് ഫോര്മാറ്റ് സ്പെസിഫിക്കേഷന്(ISO/IEC 14496-22:2007) മലയാളത്തിന്റെ കാര്യത്തില് അത്ര കുറ്റമറ്റതായിരുന്നില്ല. ആ സ്റ്റാന്ഡേർഡ് പാലിക്കുന്നവയായിരുന്നു പഴയ ഷേപ്പിങ് എഞ്ചിനുകള്. ഭാഷ തെറ്റുകൂടാതെ സ്ക്രീനില് തെളിയുവാന് സ്റ്റാന്ഡേര്ഡ് പാലിക്കുന്നതിനോടൊപ്പം സുറുമാ പാച്ചുപോലുള്ള പല കസ്റ്റം ഹാക്കുകള് കൂടി ഉള്ക്കൊള്ളിച്ചാണു് മലയാളം 2007-2008 കാലത്തു് പുറത്തിറക്കിയിരുന്നതു്. 2009 അവസാനമാണു് പുതുക്കിയ ഓപ്പണ് ഫോണ്ട് ഫോര്മാറ്റ് എഡിഷന് 2 എന്ന മെച്ചപ്പെടുത്തിയ സ്റ്റാന്ഡേഡിനെ(ISO/IEC 14496-22:2009) ഐ.എസ്.ഒ അംഗീകരിയ്ക്കുന്നതു്. മലയാളമടക്കം ഇന്ത്യന് ഭാഷകള്ക്കു് ഒട്ടനവധി മാറ്റങ്ങളാണു് ഇവ കൊണ്ടുവന്നതു്
ചിത്രീകരണ സംവിധാനങ്ങള് ഇവയെ പിന്തുണച്ചു തുടങ്ങുന്നതു് 2010നു ശേഷമാണു്.
അതോടെ ഫോണ്ടുകള് പുതിയ സ്റ്റാന്ഡേര്ഡിനനുസരിച്ചു പുതുക്കേണ്ടിവന്നു . ഓപ്പണ് ടൈപ്പ് 1 ല് നിന്നും മലയാളത്തില് യ,ര,ല,വ എന്നിവയുടെ അക്ഷരചിഹ്നങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തില് പാടെ വ്യത്യസ്തമാണ് ഓപ്പണ് ടൈപ്പ് 2 എന്നത് ഈ വിഷയത്തിനെ കൂടുതല് സങ്കീര്ണ്ണമാക്കി. കുത്തുരേഫവും ഇത്തരത്തില് മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാല് ഒരുപാടു പരിശ്രമത്തിനു ശേഷം രണ്ടു സ്റ്റാന്ഡേര്ഡുകളെയും ഒരുപോലെ പിന്തുണയ്ക്കുന്ന രീതിയില് രജീഷ് നമ്പ്യാരും സന്തോഷ് തോട്ടിങ്ങലും ചേര്ന്ന് ഫീച്ചര് ടേബിളുകളെ ക്രമപ്പെടുത്തി. അവ ക്രമേണ മറ്റു ഫോണ്ടുകളിലേയ്ക്ക് കൂടുതല് പേര് ചേര്ന്നു വ്യാപിപ്പിയ്ക്കുകയും ചെയ്തു.
ഓപ്പണ്ടൈപ്പ് സ്റ്റാന്ഡേര്ഡ് 2 നെ മാത്രം പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലോ അപ്ലിക്കേഷനുകളിലോ പഴയ ഫോണ്ടുകള് ചിത്രീകരണപ്പിഴവുകള് കാണിയ്ക്കും. പഴയ വെര്ഷനുകള് ആണു മിക്ക ഓണ്ലൈന് ലിങ്കുകളിലും കാണുക. അവയെല്ലാം പുതുക്കാന് ബന്ധപ്പെട്ടവര് ശ്രമിയ്ക്കണമെന്നും അവ http://smc.org.in/fonts/ ലേയ്ക്കു ചൂണ്ടിക്കാട്ടണമെന്നു് അഭ്യര്ത്ഥിയ്ക്കുന്നു. അങ്ങനെയുള്ളിടങ്ങളില് നിന്നു ഡൌണ്ലോഡ് ചെയ്തെടുക്കുന്നവര് പുതിയ വെര്ഷനുകളുടെ ലഭ്യതയെപ്പറ്റി അറിയാതിരിക്കുന്നതിനാല് പുതിയ മാറ്റങ്ങളുടെ ഗുണഫലം ജനങ്ങളിലെത്തില്ല.ഒരു ഉദാഹരണം പറയുകയാണെങ്കില് 13-ാം എന്നൊക്കെ എഴുതാനുള്ള -ാം എന്ന ഫിക്സ് ഒക്കെ പുതിയ വെര്ഷനുകളിലാണു വരുന്നതു് . ഇതു കുത്തുവട്ടം ഇല്ലാതെ ശരിയായി വായിക്കാന് പറ്റണമെങ്കില് നിങ്ങളുടെ ഫോണ്ട് പുതിയതാകണം.
സ്വതന്ത്രസോഫ്റ്റ്വെയറില് ഉബണ്ടു ഒഴിച്ചുള്ളവ മിക്ക ഡിസ്ട്രിബ്യൂഷനിലും ഫോണ്ടുകള് ഓരോ വെര്ഷനിലും പുതുക്കപ്പെടുന്നുണ്ടു്. ഉബണ്ടുവില് ഫോണ്ടുകള് കഴിഞ്ഞ നാലുവര്ഷമായി പുതുക്കപ്പെടുന്നില്ല. ഉബണ്ടു ഉപയോക്താക്കള്ക്ക് മലയാളം ഫോണ്ടുകള് എളുപ്പത്തില് പുതുക്കാനായി ഒരു സോഫ്റ്റ്വെയര് ശേഖരം സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് സജ്ജമാക്കിയിട്ടുണ്ട് . ബാലശങ്കര്.സി സജ്ജമാക്കിയ ഈ റെപ്പോസിറ്ററി വിവരങ്ങള് ഇവിടെ ലഭ്യമാണു് . വിന്ഡോസ് ഉപയോക്താക്കള്ക്ക് ഫോണ്ടുകള് പുതുക്കുന്ന ശീലം തീരെ കുറവാണു്. അവര്ക്കിപ്പോള് ഡൗണ്ലോഡ് ചെയ്ത് ചേര്ക്കലല്ലാതെ വേറെ വഴിയില്ല.
എന്നാല് അപ്പോ ഫോണ്ടുകള് പുതുക്കിക്കോളൂ. http://smc.org.in/fonts/
പത്രസ്ഥാപങ്ങള് വെബ്ഫോണ്ടുകള് പുതുക്കുന്നതില് എന്തെങ്കിലും സാങ്കേതികസഹായങ്ങള് വേണമെങ്കില് contact അറ്റ് smc.org.in എന്ന വിലാസത്തില് ബന്ധപ്പെടുക.
ഈ ഫോണ്ടുകള്ക്ക് തെറ്റുകളോ കുറവുകളോ കാണുകയാണെങ്കില് https://gitlab.com/smc/fonts ല് ചെന്നു് ബന്ധപ്പെട്ട ഫോണ്ടിന്റെ പേജിലെ issues ല് പോയി അവ റിപ്പോര്ട്ട് ചെയ്താല് വരും വെര്ഷനുകളില് പരിഹരിയ്ക്കാന് ശ്രമിയ്ക്കുന്നതാണു്.