VLC Localization, OSM Activities and More: SMC Monthly Updates Dec 2020
Localization EffortsVLC Projects are 99% LocalizedLocalized VLC websiteVarious VLC projects, including popular VLC Media Player,
ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇന്റര്‍നെറ്റിനെ വിഭജിക്കാനും, ഗുണ്ടാ പിരിവു്
നടത്താനും, ഉപഭോക്താക്കളുടെ അവകാശങ്ങളെ തകര്‍ക്കാനുമുള്ള അനുവാദത്തിനായി നെറ്റ്
ന്യൂട്രാലിറ്റിക്കെതിരായുയര്‍ത്തിയ വാദങ്ങള്‍ക്കുള്ള മറുപടിയായാണീ കഥയെഴുതിയതു്.
പട്ടണത്തില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരെയായി പൊട്ടിപൊളിഞ്ഞ മണ്‍പാതയുടെ സൈഡിലെ വരവില്‍പ്പുഴ ബസ് സ്റ്റോപ്പിനു് പറയത്തക്കതായി പ്രത്യേകതകളൊന്നുമില്ലായിരുന്നു. അടുത്തായി വീടുകളോ കടകളോ ഉണ്ടായിരുന്നില്ല. പാടങ്ങള്‍ക്കപ്പുറത്തായി നടക്കാവുന്ന ദൂരത്തില്‍ നാലു് ഗ്രാമങ്ങളുണ്ടായിരുന്നു. പട്ടണത്തില്‍ ജോലിയുള്ള ഗ്രാമവാസികളെക്കൊണ്ടു് പോകാന്‍ രാവിലെയും വൈകുന്നേരവും ആറു് ബസ്സുകള്‍ അവിടെ നിര്‍ത്തിയിരുന്നു.
അങ്ങനെ ഒരു രാവിലെയാണു് യാത്രക്കാര്‍ അപ്പുവിനെ ആദ്യമായി കാണുന്നതു്. അടുത്ത
ഗ്രാമങ്ങളിലൊന്നില്‍ നിന്നു് വന്ന കൌമാരപ്രായക്കാരനായ അവന്‍ കുറച്ചു് ചായക്കപ്പുകള്‍ ഒരു പരന്ന പാത്രത്തില്‍ ചുമന്നുകൊണ്ടു് വന്നതായിരുന്നു. അവനെ നോക്കിയവരോടെല്ലാം അവന്‍ "അഞ്ചു രൂപ" എന്നു്
പറഞ്ഞുകൊണ്ടിരുന്നു. ആദ്യ ദിവസം അവന്‍ പതിനൊന്നു് ഗ്ലാസ് ചായ വിറ്റു, കാലിക്കപ്പും പാത്രവും ചായക്കടക്കാരനായ സഞ്ചയിനെ തിരികെ ഏല്‍പ്പിച്ചു.
മൂന്നാഴ്ചകള്‍ക്കു് മുമ്പ്, അപ്പു ജോലി തുടങ്ങാനായി സ്കൂള്‍ ഉപേക്ഷിച്ചിരുന്നു. "നിന്റെ കുഞ്ഞനിയത്തിയെ നോക്കാനുള്ള ഉത്തരവാദിത്തം ഇനി നിന്റേതാണു്", എന്നവന്റെ മുത്തശ്ശി അവനോടു് പറഞ്ഞിരുന്നു. ആ നാട്ടിലെ ചായക്കടക്കാരനായ സഞ്ചയിനു് അപ്പുവിന്റെ അച്ഛനെ അറിയാമായിരുന്നതു് കൊണ്ടു് അവനു് ജോലി കൊടുക്കാമെന്നേറ്റു. പാടത്തു് പണിയെടുക്കേണ്ടെന്നതിനാല്‍ അപ്പുവിനു് സന്തോഷമായിരുന്നു.
