SMC Monthly Report: November -December 2024
Software and ToolsSubin Siby made an interactive webpage analysing the palce names in Kerala. The
ആശയം | ബൈജു മുതുകാടന്‍ | |
പ്രൊജക്‍റ്റ് കോര്‍ഡിനേഷന്‍ | ജയ്സെന്‍ നെടുമ്പാല | |
ഡവലപ്പര്‍ | മുജീബ് റഹ്‌മാൻ ചെര്‍പ്പുളശ്ശേരി | |
അക്കാദമിക്‍ സഹായം | മഹേഷ് മംഗലാട്ടു് | |
ലോഗോ | ഹിരൺ വേണുഗോപാലൻ | |
സാങ്കേതിക പിന്തുണ | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | |
സാമ്പത്തിക പിന്തുണ | മൈജി |
ഇന്ത്യൻ ഭാഷകൾക്കൊന്നാകെ ഒരേ കീ കോംബിനേഷൻ ലോജിക്‍ ഉപയോഗിച്ചു് പ്രവൎത്തിക്കുന്ന കീബോർഡ് ലേയൗട്ടാണു് ഇൻസ്ക്രിപ്റ്റ്. ഒരു ഇന്ത്യന്‍ ഭാഷ ടൈപ്പ് ചെയ്യാൻ പഠിച്ചാൽ മറ്റു് ഇന്ത്യൻ ഭാഷകളും ഇതുപയോഗിച്ചു് അനായാസമായി ടൈപ്പ് ചെയ്യാനാവും. സൎക്കാർ ഉദ്യോഗസ്ഥരും ഡി. ടി. പി. മേഖലയിലുള്ളവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് മെത്തേഡ് കൂടിയാണു് ഇതു്. ഡി. ടി. പി. യിൽ കാലഹരണപ്പെട്ട ആസ്കീ സാങ്കേതികവിദ്യ ഉപയോഗിച്ചു് ഇപ്പോഴും സജീവമായി നിൽക്കുന്ന ഐ. എസ്. എം. ഇൻപുട്ട് രീതിയായാലും യൂണിക്കോഡായാലും ഇതേ ഇൻസ്ക്രിപ്റ്റ് ലേയൗട്ട് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടു്. വിന്‍ഡോസിലും ഗ്നു / ലിനക്സിലും ഡിഫാൾട്ടായി ഇൻസ്ക്രിപ്റ്റ് കീബോർഡ് ലഭ്യവുമാണു്.
കേരളത്തിലെ സൎക്കാര്‍ പൊതുമേഖലാ ഓഫീസുകളിലും മലയാളം ടൈപ്പ്റൈറ്റര്‍ ഉപയോഗിച്ചു ടൈപ്പിങ് പരിശീലിച്ചവരുമായ ടൈപ്പിസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന കീബോര്‍ഡ് ലേയൗട്ടാണു് റെമിങ്ടണ്‍. പഴയ മലയാളം ടൈപ്പ്റൈറ്ററുകളില്‍ ഈ ലേയൗട്ടിലായിരുന്നു കീകള്‍ ക്രമീകരിച്ചിരുന്നതു്. ഇന്‍സ്ക്രിപ്റ്റില്‍ പരിചയം ഇല്ലായ്മയും, ശീലിച്ചു വന്ന ലേയൗട്ടില്‍ നിന്നും മാറുവാനുള്ള വിമുഖതയും ടൈപ്പിസ്റ്റുമാരെ ഈ ലേയൗട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നു.
