March 30, 2015

രചന ബോള്‍ഡ് ഫോണ്ട്

മലയാളത്തിലെ വളരെ പ്രചാരമുള്ള രചന ഫോണ്ടിന്റെ ബോള്‍ഡ് പതിപ്പു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കുന്നു. രചനയിലെ അക്ഷരരൂപങ്ങള്‍ക്കു് കട്ടികൂട്ടി പ്രത്യേകം രൂപകല്പന ചെയ്തതാണു് ഈ ഫോണ്ട്.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, രചന ഫോണ്ടുപയോഗിക്കുകയും ടെക്സ്റ്റിനെ ബോള്‍ഡാക്കേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ പുതിയ ഫോണ്ടുപയോഗിച്ചായിരിക്കും ബോള്‍ഡായ ഭാഗം ചിത്രീകരിക്കുന്നതു്. തലക്കെട്ടുകള്‍ക്കും ഇതുപയോഗിക്കാം.

രചന ബോള്‍ഡുപയോഗിച്ചു ചിത്രീകരിച്ച കുറച്ചുവരികള്‍

കട്ടികൂട്ടിയ രചനയുടെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നതു് രചന ഫോണ്ടിന്റെ രൂപകല്പന ചെയ്ത ഹുസൈന്‍ കെ.എച്ച് ആണു്. സാങ്കേതികസാക്ഷാത്കാരം: രജീഷ് നമ്പ്യാര്‍, സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ്.

  • ഡൌണ്‍ലോഡ് ചെയ്യാന്‍ http://smc.org.in/fonts/ സന്ദര്‍ശിക്കുക.

കേരള ഗവണ്‍മെന്റ് സ്ഥാപനമായ ICFOSS ന്റെ സാമ്പത്തികസഹായത്തോടെയാണു് ഈ ഫോണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുറത്തിറക്കുന്നതു്.

ഇതുവരെ രചന ഫോണ്ടുപയോഗിച്ച ടെക്സ്റ്റിനെ ബോള്‍ഡ് ആക്കുമ്പോള്‍ കൃത്രിമമായി അക്ഷരങ്ങള്‍ക്കു കട്ടിക്കൂട്ടുകയായിരുന്നു(Synthetic bold). അങ്ങനെ ചെയ്യുമ്പോള്‍ വരകളുടെ അനുപാതങ്ങള്‍ക്കു മാറ്റം വന്നു് പലയിടത്തും കൂട്ടിമുട്ടുകയും മൊത്തത്തില്‍ ഭംഗി പോവുകയും ചെയ്തിരുന്നു. അതൊഴിവാക്കാനാണു് വേറേ ഫോണ്ട് പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്നതു്.

രചനയും രചന ബോള്‍ഡും തമ്മിലെ വ്യത്യാസം

**ലിബ്രെഓഫീസ്**

ലിബ്രെഓഫീസ് പോലുള്ള അപ്ലിക്കേഷനുകളില്‍ ഈ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ , ഫോണ്ട്
തിരഞ്ഞെടുക്കുമ്പോള്‍ രചന ബോള്‍ഡ് എന്നു കാണില്ല. രചന എന്നു മാത്രമേ കാണൂ.രചന ഫോണ്ടെടുത്തു് ബോള്‍ഡ് ചെയ്യുമ്പോള്‍ രചന റെഗുലറിനുപകരം രചന ബോള്‍ഡ് ഉപയോഗിച്ച് ടെക്സ്റ്റ് ചിത്രീകരിക്കും.

ലിബ്രെഓഫീസില്‍ രചന ഫോണ്ട് ബോള്‍ഡില്‍

വെബ്ഫോണ്ട്

രചനയുടെയും രചന ബോള്‍ഡിന്റെയും വെബ്ഫോണ്ടു പതിപ്പുകള്‍ http://smc.org.in/fonts/ ല്‍ ലഭ്യമാണ്. എങ്ങനെ അതു നിങ്ങളുടെ വെബ്‌സൈറ്റില്‍ ഉപയോഗിക്കണം എന്നു കാണിക്കുന്ന CSS ഇവിടെ ഉണ്ടു്: https://gitlab.com/snippets/4037. അതില്‍ പറഞ്ഞപോലെ ചെയ്താല്‍ ബോള്‍ഡ് ആയ ടെക്സ്റ്റിനു് ഓട്ടോമാറ്റിക് ആയി രചന ബോള്‍ഡ് എടുത്തുകൊള്ളും.

ഉബുണ്ടു പിപിഎ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന ഉബുണ്ടു പിപിഎ ഉപയോഗിക്കുന്നവരാണെങ്കില്‍ ടെര്‍മിനലില്‍

sudo apt-get update
sudo apt-get install fonts-smc

എന്ന കമാന്‍ഡ് നല്‍കിയാല്‍ നല്‍കിയാല്‍ രചന ബോള്‍ഡ് ഇന്‍സ്റ്റാള്‍ ആകുന്നതാണ്.