August 15, 2015

ഓപ്പൺ ഇന്റർനെറ്റും ന്യൂട്രാലിറ്റിയും: തർക്കങ്ങളുടെ പിന്നാമ്പുറം

ഓപ്പൺ ഇന്റർനെറ്റും ന്യൂട്രാലിറ്റിയും: തർക്കങ്ങളുടെ പിന്നാമ്പുറം

സെബിൻ ഏബ്രഹാം ജേക്കബ്

69-ാം സ്വാതന്ത്ര്യദിനാശംസകൾ! ഇന്ത്യയിലെ ഇന്റർനെറ്റിന്റെ ഭാവി നിശ്ചയിക്കുന്നതിനു നമ്മളുടെ മുന്നിലുള്ളതു് കേവലം മണിക്കൂറുകൾ. വേഗം പ്രവർത്തിക്കൂ, നിങ്ങളുടെ അഭിപ്രായവും മുഴങ്ങട്ടെ...

നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത മൂന്നു കമ്മിറ്റികളാണുള്ളത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (TRAI) മൂന്നുമാസം മുമ്പ് പൊതുജനങ്ങളോട് 21 ചോദ്യങ്ങൾ ഉന്നയിച്ചു. വെറും ഒരാഴ്ചത്തെ ഇടവേളയിൽ പത്തുലക്ഷത്തിനുമീതെ പ്രതികരണങ്ങളാണു് ട്രായിക്ക് ലഭിച്ചതു്. രണ്ടാമത്തെ കമ്മിറ്റിയായ ടെലക്കോം ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഈയിടയ്ക്കാണ്. മൂന്നാമത്തേത് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി പ്രവര്‍ത്തനം നടക്കുന്നു. ടെലക്കോം ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിന്മേല്‍ ജനങ്ങളുടെ അഭിപ്രായം www.mygov.in എന്ന വെബ്‌സൈറ്റ് വഴി നമ്മുടെ അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കയുമാണു്. നമ്മുടെ ആവലാതികൾ അറിയിക്കാനും ഇന്റർനെറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കാനും കേവലം ഒരു ദിവസമാണു് ഇനി നമ്മുടെ മുന്നിലുള്ളതു്. ഈ പോരാട്ടത്തിൽ അണിചേരുവാനും ഡിജിറ്റൽ യുഗത്തിലെ വിവരവിനിമയത്തിന്റെ സംരക്ഷകരാകുവാനും നമുക്കു് ഒരുമിക്കാം. അതിനായി ചെയ്യേണ്ടതു് ഇത്രമാത്രം. ആദ്യം കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. അതിനുശേഷം എഴുതിത്തയ്യാറാക്കിയ പ്രതികരണം ഇവിടെ നൽകുക. പ്രതികരിക്കുന്നതിനു മുമ്പു് നെറ്റ് ന്യൂട്രാലിറ്റി എന്താണെന്നും ഇന്ത്യൻ സാഹചര്യത്തിൽ അതു് എങ്ങനെയാവും എന്നും മനസ്സിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന ലേഖനം വായിക്കാം.

നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ഒട്ടുമിക്ക ചർച്ചകളും ഇന്നു് ഒരു ബൈനറി ലോജിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കയാണു്. നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി വാദിക്കുന്ന സ്വാതന്ത്ര്യപ്പോരാളികളും നെറ്റ് ന്യൂട്രാലിറ്റിയെ എതിർക്കുന്ന കോർപ്പറേറ്റ് പിശാചുക്കളും എന്ന നിലയിലാണു് പൊതുജനം ഈ വിഷയത്തെ സമീപിക്കുന്നത്. തങ്ങൾ നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി നിലകൊള്ളുന്നു എന്നു വാദിക്കാൻ വിരുദ്ധചേരികളിൽ നിൽക്കുന്ന രാഷ്ട്രീയകക്ഷിനേതാക്കന്മാർ മുന്നോട്ടുവരുന്നു. നെറ്റ് ന്യൂട്രലായിരിക്കണമെന്നും അതിലേക്കുള്ള ആദ്യപടിയായ access അഥവാ പ്രാപ്യതയ്ക്കു വേണ്ടിയുള്ള കരാറുകളിലാണു് തങ്ങൾ ഏർപ്പെട്ടിട്ടുള്ളതെന്നും ഫെയ്സ് ബുക്ക് സിഇഒ മാർക്ക് സുക്കൻബർഗ് പ്രസ്താവിക്കുന്നു. ഈ വിഷയം സംബന്ധിച്ചു് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ കൺസെപ്റ്റ് പേപ്പറിനോടു പ്രതികരിച്ചുകൊണ്ടു്, savetheinternet.in എന്ന വെബ് പോർട്ടലിന്റെ നേതൃത്വത്തിൽ നടത്തിയ വമ്പിച്ച ക്യാമ്പെയിനിന്റെ അനന്തരഫലമായാണു്, നയം വ്യക്തമാക്കാൻ രാഷ്ട്രീയക്കാരും കമ്പനി മേധാവികളും നിർബന്ധിതരായതു്. എല്ലാ വെബ് സൈറ്റുകളോടും വെബ് സേവനങ്ങളോടും ഒരേ അടുപ്പം / ഒരേ അകലം എന്ന നയമാണു് നെറ്റ് ന്യൂട്രാലിറ്റിയുടെ കാതൽ. ആരെയും ഒഴിവാക്കാതെയും ആർക്കും പ്രത്യേക പരിഗണന നൽകാതെയും എല്ലാവർക്കും ഒരേ ബാൻഡ് വിഡ്ത്ത് പ്രദാനം ചെയ്യുക എന്നും പറയാം.

വേറുകൃത്യം രണ്ടുരീതിയിലുണ്ടാവാം. പിന്നാക്കം മാറ്റിനിർത്തലായും മുന്നോട്ടു കയറ്റിനിർത്തലായും. (-ve or +ve discrimination). മാറ്റിനിർത്തൽ അഥവാ ഒഴിവാക്കൽ പരക്കെ വിമർശനവിധേയമാകുമ്പോൾ കയറ്റിനിർത്തൽ തികച്ചും അർഹമായ പരിഗണന ആയാണു് കണക്കിലെടുക്കാറുള്ളതു്. Affirmative action എന്നു് അറിയപ്പെടുന്ന, സാമൂഹികമായും സാമുദായികമായും ലിംഗപരമായും അവശത അനുഭവിക്കുന്ന വിഭാഗത്തിനു ലോകത്തിലെ പല മികച്ച സമൂഹങ്ങളും നൽകിവരുന്ന വിദ്യാഭ്യാസ, തൊഴിൽ സംവരണങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം പിടിച്ചുയർത്തലാണു്. അല്ലാത്ത പക്ഷം തികച്ചും പാർശ്വവത്കരിക്കപ്പെട്ടുപോകുന്ന ജനതതിയെ കൈപിടിച്ചുയർത്താനാണു്, ഇത്തരം രീതികൾ ആവിഷ്കരിച്ചിട്ടുള്ളതു്. ജനാധിപത്യമൂല്യങ്ങളുടെ അന്തസത്ത തന്നെ, ഭൂരിപക്ഷതീരുമാനം ന്യൂനപക്ഷത്തിനുമേൽ നടപ്പാക്കുക എന്നതല്ല, മറിച്ചു്, ന്യൂനാൽന്യൂനപക്ഷമായ വിഭാഗത്തിനുകൂടി പറയാനുള്ളതെന്താണെന്നു കേൾക്കുകയും അവർക്കുകൂടി സ്വീകാര്യമായ തീരുമാനങ്ങളെ കൈക്കൊള്ളുകയും ചെയ്യുക എന്നതാണു്. ഈ രണ്ടു് ഉദാഹരണങ്ങളും പറഞ്ഞതു് ന്യൂട്രാലിറ്റി എന്ന ഇന്നുപരക്കെ ചർച്ചയിലിരിക്കുന്ന വാക്കു് സാവർവ്വലൗകികവും സാർവ്വകാലികവുമായി പ്രയോഗിക്കാവുന്ന രാഷ്ട്രീയ സമതയുടെ പടക്കോപ്പല്ല എന്നു മുന്നറിയിപ്പു നൽകാനാണു്. അതായതു്, ഈയൊരു വൈരുദ്ധ്യാത്മകതയുടെ വെളിച്ചത്തിൽ മാത്രമേ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചർച്ചയ്ക്കും സാംഗത്യമുള്ളൂ.

ഇനി കാര്യത്തിലേക്കു കടക്കാം. ഇന്റർനെറ്റ് എന്നുപറയുന്നതു് സൗജന്യവും സ്വതന്ത്രവുമായ ഒരു കമ്പ്യൂട്ടർ ശൃംഖലയാണു്. ആ ശൃംഖലയിലുൾപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽത്തമ്മിൽ പരസ്പരം വിവരം കൈമാറാം. ഈ ശൃംഖലയിലേക്കു കടക്കണമെങ്കിൽ നിങ്ങൾക്കു് നിലവിൽ ഒരു ടെലികോം സർവ്വീസ് പ്രൊവൈഡറുടെ (ടി.എസ്.പി) ഇൻഫ്രാസ്ട്രക്ചർ ആവശ്യമാണു്. ഈ ഇൻഫ്രാസ്ട്രക്ചർ പണിതുയർത്താൻ ഇവർ ധാരാളം പണം മുടക്കിയിട്ടുണ്ടു്. പഴയ മട്ടിലുള്ള ടെലിഫോൺ കമ്പികൾ മാറ്റി ഫൈബർ ഒപ്ടിക് കേബിൾ സ്ഥാപിച്ചുകൊണ്ടാണു് അതിവേഗ ശൃംഖലയിലേക്കു് ഇവർ നമ്മെ ബന്ധിപ്പിക്കുന്നതു്. ഇതു ചെലവേറിയതും പ്രായേണ ബുദ്ധിമുട്ടുള്ളതുമാണു്. ഇന്ത്യയുടെ പ്രത്യേക പശ്ചാത്തലത്തിലാവട്ടെ, ഇങ്ങനെ ഫിക്സ്ഡ് ലൈൻ വഴിയല്ല, ബ്രോഡ് ബാൻഡ് ലഭ്യത പരക്കെ ആസ്വദിക്കുന്നതു്. മറിച്ചു് മൊബൈൽ ഫോൺ ആണു് മിക്ക ഇന്ത്യക്കാരുടെയും ആദ്യ ഇന്റർനെറ്റ് എനേബിൾഡ് ഡിവൈസ്. അതിനാവശ്യമായ വൈഫൈ ശൃംഖലയ്ക്കു് ഇന്നു ജിഎസ്എം, സിഡിഎംഎ എന്നിങ്ങനെ രണ്ടുവ്യത്യസ്ത സാങ്കേതികവിദ്യകളെയാണു് ആശ്രയിക്കുന്നതു്. ഇവയിൽ സിഡിഎംഎ ടെക്നോളജിയാണു് ഡേറ്റ ട്രാൻസ്ഫറിനു് കൂടുതൽ യോജ്യമായിട്ടുള്ളതു്. ഫൈനൈറ്റ് ആയ ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം ഉപയോഗിച്ചാണു് നിലവിൽ ഈ സാങ്കേതികവിദ്യകൾ ഇന്റർനെറ്റ് ശൃംഖലയിലേക്കു് ഒരു ഉപയോക്താവിനെ ബന്ധിപ്പിക്കുന്നതു്. കൂടുതൽ സ്പെക്ട്രം റിലീസ് ചെയ്യാൻ ഇല്ലാതിരിക്കെ ഉള്ള സ്പെക്ട്രം പങ്കിട്ടു് ഉപയോഗിക്കുന്നതിനു തടസ്സമില്ലാതെയെങ്കിലും ഇരിക്കേണ്ടതുണ്ടു്. എന്നാൽ ഇന്ത്യയിലെ നിബന്ധനപ്രകാരം ഇവിടുത്തെ ഓപ്പറേറ്റർമാർക്കു് നിലവിൽ സ്പെക്ട്രം കൈവശമുള്ളവരിൽ നിന്നു് അതു വാങ്ങാനോ ലീസിനു് എടുക്കാനോ കഴിയില്ല.

