SMC Monthly Report: September 2024
EventsSMC WebsiteSMC new website launched in Bengaluru. Riya Sabu volunteered to initiate the new website,
ഗായത്രി അക്ഷരരൂപത്തിന്റെ രൂപകല്പനയെപ്പറ്റി ബിനോയ് ഡൊമിനിക് എഴുതുന്നു. അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം
ഗായത്രി അക്ഷരരൂപം രൂപകല്പന ചെയ്യുമ്പോൾ ആദ്യമേ ആഗ്രഹിച്ചത് ഏറ്റവും പുതിയ മാധ്യമങ്ങളിൽ പോലും സുഗമമായി ഉപയോഗിക്കാൻ കഴിയണം. ഒപ്പം ഏറ്റവും മികച്ച റിസൽട്ട് കിട്ടുകയും കലാമൂല്യം പ്രകടമാകുകയും വേണം. ത്രീഡി പ്രിന്റിംഗ് സാധ്യതകൾ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാം ഹൈ ഡെഫനിഷൻ ആണല്ലോ... അപ്പോൾ അതിൽ ഉപയോഗിക്കുന്ന വരകളും ഹൈ ഡെഫനിഷൻ ഉള്ളത് ആയിരിക്കണമല്ലോ. ഗായത്രി ടൈപ്പ് ഫെയ്സും അത്തരത്തിലൊന്നായിരിക്കണം. ഡിജിറ്റൽ ഡിസ്പ്ലേയിലും വിവിധ പ്രിന്റിംഗ് മീഡിയകളിലും ത്രീഡി മാധ്യമങ്ങളിലും ഒരുപോലെ റിസൽട്ട് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് രൂപകല്പന നിർവഹിച്ചിരിക്കുന്നത്.
വരകളുടെ അറ്റങ്ങൾ ഉരുട്ടിയെടുത്ത് നെടുകെയുള്ള വരകളുടെ കനത്തിന്റെ 56% കനമാണ് കുറുകെയുള്ള വരകൾക്ക് നല്കിയിരിക്കുന്നത്. സ്റ്റാക്ഡ് കഞ്ചക്ഷൻ ഗ്ലിഫുകളിൽ 40% സൈസ് കുറച്ച് നെടുകെയുള്ള വരകളുടെ കനത്തിന്റെ 20px കൂട്ടിയും കുറുകെയുള്ള വരകൾക്ക് 20px ന്റെ 56% എടുത്തുമാണ് ഡിസൈൻ കണ്ടെത്തിയത്. (ചില ഗ്ലിഫുകളിൽ അനിവാര്യമായ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്)
കർവ് പോയിന്റുകളിലെ ഒപ്റ്റിമൈസേഷനിൽ നീതി പുലർത്തിക്കൊണ്ടാണ് ഡിസൈനിംഗ് പൂർത്തിയാക്കിയത് എന്നതുതന്നെയാണ് മികച്ച റിസൾട്ടിന്റെ അടിസ്ഥാനം. ഗ്ലിഫുകളുടെ കർവ് പോയിന്റുകളും അവയുടെ സ്ഥാനങ്ങളുമാണ് പെർഫക്ഷൻ തരുന്നത് എന്നതിനാൽ എല്ലാ ഗ്ലിഫിലും കർവ് പോയിന്റുകൾ ആവശ്യത്തിന് മാത്രമാക്കി ചുരുക്കി. (ഇത് ഫോണ്ടിന്റെ സൈസ് കുറയാനും കാരണമായി) വരകളിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരെ കാർവിംഗ് പോലുള്ള ഘട്ടങ്ങളിൽ പെർഫക്ഷനിൽ മങ്ങൽ വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ കർവ് പോയിന്റുകളിൽ ഏറ്റവും വ്യക്തതയും കൃത്യതയും ഉറപ്പ് വരുത്തി. ഏറ്റവും വലിയ മീഡിയയിൽ ചെല്ലുമ്പോൾ പോലും കർവുകളുടെ കൃത്യത വ്യക്തമാകണമെന്ന നിർബന്ധബുദ്ധിയും ഡിസൈൻ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ചെറിയ ഡിസ്പ്ലേകളിൽ വരുമ്പോൾ മിനിമം കനവും ഒപ്പം മിനിമം ഗ്യാപ്പും ഇല്ലെങ്കിൽ തെളിയാതെ വരികയോ മറിച്ച് കനം കൂടിയാൽ പടർച്ച തോന്നുകയൊ ചെയ്യുമെന്നതും ത്രിഡി മിഡിയകളിൽ ലെറ്റർ കട്ട് ചെയ്തെടുക്കുമ്പോൾ ഒടിഞ്ഞുപോവുകയൊ അടഞ്ഞു പോവുകയൊ ചെയ്യുമെന്നുമുള്ള സാധ്യതകളെയെല്ലാം കൂടി കണക്കിലെടുത്ത് ഏറ്റവും ചെറിയ ഗ്ലിഫുകൾക്ക് വരെ മിനിമം കനവും ഗ്യാപ്പും കൃത്യതയോടെ നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. വരകൾ കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ ഇങ്ക് സ്പേസ് നിയന്ത്രിക്കുന്നതിനോടൊപ്പം ഇത്തരം ശ്രദ്ധ കൂടി കൊടുക്കാൻ കഴിഞ്ഞതിനാൽ ഡിസ്പ്ലേകളിൽ നിലവാരം പ്രകടമായി. ഗായത്രിയുടെ രൂപകല്പനയിൽ ഇത്തരം പെർഫക്ഷനുകൾക്ക് വേണ്ടിയാണ് കൂടുതൽ സമയവും വിനിയോഗിച്ചിട്ടുള്ളത്.
കിന്റിൽ, മൊബൈൽ, വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ തുടങ്ങിയവയിൽ ഉപയോഗിച്ച് നിലവാരം ഉറപ്പുവരുത്തി. പേപ്പറുകൾ മുതൽ തുണി വരെയുള്ള മീഡിയകളിൽ വ്യത്യസ്ഥ രീതിയിൽ പ്രിന്റ് ചെയ്തു. ഫൈബർ ഷീറ്റിലും മെറ്റൽ കോട്ടിങ്ങുള്ള ഷീറ്റുകളിലും എച്ചിങ്ങ് ചെയ്തു. മരപ്പലകയിൽ കാർവ് ചെയ്തു. സ്റ്റിക്കർ കട്ട് ചെയ്ത് നോക്കി. എല്ലാത്തിലും മികച്ച റിസൾട്ട് വന്നതിനുശേഷമാണ് ഗായത്രി ടൈപ്പ് ഫെയ്സ് ജനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്.
സന്തോഷ് തോട്ടിങ്ങലിന്റെ മുഴുനീള നിർദ്ദേശവും ഫോണ്ട് രൂപകല്പനയിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഗായത്രിയുടെ നിർമ്മാണത്തിൽ അഭേദ്യഘടകമായിരുന്നു. കർവ് പോയിന്റുകളെ കുറിച്ചുള്ള ജ്ഞാനം പകർന്ന് തന്നതും അദ്ദേഹമാണ്. ഓരോഗ്ലിഫിലുമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും സൂക്ഷ്മതയും ഗായത്രിയെ കൂടുതൽ ഭംഗിയുള്ളതാക്കി. അതുപോലെ ഫോണ്ടിന്റെ അവതരണം മികവുറ്റതായത് ഓപ്പൺ ടൈപ്പ് എഞ്ചിനീയറിങ്ങിന്റെ വൈദഗ്ദ്യം കൊണ്ടാണ്. അക്ഷരങ്ങൾ തമ്മിലുള്ള അകലവും അടുപ്പവും സ്റ്റാക്ഡ് കഞ്ചക്ഷനുകളുടെ പൊസിഷൻ നിർണ്ണയവുമെല്ലാം കാവ്യ മനോഹർ മികവുറ്റതാക്കി എന്നതിൽ സംശയമില്ല.