എന്നാൽ കുത്തുരേഫം, രൂപ ചിഹ്നം, മലയാളം ഭിന്ന സംഖ്യകള്‍ തുടങ്ങി പുതുതായി യൂണിക്കോഡില്‍ എന്‍കോഡ് ചെയ്യപ്പെട്ട ക്യാരക്‍ടറുകൾ ഇൻസ്ക്രിപ്റ്റ് ലേയൗട്ടിലോ, റെമിങ്ടണ്‍ ലേയൗട്ടിലോ ഇതേവരെ ചേൎക്കപ്പെട്ടിട്ടില്ല. ഗ്നു / ലിനക്സിലെ എക്സ്റ്റന്റഡ് ഇന്‍സ്ക്രിപ്റ്റ് ലേയൗട്ടിൽ മാത്രമേ രൂപ ചിഹ്നം ലഭ്യമായിട്ടുമുള്ളൂ. ഗവേഷണാവശ്യങ്ങള്‍ക്കും, സൎക്കാര്‍ രേഖകളുള്‍പ്പെടെ പഴയ ഡോക്യുമെന്റുകള്‍ ടൈപ്പു ചെയ്തെടുക്കേണ്ടി വരുമ്പോഴും മറ്റും ഉപയോഗിക്കേണ്ടി വരുന്നതും പുതുതായി യൂണിക്കോഡില്‍ ഉള്‍പ്പെടുത്തിയവയുമായ പഴയ ഇത്തരം ക്യാരക്‍ടറുകൾ കീ-ഇന്‍ ചെയ്യാന്‍ ഇൻസ്ക്രിപ്റ്റിലോ റെമിങ്ടണിലോ സംവിധാനമില്ല എന്നതാണു് ഇതിന്റെയൊരു പരിമിതി. ഈ പരിമിതി മറികടക്കാനാണു് പൂൎണ്ണ എക്സ്റ്റെന്റഡ് മലയാളം കീബോർഡുകള്‍ എന്ന പേരിൽ പുതിയ ലേയൗട്ടുകള്‍ നിൎമ്മിക്കുന്നതു്. നിലവിലെ ഇൻസ്ക്രിപ്റ്റ് ലേയൗട്ടിനു പുറമേ കുത്തുരേഫം, രൂപചിഹ്നം അടക്കം സംസ്കൃതം മലയാള ലിപിയിലെഴുതുമ്പോൾ ഉപയോഗിക്കേണ്ട ചില ചിഹ്നങ്ങൾ വരെ ഉള്‍പ്പെടുന്ന നിലവിലുള്ള യൂണിക്കോഡ് മലയാളം ടേബിളിലുള്ള മുഴുവന്‍ ക്യാരക്ടറുകളും ചേൎത്തു് ഏതു തരം ഡോക്യുമെന്റും അനായാസമായി ടൈപ്പു ചെയ്യാനുതകുന്നവയാക്കി ഇൻസ്ക്രിപ്റ്റ് ലേയൗട്ടിനെയും റെമിങ്ടണ്‍ ലേയൗട്ടിനെയും വിപുലീകരിക്കുക എന്നതും വ്യാപകമായി ഉപയോഗത്തിലുള്ള മൂന്നു് തരം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ - ഗ്നു / ലിനക്സ്, വിന്‍ഡോസ്, മാക്‍ എന്നിവയില്‍ മൂന്നിലും പ്രവൎത്തിക്കുന്ന തരത്തില്‍ ഈ കീബോര്‍ഡ് ലേയൗട്ടുകള്‍ ലഭ്യമാക്കുക എന്നതുമാണു് ഈ പ്രൊജക്‍റ്റിന്റെ ലക്ഷ്യം.
ഈ മാറ്റങ്ങൾ കൂടി വരുമ്പോൾ പഴയ ഡോക്യുമെന്റുകൾ തയ്യാറാക്കാനും, മലയാളം യൂണിക്കോഡിൽ ലഭ്യമായ ഏതുതരം ക്യാരക്ടറുകളെയും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും ഇൻസ്ക്രിപ്റ്റോ റെമിങ്ടണോ ഉപയോഗിക്കുന്നവൎക്കു് വലിയ സഹായമായിരിക്കും.
ഇതിന്റെ പ്രാഥമിക രൂപരേഖ 2014 മാര്‍ച്ച് 8൹ നിത്യ കീബോര്‍ഡ് എന്ന പേരില്‍ തയ്യാറാക്കിയതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് സ്ഥാപകനായ ബൈജു മുതുകാടന്‍ ആണു്.
2021 ഡിസംബര്‍ 30൹ ഇതിന്റെ വിപുലീകൃതമായ പ്രൊജക്‍റ്റ് പ്രൊപ്പോസല്‍ ജയ്സെന്‍ നെടുമ്പാലയും മുജീബ് റഹ്‌മാന്‍ ചെര്‍പ്പുളശ്ശേരിയും ചേര്‍ന്നു് തയ്യാറാക്കി.
പ്രൊജക്‍റ്റ് പ്രൊപ്പോസല്‍ തയ്യാറാക്കിയ ആഴ്ച മുതല്‍ എതാണ്ടു് 8 മാസത്തോളം പല സൎക്കാര്‍ ഏജന്‍സികള്‍ക്കു മുമ്പാകെയും, ഈ മേഖലയില്‍ പ്രവൎത്തിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുമ്പാകെയും സാമ്പത്തിക പിന്തുണയ്ക്കായി അപേക്ഷിച്ചു നോക്കിയെങ്കിലും പല കാരണങ്ങളാലും ശ്രമം ഫലവത്തായില്ല.
സാമ്പത്തിക പിന്തുണയ്ക്കായുള്ള ശ്രമം സ്വകാര്യമേഖലയിലേയ്ക്കു് നീണ്ടു. 2022 സപ്തംബര്‍ 22൹ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എ. അരവിന്ദന്റെ സാന്നിദ്ധ്യത്തില്‍ മൈജി മാനേജിങ് ഡയറക്‍ടറും ചെയര്‍മാനുമായ ശ്രീ. എ. കെ. ഷാജിയുമായി ജയ്സെന്‍ നെടുമ്പാല നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായി. ഈ കൂടിക്കാഴ്ചയില്‍ മൈജി ഈ പ്രൊജക്‍ടിന്റെ ആദ്യ പതിപ്പിനു് സാമ്പത്തിക പിന്തുണ നല്‍കാമെന്നു് ഏറ്റതോടെ പ്രൊജക്‍റ്റ് സാക്ഷാത്ക്കാരത്തിനു കളമൊരുങ്ങി. തൊട്ടടുത്ത ദിവസം തന്നെ മൈജി അഡ്വാന്‍സ് തുക സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് കൈമാറി.
