January 26, 2015

ഡിജിറ്റല്‍ ലോകത്തെ സ്വകാര്യതയും ഡയാസ്പൊറ യാത്രയും

ഡിജിറ്റല്‍ ലോകത്തെ സ്വകാര്യതയും ഡയാസ്പൊറ യാത്രയും

ഡയസ്പൊറ എന്ന സ്വതന്ത്രവികേന്ദ്രീകൃതസോഷ്യല്‍ നെറ്റ്‌വര്‍ക്കും ഡിജിറ്റല്‍ ആശയവിനിമയരംഗത്ത് സ്വകാര്യതയ്ക്കുള്ള പ്രാധാന്യവും പ്രചരിപ്പിയ്ക്കുന്നതിനായി ഡയസ്പോറ യാത്ര ജനുവരി 28നു തിരുവനന്തപുരത്തുനിന്നും തുടങ്ങുകയാണു്. ഈ സംരഭത്തിന്റെ ഔദ്യോഗിക പങ്കാളിയാണു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് . ഡയസ്പോറ യാത്രയ്ക്കു നേതൃത്വം നല്‍കുന്ന പ്രവീണ്‍ അരിമ്പ്രത്തൊടിയിലിന്റെ കുറിപ്പു് പങ്കുവെയ്ക്കുന്നു

പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

ഇന്റര്‍നെറ്റ് ഇന്നു് നമുക്കു് ഒഴിച്ചുകൂടാനാവാത്തൊരു ആശയവിനിമയോപാധിയാണു്. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പല വിവരങ്ങളും ഇന്നു് ഇന്റര്‍നെറ്റിലൂടെയാണു് പങ്കുവെയ്ക്കുന്നതു്. എന്നാല്‍ നമ്മള്‍ പങ്കുവയ്ക്കുന്ന വിവരങ്ങളെല്ലാം നമ്മള്‍ ഉദ്ദേശിക്കുന്നവര്‍ മാത്രമാണോ കാണുന്നതു്? ഫോണ്‍ സേവനത്തിനു് നമ്മള്‍ പണം മുടക്കുന്നു, ഒരു കത്തെഴുതണമെങ്കില്‍ സ്റ്റാമ്പ് ഒട്ടിക്കണം, എന്നാല്‍ ഫേസ്‌ബുക്ക്, ജിമെയില്‍, വാട്ട്സ്ആപ്പ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ അവരുടെ സേവനം നമുക്കു് സൌജന്യമായി നല്‍കുന്നു. ഇവയെല്ലാം ജീവ കാരുണ്യ സംഘടനകളാണോ? എന്താണു് ഇവരുടെ വരുമാന മാര്‍ഗ്ഗം? ടിവിയിലും പത്രത്തിലും വരുന്ന പരസ്യങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ് സേവനങ്ങളിലെ പരസ്യത്തിന്റെ വ്യത്യാസമെന്താണു്? നമ്മുടെ സ്വകാര്യവിവരങ്ങള്‍ നമ്മളുദ്ദേശിക്കുന്നവരുമായി മാത്രം പങ്കുവെയ്ക്കാന്‍ വഴികളുണ്ടോ?

ഡയാസ്പൊറ, ജാബര്‍, ടെക്സ്റ്റ്സെക്യുവര്‍ തുടങ്ങി വികേന്ദ്രീകൃതവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സേവനങ്ങളുടെ മെച്ചങ്ങളെന്തെല്ലാം? ജിപിജി, ഓട്ടിആര്‍ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചു് നിങ്ങള്‍ പങ്കിടുന്ന വിവരങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന ആളുകള്‍ക്കു് മാത്രം കിട്ടുന്നതാക്കുന്നതെങ്ങനെ?

ഈ വിഷയങ്ങളില്‍ ഒരു തുറന്ന സംവാദവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളുടേയും സേവനങ്ങളുടേയും പരിചയപ്പെടുത്തലും ഉള്‍പ്പെടുത്തിക്കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളില്‍ കൂടെയും ഞാന്‍ യാത്ര ചെയ്യുകയാണ്.

ഞാന്‍ ഡയാസ്പൊറ പ്രചരിപ്പിക്കാന്‍ കേരളം മുഴുവനും ഒരു മാസം നീണ്ടു് നില്‍ക്കുന്ന യാത്ര
ചെയ്യാനൊരുങ്ങുകയാണെന്നു് പറയുമ്പോള്‍ ചിലരെങ്കിലും ചോദ്യങ്ങളുമായി വരാറുണ്ടു്.

