SMC Monthly Report: September 2024
EventsSMC WebsiteSMC new website launched in Bengaluru. Riya Sabu volunteered to initiate the new website,
കേരള സംസ്ഥാന തെരഞ്ഞെടുപ്പു് കമ്മീഷന്റെ 2014 ജൂണ്‍ 18 തിയ്യതിയിലെ 311/2014/സം.തി.ക നമ്പ്ര് ഉത്തരവില്‍ "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഭൂപടങ്ങള്‍ ശാസ്ത്രീയമായി ഭരണപരവും അക്കാദമിക്‍ മേഖലകളിലെ ആവശ്യങ്ങള്‍ക്കു് ഉതകുന്ന രീതിയിലും തരത്തിലും ഒരു അടിസ്ഥാന ഭൂപടം എന്ന നിലയിലുമല്ല തയ്യാറാക്കിയിരിക്കുന്നതെന്നതിനാല്‍ ഭാവിയില്‍ എല്ലാ തരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഭൂപടങ്ങള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഔദ്യോഗികരേഖയായി ഉണ്ടാകേണ്ടതു് എത്രയും ആവശ്യമെന്നു് കരുതുന്ന"തായി നിരീക്ഷിച്ചിട്ടുണ്ടു്.
അതുകൊണ്ടു് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു് സ്റ്റിയറിങ് കമ്മറ്റി 17/07/2014 നു് യോഗം ചേര്‍ന്നു്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് സാങ്കേതിക കൂട്ടായ്മയുടെ ഔദ്യോഗിക പങ്കാളിത്തത്തോടെ അപ്രകാരമൊരു ഭൂപടമുണ്ടാക്കുവാനും അന്താരാഷ്ട്ര മാപ്പിങ് പ്രൊജക്ടായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പിന്റെ സാദ്ധ്യതകള്‍ ഇതിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
21/07/2014 (തിങ്കളാഴ്ച) മുതല്‍ 24/07/2014 (വ്യാഴാഴ്ച) വരെയുള്ള ദിവസങ്ങളില്‍ നടത്തുന്ന ഈ പരിപാടിക്കു് കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ, ജി ഐ എസ് ഒരു വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുടേതടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇതിനോടകം ലഭ്യമായിട്ടുണ്ടു്.
ഈ 4 ദിവസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞതു് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിന്റെയും അതിലെ വാര്‍ഡുകളുടെയും അതിര്‍ത്തികളെങ്കിലും അടയാളപ്പെടുത്തിയെടുക്കാന്‍ നമുക്കു് സാധിക്കണം. അതിനാണു് മുന്‍ഗണന.
ഓരോ വാര്‍ഡിന്റെയും അതിര്‍ത്തികള്‍ അംഗീകരിച്ചു് അധികൃതമാക്കിയ 2010ലെ വാര്‍ഡ് വിഭജനരേഖ ഗ്രാമപഞ്ചായത്താപ്പീസ്സില്‍ ലഭ്യമാണു്. കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളുള്ളതില്‍ ഓരോ വാര്‍ഡിലും ഈ അതിര്‍ത്തികള്‍ നന്നായറിയാവുന്ന റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കുന്നതാണു്. ഈ ദിവസങ്ങളില്‍ ഇവിടെ താമസിച്ചു പങ്കെടുക്കാന്‍ തയ്യാറുള്ളവര്‍ക്കായി താമസസൗകര്യവും, രാവിലെയും, ഉച്ചയ്ക്കും, രാത്രിയിലെയും, ഭക്ഷണവും, വൈകുന്നേരത്തെ ചായയും ഏര്‍പ്പാടാക്കീട്ടുണ്ടു്.
