July 12, 2015

മലയാളഭാഷാ സാങ്കേതികവിദ്യയ്ക്കു ശക്തവും നവീനവുമായ അടിത്തറ: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നാലാം കേരള പഠന കോണ്‍ഗ്രസ്സിലെ മലയാളം കമ്പ്യൂട്ടിങ്ങ് -വികസനവും പ്രയോഗവും എന്ന വിഷയമേഖല സെമിനാറിനോടനുബന്ധിച്ച് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് മുന്നോട്ടുവെയ്ക്കുന്ന സാങ്കേതികവിദ്യാ നിര്‍മ്മാണ സമീപന രേഖ

തയാറാക്കിയതു് : സന്തോഷ് തോട്ടിങ്ങല്‍

ഭാഷാ സാങ്കേതികവിദ്യയുടെ മുന്നേറ്റം പൊതുവില്‍ വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടൊപ്പമുള്ള ചടുലവും ബഹുമുഖവുമായ ഒന്നാണു്. എതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ ഇതിനു ചുമതലപ്പെടുത്തിയാല്‍ തീരുന്ന ഒരു മേഖലയേ അല്ലിതു്. അതിനു പകരം സമൂഹത്തില്‍ നിന്നും നമ്മുടെ ഭാഷയ്ക്കു വേണ്ടിയുള്ള ഗവേഷണങ്ങളെയും പ്രൊജക്ടുകളും ഉയര്‍ത്തിക്കൊണ്ടുവന്നു് അവയ്ക്കു പിന്തുണ കൊടുക്കാനുള്ള ഒരു ചട്ടക്കൂടായിരിക്കണം വേണ്ടതു്. വളരെ പ്രാരംഭദശയിലാണു് മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് എന്നതിനാല്‍ ഈ മേഖലയില്‍ പുത്തന്‍ ആശയങ്ങളെയും സാങ്കേതികവിദ്യകളെയും വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളായിരിക്കണം ലക്ഷ്യം. അതിനായി ഭാഷാ സാങ്കേതികവിദ്യയുടെ അടിത്തറ ശക്തവും പുത്തനുമായി എല്ലാ കാലത്തും നിലനിര്‍ത്താനായാല്‍, അതിനു മുകളില്‍ നവീന സാങ്കേതികവിദ്യകള്‍ സിവില്‍ സമൂഹത്തില്‍ നിന്നും, ഇന്‍ഡസ്ട്രിയില്‍ നിന്നും വളര്‍ന്നുകൊള്ളും എന്നൊരു കാഴ്ചപ്പാടാണു് ഞങ്ങള്‍ക്കുള്ളതു്. ഇന്‍ക്ലൂസീവ് ആയ ഒരു കാഴ്ചപ്പാടില്‍, ഇത്തരം ഒരു അടിത്തറയുടെ മുകളില്‍ വളരുന്ന ബഹുമുഖവും വികേന്ദ്രീകൃതവുമായ സാങ്കേതികവിദ്യാ വികസനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള ഒരു ചട്ടക്കൂട് സംസ്ഥാനത്തു് വളര്‍ത്തിയെടുക്കണം.

അടിത്തറ എന്നതു് ഒരു പ്രാവശ്യം ചെയ്താല്‍ മതി എന്ന തെറ്റിദ്ധാരണ ഉണ്ടാവരുതു്. അതുകൊണ്ടാണു് പുത്തന്‍ എന്ന വാക്കുകൂടി ഉപയോഗിച്ചതു്. എഴുത്തിനുള്ള ടൂളുകളോ, ചിത്രീകരണ സംവിധാനങ്ങളോ ഫോണ്ടു സാങ്കേതികവിദ്യയോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ ഭാഷാ പിന്തുണയോ ഒന്നും സ്ഥിരമല്ല. അവ കാലാകാലമായി പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണു്.

ഭാഷാ സാങ്കേതികവിദ്യാ വികസനത്തില്‍ മലയാളഭാഷയെ സംബന്ധിച്ചു് നമ്മള്‍ ഇതുവരെ കണ്ട ചില പ്രവണതകള്‍ താഴെ കൊടുക്കുന്നു.

 1. ഭാഷയെ കമ്പ്യൂട്ടിങ്ങിനനുസൃതമായി ചുരുക്കുകയോ ലളിതമാക്കുകയോ ചെയ്യണമെന്ന സര്‍ക്കാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സമീപനങ്ങള്‍. ലിപി പരിഷ്കരണത്തിലൂടെ കമ്പ്യൂട്ടിങ്ങ് സാധ്യമാക്കണം എന്ന നയം.
 2. ഭാഷാ കമ്പ്യൂട്ടിങ്ങ് സാധ്യമാക്കും വിധം സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള വ്യക്തികളും സംഘടനകളും കേന്ദ്രീകരിച്ചുള്ള ജനകീയ ഇടപെടലുകള്‍.
 3. മാര്‍ക്കറ്റ് താത്പര്യങ്ങളോടു ബന്ധപ്പെട്ട, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവയുടെ ഭാഷാ കമ്പ്യൂട്ടിങ്ങ് ടൂളുകള്‍. പ്രധാനമായും റെന്‍ഡറിങ്ങ്, ഒരു ഫോണ്ട്, ഒന്നോ രണ്ടോ ഇന്‍പുട്ട് ടൂളുകള്‍ എന്നിവ. പലപ്പോഴും ഇവ ഭാഷയുടെ രീതിശാസ്ത്രങ്ങളോടു നീതിപുലര്‍ത്തിയില്ല(റെന്‍ഡറിങ്ങ് പിഴവുകള്‍, ന്റ/മ്പ തുടങ്ങിയവ)
 4. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരുപാടു പണം ചിലവഴിച്ചുള്ള പ്രൊജക്ടുകള്‍ മിക്കതും ജനങ്ങളിലേക്കെത്തിയില്ല. ഉദാഹരണം സിഡാക്കിന്റെ പ്രൊജക്ടുകള്‍.
 5. ജനങ്ങള്‍ ഇന്നുപയോഗിക്കുന്ന, പ്രശസ്തമായ ഫോണ്ടുകള്‍ എല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയി ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളുടെ ഫലമായി രൂപം കൊണ്ടവ. പ്രശസ്തമായ ഇന്‍പുട്ട് ടൂളുകളുടെ സ്ഥിതിയും അതുതന്നെ.
 6. മലയാളം ചിത്രീകരണം/റെന്‍ഡറിങ്ങ് കുറ്റമറ്റതാക്കാനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം പല പ്ലാറ്റ്ഫോമുകളില്‍ മലയാളത്തിന്റെ ചിത്രീകരണം സാധ്യമാക്കി. ആന്‍ഡ്രോയ്ഡ്, ബ്രൌസറുകള്‍, ഗ്നു/ലിനക്സ്, ടെക്ക് എല്ലാം ഉദാഹരണങ്ങള്‍
 7. അക്കാദമിക തലത്തിലുള്ള ഭാഷാ വിദ്യാഭ്യാസം സാങ്കേതികവിദ്യയോടു് പുറംതിരിഞ്ഞുനിന്നു.
 8. സാങ്കേതിക വിദഗ്ദ്ധര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിവരുടെ ഇക്കാര്യങ്ങളിലുള്ള ഏകോപനം ചുരുക്കമായിരുന്നു.
 9. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഐടി മേഖലയിലെ കമ്പനികളും പ്രൊഡക്ടുകള്‍ ലക്ഷ്യമാക്കിയപ്പോള്‍, പ്രൊഡക്ടുകള്‍ സാധ്യമാക്കുന്ന സാങ്കേതിക അടിത്തറ വികസിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ ശ്രമിച്ചുള്ളൂ. ഉദാഹരണം: ലോക്കേല്‍, കൊളേഷന്‍, ചിത്രീകരണം, ഇന്‍പൂട് ടൂളുകള്‍, ഫോണ്ടുകള്‍. മെഷീന്‍ ട്രാന്‍സ്‌‌ലേഷന്‍ ടെക്നോളജിയില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ നല്ലൊരു മോര്‍ഫോളജി നിഘണ്ടുവില്ലാത്തതോ പാരലല്‍ കോര്‍പറയില്ലാത്തതോ പ്രശ്നമായി കണ്ടില്ല. ആറുമാസത്തിനുള്ളില്‍ ആറു ഫോണ്ടിറക്കും എന്നു വാര്‍ത്തയിറക്കിയ സ്ഥാപനം മലയാളം നേരാംവിധം കമ്പ്യൂട്ടറുകളില്‍ ചിത്രീകരിക്കപ്പെടുന്നുണ്ടോ എന്നതിനെപ്പറ്റി ചിന്തിച്ചില്ല.
 10. സോഫ്റ്റ്‌വെയര്‍ പ്രാദേശികവത്കരണത്തിലെ വലുതും ചെറുതുമായ പല പരിശ്രമങ്ങളും ആളുകള്‍ പ്രാദേശികവത്കരിക്കപ്പെട്ട സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലേക്കെത്തിയില്ല. ഇതിനു സാമുഹിക സാംസ്കാരിക കാരണങ്ങള്‍ കൂടിയുണ്ടു്.
 11. ബന്ധപ്പെട്ട ടെക്നോളജി സ്റ്റാന്‍ഡേഡുകളിലെ പാകപ്പിഴകള്‍ കാലാനുസൃതമായി പരിഹരിക്കാനോ, ഇടപെടലുകള്‍ നടത്തുന്നതിനോ പല പോരായ്മകളും ഉണ്ടായിട്ടുണ്ട്. യുണിക്കോഡ്, ഇന്‍സ്ക്രിപ്റ്റ്, ഐഡിഎന്‍ എന്നിവയെല്ലാം ഉദാഹരണം.