എല്ലാ ദിവസവും രാവിടെ നേരത്തെ എണീറ്റവന്‍ പാലും വെള്ളവും കൊണ്ടു വരുകയും കടയില്‍ വരുന്നവര്‍ക്കു് ചായ എടുത്തുകൊടുക്കുകയും ഗ്ലാസുകള്‍ കഴുകി വയ്ക്കുകയും ചെയ്യുമായിരുന്നു. ബസ് സ്റ്റോപ്പില്‍ ചായ വില്‍ക്കാനുള്ള ആശയം അവന്റേതായിരുന്നു, ശ്രമിച്ചു് നോക്കാന്‍ സഞ്ചയ് സമ്മതിക്കുകയും ചെയ്തു. ചായയുടെ ചൂട് നഷ്ടപ്പെടാതെ അപ്പു ശ്രദ്ധിച്ചു, അതിനാല്‍ പെട്ടെന്നു് തന്നെ യാത്രക്കാരുടെയിടയില്‍ ചായ ഹിറ്റായി.
ആറുമാസം കഴിഞ്ഞപ്പോഴേക്കും കുറച്ചു് പണവും പഴയ കലവും പാത്രങ്ങളും കടം വാങ്ങി ബസ് സ്റ്റോപ്പില്‍ സ്വന്തമായി ചായക്കട തുടങ്ങി. കുറച്ചു് സമയത്തിനകം തന്നെ രാവിലെ ഇഡ്ലിയും വൈകുന്നേരം സമൂസയും വിറ്റുതുടങ്ങി - സ്കൂളില്ലാത്ത സമയത്തു് അവന്റെ അനിയത്തിയും അവനെ സഹായിച്ചു. അപ്പുവിന്റെ ചായയും പലഹാരങ്ങളും ആ പ്രദേശത്തെ ഏറ്റവും മികച്ചതായിരുന്നതിനാല്‍ പെട്ടെന്നു് തന്നെ മറ്റു് സ്ഥലങ്ങളില്‍
നിന്നും ആളുകള്‍ വരവില്‍പുഴയില്‍ വന്നു തുടങ്ങി.
അപ്പുുവിന്റെ ചായക്കട തുടങ്ങിയിട്ടിപ്പോ രണ്ടു കൊല്ലമായി. അപ്പൊഴാണ് ബസ് ഡ്രൈവര്‍മാരുമായി അവന്റെ
പ്രശ്നങ്ങളും തുടങ്ങിയതു്. രാവിലെ രണ്ടാമത്തെ ബസ്സ് ഓടിച്ചിരുന്ന മുകേഷ് ട്രാവല്‍സിന്റെ ഡ്രൈവര്‍ ഒരു ദിവസം അപ്പുവിനെ അടുത്തു വിളിച്ചു.
"നിന്റെ ചായക്കടയില്‍ വരുന്ന ആളുകളെക്കൊണ്ടു് ബസ്സില്‍ തിരക്കാ. ഇവരെ നിന്റെ കടയില്‍ കൊണ്ടുവരുന്നതിനു് നീ ഞങ്ങള്‍ക്കിനി മുതല്‍ പണം തരണം." എന്നു് അയാള്‍ പറഞ്ഞു. അപ്പു അത്ഭുതപ്പെട്ടു. "പക്ഷേ ഇവിടെ വരുന്നതിനു് അവര്‍ തന്നെ നിങ്ങള്‍ക്കു് പൈസ തരുന്നില്ലേ? കൂടുതല്‍ ആള്‍ക്കാര്‍ കയറുമ്പോള്‍ നിനക്കു് കൂടുതല്‍ പൈസ കിട്ടില്ലേ?"
"ഞങ്ങളുടെ യാത്രക്കാര്‍ നേരത്തെ സിറ്റി വരെയുള്ള പൈസ തരാറുണ്ടായിരുന്നു; വരവില്‍പ്പുഴ ഇറങ്ങുന്ന
യാത്രക്കാര്‍ അത്ര തരുന്നില്ല [1]. മാത്രമല്ല, മൂന്നു് സ്റ്റോപ്പ് കഴിഞ്ഞു് ഞങ്ങളുടെ മുതലാളിക്ക് ഒരു
ഹോട്ടലുണ്ടു്, അവിടത്തെ കച്ചവടം നീ കാരണം കുറയുന്നു."