നമുക്കു് 13 വാര്‍ഡുകളിലേക്കായി ഏറ്റവും കുറഞ്ഞതു് 15 പേരെങ്കിലും വേണം. അതിലും കൂടുതലാളുകളുണ്ടെങ്കില്‍ ഗ്രാമപഞ്ചായത്തിന്റെയും അതിലെ വാര്‍ഡുകളുടെയും അതിര്‍ത്തികള്‍ക്കു പുറമെ താഴെപ്പറയുന്ന മുന്‍ഗണനാക്രമത്തില്‍ കൂടുതല്‍ തീമുകള്‍ മാപ്പു ചെയ്യാം:
പ്ലാന്‍ ഇതാണു്:
ഒന്നാം ദിവസം (21/07/2014 നു്) രാവിലെ 11.00 മണിക്കുള്ള യോഗത്തില്‍, തമ്മിലെല്ലാവരും പരിചയപ്പെടുകയും, ചെയ്യാനുള്ള പരിപാടിയുടെ ഒരു ചെറുവിവരണം നല്കുകയും ചെയ്യാം. അപ്പോള്‍ത്തന്നെ രജിസ്ട്രേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുന്നതാണു്. മാപ്പിങ്ങിനു വേണ്ട അവശ്യരേഖകള്‍ എല്ലാവര്‍ക്കും നല്കുന്നതാണു്. ഭാണ്ഡക്കെട്ടുകളും പണിയായുധങ്ങളും തല്ക്കാലം പഞ്ചായത്താപ്പീസ്സില്‍ വച്ചു്, ഉച്ചഭക്ഷണം കഴിച്ചു വരാം. ഉച്ചഭക്ഷണത്തിനു ശേഷം, നേരത്തേ വിതരണം ചെയ്ത രജിസ്ട്രേഷന്‍ ഫോമുകള്‍ പൂര്‍ത്തീകരിച്ചു് മടക്കി ഏല്പിക്കണം.
ജി പി എസ്സ് റിസീവറുകള്‍, ജി പി എസ്സ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയാണു താരങ്ങള്‍. ഇവ കിട്ടാവുന്നത്രയും കൂടെ കരുതിയാല്‍ പരിപാടി അത്രയും ഗംഭീരമാക്കാം. ആന്‍ഡ്രോയിഡ് ഫോണിലാണെങ്കില്‍ GPS Logger, Keypad-Mapper3 എന്നീ പണിയായുധങ്ങളാണു് വേണ്ടതു്. (മറ്റുള്ളതരം സ്മാര്‍ട്ട് ഫോണുകളില്‍ ഏതു തരം ആപ്പ്/ടൂളാണുപയോഗിക്കുകയെന്നു് വലിയ ധാരണ പോര.)
ഈ ആപ്പുകള്‍ താഴെ കണ്ണികളില്‍ ലഭ്യമാണു്:
https://play.google.com/store/apps/details?id=com.mendhak.gpslogger
https://play.google.com/store/apps/details?id=de.enaikoon.android.keypadmapper3
പഞ്ചായത്താപ്പീസ്സിലെ ഒരു കമ്പ്യൂട്ടറില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് കണക്‍ഷന്‍ ലഭ്യമാണു്. വൈഫൈ മോഡവും ഉണ്ടു്. ഈ സൗകര്യമുപയോഗിച്ചു് ഇവന്‍മാരെ രണ്ടിനേയും ആന്‍ഡ്രോയിഡ് ഫോണില്‍ സ്ഥാപിക്കുക. GPS Logger നെ ടൈം ഇന്റര്‍വെലും ഡിസ്റ്റന്‍സ് ഇന്റര്‍വെലും ഏറ്റവും കുറഞ്ഞ തരത്തിലും ട്രാക്കു് .gpx ആയി ലോഗ് ചെയ്യുന്ന വിധത്തിലും സെറ്റാക്കുകയും വേണം. ഇവിടെ വരുന്നതിനു് മുമ്പുതന്നെ ഇതു് ചെയ്തു വയ്ക്കുന്നതു് കൂടുതല്‍ നല്ലതു്.
