December 2, 2014

16, 17ഡിസംബര്‍ : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാര്‍ഷികാഘോഷം

16, 17ഡിസംബര്‍ : സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം  വാര്‍ഷികാഘോഷം

Annual event banner
സുഹൃത്തുക്കളേ ,

2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പതിമൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത്തവണത്തെ വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്തു് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ച് നടക്കും. ഡിസംബര്‍ 16 നു് മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ പരിപാടിക്ക് ഔദ്യോഗിക തുടക്കമാവും. കഴിഞ്ഞ ഒരുവര്‍ഷക്കാലത്ത് നിര്‍മ്മിക്കപ്പെടുകയും പുതുക്കപ്പെടുകയും ചെയ്ത നിരവധി സോഫ്റ്റ്‌വെയറുകളുടെ പുറത്തിറക്കലും പരിചയപ്പെടുത്തലും, ഭാഷാ കമ്പ്യൂട്ടിങ് ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവ 16,17 തിയ്യതികളില്‍ നടക്കും

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 13 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍ , കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും, എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു മൂന്നു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത. കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനും മലയാളത്തിന്റെ ഡിജിറ്റല്‍വളര്‍ച്ചയ്ക്ക് അവസരമൊരുക്കാനും ഇക്കാലയളവില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .

വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമാവാനും വിവിധ ചര്‍ച്ചകളില്‍ പങ്കു ചേരാനും എല്ലാവരേയും ക്ഷണിക്കുന്നു.

രജിസ്ട്രേഷന്‍

പങ്കാളിത്തം ഉറപ്പിക്കുന്നതിനായി http://smc13.doattend.com ല്‍ പോയി രജിസ്റ്റര്‍ ചെയ്യൂ. പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ സൗജന്യ പാസ്സിനൊടൊപ്പം അതുകൂടി തെരഞ്ഞെടുക്കുക. ഈ പരിപാടിയുടെ സംഘാടനച്ചെലവിലേയ്ക്കു സഹായം നല്‍കാന്‍ കഴിയുന്നവര്‍ ഒന്നോ അതിലധികമോ പിന്തുണടിക്കറ്റ് എടുത്ത് ഒപ്പം കൂടുമല്ലോ .
പങ്കെടുക്കൂ.. പിന്തുണയ്ക്കൂ

സ്വതന്ത്ര 2014

18-20 തിയ്യതികളില്‍ തിരുവനന്തപുരത്തുവെച്ചു കേരളസര്‍ക്കാരും ഐസിഫോസും ചേര്‍ന്നു നടത്തുന്ന സ്വതന്ത്ര 2014 എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പങ്കാളിയാണ് . സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഇന്ത്യന്‍ഭാഷാകമ്പ്യൂട്ടിങ്ങ് എന്ന പാരലല്‍ ട്രാക്ക് സംഘടിപ്പിക്കുകയും , ഫ്രീഡം ഇന്‍ ക്ലൗഡ്, സ്വതന്ത്ര മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ട്രാക്കുകളില്‍ സഹകരിയ്ക്കുകയും ചെയ്യുന്നുണ്ട്. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് വാര്‍ഷികസമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ ഇതുകൂടി മനസ്സില്‍ വെച്ചു യാത്ര പ്ലാന്‍ ചെയ്താല്‍ രണ്ടിലും പങ്കെടുക്കാം. സ്വതന്ത്രയുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇവിടെ