SMC Newsletter: Jan-Feb 2025
SMC Domain Outage and FixSMC SoftwareSMC Fonts Manjari was recently spotted in the title cards
സുഹൃത്തുക്കളേ,
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ഈ ലോകമാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21ന്) വൈകുന്നേരം 4 മണിയ്ക്ക് തുടക്കമാവുകയാണ്.
നമ്മുടെ ജീവിതങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനു പ്രാധാന്യമേറി വരുന്ന കാലമാണ്. സാമ്പത്തിക ക്രയവിക്രയങ്ങളും വിദ്യാഭ്യാസവുമുൾപ്പെടെ നിരവധി പൗരാവകാശങ്ങൾക്ക് അത്യാവശ്യ ഘടകമാകുന്ന രീതിയിൽ കോവിഡ് കാലഘട്ടം ഡിജിറ്റൽ സ്വീകാര്യതയുടെ വേഗതയും വർദ്ധിപ്പിച്ചു. അർത്ഥപൂർണ്ണവും ഉത്തരവാദിത്തത്തോടുകൂടിയതുമായ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗമെങ്ങനെയെന്ന് മാതൃഭാഷയിൽ പരിശീലിക്കേണ്ടത് ഈകാലഘട്ടത്തിലെ അതിജീവനത്തിനു വേണ്ട അവശ്യമായ ഒരു കഴിവായിമാറുകയാണ്.
കഴിഞ്ഞ പതിറ്റാണ്ടിൽ സ്മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിത്തീർത്തു എന്നതുപോലെ, സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് മൊബൈലുകളുടെ പങ്ക് കൂടിയതുപോലെ, കഴിഞ്ഞ ഒരുവർഷത്തിൽ വീഡിയോ യോഗങ്ങൾ എങ്ങനെ പതിവായി എന്ന പോലെ, അതിവേഗത്തിൽ പുതുക്കപ്പെടുന്ന കഴിവുകളുടെ ഒരു കൂട്ടമായതിനാൽ സോഫ്റ്റ്‌വെയർ പോലെത്തന്നെ സ്ഥിരമായി സമയബന്ധിതമായി പുതുക്കേണ്ട തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട ഒന്നായി ഡിജിറ്റൽ സാക്ഷരതയും മാറുകയാണ്. സാങ്കേതികവൈദഗ്ധ്യം മുതൽ ഗ്രാമതലങ്ങൾ വരെ ഈ ലക്ഷ്യത്തിനോട് ചേർന്ന് പ്രയത്നിക്കാൻ തയ്യാറുള്ള ഒരു കൂട്ടായ്മ ഉണ്ടാകുക എന്നബോധ്യത്തോടെ ഡിജിറ്റൽ സാക്ഷരതയെ ഒരു സുപ്രധാന പദ്ധതിയായി സ്വീകരിച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മുന്നോട്ടിറങ്ങുകയാണ്.
ലോകമാതൃഭാഷാ ദിനത്തിൽ ഫെബ്രുവരി 21ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് നടക്കുന്ന ഈ വെബിനാറിൽ എൻ.എസ്. മാധവൻ പദ്ധതി ഉദ്ഘാടനം ചെയ്യും. വി. എം. ഗിരിജ, ഡോ.ബി.ഇക്ബാൽ, ബോസ് കൃഷ്ണമാചാരി, അൻവർ സാദത്ത്, ഡോ.മഹേഷ് മംഗലാട്ട്, സന്തോഷ് തോട്ടിങ്ങൽ, അനിവർ അരവിന്ദ്, സെബിൻ എബ്രഹാം ജേക്കബ് തുടങ്ങിയവർ സംസാരിയ്ക്കും. ആദ്യഘട്ടമായി ഉള്ളക്കനിർമ്മിതി പ്രവർത്തനങ്ങളും മോഡ്യൂളുകളുടെ മെച്ചപ്പെടുത്തലുമാണ് ഓൺലൈൻ സഹകരണത്തോടെ നടക്കുക .
പങ്കെടുക്കാൻ ഇവിടെ പേരും ഇമെയിലും നൽകാമോ . പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിലിൽ അയയ്ക്കുന്നതാണ് https://volunteer.smc.org.in/digital-literacy-inauguration
ഈ പദ്ധതിയിൽ സഹകരിക്കാൻ താല്പര്യമുള്ളവർ https://community.smc.org.in ൽ ചേരുമല്ലോ