July 22, 2016

മഞ്ജരി - പുതിയ മലയാളം ഫോണ്ട്

മഞ്ജരി - പുതിയ മലയാളം ഫോണ്ട്

മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. മഞ്ജരി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് സന്തോഷ് തോട്ടിങ്ങൽ ആണു്.

മലയാളത്തിന്റെ അക്ഷരങ്ങളെ വിടർന്നുരുണ്ട വടിവുകളിൽ ഈ ഫോണ്ട് അവതരിപ്പിക്കുന്നു. വരകളുടെ അറ്റങ്ങളും ഉരുണ്ടതാണു്. എല്ലാ വളവുകളും ഒരു ചുരുളിന്റെ - സ്പൈരലിന്റെ ഭാഗങ്ങളുപയോഗിച്ചാണു് വരച്ചിട്ടുള്ളതു്[^1]. അതുകൊണ്ടുതന്നെ മലയാളത്തിലെ നിലവിലെ ഫോണ്ടുകളിൽ നിന്നും വ്യത്യസ്ഥമായ ഒരു ടൈപ്പോഗ്രഫി പരീക്ഷണമായും ഈ ഫോണ്ടിനെ വിലയിരുത്താം. ഒരേ കട്ടി­യി­ലു­ള്ള വര­ക­ളാ­ണു് ഉപ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്.യുണിക്കോഡ് 9.0 പതിപ്പ് പിന്തുണയ്ക്കുന്നു.

സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.

അതുകൊണ്ടു തന്നെ ചെറിയ അക്ഷരങ്ങൾക്കും, തലക്കെട്ടുകൾക്കും സൌകര്യപ്രദമായി ഈ ഫോണ്ട് ഉപയോഗിക്കാം.

മല­യാ­ള­ത്തി­നു പു­റ­മേ ഇം­ഗ്ലീ­ഷ്/ലാ­റ്റിൻ അക്ഷ­ര­ങ്ങ­ളും ഈ ഫോ­ണ്ടി­ലു­ണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളതു്.

മഞ്ജ­രി എന്നാൽ മു­ത്തു് എന്നർത്ഥം. മല­യാ­ള­ത്തി­ലെ ഒരു വൃ­ത്ത­ത്തി­ന്റെ പേ­രു­മാ­ണ­തു്. ചി­ലങ്ക എന്ന കൈ­യെ­ഴു­ത്തു­ശൈ­ലിയിലുള്ള, വളരെപ്പെട്ടെന്നു ജനപ്രീതി നേടിയ ഫോണ്ട് ഇതിനുമുമ്പ് സന്തോഷ് തോട്ടിങ്ങൽ രൂപകല്പന ചെയ്തിരുന്നു.

മലയാളത്തിന്റെ അക്ഷരചിത്രീകരണ നിയമങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുക്കിയെഴുതിയിട്ടുണ്ട്. ആ സാങ്കേതികമാറ്റം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ മറ്റു ഫോണ്ടുകളിലും ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പുതുക്കലിന്റെ സാങ്കേതികവശങ്ങൾ വേറൊരു ലേഖനമായി പിന്നീട് എഴുതുന്നതാണു്. സാങ്കേതികസാക്ഷാത്കാരത്തിലും കനംകുറഞ്ഞ പതിപ്പിന്റെ രൂപകല്പനയിലും കാവ്യ മനോഹറും പങ്കാളിയായി.

തനതുലിപി ശൈലിയിലുള്ള കൂട്ടക്ഷരങ്ങൾ ധാരാളം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഈ ഫോണ്ടുകളുടെ ഫയൽ വലിപ്പം ഇത്തരത്തിലുള്ള മറ്റു ഫോണ്ടുകളെ അപേക്ഷിച്ച് വളരെ കുറവാണു്. 60 കിലോബൈറ്റ് മാത്രം എടുത്തു് വെബ് ഫോണ്ടുകളായി കാര്യക്ഷമമായി ഇവ ഉപയോഗിക്കാവുന്നതാണു്. TTF, OTF, WOFF, WOFF2 ഫോർമാറ്റുകളിൽ ഡൌൺലോഡ് ചെയ്യാം.

Download
  • വെബ്‌‌പേജിൽ എംബഡ് ചെയ്യാൻ WOFF2 Regular Bold Thin

ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൌജന്യവും ആണു് ഈ ഫോണ്ട്. ഓരോ അക്ഷരത്തിന്റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് https://gitlab.com/smc/manjari എന്ന റിപ്പോസിറ്ററിയിലുണ്ട്. 2014 നവംബറവസാനം തുടങ്ങിയ ഈ പ്രൊജക്ട് പൂർത്തിയാക്കാൻ വളരെയധികം സമയമെടുത്തു.

മലയാളം യുണിക്കോഡ് ഫോണ്ടുകളിൽ കട്ടികുറഞ്ഞ(Thin) പതിപ്പ് ഉൾക്കൊള്ളുന്ന ആദ്യത്തെ ഫോണ്ടു് എന്ന പ്രത്യേകതകൂടി ഈ ഫോണ്ടിനുണ്ട്. ഇങ്ക്സ്കേപ്[1], ഫോണ്ട്ഫോർജ്[2] എന്നീ പ്രോഗ്രാമുകൾ പ്രൊജക്ടിനുവേണ്ടി ധാരാളമായി ഉപയോഗിക്കുകയുണ്ടായി.

ഈ ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മലയാളം ഫോണ്ടുകൾ വെബ്പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാം. മഞ്ജരി ഫോണ്ടുപയോഗിച്ച് ഓറിയോൺ ചമ്പാടിയിൽ ചെയ്ത ഇല്ലസ്ട്രേഷനുകളും കാണാം. സന്ദർശിക്കുക: https://smc.org.in/fonts

ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മഞ്ജരി ഫോണ്ട് സ്വ.മ.ക PPAയിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണു്. ഉബുണ്ടുവിൽ എങ്ങനെ സ്വ.മ.ക പിപിഎ ചേർക്കാം എന്നറിയുന്നതിനു് സന്ദർശിക്കുക: ഉബുണ്ടുവില്‍ മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെങ്ങനെ?. പിപിഎ ചേർത്തതിനുശേഷം fonts-smc എന്ന പാക്കേജ് അപ്ഗ്രേഡ് ചെയ്യുക അല്ലെങ്കിൽ fonts-smc-manjari എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക.

ആർച്ച് ലിനക്സിൽ മഞ്ജരി ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഈ കമാൻഡ് ഉപയോഗിക്കാം: yaourt -S ttf-malayalam-font-manjari


  1. Inkscape is a free and open-source vector graphics editor https://www.inkscape.org/ ↩︎

  2. FontForge is a full-featured font editor which supports all common font formats https://fontforge.github.io/ ↩︎