ഭാഷാ സാങ്കേതികവിദ്യാ വികസനത്തിന്റെ മേഖലയില്‍ ലോകത്തില്‍ ഇന്നു കാണുന്നതും വന്നുകൊണ്ടിരിക്കുന്നതുമായ ചില പ്രവണതകളും കൂടി താഴെക്കൊടുക്കുന്നു.

 1. മാറിയ ഇന്നത്തെ കാലത്തില്‍ ഭാഷാ സാങ്കേതികവിദ്യ പൂര്‍ണമായും അതാത് ഗവണ്‍മെന്റുകള്‍ വികസിപ്പിക്കുകയും ജനങ്ങള്‍ക്കുള്ള പ്രൊഡക്ടുകള്‍ ഗവണ്‍മെന്റുണ്ടാക്കും എന്നോ ആരും പ്രതീക്ഷിക്കുന്നില്ല.
 2. അതുപോലെത്തന്നെ ഐടി മേഖലയിലെ ലാഭാധിഷ്ഠിത കമ്പനികള്‍ എല്ലാം ചെയ്തുകൊള്ളും, ജനങ്ങള്‍ വെറും ഉപയോക്താക്കളാവും എന്നതും യുക്തിക്കു നിരക്കുന്നതല്ല.
 3. മാനകങ്ങളുടെ രൂപീകരണം എല്ലാ സ്റ്റേക് ഹോള്‍ഡര്‍മാരുടെയും ഒരുമിച്ചുള്ള ചര്‍ച്ചകളുടെ ഫലമാവുകയും പ്രായോഗികമായ ഒരു ഉപമാനകം അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്നതുമാണു് കണ്ടുവരുന്നതു്.
 4. ലിപി, ഭാഷാ ഉപയോഗമാതൃകകള്‍, വാക്കുകള്‍, എഴുത്തുരീതികള്‍ ഇവ എല്ലാം കേന്ദ്രീകൃതമായ ഒരു അധികാരവ്യവസ്ഥയുടെ കാര്‍ക്കശ്യത്തിലോ ഉത്തരവുകളിലോ ഒരിക്കലും ഒതുങ്ങുന്നില്ല.

ഭാഷാ സാങ്കേതികവിദ്യയില്‍ ഇനിയും മലയാളത്തിനെസംബന്ധിച്ചു വികസിപ്പിക്കേണ്ട ചില സാങ്കേതികവിദ്യകള്‍ താഴെ കൊടുക്കുന്നു. ടെക്നോളജിയുടെ ചലനാത്മകത കാരണം ഈ പട്ടിക ഒരിക്കലും സ്ഥിരമായിരിക്കില്ല എന്നോര്‍ക്കുക.

 1. ഹാന്‍ഡ്‌റൈറ്റിങ്ങ് റെക്കഗ്നീഷന്‍ ഉപയോഗിച്ചുള്ള എഴുത്തു്. ഗൂഗിളിന്റെ ഹാന്‍ഡ് റൈറ്റിങ്ങ് റെക്കഗ്നീഷന്‍ ഇല്ലേ എന്ന ചോദ്യം ഉണ്ടാവും. ഇവിടെയാണു് നമ്മള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതു്. ഹാന്‍ഡ്‌റൈറ്റിങ്ങ് റെക്കഗ്നീഷന്‍ എന്നതു് മലയാളത്തെ സംബന്ധിച്ചു് ഗൂഗിളിന്റെ പ്രൊഡക്ടുകളില്‍ മാത്രം ഉപയോഗിക്കേണ്ട ഒരു ടെക്നോളജി അല്ല. അതു് ഒരു ഇന്‍ഫ്രാസ്ട്രക്ടര്‍ ടെക്നോളജിയാണു്. ഭാഷയില്‍ എഴുതുന്നതിനു വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ പോകുന്ന ടെക്നോളജി. അതു് ഗൂഗിളിന്റേതല്ലാത്ത ഒരു പ്രൊഡക്ടില്‍/ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഉപയോഗിക്കാന്‍ കഴിയണം. ആ സാങ്കേതികവിദ്യ എല്ലാവര്‍ക്കും പഠിക്കാനും മെച്ചപ്പെടുത്താനും ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാനും കഴിയണം. ഭാഷയുടെ സാങ്കേതിക അടിത്തറയുടെ ഭാഗമായ സകലര്‍ക്കും ലഭ്യമായ ഒരു ടെക്നോളജിയായി മാറണം. ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തകമാത്രമായി നിന്നാല്‍ അതു് മൊത്തത്തില്‍ ഭാഷയുടെ സാങ്കേതികപുരോഗതിയെ സഹായിക്കുന്നില്ല. ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ്ങ് ഒരു പ്രൊപ്രൈറ്ററി ടെക്നോളജി ആണെന്നോര്‍ക്കുക.
 2. ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍- ഡിജിറ്റൈസേഷനു അത്യന്താപേക്ഷിതമായി വേണ്ട ഒരു ടെക്നോളജി
 3. സ്പീച്ച് സിന്തസൈസര്‍, സ്പീച്ച് റെക്കഗ്നൈസര്‍ - ഇസ്പീക്ക്, ധ്വനി എന്നിവ ഈ മേഖലയിലെ ആദ്യ ചുവടുവെയ്പുകളാണു്.
 4. മോര്‍ഫോളജി അനലൈസറുകള്‍. ഭാഷയിലെ വാക്കുകളെയും അവയുടെ സന്ധി സമാസം തുടങ്ങിയ വ്യാകരണസംബന്ധിയായ കാര്യങ്ങള്‍ പ്രൊസസ്സ് ചെയ്യാന്‍ വേണ്ട അല്‍ഗോരിതങ്ങളും ടൂളുകളും. സ്പെല്‍ചെക്കര്‍, ഗ്രാമര്‍ചെക്കര്‍, മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ സിസ്റ്റം തുടങ്ങിയവയ്ക്ക് ഇതു് ആവശ്യമാണു്. നല്ലൊരു മോര്‍ഫോളജി അനലൈസറില്ലാതെ മെഷിന്‍ ട്രാന്‍സ്ലേഷന്‍ സിസ്റ്റം അടുത്ത ആറുമാസത്തില്‍ ഉണ്ടാക്കുമെന്ന അനൊണ്‍സ്മെന്റുകള്‍ ഓര്‍ക്കുക. മലയാളത്തിനു നല്ലൊരു നിഘണ്ടുപോലും ഉണ്ടാകേണ്ടിയിരിക്കുന്നു, മോര്‍ഫോളജി ഡിക്ഷ്ണറിയും. ഈ മേഖലയില്‍ മലയാളം വളരെ പിന്നിലാണു്. പാരലല്‍ കോര്‍പറ ഇല്ലായ്മ തുടങ്ങിയ പല പ്രശ്നങ്ങള്‍ കാരണം ഈ മേഖലയിലെ ഗവേഷണം അത്ര മുന്നോട്ടുപോയിട്ടില്ല. ആവര്‍ത്തിച്ചു പറയട്ടെ, ഏതെങ്കിലും ഒരു കമ്പനി ഒരു പ്രൊപ്രൈറ്ററി മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ സിസ്റ്റം ഉണ്ടാക്കിയാല്‍, ഇനി ഒന്നും ചെയ്യാനില്ല, അതുപയോഗിച്ചാല്‍ മതി എന്നു കരുതിയിരിക്കരുതു്.