ഇത്തരം ഒരു ആയുധധാരിക്കു് ഒരു വാര്‍ഡുതല റിസോഴ്സ്പേഴ്സണ്‍ കൂടെ വരുന്നതായിരിക്കും. ഇങ്ങനെ രണ്ടു പേരടങ്ങുന്നതാണു് മാപ്പിങ് കൂട്ടാളികള്‍. മാപ്പിങ് കൂട്ടാളികളെ നിശ്ചയിച്ചു കഴിഞ്ഞു് ഇരുവരും ഫോണ്‍ നമ്പര്‍ പരസ്പരം അറിയിക്കേണ്ടതാണു്. തുടര്‍ന്നു് ഒരു മൂന്നു മണിയോടെ ഫീല്‍ഡ് തല മാപ്പിങ് ആരംഭിക്കാം. GPS ഓണ്‍ ചെയ്തു് ഈ രണ്ടു് ആപ്പുകളും ഒരേസമയം പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണു് ഫീല്‍ഡില്‍ പഞ്ചായത്തതിരിലൂടെയും വാര്‍ഡതിരിലൂടെയും നടന്നു് ട്രാക്കു ചെയ്യേണ്ടതു്. ട്രാക്കു് gpx ആയി ലോഗ് ചെയ്യുന്ന പണി GPS Logger ചെയ്തോളും. കെട്ടിടങ്ങള്‍ സ്ഥലപ്പേരുകള്‍ തുടങ്ങിയവ അതാതിടത്തെത്തിയാല്‍ Keypad-Mapper3 ല്‍ ടൈപ്പു ചെയ്തു് സേവ് ചെയ്താല്‍ മതി. നടന്നു മടുത്താലോ, സന്ധ്യയ്ക്കു് മുമ്പോ നടത്തം മതിയാക്കി പഞ്ചായത്താപ്പീസ്സിലേക്കു് പോരാം. ഇവിടെ JOSM അല്ലെങ്കില്‍ iD ഉപയോഗിച്ചു് GPS Logger ലെ gpx ട്രാക്കുകളെയും Keypad-Mapper3 ലെ osm ഡാറ്റയെയും ഓപ്പണ്‍സ്ട്രീറ്റ് മാപ്പിലേക്കു് കേറ്റാം, വേണ്ടവിധത്തില്‍ എഡിറ്റു് ചെയ്തു് ശരിയാക്കാം. ഇന്റര്‍നെറ്റിനു് നിങ്ങള്‍ക്കു് സ്വന്തം സൗകര്യമുണ്ടെങ്കില്‍ അതുമുപയോഗിക്കാം കേട്ടോ.
ഹാന്‍ഡ് ഹെല്‍ഡ് GPS റിസീവറാണെങ്കിലും ഇതു തന്നെ പരിപാടി. ഓണ്‍ ചെയ്തു് സ്റ്റഡിയായിക്കഴിഞ്ഞാല്‍ നടന്നു് ട്രാക്കു് ലോഗ് ചെയ്യുക. മറ്റെല്ലാം നേരത്തേ പറഞ്ഞ പോലെ.
വൈകുന്നേരം ചായ കഴിഞ്ഞു് പഞ്ചായത്താപ്പീസില്‍ നേരത്തേ സൂക്ഷിച്ചു വച്ച ഭാണ്ഡക്കെട്ടുകളും പണിയായുധങ്ങളുമെടുത്തു് താമസ സ്ഥലത്തേക്കു് പോവാം. രാത്രി ഭക്ഷണം അടുത്തു തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടു്. താമസത്തിനും ഭക്ഷണത്തിനും ആര്‍ഭാടമൊന്നും പ്രതീക്ഷിക്കരുതേ.. എന്നാല്‍ അവശ്യ സൗകര്യങ്ങളൊക്കെ ലഭ്യമാണു താനും.
രണ്ടാം ദിവസവും, മൂന്നാം ദിവസവും നാലാം ദിവസവും ഫീല്‍ഡ് തല പ്രവര്‍ത്തനം രാവിലെ കഴിവതും നേരത്തേ വെയിലു മൂക്കുന്നതിനു് മുമ്പു് തുടങ്ങുന്നതാവും സൌകര്യം. എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിപ്പിക്കണം എന്നൊക്കെ തലേന്നേ നിങ്ങളുടെ മാപ്പിങ് കൂട്ടാളിയുമായി ആലോചിച്ചു് ധാരണയാക്കിവയ്ക്കുന്നതു് നന്നായിരിക്കും.