കൂടാതെ യുഎസിനെ അപേക്ഷിച്ചു ഭീമമായ റെഗുലേറ്ററി ഫീസ് ആണു് ഇന്ത്യയിൽ ഉള്ളതെന്നു ടെലികോം കമ്പനികൾ ആരോപിക്കുന്നു. ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്ജ് എന്നിങ്ങനെ തങ്ങളുടെ വരുമാനത്തിന്റെ 30% വരെ റെഗുലേറ്ററി എക്സ്പെൻസ് ആയി പോകുമത്രേ. അതേ സമയം VOIP (voice over internet protocol) സേവനങ്ങൾക്കും ഇതര OTT സേവനങ്ങൾക്കും ഈ റെഗുലേറ്ററി കോസ്റ്റ് മുടക്കേണ്ടിവരുന്നില്ല. സ്കൈപ്, വൈബർ തുടങ്ങിയ ഇന്റർനെറ്റ് ടെലിഫോണി സേവനങ്ങളും വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് സേവനങ്ങളും ടെലികോം, എസ്എംഎസ് പ്രൊവൈഡർമാർ നൽകുന്ന അതേ തരം സേവനങ്ങളാണു് നൽകുന്നതു് എന്നും ഇതു് ദുർഘടമായ മത്സരത്തിനു് ഇടയാക്കുന്നു എന്നും അവർ പറയുന്നു. സ്പെക്ട്രം ലേലത്തിൽ പിടിക്കാൻ ഇന്ത്യയിലെ മൊബൈൽ കമ്പനികൾ വലിയ തുക മുടക്കിയിരുന്നു. അതു് തിരിച്ചുപിടിക്കാൻ തങ്ങളെ സഹായിക്കണമെന്നും അതിനായി വെബ്ബിലെ പ്രത്യേക സേവനങ്ങൾക്കു് പ്രത്യേക ഫീസ് ഏർപ്പെടുത്താൻ അനുവദിക്കണം എന്നുമുള്ളതാണു് അവരുടെ ആവശ്യം. നമുക്കു ചുങ്കപ്പാതകളും രാജധാനി എക്സ്പ്രസുകളും ഉള്ളതുപോലെ ഇന്റർനെറ്റിന്റെ കാര്യത്തിലും ചില പ്രത്യേക പാതകൾ അനുവദിക്കണം എന്നു് ഇവർ വിശദീകരിക്കുന്നു. യുഎസിനെ അപേക്ഷിച്ചു് ഇന്ത്യയിൽ ഐ.എസ്.പികളുടെ എണ്ണം കൂടുതലാണെന്നും ഇതു് മത്സരം വർദ്ധിപ്പിക്കുന്നു എന്നുമാണു് ഇവരുടെ നിലപാടു്. ടി.എസ്.പികൾക്കു് വർദ്ധിച്ച തോതിലുള്ള വെബ് ട്രാഫിക് താങ്ങാനാവുന്നില്ലെന്നും ശൃംഖലയിലെ തിരക്കൊഴിവാക്കാൻ നെറ്റ് ന്യൂട്രാലിറ്റി വേണ്ടെന്നുവയ്ക്കണം എന്നും ഇവർ പറയുന്നു.

ഇവിടെ നമുക്കു ചിലകാര്യങ്ങളിൽ വ്യക്തത ഉണ്ടാവണം. ഒരു ടി.എസ്.പിയുടെ ശൃംഖല ഉപയോഗിച്ചു വേൾഡ് വൈഡ് വെബ് ആക്സസ് ചെയ്യുന്നതിനു് നാം വാടക നൽകുന്നുണ്ടു്. വാടക കൊടുത്തു് നാം ഉപയോഗിക്കുന്ന ഇൻഫ്രാസ്ട്രക്ചർ എന്താവശ്യത്തിനായാണു് ഉപയോഗിക്കുന്നതു് എന്നതു് ടി.എസ്.പികൾ നിശ്ചയിക്കേണ്ട കാര്യമല്ല. ഉദാഹരണത്തിനു് ഞാൻ ടോൾ റോഡ് ഉപയോഗിക്കുമ്പോൾ, ആ റോഡിലൂടെ ട്രക്ക് കൊണ്ടുപോകണോ കാർ കൊണ്ടുപോകണോ എന്നു നിശ്ചയിക്കുന്നതു് ഞാനാണു്. ഇവയ്ക്കു് വ്യത്യസ്ത നിരക്കുകളിലാവാം ഞാൻ ടോൾ കൊടുക്കുന്നതു്. അതിനു് എനിക്കു സമ്മതവുമാണു്. എന്നാൽ അങ്ങനെയിരിക്കുമ്പോൾ തന്നെ, ട്രക്കിൽ മീൻ കയറ്റുന്നതിനു പ്രത്യേക ഫീസ്, മണൽ കയറ്റുന്നതിനു പ്രത്യേക ഫീസ് എന്നിങ്ങനെ വ്യത്യസ്തമായ നിരക്കുകൾ ആവശ്യപ്പെടാൻ ടോൾ പിരിവുകാർക്കു് അവകാശമില്ല. എന്റെ വാഹനത്തിന്റെ വലുപ്പമനുസരിച്ചുള്ള ടോൾ ഞാൻ കൊടുത്തുകഴിഞ്ഞാൽ ആ വാഹനത്തിൽ എന്തുകൊണ്ടുപോകണം എന്നു നിശ്ചയിക്കുന്നതു് ഞാനാണു്. നിയമം അനുവദിക്കുന്ന എന്തും അതിൽ കൊണ്ടുപോകാനാവണം.

അതേപോലെ, നാം ഒരു ഡേറ്റാ പ്ലാൻ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞാൽ ഉപയോഗിക്കുന്ന ഡേറ്റയുടെ അളവിനും ലഭ്യമായ വേഗതയ്ക്കും ആനുപാതികമായി നാം ടി.എസ്.പിക്കു് വാടക നൽകുന്നുണ്ടു്. അതായതു്, കൂടുതൽ വേഗതയുള്ള ലൈനിനു് കൂടുതൽ പണം, കൂടുതൽ ഡേറ്റ ട്രാൻസ്ഫറിനു് കൂടുതൽ പണം എന്നിങ്ങനെ നാം നൽകുന്നു. സാധാരണഗതിയിൽ ടെലിഫോൺ വരിസംഖ്യയ്ക്കു് പുറമേയാണു്, അതേ ലൈനിലൂടെ തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന ഡേറ്റയ്ക്കും നാം പ്രത്യേകമായി വരിസംഖ്യ നൽകുന്നതു്. (ഡേറ്റയ്ക്കു വേണ്ടി മാത്രമുള്ള പ്ലാനുകളും ഉണ്ടു്). ഈ ഡേറ്റ എന്നുപറയുന്നതു് പാക്കറ്റുകളായാണു് അയയ്ക്കുന്നതു്. ഓരോ പാക്കറ്റിനും ഒരേ ഭാരമാണു്. അതു് ടെക്സ്റ്റ് ആയാലും വീഡിയോ ആയാലും സൗണ്ട് ആയാലും വ്യത്യാസം വരുന്നില്ല. പാക്കറ്റുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാവാം. ആ എണ്ണത്തിനനുസരിച്ചു് ഞാൻ എനിക്കു് അനുവദിച്ച ബാൻഡ് വിഡ്ത്തിൽ എനിക്കു് അനുവദിച്ച ഡേറ്റയാണു് ഉപയോഗിച്ചു തീർക്കുന്നതു്. അതായതു് ഉപയോഗിക്കുന്ന റോഡിന്റെ മേന്മയ്ക്കും അതിൽ ഞാനോടിക്കുന്ന വണ്ടിയുടെ ഭാരത്തിനും അനുസരിച്ചുള്ള ടോൾ ഞാൻ കൊടുക്കുന്നുണ്ടു്. അതിൽ തരംതിരിവു കാണിക്കേണ്ട കാര്യം ടി.എസ്.പികൾക്കില്ല.