മേല്‍പ്പറഞ്ഞവയുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുവെയ്ക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍:

 1. ഗവേഷണം: ഭാഷാ സാങ്കേതികവിദ്യയില്‍ ഗവേഷണങ്ങളും വികസനപ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ ഏതുമേഖലയില്‍ നിന്നും വരുന്നതായാലും പ്രോത്സാഹിപ്പിക്കണം. ഇതിനായി സ്വതന്ത്രമായ സാങ്കേതികവിദ്യ നിര്‍മ്മാണങ്ങള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍/ഗ്രാന്റുകള്‍ കൊടുക്കാനുള്ള സംവിധാനം ഉണ്ടാവണം. ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പോലെയുള്ള പദ്ധതികള്‍ സംസ്ഥാനത്തെ കോളേജുകളെ അടിസ്ഥാനമാക്കി നടപ്പിലാക്കണം. ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ പ്രയത്നങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനും വര്‍ഷത്തിലൊരിക്കല്‍ ഭാഷാ സാങ്കേതികാവിദ്യാ കോണ്‍ഫെറന്‍സ് സംസ്ഥാനതലത്തില്‍ നടത്തുന്നതു നന്നായിരിക്കും. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ഒരു ഓപ്പണ്‍ ആക്സസ് രീതിയിലുള്ള ഓണ്‍ലൈന്‍ പിയര്‍ റിവ്യൂഡ് ജേണല്‍ തുടങ്ങുന്നതും നന്നായിരിക്കും.

 2. ഡോക്യുമെന്റേഷന്‍: ഭാഷാ സാങ്കേതികവിദ്യയുടെ അടിസ്ഥാന കാര്യങ്ങള്‍ വിശദമായി ഡോക്യുമെന്റ് ചെയ്യണം. ഇതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായം തേടണം. ആ ഡോക്യുമെന്റേഷന്റെ അടിസ്ഥാനത്തില്‍ ബിരുദ തലത്തില്‍ ഒരു ടെക്സ്റ്റ് ബുക്കായി ഉപയോഗിക്കാവുന്ന തരത്തില്‍ ഒരു പുസ്തകം ക്രമപ്പെടുത്തുകയും യൂണിവേഴ്സിറ്റികള്‍/കോളേജുകള്‍ എന്നിവയുമായി സഹകരിച്ചു് ഭാഷാ പഠനത്തോടൊപ്പമുള്ള ഒരു പേപ്പറാക്കി മാറ്റണം.