അപ്പോഴേക്കും യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു, ബസ്സെടുക്കാന്‍ സമയവുമായി. "ഒരു കാര്യം മനസ്സില്‍ വച്ചോളൂ: ഞങ്ങള്‍ക്കു് പൈസ തന്നില്ലെങ്കില്‍ ഇനി ബസ്സ് വരവില്‍പ്പുഴയില്‍ നിര്‍ത്തില്ല. നിന്റെ ലാഭത്തിന്റെ പത്തിലൊന്നു് മാത്രമേ മുതലാളി ചോദിക്കുന്നുള്ളൂ, ഞാനാണെങ്കില്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ പണം കൊടുത്തൊഴിവാക്കും." ബസ്സെടുക്കുന്നതിനു് മുമ്പു് ഡ്രൈവര്‍ ഇത്രയും പറഞ്ഞു.
ആദ്യമൊന്നും അപ്പു ഇതു് കാര്യമാക്കിയില്ല. വരവില്‍പ്പുഴയില്‍ നിന്നും കുറേയധികം ആളുകള്‍ കയറാനുള്ളതിനാല്‍ മുകേഷ് ട്രാവല്‍സിനു് അവരെ കയറ്റാതിരിക്കാനാവില്ല. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റഞ്ചു് ബസ്സിലെ ഡ്രൈവര്‍മാരും അപ്പു അവര്‍ക്കും കാശ് കൊടുക്കണമെന്നു് പറഞ്ഞു. അപ്പു ഈ പകല്‍ക്കൊള്ളയില്‍ രോഷം കൊള്ളുകയും പണം കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
അടുത്ത രാവിലെ, ആദ്യത്തെ ബസ്, ഭാരതി ട്രാന്‍സ്പോര്‍ട്ട്, വരവില്‍പ്പുഴയില്‍ നിര്‍ത്താതെ പോയി. അതിനും ശേഷം മുകേഷ് ട്രാവല്‍സും അതു് തന്നെ ചെയ്തു.
ബസ് സ്റ്റോപ്പിലെ ആള്‍ക്കാരുടെ എണ്ണം കൂടുകയും അവര്‍ അക്ഷമരാകാന്‍ തുടങ്ങുകയും ചെയ്തു. അടുത്ത ബസ്സു കണ്ടപ്പോഴെ ആളുകള്‍ കൈവീശാന്‍ തുടങ്ങി, പക്ഷേ ഫലമൊന്നുമുണ്ടായില്ല. അടുത്ത മൂന്നു് ബസ്സിനും നേരെ
അലറി വിളിക്കാനും കൈ വിശാനും നോക്കിയെങ്കിലും അവയും നിര്‍ത്താതെ പാഞ്ഞുപോയി.
രാവിലത്തെ അവസാനത്തെ ബസ്സിനും പുറകേ ഒരു കാര്‍ വന്നു് നിന്നു, നല്ല വസ്ത്രം ധരിച്ച ഒരാള്‍ പുറത്തിറങ്ങി. "എന്റെ പേരു് രാജന്‍, ഞാന്‍ ബസ്സ് മുതലാളിമാരുടെ പ്രതിനിധിയാണു്." ചുറ്റും കൂടിയ ആളുകളോടായി അദ്ദേഹം പറഞ്ഞു. "വരവില്‍പ്പുഴയില്‍ ചായ കുടിക്കാന്‍ വരുന്ന യാത്രക്കാര്‍ ഞങ്ങളുടെ ബസ്സില്‍ താങ്ങാനാവാത്ത തിരക്കുണ്ടാക്കുന്നതിനാല്‍ ഇനി മുതല്‍ ഇവിടെ നിര്‍ത്താന്‍ സാധിക്കില്ല [2]. ഇതിനും പകരമായി ചായക്കടക്കാരന്‍ അഞ്ചിലൊന്നു് ലാഭം ഞങ്ങള്‍ക്കു് തരുകയാണെങ്കില്‍ മാത്രമേ ഇവിടെ നിര്‍ത്താനാകൂ.
ഒരു വൃദ്ധന്‍ ഇടക്കു് കയറി പറഞ്ഞു, "നിങ്ങളുടെ ബിസിനസ്സ് ഞങ്ങള്‍ പോകാനാഗ്രഹിക്കുന്നിടത്തു് ഞങ്ങളെ ഇറക്കുക എന്നതാണു്, ഞങ്ങള്‍ ജോലിക്കു് പോകുകയാണോ ചായ കുടിക്കാന്‍ പോകുകയാണോ എന്നല്ല. സര്‍ക്കാര്‍ അനുമതിയോടെ ഓടിക്കുന്ന റൂട്ടില്‍ ഏതു് സ്റ്റോപ്പില്‍ നിന്നും കയറോനോ ഏതു സ്റ്റോപ്പിലും ഇറങ്ങാനോ ഞങ്ങള്‍ക്കവകാശമുണ്ടു്.