അങ്ങനെയിരിക്കെയാണു് ഇന്ത്യയിൽ എയർടെലും റിലയൻസും സീറോ റേറ്റിങ് പ്ലാനുകൾ കൊണ്ടുവരുന്നതു്. ഇന്റർനെറ്റ് അപ്രാപ്യമായ വലിയൊരുവിഭാഗം ജനതയ്ക്കു് ഇന്റർനെറ്റ് എത്തിക്കുകയാണു് തങ്ങളുടെ ലക്ഷ്യം എന്നാണു് ഇവരുടെ അവകാശവാദം. ഏതാണ്ടു് നൂറ്റമ്പതോളം സൈറ്റുകളാണു് എയർടെൽ സീറോയുടെ ഭാഗമായി ലഭ്യമാവുക. ഫെയ്സ്ബുക്കും റിലയൻസും കൂടി അവതരിപ്പിച്ച ഇന്റർനെറ്റ് ഡോട്ട് ഓർഗിലാവട്ടെ 38 സൈറ്റുകളും. ഡേറ്റാപ്ലാനുകൾ ഒന്നും സബ്സ്ക്രൈബ് ചെയ്യാത്ത ഒരു ഉപയോക്താവിനു് തങ്ങളുടെ ഡിവൈസ് ഉപയോഗിച്ചു് ഈ സൈറ്റുകളിലേക്കു് സൗജന്യമായി എത്തിച്ചേരാം എന്നു് ഇവർ പറയുന്നു. അതിനെ എന്തിനു് എതിർക്കണം എന്നുള്ളതാണു് നിഷ്കളങ്കമായ ചോദ്യം.

ഒന്നാമത്തെ കാര്യം ഇവർ എത്തിക്കുന്നു എന്നുപറയുന്നതു്, ഇന്റർനെറ്റ് അല്ല എന്നുള്ളതാണു്. പകരം അതിലെ എണ്ണിപ്പെറുക്കിയെടുത്ത ചില സൈറ്റുകൾ മാത്രമാണു് ഇവരുടെ പട്ടികയിലുള്ളതു്. അതിനെ ഇന്റർനെറ്റ് എന്നുവിളിക്കാനാവില്ല. ഇന്റർനെറ്റിന്റെ അതീവന്യൂനഗണം (minor subset) മാത്രമാണതു്. ഇങ്ങനെ കുറേ സൈറ്റുകൾ സൗജന്യമായി നൽകുന്നതു് affirmative action ആണെന്ന തരത്തിൽ കാണുന്നതിലും അപകടമുണ്ടു്. രാഷ്ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായും മുന്നാക്കം നിൽക്കുന്ന വിഭാഗത്തിനെ തന്നെ പിന്നെയും മുന്നോട്ടു കയറ്റിനിർത്തിയാൽ ഫലത്തിൽ സംഭവിക്കുന്നതു് പിന്നാക്ക വിഭാഗത്തെ പൂർണ്ണമായും മാറ്റിനിർത്തുക എന്നുള്ളതാണു്. അതായതു്, ഇന്ത്യയിൽ നിലവിലുള്ള ദളിത് സംവരണത്തിന്റെ സ്ഥാനത്തു് ഗോയങ്കമാർക്കും അംബാനിമാർക്കും തൊഴിൽ / വിദ്യാഭ്യാസ സംവരണം നൽകിയാൽ എങ്ങനെയുണ്ടാവും? ഇന്റർനെറ്റ് എന്ന വ്യാജേന, വെബ്ബിന്റെ വിശാലതയെ ഒരു ചെറിയ ഇടത്തിലേക്കു് ഒതുക്കി, മറ്റു സൈറ്റുകളെയും സേവനങ്ങളെയും ഉപയോക്താക്കളിൽനിന്നു് വകഞ്ഞുമാറ്റി നിർത്തുകയാണു് ഇതിലൂടെ ചെയ്യുന്നതു്. ഫെൻസിങ് അഥവാ വേലികെട്ടൽ എന്നു് ഇതിനെ പറയുന്നു.