 3. ടൈപ്പോഗ്രഫി: മലയാളലിപിയുടെ ചിത്രീകരണം (റെന്‍ഡറിങ്ങ്) , ടൈപ്പോഗ്രഫി, കാലിഗ്രഫി എന്നിവയുടെ കലാപരവും സാങ്കേതികപരവുമായ ഒരു പഠനവും ഡോക്യുമെന്റേഷനും ഉണ്ടാവേണ്ടതുണ്ടു്. ഫൈന്‍ ആര്‍ട്സ് , എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുകൊണ്ട് ഈ മേഖയില്‍ പരിചയപ്പെടുത്തല്‍, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ഈ മേഖലയില്‍ പ്രാവീണ്യവും താത്പര്യവും ഉള്ളവരെ മലയാളത്തിനു പുതിയ ഫോണ്ടുകളും മെച്ചപ്പെട്ട ചിത്രീകരണസംവിധാനവും കെട്ടിപ്പടുക്കാന്‍ കഴിയുന്നവരാക്കണം.

 4. ലൈസന്‍സിങ്ങ്/ലഭ്യത: സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവയുടെ നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞതുമായ ഭാഷാ കമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ സ്വതന്ത്ര ലൈസന്‍സില്‍ ജനങ്ങള്‍ക്കു ലഭ്യമാക്കണം. സ്വതന്ത്ര ലൈസന്‍സിലുള്ള പ്രൊജക്ടുകളായിരിക്കണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു്.

 5. മാനകങ്ങള്‍: മാനകങ്ങളുടെ നിര്‍മ്മിതിയില്‍ കാലോചിതമായ ഇടപെടലുകള്‍ സമയബന്ധിതമായി ചെയ്യാത്തതിന്റെ കുറവുകള്‍ പലതവണ നമ്മള്‍ കണ്ടുകഴിഞ്ഞു. ഗവണ്‍മെന്റിന്റെ ഇതിലുള്ള റോള്‍: അഭിപ്രായ രൂപീകരണം, ചര്‍ച്ച, ക്രോഡീകരണം/റിപ്പോര്‍ട്ടിങ്ങ് എന്നിവയാകാം. RFC മോഡല്‍ മാനകരൂപീകരണം ആണു് ഇപ്പോള്‍കൂടുതലും നടക്കുന്നതു്. പക്ഷേ അതു് സമയത്തു് അറിയാതെപോവുകയും, വിലപ്പെട്ട അഭിപ്രായങ്ങള്‍ കൊടുക്കാന്‍ കഴിയുന്നവരെ അതില്‍ ഭാഗമാക്കാതെവരുകയും ചെയ്യാതെവരുന്ന പോരായ്മകള്‍ പരിഹരിക്കണം.

 6. പ്രാതിനിദ്ധ്യം : സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് അടക്കമുള്ള ഭാഷാ കമ്പ്യൂട്ടിങ്ങ് സ്വതന്ത്ര ഡെവലപ്പര്‍ സമൂഹത്തിന്റെ പ്രാതിനിദ്ധ്യം മലയാളം കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യാ നിര്‍മ്മാണവും പ്രൊജക്റ്റ് അംഗീകാരവും ഇതുമായി ബന്ധപ്പെട്ട നയരൂപീകരണവും നടത്തുന്ന കമ്മിറ്റികളില്‍ ഉറപ്പുവരുത്തേണ്ടതാണ്. സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മാത്രം മുന്‍കൈ അല്ല ഡെവലപ്പര്‍ സമൂഹമടങ്ങുന്ന മള്‍ട്ടി സ്റ്റേക്ക് ഹോള്‍ഡര്‍ നയരൂപീകരണങ്ങളാണു് ഇന്നു് കാലം ആവശ്യപ്പെടുന്നതു്

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഒറ്റയ്ക്കു നില്‍ക്കുന്നവയല്ല. പരിശീലനം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, നയപരിപാടികള്‍ തുടങ്ങിയവയോടൊപ്പം തുല്യപ്രാധാന്യത്തോടെ ചെയ്യേണ്ടതാണു്.

[മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രചരണം , പരിശീലനം, വിദ്യാഭ്യാസം, ഉപയോഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ ഈ ബ്ലോഗില്‍ തന്നെ വരും ദിവസങ്ങളില്‍ പ്രതീക്ഷിയ്ക്കുക]