മുജീബിന്റെ പരിശ്രമത്തില്‍ ടെസ്റ്റിങ് പതിപ്പു് പുറത്തിറക്കിയപ്പോഴാണു് നിത്യ എന്ന പേരില്‍ മറ്റൊരു പ്രൊജക്‍റ്റ് ഉള്ള കാര്യം ശ്രദ്ധയില്‍പ്പെടുന്നതു്. അതോടെ പ്രൊജക്‍റ്റിന്റെ ആദ്യം നിശ്ചയിച്ച നിത്യ എന്ന പേരു് പൂൎണ്ണ എന്നാക്കി മാറ്റി.
2022 ഡിസംബര്‍ 4൹ മഹേഷ് മംഗലാട്ടിന്റെ നേതൃത്വത്തില്‍ വിപുലീകൃത മലയാളം യൂണിക്കോഡ് ടേബിളിലെ പുതിയ ക്യാരക്ടറുകള്‍ എക്സ്റ്റന്‍ഡഡ് കീബോര്‍ഡുകളില്‍ ഏതെല്ലാം കീകളില്‍ മാപ്പ് ചെയ്യണമെന്നു് തീരുമാനമാക്കി.
പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം കീബോര്‍ഡ് സീരീസില്‍ ആറു കീബോര്‍ഡ് ലേയൗട്ടുകളാണു് ഈ പതിപ്പില്‍ പുറത്തിറക്കുന്നതു്. അവ:-
ഈ കീബോര്‍ഡ് ലേയൗട്ടുകള്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സായ ഗ്നു ജി. പി. എല്‍. ല്‍ ആണു് പുറത്തിറക്കുന്നതു്. ആയതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കുന്ന 4 സ്വാതന്ത്ര്യങ്ങള്‍ ഇവയ്ക്കും ബാധകമാണു്. താല്പര്യമുള്ള ആര്‍ക്കും സ്വാതന്ത്ര്യത്തോടെ ഇവ ഡൗണ്‍ലോഡ് ചെയ്തു ഏതാവശ്യത്തിനും ഉപയോഗിക്കാം.
യൂണിക്കോഡ് മലയാളം ടേബിളില്‍ ഭാവിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുന്ന മുറയ്ക്കു് പൂൎണ്ണ എക്സ്റ്റന്‍ഡഡ് ലേയൗട്ടുകളിലും ആ മാറ്റങ്ങള്‍ ചേര്‍ത്തു വിപുലീകരിച്ച പതിപ്പുകള്‍ പുറത്തിറക്കുന്നതാണു്.
2022 ലെ ക്രിസ്തുമസ്സ് സമ്മാനമായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്ന എല്ലാവര്‍ക്കുമായി ഈ കീബോര്‍ഡ് ലേയൗട്ടുകള്‍ അവതരിപ്പിക്കുന്നു. അഭിപ്രായ നിൎദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
https://gitlab.com/smc/poorna/poorna-releases എന്ന ഗിറ്റ് റെപോസിറ്ററിയിൽ നിന്നും ഡൗൺലോഡ് ചെയ്തു് ഉപയോഗിക്കാം. ഗിറ്റ് റെപോസിറ്ററിയിലെ റീഡ്മീ ഫയലിൽ ഇൻസ്റ്റളേഷൻ നിൎദ്ദേശങ്ങൾ നൽകിയിട്ടുണ്ടു്.
നാലു് ലെയറുകളായാണു് കീബോർഡുകള്‍ തയ്യാറാക്കിയിട്ടുള്ളതു്:-
ലെയർ ഒന്നു് - Direct key
ലെയർ രണ്ടു് - shift + key
ലെയർ മൂന്നു് - AltGr+key (AltGr = Right side Alt)
ലെയർ നാലു് - AltGr+shift+key
ലേയൗട്ടുകളുടെ ചിത്രം താഴെ നല്‍കുന്നു:-
ഇടതുവശത്തു് താഴെയുള്ളതു് ലെയർ ഒന്നു്
ഇടതുവശത്തു് മുകളിലുള്ളതു് ലെയർ രണ്ടു്
വലതുവശത്തു് താഴെയുള്ളതു് ലെയർ മൂന്നു്
വലതുവശത്തു് മുകളിലുള്ളതു് ലെയർ നാലു്