രണ്ടാമത്തെ കാര്യം അതിനായി ഉപയോക്താവു പണം നൽകുന്നില്ലെങ്കിലും ഈ പട്ടികയിലുൾപ്പെട്ട പോർട്ടലുകൾ സർവീസ് പ്രൊവൈഡർക്കു് അങ്ങോട്ടുപണം കൊടുക്കുന്നുണ്ടു് എന്നതാണു്. അവർക്കു് കൊടുക്കാൻ പണമുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ എന്താണു പ്രശ്നം എന്നു ചോദിക്കാം. ഇതിനെ ചന്തകളിൽ നിലവിലുള്ള കങ്കാണിപ്പണത്തോടും ഉപമിക്കാം. അതായതു്, ചന്തയിൽ കച്ചവടം ചെയ്യുന്നതിനു് തരകന്മാർക്കു് (ചന്ത നടത്തിപ്പുകാർ) ലാഭത്തിന്റെ പങ്കുനൽകുന്നതുപോലെ ഒരേർപ്പാടു്. പ്രൊഡക്റ്റ് സൈക്കിളിൽ യാതൊരു പങ്കും വഹിക്കാതെ ഇടനിലനിന്നു് ഒപ്പിക്കുന്ന പണമാണിതു്. ഇതിലെ അപകടം എന്താണെന്നുവച്ചാൽ, അതൊരു entry barrier തീർക്കുകയാണു് എന്നുള്ളതാണു്. അതായതു്, ഇങ്ങനെ കപ്പം കൊടുക്കാൻ കഴിവുള്ളവരെ മാത്രമേ, തങ്ങൾ പ്രത്യേകമായി carve ചെയ്തെടുത്ത ഇന്റർനെറ്റിന്റെ സബ് സെറ്റിലേക്കു് ഇവർ പ്രവേശിപ്പിക്കുകയുള്ളൂ. ഇതു് സ്റ്റാർട്ട് അപ്പുകളോടു കാട്ടുന്ന വിവേചനമാണു്. ഇത്തരം വിവേചനം മുമ്പേ ഉണ്ടായിരുന്നെങ്കിൽ ഫെയ്സ് ബുക്കോ ഗൂഗിളോ ഒന്നും ഉണ്ടാവുമായിരുന്നില്ല. നിലവിലുള്ള ഒരു ശൃംഖലയിലേക്കു് ആ ശൃംഖല ഉപയോഗിക്കുന്നതിനുള്ള വാടക നൽകി ആർക്കുവേണമെങ്കിലും തങ്ങളുടെ സർവറുകളെ (തത്വത്തിൽ കമ്പ്യൂട്ടറിനെ) പ്ലഗ് ഇൻ ചെയ്യാം എന്ന അവസ്ഥയ്ക്കു് അതോടെ മാറ്റമുണ്ടാവുകയാണു്. അതായതു് നിങ്ങൾ സൗജന്യമായി ഒരു സൈറ്റോ സേവനമോ നൽകിയാലും അതിനെ ജനങ്ങളുടെ അടുത്തെത്തിക്കുന്നതിനു് നിങ്ങൾ സർവ്വീസ് പ്രൊവൈഡർക്കു് കൈക്കൂലി നൽകേണ്ടിവരുന്നു. ഇതു് നിങ്ങളുടെ ടോട്ടൽ കോസ്റ്റ് കാര്യമായി ഉയർത്താൻ ഇടയാക്കുന്നു. സേവനങ്ങൾ നൽകി അതിലൂടെ ലാഭം ഉണ്ടാക്കുമ്പോൾ ആ ലാഭത്തിന്റെ ഒരു പങ്കു് ടി.എസ്.പിക്കും നൽകുന്നതിൽ എന്താണു് തെറ്റ് എന്നാണു പിന്നെയും ചോദ്യം. ബസിൽ കയറി സഞ്ചരിക്കുന്ന യാത്രക്കാരെ ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കുമ്പോൾ ആ സ്റ്റോപ്പിനോടു ചേർന്നുള്ള കച്ചവട സ്ഥാപനങ്ങൾ ബസ് നടത്തിപ്പുകാർക്കു് പ്രത്യേകമായി പണം നൽകണം എന്നതുപോലെയുള്ള വാദമാണതു്. ബസിൽ സഞ്ചരിക്കുന്നതിനു് യാത്രക്കാർ ടിക്കറ്റ് എടുക്കുന്നുണ്ടു്. അങ്ങനെ ടിക്കറ്റ് എടുക്കേണ്ടെന്നും പകരം ഒരു പ്രത്യേക കടയിലേക്കു് ആളെ തങ്ങൾ സൗജന്യമായി കൊണ്ടുവന്നോളാം എന്നും അതിനു് ആ കടക്കാർ ലാഭവിഹിതം നൽകണം എന്നുമാണു് പറയുന്നതു്. അങ്ങനെ സൗജന്യമായി വരുന്ന യാത്രികർക്കു് നഷ്ടമാകുന്നതാവട്ടെ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം (choice) ആണു്. ആ കടയിൽ മാത്രമേ അവർക്കു പോകാൻ അനുവാദമുള്ളൂ. വിസ്തൃതമായ കമ്പോളത്തെ ഏതാനും കടകളിലേക്കു് അതിലൂടെ ഒതുക്കുകയാണു ചെയ്യുന്നതു്. ഈ സേവനങ്ങൾ വികസിപ്പിക്കുന്നതിനും അതു നൽകുന്നതിനും ബുദ്ധിയും മനുഷ്യവിഭവശേഷിയും പണവും ഉപയോഗിച്ചിട്ടുണ്ടു്. ശൃംഖലയിലേക്കു തങ്ങളുടെ കമ്പ്യൂട്ടറിനെ ബന്ധിപ്പിക്കാനുള്ള വാടകയിനത്തിലല്ലാതെ, ആപ്ലിക്കേഷൻ ഡവലപ് ചെയ്യാൻ ചെലവാക്കിയ മുടക്കുമുതലിന്റെ ഒരു ഭാഗം തന്നെ ടി.എസ്.പിക്കു നൽകുന്നതിലൂടെ, മൂലധനച്ചെലവു വർധിപ്പിക്കാൻ അവരെ നിർബന്ധിക്കുക വഴി, ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിനു് ഉപയോക്താവു നൽകേണ്ടിവരുന്ന കമ്മിഷൻ തന്നെയാവും ഫലത്തിൽ വർദ്ധിക്കാൻ പോകുന്നതു്. അതായതു്, ആരും ഒന്നും സൗജന്യമായി അനുഭവിക്കുന്നില്ല. ആത്യന്തികമായി അതിന്റെ ഭാരം താങ്ങാൻ പോകുന്നതു് end user തന്നെയാവും.

മൂന്നാമത്തെ പ്രശ്നം സ്വജനപക്ഷപാതം (favoratism) ആണു്. പണം കൊടുക്കാൻ തയ്യാറായാൽ തന്നെയും ഈ പട്ടികയിൽ ഏതൊക്കെ സൈറ്റുകൾ / സേവനങ്ങൾ ഉൾപ്പെടുത്തണം എന്നു തീരുമാനിക്കുന്നതു് ടി.എസ്.പിയാണു്. നിരവധി ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്നു് ഏതെങ്കിലും നിശ്ചിത എണ്ണം മാത്രം. നിരവധി ന്യൂസ് പോർട്ടലുകളിൽ നിന്നു് വിരലിൽ എണ്ണാവുന്നവ മാത്രം. ഈ നിലയിൽ കാർട്ടലൈസേഷൻ എന്നു പറയുന്ന, ഫ്രീ മാർക്കറ്റ് എക്കണോമിക്കു തന്നെ ഭീഷണിയായ, ശിങ്കിടി മുതലാളിത്തം (crony capitalism) ആണു് നടപ്പാവുന്നതു്. ഇന്റർനെറ്റ് ഡോട്ട് ഓർഗിൽ നിലവിൽ ഉൾപ്പെട്ടിരിക്കുന്ന സൈറ്റുകളുടെ പട്ടിക എടുത്തു പരിശോധിച്ചാൽ പരിചിതമായ കുറേ സൈറ്റുകളുടെയൊപ്പം നിരന്തര ഇന്റർനെറ്റ് ഉപയോക്താക്കൾക്കു പോലും അപരിചിതമായ ചില സൈറ്റുകളും സ്ഥാനം പിടിച്ചിരിക്കുന്നതു കാണാം. ഇവ, സർവീസ് പ്രൊവൈഡറുടെ തന്നെ സൈറ്റുകളാവാം. ഈ സൗജന്യം കൊടുക്കലിന്റെ മറവിൽ അവർ തങ്ങളുടേതു മാത്രമായ ഒരു സാമ്രാജ്യത്തെയാണു് ചെത്തിയൊതുക്കിയെടുക്കുന്നതു്. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും എതിരായ നിയമങ്ങളെ റദ്ദാക്കിക്കൊണ്ടു നിലവിൽ വന്ന സൂപ്പർ മാർക്കറ്റു് ശൃംഖലകൾ എങ്ങനെയാണു് FMCG (fast moving consumer goods) സാമഗ്രികളുടെ വിലയുയർത്തിയതു് എന്നും ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കൃത്രിമമായി ഉയർത്തുകവഴി എങ്ങനെയാണു് ജീവിതച്ചെലവു വർധിച്ചതു് എന്നും നമുക്കു് സാമാന്യമായി അറിയാം. ഈ ശൃംഖലകളിൽ Phantom Goods സ്ഥാനം പിടിക്കുന്നതും നാം കാണുന്നു. അതായതു്, വളരെയധികം വിറ്റഴിയുന്ന ഒരു ബ്രാൻഡിന്റെ സ്ഥാനത്തു് അതിനോടു സാമ്യമുള്ള, എന്നാൽ തങ്ങളുടെ സ്വന്തം താത്പര്യത്തിലുള്ള goods മാറ്റിവയ്ക്കുന്ന പരിപാടിയാണിതു്. ഉദാഹരണത്തിനു് റിലയൻസിന്റെ ചെയ്നിൽ പിയേഴ്സ് സോപ്പിനെ മെല്ലെമെല്ലെ ഷെൽഫിൽ നിന്നു പിൻവലിക്കുകയും അതേ സ്ഥാനത്തു് 123 Skin എന്ന അതേ മട്ടിലുള്ള പാക്കേജിങ്ങിൽ വരുന്ന ഗ്ലിസറിൻ സോപ്പ് സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഈ പുതിയ സോപ്പിനു് പരസ്യത്തിന്റെ ഭാരമില്ല. പകരം പിയേഴ്സ് ഉണ്ടാക്കിവച്ച വിപണിയിലേക്കാണു് കച്ചവടശൃംഖലയുടെ കൈകാര്യകർതൃത്വത്തിലൂടെ അവർ കടന്നുകയറുന്നതു്. ഇതേപോലെയാണു്, സജീവമായ ചില സൈറ്റുകളുടെയൊപ്പം തികച്ചും അപരിചിതമായ Facts for life, girl effect, hungama play, jagran josh, reliance astrology തുടങ്ങിയ ചില സൈറ്റുകൾ ഇന്റർനെറ്റ് ഡോട്ട് ഓർഗിൽ സ്ഥാനം പിടിക്കുന്നതു്. ഇതു് സ്വജനപക്ഷപാതം മാത്രമാണു്.