തടസ്സമൊന്നും വരാത്ത ഭാവത്തില്‍ രാജന്‍ തുടര്‍ന്നു. "ഈ ചായക്കട ഞങ്ങളുടെ ബസ് സേവനത്തിന്റെ മുകളിലൂടെയാണു് (over the top [3]) ഓടുന്നതു്, പണം തരാതെ (free riding [4]) ഞങ്ങളുടെ സേവനം ഉപയോഗിക്കാതെ ഈ പരിപാടി നടക്കുകയില്ല. സത്യത്തില്‍ നിങ്ങള്‍ക്കു് ചായയും പലഹാരങ്ങളും നല്‍കുന്നതില്‍ അവനുള്ളത്രയും ക്രെഡിറ്റ് ഞങ്ങള്‍ക്കും കിട്ടണം -- ഞങ്ങള്‍ നിങ്ങളെയിവിടെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ നിങ്ങളിവിടെ എങ്ങനെ വരുമായിരുന്നു? എന്നിട്ടും നിങ്ങള്‍ അവന്റെ ഇഡ്ഡലിക്ക് [5] വലിയ തുക കൊടുക്കുമ്പോഴും ഞങ്ങള്‍ക്കു വളരെ ചെറിയ പണമേ തരുന്നുള്ളൂ. ഇതു് ന്യായമാണോ?"
ഒരു യുവതി പറഞ്ഞു, "ബസ്സും ഭക്ഷണവും വ്യത്യസ്ത കാര്യങ്ങളാണു്, രണ്ടിനും ഞങ്ങള്‍ ശരിയായ കമ്പോള വില നല്‍കുന്നു. ഞങ്ങളുടെ വീട്ടില്‍ അരി വാങ്ങുന്നതു് ഒരു കടയില്‍ നിന്നും പൊടിക്കുന്നതു് മില്ലില്‍ നിന്നുമാണു്. കടക്കാരനു് അരിയുടെ വിലയും മില്ലില്‍ പൊടിക്കാനുളള വിലയുമാണു് നല്‍കുന്നതു്. ഇഡ്ഡലി കഴിക്കുന്നതിനായി ബസ്സില്‍ വന്ന പോലെ പൊടിക്കുന്നതിനു് മുമ്പ് ഞങ്ങള്‍ക്കരി വാങ്ങണമല്ലോ -- പക്ഷേ ഇതുകൊണ്ട് കടക്കാരനു് മില്ലുകാരന്റേയോ നിങ്ങള്‍ക്കു് അപ്പുവിന്റേയോ പണത്തിനവകാശമില്ല!"
പക്ഷേ രാജന്‍ നിര്‍ത്താനുള്ള ഭാവമില്ലായിരുന്നു. "പക്ഷേ ഞങ്ങള്‍ അപ്പുവിനൊരു സേവനമാണു് നല്‍കുന്നതു്! ഞങ്ങളവന്റെ ഉപഭോക്താക്കളെയാണ് കൊണ്ടുവരുന്നതു് [6]. ഞങ്ങള്‍ ഞങ്ങളുടെ സേവനത്തിനുള്ള പണം മാത്രമാണു് ചോദിക്കുന്നതു്.
വൃദ്ധന്‍ പറഞ്ഞു, "നിങ്ങളുടെ സേവനം യാത്രക്കാരെ കൊണ്ടുപോകുക എന്നതാണു്. അതിനുള്ള പണം യാത്രക്കാരായ ഞങ്ങള്‍ മുമ്പേ നല്‍കിക്കഴിഞ്ഞു. ഞങ്ങളാണു് നിന്റെ കസ്റ്റമേര്‍സ്, അപ്പുവല്ല. ബീഡിയില്ല സഖാവേ തീപ്പെട്ടിയെടുക്കാന്‍."