ഡയാസ്പൊറ പ്രചരിപ്പിക്കുകയാണോ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിലും പ്രധാനപ്പെട്ട എത്രയോ കാര്യങ്ങളില്ലേ?

എനിക്കു് പെട്ടെന്നു് ദേഷ്യം വരുന്നൊരു ചോദ്യമാണിതു്. ഇതൊരൊഴിഞ്ഞുമാറല്‍ തന്ത്രമാണു് പലപ്പോഴും. എന്തു് കാര്യം ചെയ്യാനിറങ്ങിയാലും മറ്റുള്ളവര്‍ക്കതിനേക്കാള്‍ പ്രധാനമെന്നു് തോന്നുന്ന കാര്യങ്ങള്‍ കണ്ടുപിടിക്കാനാകും. ഓരോരുത്തരും അവരവര്‍ക്കു് പ്രധാനമെന്നു് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും മറ്റുള്ളവരോടു് കൂടെ ചേരാന്‍ പറയുകയുമാണെങ്കില്‍ പ്രശ്നമില്ല.

Diaspora Yatra Poster

ഇനി എന്തുകൊണ്ടാണു് ഡയാസ്പൊറ യാത്ര പ്രധാനമെന്നെനിക്കു് തോന്നുന്നതെന്നു് പറയാം. സമൂഹത്തിലെ ഭൂരിപക്ഷ അഭിപ്രായത്തിനു് വിരുദ്ധമായ ആശയങ്ങള്‍ (dissent) ഒരു ജനാധിപത്യ സമൂഹത്തിനു് അത്യന്താപേക്ഷികമാണു്. ചരിത്രത്തിലെ ഓരോ മാറ്റവും എടുത്തു് നോക്കിയാല്‍ നമുക്കതു് ബോധ്യപ്പെടും. തൊട്ടുകൂടായ്മ, അടിമത്തം തുടങ്ങി സമൂഹത്തില്‍ നില നിന്നു് പോന്നിരുന്ന പലതിനെയും ഒരു ചെറുകൂട്ടമാണു് എതിര്‍ത്തിരുന്നതു്. അവര്‍ക്കു് ആ ആശയങ്ങള്‍ പുറത്തു് പറയാനും പ്രചരിപ്പിക്കാനും കഴിഞ്ഞില്ലായിരുന്നെങ്കില്‍ എന്തു് അവസ്ഥയിലായിരുന്നിരിക്കും നാം എത്തിപ്പെട്ടിട്ടുണ്ടാകുക.

ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യം (freedom of thought) ആവിഷ്കാരസ്വാതന്ത്ര്യത്തിനു് (free speech) അത്യാവശ്യമാണു്. നമ്മുടെ ഓരോ ചലനവും പ്രവൃത്തിയും നിരീക്ഷിക്കുകയും ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ എത്ര പേര്‍ക്കു് സ്വതന്ത്രമായി ചിന്തിക്കാനാകും?

സ്വകാര്യതയില്ലാതെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിനു് നിലനില്‍പ്പില്ല. അങ്ങനെ വരുമ്പോള്‍
സ്വകാര്യത നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ അടിത്തറയാണെന്നു് കാണാം. സ്വകാര്യത എന്ന ആശയത്തോടു് യോജിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രായോഗിക തലത്തിലെ പ്രയോഗം എന്തായിരിക്കണമെന്നു് പലര്‍ക്കും അറിയില്ല. ഡയാസ്പൊറ സ്വകാര്യതയിലേക്കുള്ള ആദ്യത്തെ കാല്‍വെയ്പാണു്. കൃത്യമായി ആര്‍ക്കും സ്വീകരിക്കാവുന്ന ഒരു കാര്യമാണു്. ഡയാസ്പൊറ എന്ന ഉദാഹരണത്തിലൂടെ ഡിജിറ്റല്‍ ലോകത്തെ സ്വകാര്യതയുടെ പരിചയവും മറ്റു് വഴികള്‍ അന്വേഷിക്കാനുള്ള ഒരു ത്വര (curiosity) സൃഷ്ടിക്കാനുമുള്ള ഒരു ശ്രമമാണു് ഡയാസ്പൊറ യാത്ര.

http://yatra.diasporafoundation.org വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണു്. നിങ്ങള്‍ക്ക് ഈ യാത്രയുടെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിയ്ക്കാന്‍ കഴിയുമെങ്കില്‍ വെബ്‌സൈറ്റിലെ കോണ്ടാക്റ്റ് ഫോം ഉപയോഗിയ്ക്കുക.