നാലാമത്തെ കാര്യം, എല്ലാവർക്കും ഇന്റർനെറ്റിന്റെ സബ് സെറ്റ് പോലും പ്രാപ്യമാക്കുക എന്നതല്ല ഇവരുടെ ലക്ഷ്യം എന്നതാണു്. റിലയൻസിന്റെ ഡിവൈസ് ഉപയോഗിക്കുന്നവർക്കു മാത്രമാണു് ഇന്റർനെറ്റ് ഡോട്ട് ഓർഗ് പ്രാപ്യമാവുക. എയർടെലിന്റെ സബ്സ്ക്രൈബേഴ്സിനു മാത്രമാണു് എയർടെൽ സീറോ പ്രാപ്യമാവുക. ഇതു് ഒരുതരം വെൻഡർ ലോക്കിങ് സൃഷ്ടിക്കുന്നു. ഇതിനെ ബ്രാൻഡ് ലോയൽറ്റി ആയി തെറ്റിദ്ധരിക്കുന്നതിൽ അർത്ഥമില്ല. മത്സരക്ഷമതയെ തകർക്കുന്ന bundling എന്ന പ്രതിഭാസമാണിതു്. അതായതു് റിലയൻസിന്റെ കൈയിൽ നിന്നു മൊബൈൽ വാങ്ങിയാൽ അതിനൊപ്പം ഇന്നയിന്ന ആപ്ലിക്കേഷനുകൾ ബണ്ടിൽ ചെയ്തു നൽകുന്നു. ഡേറ്റ പ്ലാൻ എടുക്കാതെ തന്നെ ഈ ആപ്ലിക്കേഷനുകളുപയോഗിക്കാൻ ഉപഭോക്താവിനാവും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവ അവിടെയുണ്ടു്. റിലയൻസിൽ നിന്നു് മറ്റൊരു പ്രൊവൈഡറിലേക്കു് നമ്പർ പോർട്ട് ചെയ്താൽ ഈ സൗജന്യം അവിടെ നിൽക്കും. അതുകൊണ്ടുതന്നെയാണു്, ഈ നീക്കത്തിനെതിരെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ സുഓ മോട്ടോ കേസ് രജിസ്റ്ററാക്കിയതു്.

അഞ്ചാമത്തെ കാര്യം, മൊബൈൽ ഫോണാണു് പലരുടെയും ഇന്റർനെറ്റിലേക്കുള്ള ആദ്യ പാലം എന്നിരിക്കെ ഇങ്ങനെ ന്യൂനീകരിച്ച ഇന്റർനെറ്റിന്റെ കഷ്ണം മാത്രം ഉപയോഗിച്ചു ശീലിച്ചവർ കരുതുക ഇന്റർനെറ്റെന്നാൽ ഇതുമാത്രമാണു്, അല്ലെങ്കിൽ ഇത്രയേ ഉള്ളൂ എന്നാണു്. അതിനപ്പുറമുള്ള വലിയ ശൃംഖലയെക്കുറിച്ചു് അവർ അറിയുക പോലുമില്ല. സേർച്ച് ചെയ്യാൻ ബിങ് മാത്രം, സ്വതന്ത്ര വിവരശേഖരം എന്ന നിലയിൽ വിക്കിപ്പീഡിയ മാത്രം, മലയാളം വാർത്ത വായിക്കാൻ മനോരമ ന്യൂസ് ഡോട്ട് കോം മാത്രം എന്നിങ്ങനെയാണു് ഇന്റർനെറ്റ് ഡോട്ട് ഓർഗിന്റെ ഘടന. അവരെ സംബന്ധിച്ചിടത്തോളം മലയാളത്തിൽ മറ്റൊരു പത്രത്തിനും ഓൺലൈൻ എഡിഷനില്ല. ഇതര സ്വതന്ത്ര പോർട്ടലുകൾ മലയാളത്തിൽ ഇല്ലേയില്ല. അങ്ങനെ വക്രീകരിച്ച ഒരു ചിത്രം ഉപഭോക്താവിനു് കിട്ടുന്നതിലേക്കു് ഇതു് ഇടവരുത്തും. ബഹുഭൂരിപക്ഷം ഉപഭോക്താക്കളും വിരലിലെണ്ണാവുന്ന സൈറ്റുകൾ മാത്രം സ്ഥിരമായി സന്ദർശിക്കുന്നവരായിരിക്കെ അവരുടെ തെരഞ്ഞെടുപ്പ് കൃത്യമായും 38 സൈറ്റുകളിലേക്കു് ഒതുക്കുകയാണിവിടെ. സ്വന്തം സൈറ്റിലിട്ടാൽ അധികമാരും അറിയില്ലെന്നും എന്നാൽ ഫേസ്ബുക്കിലിട്ടാൽ കൂടുതൽ പേരുടെ അടുത്തെത്തും എന്നും ഇരിക്കെ ഒരാൾ സ്വന്തം സൈറ്റ് ഉപേക്ഷിച്ചു് ഫേസ്ബുക്കിനു് കണ്ടന്റ് ഉണ്ടാക്കിക്കൊടുക്കുന്ന പ്രക്രിയയെ സഹായിക്കാം. ഈ തരത്തിൽ കൂടുതൽ കൂടുതൽ ഫേസ്ബുക്ക് ആശ്രിതത്വം ഉറപ്പാക്കാം. ഉപയോക്താക്കളുടെ എണ്ണവും യൂസർ ജനറേറ്റഡ് കണ്ടന്റും കൂടുന്നതിനനുസരിച്ചു് അവരുടെ പരസ്യവരുമാനവും വർദ്ധിക്കും. ചുരുക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിനു വരുമാനം കൂട്ടിക്കൊടുക്കാനുള്ള കളിപ്പാവകളായി ഉപയോക്താക്കൾ മാറുന്നു. ട്രാഫിക് ഷേപ്പിങ് എന്നാണു് ഈ പരിപാടിക്കു പറയുന്നതു്.