ഈ ഡയലോഗ് കേട്ട് യാത്രക്കാര്‍ സംശയത്തോടെ വൃദ്ധനെ നോക്കി. അദ്ദേഹത്തിനു് നല്ല വയസ്സായിരുന്നു, അതു് വല്ല പഴയ സിനിമയിലേം ഡയലോഗായിരിക്കുമെന്നവര്‍ കരുതി.
രാജനു് ദേഷ്യം വന്നു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകുന്നില്ലായിരുന്നു, അപ്പോളയാള്‍ വേറൊരു വാദം ഉയര്‍ത്തി. "ഓരോ ദിവസവും ബസ്സില്‍ തിരക്കു് കൂടുകയാണു്. തിരക്കു് കുറയ്ക്കാന്‍ പുതിയ ബസ്സിനു് [7] ഞങ്ങളെവിടുന്നു് പൈസ കൊടുക്കും? പുതിയ ബസ്സ് വാങ്ങാന്‍ ഞങ്ങളുടെ ലാഭത്തില്‍ നിന്നും പണം എടുക്കേണ്ടി വരുന്നു. മുകേഷ് മുതലാളി ഹോട്ടലില്‍ നിന്നുള്ള ലാഭം പോലും ബസ്സിലേക്കിറക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കു് ലാഭം കിട്ടുക എന്നതു് ജനങ്ങളുടെ താത്പര്യമാണു്, ഞങ്ങളുടെയല്ല.
അപ്പോഴോരു ചെക്കന്‍ കയറി ഗോളടിച്ചു, "അങ്ങോരിത്രേ പൈസയെറക്ക്വാച്ചാ മൂന്നുവര്‍ഷായിട്ടും പൊട്ടിയ ചില്ലെന്താ മാറ്റാത്തേ? നിങ്ങള്‍ടെ ചെത്ത് കാറു് കണ്ടാലറിയാം പൈസ ശരിക്കും പോണതെങ്ങോട്ടെന്നു." എല്ലാരും ചിരിച്ചപ്പോള്‍ രാജന്‍ മുഷ്ടി ചുരുട്ടി.
രാജനു് ദേഷ്യം അടക്കാനായില്ല. അയാള്‍ക്കും ചെറിയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ, ആളുകളുടെ ദേഷ്യം അപ്പുവിനെതിരെ തിരിച്ച് അവനെക്കൊണ്ടു് കാശെടുപ്പിക്കുക. ഒരേ പാടത്ത് കളിക്കണമെന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ! [9]. ബസ്സുകള്‍ക്കും വലിയ ഹോട്ടലുകള്‍ക്കും ഒരു നൂറു് നിയമങ്ങളുണ്ടു്. നല്ല സേവനം,
വൃത്തി, സുരക്ഷ... ഇവയെല്ലാം ഉറപ്പാക്കിയേ ഞങ്ങള്‍ക്കാവൂ. ഇതിനെല്ലാം കാശിറക്കണം. റോഡ് സൈഡിലെ ചായക്കടകള്‍ക്കങ്ങനെ നിയമങ്ങളൊന്നുമില്ല. എല്ലാം അവനനുകൂലമായിരിക്കുമ്പോള്‍ഞങ്ങള്‍ക്കെങ്ങനെ അപ്പുവുമായി [10] മത്സരിക്കാനാവൂം?
യുവതി വീണ്ടും പറഞ്ഞും, "എന്നിട്ടും നിങ്ങളുടെ ബസ്സുകള്‍ പതുക്കെയും ഇടക്കിടക്കു് കേടാവുന്നതുമാണു്. നിങ്ങളുടെ ഹോട്ടലില്‍ പഴയ രുചിയില്ലാത്ത ഇഡ്ലിയാണു്, ചട്ടിണിയുമില്ല അപ്പുവിന്റേതിനേക്കാള്‍ രണ്ടിരട്ടിയോളം [11] പൈസ വാങ്ങുകയും ചെയ്യും. നിങ്ങളുടെ ഡ്രൈവര്‍മാരും, കണ്ടക്റ്റര്‍മാരും വെയിറ്റര്‍മാരും എല്ലാവരും ചൂടന്മാരാ. എന്നോലോ അപ്പുവിനെതിരെ പരാതി പറയാന്‍ ഇതുവരെ അവന്‍ കാരണമൊന്നുമുണ്ടാക്കിയിട്ടില്ല.
