January 16, 2015

മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പര തുടങ്ങുന്നു

മലയാളം ഫോണ്ടുകളുടെ സാങ്കേതികവിദ്യ സങ്കീര്‍ണ്ണമാണു്. ദക്ഷിണേഷ്യയിലെയും ദക്ഷിണ പൂര്‍വേഷ്യയിലെയും ബ്രാഹ്മി ലിപിവംശത്തില്‍ പെട്ട മിക്ക ഭാഷകളെയും പോലെ മലയാളം, ഭാഷാ സാങ്കേതിക വിദ്യയിലെ കോംപ്ലെക്സ് സ്ക്രിപ്റ്റ് എന്ന വര്‍ഗ്ഗീകരണത്തിലാണു് ഉള്‍പ്പെടുന്നതു്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ഡിജിറ്റല്‍ ചിത്രീകരണം ഏകദേശം സ്ഥിരത കൈവരിച്ചുവരുന്നേ ഉള്ളൂ. നിത്യജീവിതത്തിലുപയോഗിക്കുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ തെറ്റില്ലാത്ത മലയാളം ചിത്രീകരണവും മെച്ചപ്പെട്ട ഫോണ്ടുകളും എത്താന്‍ തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ആദ്യ വര്‍ഷങ്ങളില്‍ വലിയൊരു പങ്കും നീക്കിവച്ചതു് സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മലയാളഭാഷയുടെ ചിത്രീകരണം മെച്ചപ്പെടുത്തുന്നതിനും പൊതുവിൽ മലയാളം ഫോണ്ടുകളുടെ സാങ്കേതികാടിത്തറ മെച്ചപ്പെടുത്തുന്നതിനുമാണു്. ഈ മേഖലയില്‍ ഒട്ടും പരിചയവും പരിശീലനവുമില്ലാത്ത കുറേ കൂട്ടുകാരുടെ വലിയ പരിശ്രമം ഇതിനായി വേണ്ടിവന്നു. 2006 മുതല്‍ തന്നെ ഈ രംഗത്ത് ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. മിക്ക പ്രശ്നങ്ങളും പരിഹരിച്ചു് മെച്ചപ്പെട്ട മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അടുത്തെത്തുന്നതു് 2010 ലാണു്. അപ്പോഴേയ്ക്കും പല ചിത്രീകരണ സംവിധാനങ്ങളും അവയുടെ സങ്കീര്‍ണ്ണത മൂലവും കാലപ്പഴക്കം മൂലവും സ്റ്റാന്‍ഡേര്‍ഡുകളുടെ മാറ്റം മൂലവും പുതുതായെഴുതി പുതുക്കേണ്ടിവന്നു. ആ പുതുക്കലുകള്‍ക്കൊപ്പം മലയാളത്തിന്റെ ഫോണ്ടുകള്‍ മെച്ചപ്പെടുത്താനും ചിത്രീകരണ സംവിധാനത്തിന്റെ സ്ഥിരത നഷ്ടപ്പെടാതെനോക്കാനും വീണ്ടും ഒരുപാടു സമയവും ഊര്‍ജ്ജവും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കു ചെലവാക്കേണ്ടിവന്നിട്ടുണ്ടു്.

വിജയത്തിലെത്തിയ ഈ പരിശ്രമങ്ങളുടെ കഥ ഈ ശ്രമങ്ങളില്‍ ഇടപെട്ടവര്‍ക്കുപുറമേ കൂടുതല്‍ ഭാഷാസ്നേഹികളറിയേണ്ടതുണ്ടു്. ഇപ്പോള്‍ പുതുതായി ഒരു ഫോണ്ടു നിര്‍മിക്കുന്നതിനു് ഒന്നു മുതല്‍ തുടങ്ങാതെ വര്‍ഷങ്ങളായി നിര്‍മിച്ചെടുത്ത ഫോണ്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ മതിയെന്നായി. സ്വതന്ത്ര ചിത്രീകരണ സംവിധാനങ്ങള്‍ ഗ്നു/ ലിനക്സ് എന്ന പ്ലാറ്റ്‌ഫോമിലൊതുങ്ങാതെ ആന്‍ഡ്രോയിഡ്, ഫയര്‍ഫോക്സ്, ക്രോം, ലിബ്രെഓഫീസ്, ടെക്ക്, ഫയര്‍ഫോക്സ് ഓഎസ് തുടങ്ങിയവയിലും എത്തിയതോടെ മെച്ചപ്പെട്ട മലയാളം ചിത്രീകരണം കൂടുതല്‍ പേരുടെ കൈകളിലെത്തി.