ശൃംഖലയിലെ തിക്കും തിരക്കും താങ്ങാനാവുന്നില്ല എന്നുവാദിക്കുന്നവർ തന്നെ സീറോ റേറ്റിങ് ഏർപ്പെടുത്തുമ്പോൾ അതു് കൂടുതൽ ഡേറ്റ ഉപയോഗിക്കുന്ന ചില സൈറ്റുകളിലേക്കു് കൂടുതൽ ട്രാഫിക് കൊണ്ടുവരികയും അതുവഴി വീണ്ടും network congestion വർദ്ധിപ്പിക്കുകയുമാണു് ചെയ്യുന്നതു്. ഇന്ത്യയിലെ ഐ.എസ്.പികൾക്കിടയിൽ വലിയ മത്സരമാണെന്ന വാദവും പൂർണ്ണമായും വിശ്വാസത്തിലെടുക്കേണ്ടതല്ല. മൊബൈൽ ടവറുകൾ ഷെയർ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ അവർ ഒറ്റക്കെട്ടാണു്. ഏറെക്കുറെ കാർട്ടലിനു സമാനമായ രീതിയിലാണു് അവർ പ്രവർത്തിക്കുന്നതു്. തന്നെയുമല്ല, ഇന്ത്യ പോലെ ഒരു വലിയ രാഷ്ട്രത്തിൽ പുതിയ വരിക്കാരെ കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യവുമല്ല. തലസ്ഥാനമായ ഡൽഹിയുടെ ജനസംഖ്യ പോലും മിക്ക ലോകരാഷ്ട്രങ്ങളിലെയും ജനസംഖ്യയേക്കാൾ കൂടുതലാണു്. ശ്രദ്ധേയമായ മറ്റൊരു വസ്തുത, ആദ്യ മൂന്ന് ഓപ്പറേറ്റർമാരും കൂടി ചേർന്നു് കഴിഞ്ഞ ഫിസ്കലിന്റെ നാലാം പാദത്തിൽ 70.4% കമ്പൈൻഡ് റെവന്യൂ മാർക്കറ്റ് ഷെയർ (RMS) കൈക്കലാക്കിയിരുന്നു എന്നതാണു്. മത്സരത്തെ കുറിച്ചു് ഏറെ വേവലാതിപ്പെടുന്നതും ഈ മൂന്നു കമ്പനികളുമാണെന്നതാണു് രസകരം. ഒരേയിടത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണക്കൂടുതൽ മൂലമുള്ള യൂസർ ബേസ് നഷ്ടത്തെ കുറിച്ചുള്ള വാദവും അതിവാദമാണെന്നു പറയേണ്ടിവരും. നമ്പർ പോർട്ടബിലിറ്റി ഒക്കെ അടുത്തകാലത്തു വന്നിട്ടുണ്ടെങ്കിലും പവർ യൂസറിനെ സംബന്ധിച്ചിടത്തോളം സ്വിച്ചിങ് കോസ്റ്റ് ഉയർന്നതും മിക്കവാറും അസാധ്യവുമാണു്.

ഇന്റർനെറ്റ് ന്യൂട്രൽ ആയിരിക്കണം എന്നുവാദിക്കുന്നവർ ഉപയോക്താക്കൾക്കു് നാല് അവകാശങ്ങൾ ഉണ്ടാവണമെന്നാണു് ആവശ്യപ്പെടുന്നതു്. ഇന്റർനെറ്റിൽ ലഭ്യമായ ഏതു് ഉള്ളടക്കവും പ്രാപ്യമാക്കാനുള്ള അവകാശം (Right to access content), ഏതു് ഉപകരണവും ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള അവകാശം (Right to connect devices), ഏതു് ആപ്ലിക്കേഷനും പ്രവർത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യം (Right to run Apps), സുതാര്യമായ വിലനിർണ്ണയം (price transparency). 2010 സെപ്തംബറിൽ യൂറോപ്യൻ യൂണിയൻ കമ്മിഷന്റെ "Open Internet and Net Neutrality in Europe" എന്ന വിഷയത്തിലെ കൺസൽട്ടേഷനു നൽകിയ പ്രതികരണത്തിൽ BERECയുടെ നിലപാടു് ഇതിനേക്കാൾ കടുത്തതായിരുന്നു. അതിങ്ങനെയാണു്:

“A literal interpretation of network neutrality, for working purposes, is the principle that all electronic communication passing through a network is treated equally. That all communication is treated equally means that it is treated independent of (i) content, (ii) application, (iii) service, (iv) device, (v) sender address, and (vi) receiver address. Sender and receiver address implies that the treatment is independent of end user and content/application/service provider”

ഇങ്ങനെ നോക്കിയാൽ ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റി അതിന്റെ പൂർണ്ണാർത്ഥത്തിൽ ഒരുകാലത്തും നിലനിന്നിട്ടില്ല എന്നു മനസ്സിലാക്കാം. ദീർഘകാലം ഇന്റർനെറ്റ് ടെലിഫോണി ഇന്ത്യയിൽ നിയമവിരുദ്ധമായിരുന്നു. എന്നാൽ ഇന്നു് അതു നിയന്ത്രണങ്ങൾക്കു വിധേയമായി ഉപയോഗിക്കാം എന്നിരിക്കിലും പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇന്റർനെറ്റ് ടെലിഫോണി സേവനം നൽകാൻ ഒരു ടി.എസ്.പിയും തയ്യാറായിട്ടില്ല. നിലവിലെ നിയമം അനുസരിച്ചു് ഇന്ത്യയിൽ നിന്നു് ആരംഭിക്കുന്ന ഇന്റർനെറ്റ് ടെലിഫോണി കോൾസ് ഇന്ത്യയിലെ ഏതെങ്കിലും പബ്ലിക് സർവീസ് ടെലിഫോൺ നെറ്റ്വർക്സിൽ (PSTN) ടെർമിനേറ്റ് ചെയ്യാൻ അനുവാദമില്ല. അതായതു് ഒരു മൊബൈൽ നമ്പരിൽ നിന്നു മറ്റൊരു മൊബൈൽ നമ്പരിലേക്കു് ഇന്റനെറ്റ് ഉപയോഗിച്ചു നിയവിധേയമായി വിളിക്കാനാവില്ല. ഇത്തരം കോളുകൾ അന്താരാഷ്ട്ര തലത്തിൽ റൂട്ട് ചെയ്ത ശേഷം ഇന്ത്യയിൽ ടെർമിനേറ്റ് ചെയ്യുന്ന ഒരു പരിപാടിയാണു് പകരം ചില കമ്പനികൾ നടത്തിയതു്. 2006ൽ ഇന്റനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ട്രായിയുടെ കൺസൽട്ടേഷൻ പേപ്പറിൽ ഇന്റർനെറ്റ് ടെലിഫോണി അനുവദിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്തിരുന്നു. എന്നാൽ ടി.എസ്.പികൾ ഇതിനെതിരായ നിലപാടാണു് സ്വീകരിച്ചതു്. ഇന്ത്യയിൽ ടെലികോം സർവീസ് നൽകാൻ തങ്ങൾ വൻതുക ലൈസൻസ് ഫീ ഒടുക്കുന്നുണ്ടെന്നും ഗൂഗിൾ / സ്കൈപ്പ് പോലെയുള്ള സർവീസുകൾ യാതൊരു ലൈസൻസ് ഫീയും ടെലിഫോണിക്കായി ഒടുക്കാതെ സാങ്കേതികവിദ്യയുടെ സൗകര്യമുപയോഗിച്ചു് ടെലിഫോൺ വിളിക്കാൻ അനുവദിക്കുന്നതു് തടയണം എന്നുമാണു് അവർ ആവശ്യപ്പെട്ടതു്. ഇതിനു പുറമേ സുരക്ഷാകാരണങ്ങൾ കൂടി ചൂണ്ടിക്കാട്ടി ട്രായി ടി.എസ്.പികൾക്കു് അനുകൂലമായ നിലപാടെടുത്തു. ഐ.എസ്.പികൾ ഇന്റർനെറ്റ് ടെലിഫോണി അധികവരുമാനത്തിനായുള്ള അവസരമായി കരുതിയപ്പോൾ ടി.എസ്.പികൾ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി നയംമാറ്റം തടയുന്നതിനായി ലോബി ചെയ്തു. എന്നിട്ടും 2008ൽ ട്രായി അൺറെസ്ട്രിക്റ്റഡ് ഇന്റർനെറ്റ് ടെലിഫോണി അനുവദിക്കാമെന്നു ശുപാർശ ചെയ്തു. എന്നാൽ ലൈസൻസുള്ള ടെലികോം സർവ്വീസ് പ്രൊവൈഡർ ആയിരിക്കണം ഇതു് അനുവദിക്കുന്നതു് എന്നും വ്യവസ്ഥവച്ചു. പക്ഷെ ഗവൺമെന്റ് ഇടപെട്ടു് ഈ നീക്കം തടഞ്ഞു. ഇപ്പോൾ കമ്പ്യൂട്ടറിൽ നിന്നു കമ്പ്യൂട്ടറിലേക്കു് ഐപി അഡ്രസ് ഉപയോഗിച്ചു വിളിക്കുന്നതിനു തടസ്സമില്ല. കമ്പ്യൂട്ടറോ മറ്റേതെങ്കിലും ഡിവൈസോ അഡാപ്റ്ററോ ഉപയോഗിച്ചു് ഇന്ത്യയ്ക്കു പുറത്തുള്ള ഒരു PSTN/PLMN നമ്പരിലേക്കു കണക്റ്റ് ചെയ്യുന്നതിലും തടസ്സമില്ല. ഇന്റർനെറ്റ് ടെലിഫോണി സർവീസ് നടത്തുന്നതിനു പ്രത്യേക ലൈസൻസും ആവശ്യമാണു്. അതായതു് ലൈസൻസ് രാജിനുമേൽ ലൈസൻസ് രാജ് എന്നതാണു് ഇതുസംബന്ധിച്ചു് ഇന്ത്യാ ഗവൺമെന്റ് നിലപാടു്. യാതൊരു ടെക്നോളജി ലിമിറ്റേഷനുമില്ലാത്ത ഒരു കാര്യത്തിലാണു് ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ ഗവൺമെന്റ് കൊണ്ടുനടത്തുന്നതു്. ആ നിയന്ത്രണങ്ങൾ അങ്ങനെ തന്നെ നിൽക്കേണ്ടതിനു് ടി.എസ്.പികളും പരമാവധി ലോബി ചെയ്യുന്നു.

ഏതുപകരണവും ഇന്റർനെറ്റ് ശൃംഖലയുമായി ഘടിപ്പിക്കാനുള്ള അവകാശത്തെ ഐ.എസ്.പികൾ തന്നെ ബ്ലോക് ചെയ്യുന്നുണ്ടു്. ഉദാഹരണത്തിനു് റിലയൻസിന്റെ വയേർഡ് (ലാൻഡ് ലൈൻ) ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എടുത്താൽ അവർ നൽകുന്ന മോഡം തന്നെ ഉപയോഗിച്ചു് ഏതെങ്കിലും ഒരു കമ്പ്യൂട്ടറിൽ / ലാപ് ടോപ്പിൽ മാത്രം കണക്റ്റ് ചെയ്യാനേ അനുവാദമുള്ളൂ. മൊബൈൽ ഫോൺ, ഇബുക് റീഡർ തുടങ്ങി വൈഫൈയിലൂടെ കണക്റ്റ് ചെയ്യാവുന്ന വിവിധ ഉപകരണങ്ങൾ ശൃംഖലയുമായി ബന്ധിപ്പിക്കാൻ, റിലയൻസ് മോഡം മാറ്റി ഒരു വൈഫൈ മോഡം വയ്ക്കാൻ പോലും കരാർ പ്രകാരം ഉപഭോക്താവിനു് അനുമതിയില്ല.

തുടർന്നു വായിക്കുക: എസ്എംഎസ് തീവെട്ടിക്കൊള്ള; നഷ്ടക്കച്ചവടം കല്ലുവച്ചനുണ