അതുവരെ സംസാരിക്കാതിരുന്ന അപ്പു പറഞ്ഞു, "അവര്‍ വൃത്തിയെപ്പറ്റി നിയമമുണ്ടാക്കട്ടെ, അവയെല്ലാം പാലിക്കുമെന്നെനിക്കുറപ്പാണു്. നിങ്ങള്‍ക്കു് തരാന്‍ പണമോ സര്‍ക്കാരാപ്പീസുകളില്‍ കയറിയിറങ്ങി അനുമതികളും സാക്ഷ്യപത്രങ്ങളും എടുക്കാനുള്ള സമയമോ എനിക്കില്ല."
രാജനിപ്പോള്‍ അലറാന്‍ തുടങ്ങി. "ഞങ്ങളുടെ ബസ്സുകള്‍ ഓടിക്കാന്‍ ഞങ്ങള്‍ക്കു് സര്‍ക്കാരിനു് എത്ര പണം കൊടുക്കണമെന്നു് നിങ്ങള്‍ക്കറിയാമോ? ബസ് റൂട്ടുകളുടെ കഴിഞ്ഞ ലേലത്തില്‍, അവ വളരെ പണച്ചിലവുള്ളതാണു്![12] ഇപ്പോള്‍ ബസ്സുകള്‍ നന്നായോടിക്കാനുള്ള പണം ഞങ്ങളുടെ കയ്യിലില്ല."
മദ്ധ്യവയസ്കനായ മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു "ബസ്സുകള്‍ ഓടിച്ച് ബസ്സുകാശില്‍ നിന്നും പണം തിരിച്ചുപിടിക്കണം എന്ന് നിങ്ങള്‍ക്ക് ബസ്സ് ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ അറിയാമായിരുന്നില്ലേ? നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാവുന്നതിലും കൂടിയ തുകക്ക് ലേലംകൊണ്ടത് എന്തിനാണ്? പിന്നെ ഇത് നിങ്ങളും സര്‍ക്കാരും തമ്മിലുള്ള കാര്യമാണ് അതിന് ഞങ്ങളും അപ്പുവും എങ്ങനെയാണ് ഉത്തവാദികളാവുന്നത്?" രാജന്‍ അവിടെനിന്ന് വിയര്‍ക്കാന്‍ തുടങ്ങി
അയാള്‍ പറഞ്ഞു "ഞങ്ങള്‍ ചിലപ്പോള്‍ ഉയര്‍ന്ന തുകയ്ക്കായിരിക്കും ലേലം പിടിച്ചത്. എന്നാല്‍ അത് കഴിഞ്ഞകാര്യമാണ് അതുകൊണ്ട് ഞങ്ങള്‍ക്കിനി തിരിഞ്ഞുനോക്കാന്‍ വയ്യ. മുന്നോട്ട് തന്നെ പോകണം." മദ്ധ്യവയസ്ക്കന്‍ പറഞ്ഞു"നിങ്ങളില്‍നിന്ന് കൂടുതല്‍പണം പറ്റി എന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണെങ്കില്‍ അത് തിരിച്ച് തരാനുള്ള വഴികളുമുണ്ടല്ലോ. ഗ്രാമപ്രദേശങ്ങളിലേക്ക് ബസ്സുകള്‍ ഓടിക്കുന്നതിന് സഹായിക്കുന്ന ഒരു ആഗോള ബസ്സ് സേവനനിധിയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് കുറച്ച് പണം അതില്‍ നിക്ഷേപിച്ച് അതുപയോഗിച്ച് പുതിയ ബസ്സുകള്‍ വാങ്ങാമല്ലോ?"
