April 14, 2015

ഡെബിയന്‍ ജെസ്സി റിലീസ് പാര്‍ട്ടി

ഡെബിയന്‍ ജെസ്സി റിലീസ് പാര്‍ട്ടി

ഡെബിയന്‍ റിലീസ് പാര്‍ട്ടി സംഘാടകര്‍

സുഹൃത്തുക്കളേ,

അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനു് തടയിടുകയെന്നാല്‍ സമൂഹത്തിന്നാകെ എല്ലാ തരത്തിലും ഉണ്ടാകേണ്ടുന്ന പുരോഗതിയെയാണു് തടയിടുന്നതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അറിവിന്റെ മറ്റൊരു രൂപമായ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ ഉടമാവകാശം ഏതെങ്കിലും ഒരു ചെറിയ സംഘത്തിന്റെ മാത്രം കയ്യിലൊതുക്കാന്‍ അനുവദിച്ചാല്‍ സംഭവിക്കുന്നതും ഇതുതന്നെയാണു്. ഇതിനെതിരെയുള്ള പോരാട്ടത്തിനുള്ള ഉപാധികളാണു് ഡെബിയനടക്കമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും. വർഗ്ഗ-വർണ്ണ-ജാതി-ലിംഗ-രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി എല്ലാവർക്കും ഉപയോഗിക്കാനും പഠിക്കാനും മാറ്റം വരുത്താനും പങ്കുവയ്ക്കാനും ഡെബിയൻ അവസരമൊരുക്കുന്നു.
സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഡെബിയന്റെ ഏറ്റവും പുതിയ പതിപ്പു് ഈ മാസം 25നു് പുറത്തിറങ്ങുകയാണു്. ടോയ് സ്റ്റോറി എന്ന സിനിമയിലെ 'ജെസ്സി' എന്ന കഥാപാത്രത്തിന്റെ പേരിട്ടിരിക്കുന്ന ഈ പുതിയ റിലീസ്, 2 കൊല്ലത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമാണു് പുറത്തിറക്കുന്നതു്.

ജെസ്സി

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന, ഏതാണ്ടു് മൂവായിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ അക്ഷീണപരിശ്രമമാണു് ഇതു് സാധ്യമാക്കിയതു്. ഡെബിയൻ പദ്ധതി, ഡെബിയൻ ഭരണഘടനയും പദ്ധതിയുടെ നടത്തിപ്പിനായി പറഞ്ഞുവച്ചിരിക്കുന്ന സാമൂഹികകരാറിനേയും അടിസ്ഥാനപ്പെടുത്തിയാണു് മുമ്പോട്ടു പോകുന്നതു്. ഡെബിയൻ പദ്ധതി അങ്ങനെ മറ്റു പല ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു, ഓപ്പൺസ്യൂസ്, മാൻഡ്രിവ, ഫെഡോറ, മിന്റ് എന്നിവയിൽ നിന്നു് വ്യത്യസ്തമായി പൂർണ്ണമായും സ്വതന്ത്രവും വികേന്ദ്രീകൃതവുമായ ഒരു ചട്ടക്കൂടിൽ വിന്യസിച്ചിരിക്കുന്നു.

ഡെബിയന്‍ ജെസ്സി

ഡെബിയൻ കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായി 25നു് കേരളത്തിലെമ്പാടും റിലീസ് പാർട്ടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു് ഞങ്ങൾ ആലോചിക്കുന്നു. ഇന്‍സ്റ്റാള്‍ ഫെസ്റ്റ്, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പരിശീലന ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നു. നിങ്ങളുടെ പ്രദേശത്തും ഇത്തരത്തില്‍ ഒരു റിലീസ് പാര്‍ട്ടി നടക്കണം എന്നു് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ഒരു പരിപാടി നിങ്ങളുടെ സ്ഥലത്തു് നടത്താന്‍ തയ്യാണെങ്കില്‍, നിങ്ങള്‍ ഞങ്ങളെ വിളിക്കൂ, ഞങ്ങള്‍ റിസോഴ്സ് പേഴ്സണ്‍മാരായി വരാം.
ഇതു് തികച്ചും സന്നദ്ധപ്രവർത്തനമാണെങ്കില്‍ത്തന്നെയും, യാത്രച്ചെലവുകൾ സംഘാടകർ വഹിക്കാൻ തയ്യാറായാല്‍ നന്നായിരിക്കും.

https://wiki.debian.org/ReleasePartyJessie/India/Kerala

ബന്ധപ്പെടാവുന്ന റിസോഴ്സ് പേഴ്സൺസ്

പ്രവീൺ - 8943 281290

സൂരജ് - 9995 551549

സുഗീഷ് - 9539 685727

ഋഷികേശ് - 9946 066907

ബാലശങ്കർ - 9495 234190

അഖിൽ - 9496 329819