സാങ്കേതിക അടിത്തറ ശക്തിപ്പെടുത്തലും മെച്ചപ്പെട്ട മാതൃകാ ഫോണ്ടുകള്‍ പരിപാലിക്കുന്നതും പലപ്പോഴും വേണ്ടത്ര തിരിച്ചറിയാതെ പോകുന്ന പ്രവര്‍ത്തനങ്ങളാണു്. ഇവയെല്ലാം തെറ്റില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇവയുടെ സാന്നിധ്യം പോലും പലരും തിരിച്ചറിയില്ല. റിലീസുകളോ ഔദ്യോഗിക പുറത്തിറക്കല്‍ പരിപാടികളോ ഇല്ലാതെ ഉണ്ടായ കുറേപേരുടെ പരിശ്രമങ്ങള്‍ മറന്നു പോകാതെ രേഖപ്പെടുത്തിവയ്ക്കേണ്ടതുണ്ടു്. ഭാഷാ സാങ്കേതികവിദ്യയുടെ നാള്‍വഴികളില്‍ അവയ്ക്ക് വലിയ പ്രാധാന്യമുണ്ടു്. ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവര്‍ക്കും ഇതൊരു സഹായമാവണം. ഗവണ്‍മെന്റുകളും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ബോഡികളും സ്റ്റാന്‍ഡേര്‍ഡ് നിര്‍മ്മാണവും അവയുടെ പാലിക്കലും അവയ്ക്കിടയിലെ പൊരുത്തക്കേടുകളും കമ്പനികളുടെ ഇടപെടലും ഒക്കെ ചേര്‍ന്നു സൃഷ്ടിക്കപ്പെടുന്ന സാങ്കേതികപരിസരത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടെ ഉള്ള സാങ്കേതികരാഷ്ട്രീയ ഇടപെടലുകളുടെയും അതിന്റെ സാധ്യതകളുടേയും വിജയങ്ങളുടേയും ഒരു രേഖ കൂടി ആണു് ഈ ലേഖനപരമ്പര.

കൃത്യമായി ഒരു ക്രമം പാലിച്ചു് എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമാക്കി ഇതെഴുതുക ദുഷ്കരമാണു്. ഒരുപാടു സമയവും അധ്വാനവും ഇതിനായി വേണം. അതുകൊണ്ടു് എഴുതിത്തുടങ്ങുന്നതു് ഒന്നാമദ്ധ്യായത്തില്‍ നിന്നല്ല. പല പല ഭാഗങ്ങളും എഴുതി അവസാനം എഡിറ്റ് ചെയ്തു് ക്രമീകരിച്ച് ഒരു പുസ്തകമാക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

യ, ര, ല, വ എന്നീ അക്ഷരങ്ങളുടെ പ്രത്യേകതകളും സങ്കീര്‍ണ്ണതകളും വിശദമാക്കി തുടങ്ങാമെന്നു കരുതുന്നു.നാളെമുതല്‍ ഈ ലേഖനപരമ്പര ആരംഭിയ്ക്കുന്നു. മലയാളത്തില്‍ സാങ്കേതികവിദ്യാ ഡോക്യുമെന്റേഷന്‍ രംഗത്ത് ഇങ്ങനെ ഒരു ശ്രമം ആദ്യമാണു്. അതിനാല്‍ തന്നെ നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കുക.

ലേഖനങ്ങള്‍