പണി പാളിയെന്ന് രാജനു് മനസ്സിലായി.. ഈ നാട്ടുകാര്‍ക്ക് പുള്ളി കരുതിയതിനേക്കാള്‍ വിവരമുണ്ടെന്ന് പുള്ളിക്ക് മനസ്സിലായി. പോരാത്തതിനു് മൂപ്പരുടെ കയ്യിലെ ഐഡിയകളുടെ സ്റ്റോക്കും തീര്‍ന്നു. "അതിപ്പോ... ഗവണ്മെന്റ്... ആ... ഞങ്ങള്‍ ഗവണ്മെന്റിന്റെ എല്ലാര്‍ക്കും സീറ്റ് [13] എന്ന ആശയത്തിന്റെ കൂടെയാ..".. രാജന്‍ വിക്കിവിക്കി പറഞ്ഞു.. "അത് നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് വളരെ താല്‍പര്യമുണ്ട്; പക്ഷേ അതിനു് വേണ്ട വിഭവങ്ങള്‍ വ്യവസായത്തിനു് നിഷേധിച്ചുകൊണ്ടു് ആ ലക്ഷ്യം നടക്കില്ല. "
വൃദ്ധന്‍ തുടര്‍ന്നു: "നിങ്ങളുടെ പൊള്ളയായ വാദങ്ങള്‍ എല്ലാം പൊളിഞ്ഞ സ്ഥിതിക്ക് ചുമ്മാ പിച്ചും പേയും പറയാന്‍ നോക്കേണ്ട. നിങ്ങളെ പോലുള്ള ഇടനിലക്കാര്‍ക്ക് തരുന്ന കാശിന്റെ പകുതിയെങ്കിലും ആ മുതലാളിമാര്‍ അവരുടെ സേവനം നന്നാക്കാന്‍ മുടക്കിയിരുന്നെങ്കില്‍ മതിയായിരുന്നു. പോയി നിങ്ങളുടെ മുതലാളിമാരോട് പറയൂ, ഗവണ്മെന്റ് അനുമതി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെങ്കില്‍, അവയൊക്കെ കൈവിട്ടുകളയാന്‍ തയ്യാറായിക്കൊള്ളാന്‍.
കാര്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍, രാജന്‍ ഒരു അവസാനശ്രമം കൂടെ നടത്തിനോക്കി.. "അപ്പു തീവ്രവാദികള്‍ക്ക് ഇഡ്ഡലി വില്‍ക്കാറുണ്ട്!" [14]
വേഗം സ്ഥലം വിടുന്ന കാറിനെ നോക്കി ഗ്രാമീണര്‍ പുച്ഛിച്ചു ചിരിച്ചു.
ഇത് ഒരു കഥയാണ്;എന്നാല്‍ ചില ടെലികോം പ്രവര്‍ത്തകര്‍ ഇതേപോലെയുള്ള ചില വാദങ്ങളാണ് ഉന്നയിക്കുന്നത്. കഥയിലെ ബസ് മുതലാളിമാര്‍ പറയുന്ന അത്രയും വിഢിത്തമാണ് ഇവ.
ഈ കുറിപ്പുകള്‍ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ എഴുതിക്കൊടുത്ത ആവശ്യങ്ങളുമായി സാങ്കല്‍പ്പികമായ ബസ് മുതലാളിമാരുടെ ആവശ്യങ്ങള്‍ താരതമ്യം ചെയ്യുന്നു. ഇവയില്‍ കൂടുതലും അവരുടെ ലോബിയിസ്റ്റായ സിഒഎഐയില്‍ നിന്നോ അല്ലെങ്കില്‍ അവര്‍ എഴുതാന്‍ സഹായിച്ച ട്രായിയുടെ ചര്‍ച്ചാപത്രത്തില്‍ നിന്നോ ആണു്. നിങ്ങള്‍ക്കു് പരിശോധിച്ചുറപ്പാക്കാനായി അവരുടെ വാദങ്ങള്‍ അതേപടി താഴെ കൊടുക്കുന്നു
നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി ആശങ്കയുണ്ടോ? പ്രതിഷേധത്തില്‍ അണിചേരൂ. ഇവിടെ പേരു് നല്‍കിയാല്‍ [15] വിശദാംശങ്ങള്‍ അയച്ചുതരുന്നതാണു്. സമാനമനസ്കരായ കൂട്ടായ്മയോടൊന്നിച്ചു് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടു്
TRAI CP:
http://www.trai.gov.in/WriteReaddata/ConsultationPaper/Document/OTT-CP-27032015.pdf
സിഒഎഐ പത്രക്കുറിപ്പുകള്‍: http://www.coai.com/press-release/news-desk —
മുന്നറിയിപ്പ്: പത്രക്കുറിപ്പുകള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യണം (!)