ദൂരത്തുള്ള ഫീല്‍ഡിലേക്കു് കൊണ്ടു വിടുന്നതിനും തിരികെ കൊണ്ടു വരുന്നതിനും പഞ്ചായത്തിന്റെ വാഹനം ആവശ്യാനുസരണം ലഭ്യമാക്കാം. വൈദ്യസഹായം വേണ്ടിവന്നേക്കാവുന്ന ഘട്ടങ്ങളില്‍, കൂരാച്ചുണ്ടു് സി എച്ച് സിയിലെയും കക്കയം പി എച്ച് സിയിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ആവശ്യാനുസരണം ലഭ്യമാവുന്നതാണു്.
നാലാം ദിവസം പന്ത്രണ്ടു മണിക്കു് മുന്നേ മാപ്പിങ് പ്രവൃത്തി അവസാനിപ്പിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം പഞ്ചായത്താപ്പീസ്സില്‍ വന്നു് അന്നത്തെ ട്രാക്കുകളും ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ കയറ്റി എഡിറ്റ് ചെയ്തു് അപ്ഡേറ്റ് ചെയ്തതിനു ശേഷം, പഞ്ചായത്തു് പ്രദേശത്തിന്റെ മുഴുവന്‍ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്തു് മാപ്പു് തയ്യാറാക്കി പ്രിന്റെടുത്തു് മൂന്നു മണിക്കുള്ള യോഗത്തില്‍ പ്രകാശിപ്പിക്കാം. പങ്കെടുത്ത എല്ലാവര്‍ക്കും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്ക്കാം. പരിപാടിയുടെ ആകെയുള്ള വിലയിരുത്തലും, തുടര്‍പരിപാടികള്‍ ആസൂത്രണം ചെയ്യലും ആവാം. വൈകുന്നേരത്തെ ചായയ്ക്കു ശേഷം പിരിയാം.
ഗ്രാമപഞ്ചായത്തു് എല്ലാ വളണ്ടിയര്‍മാര്‍ക്കും നല്കുന്ന നിര്‍ദ്ദേശങ്ങള്‍:
പിന്നെ ജി പി എസ് റിസീവറും, ജി പി എസ് സൗകര്യമുള്ള സ്പെയര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും സംഘടിപ്പിക്കാന്‍ കഴിയുന്നവര്‍ അതും സംഘടിപ്പിച്ചു തരണേ..
അപ്പോള്‍ ആരൊക്കെയുണ്ടാവും പരിപാടിക്കു്? വരുന്നവര്‍ കൈ പൊക്കണേ... കൈ പൊക്കിയാല്‍ മാത്രം പോര കേട്ടോ...., ഏതൊക്കെ തീയ്യതികളിലാണു് പങ്കെടുക്കുക, താമസസൗകര്യം വേണോ വേണ്ടയോ, എന്നീ വിവരങ്ങള്‍ കാണിച്ചു്, സ്വന്തം പേരും മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും സഹിതം jaisuvyas at gmail dot com എന്ന ഇമെയില്‍ മേല്‍വിലാസത്തിലേക്കു് ഇമെയിലയക്കുകയും വേണം.
ഈ പരിപാടിയ്ക്കു് വരുന്നവരില്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നുള്ള ഔദ്യോഗിക ലിസ്റ്റില്‍ പെടാത്തവരൊഴികെ മറ്റെല്ലാവരും, ഏതൊക്കെ തീയ്യതികളിലാണു് പങ്കെടുക്കുക, താമസസൗകര്യം വേണോ വേണ്ടയോ, എന്നീ വിവരങ്ങള്‍ കാണിച്ചു്, സ്വന്തം പേരും മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും സഹിതം jaisuvyas at gmail dot com എന്ന ഇമെയില്‍ മേല്‍വിലാസത്തിലേക്കു് ഇന്നു വൈകുന്നേരം മൂന്നു മണിക്കു മുമ്പായിത്തന്നെ ഒരു ഇ-മെയില്‍ അയക്കണേ, താമസസൗകര്യവും മറ്റു് അത്യാവശ്യകാര്യങ്ങളും കാര്യക്ഷമമായി ഏര്‍പ്പാടാക്കാന്‍ എന്നാലേ കഴിയൂ..