[1] ഓരോ എംബി ഡാറ്റക്കും ₹0.25 (25 പൈസ), ഓരോ എംബി വോയിസിനും ₹0.85 (85 പൈസ), ഓരോ എംബി എസ്എംഎസ്സിനും ₹1,125 (1125 രൂപ) വച്ച് ടെലികോം സേവനദാതാക്കള്‍ ലാഭമുണ്ടാക്കുന്നു. (TRAI CP 2.37, 2.38) ഡാറ്റ പ്ലാനുകളുടെ നിരവധി പരസ്യങ്ങള്‍ നോക്കുമ്പോള്‍ നമുക്കറിയാം ടെലികോം സേവനദാതാക്കാള്‍ ഡാറ്റയില്‍ നിന്നും നല്ല ലാഭമുണ്ടാക്കുന്നുണ്ടെന്നു് നമുക്കു് മനസ്സിലാകും. അതിനര്‍ത്ഥം വോയിസിനു് വില കൂടുതലാണെന്നും എസ്എംഎസ് തീവെട്ടിക്കൊള്ളയാണെന്നും നമുക്കു് മനസ്സിലാകും. ഡാറ്റയില്‍ നിന്നുള്ള ലാഭം ഓരോ വര്‍ഷവും 100% കൂടുകയാണെന്നും (TRAI
CP 2.36) അതുകൊണ്ടുതന്നെ ഇതുവരെയില്ലാത്തവിധം ഇന്നു് കൂടുതല്‍ പണമുണ്ടാക്കുന്നെന്നും ഇതോടൊപ്പം
ചേര്‍ത്തു് വായിക്കുക.
[2] TRAI CP 1.2: "ടെലികോം സേവനദാതാക്കള്‍ക്ക് ഓണ്‍ലൈന്‍ കണ്ടന്റ് താങ്ങാനാവുന്നില്ല."
ട്രായിയുടെ പക്ഷപാതം ശ്രദ്ധിക്കുക.
[3] TRAI CP 1.2: "ഓവര്‍-ദി-ടോപ്പ് (OTT) എന്നതുകൊണ്ടു് ഓപ്പറേറ്റര്‍മാരുടെ ശൃംഖലയുടെ മുകളില്‍ കൂടി പോകുന്ന അപ്ലിക്കേഷനുകളുടേയും സേവനങ്ങളുമാണുദ്ദേശിക്കുന്നതു്"
[4] TRAI CP 6.9: "OTT വ്യവസായത്തിന്റെ ബിസിനസ് മാതൃകകള്‍ TSP കളുടെ ശൃംഖല പണം കൊടുക്കാതെ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു." പണം കൊടുക്കാതെ ഉപയോഗിക്കുന്നു എന്നു് ഇവിടെയും മറ്റിടത്തുമുള്ള പ്രയോഗം ഈ വിഷയത്തില്‍ ട്രായിയുടെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നു.
[5] TRAI CP 1.4 "TSP കള്‍ക്കു് കൂടിയ ഡാറ്റ ഉപയോഗത്തില്‍ നിന്നും മാത്രമാണു് വരുമാനം, മറ്റൊരു വരുമാനവുമില്ല". 5.33: "OTTകള്‍ക്കു് കസ്റ്റമേഴ്സ് ഉയര്‍ന്ന വില നല്‍കുന്നു, അതുകൊണ്ടു് തന്നെ
അവരുടെ TSP യ്ക്കു് കൂടിയ ഫീസ് വാങ്ങാം."
[6] TRAI CP 1.4: "OTT ദാതാക്കള്‍ TSP കളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ചവരുടെ കസ്റ്റമേഴ്സിന്റടുത്തെത്തുന്നു". യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കളാണു് OTT ദാതാക്കളുടടുത്തെത്താന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കുന്നതു്, അവരാകട്ടെ ഇതിനു് പണവും കൊടുക്കുന്നുണ്ടു്. ട്രായിടെ പൂതി മനസ്സിലിരിക്കുകയേ ഉള്ളൂ.
[7] ദി ഇക്കണോമിസ്റ്റ്, ജനു 31, 2015, TRAI CP p93 യില്‍ ഉദ്ധരിച്ചതു്: "ലാഭം വര്‍ദ്ധിക്കുമ്പോള്‍ ശൃംഖലകള്‍ മെച്ചപ്പെടുത്താനും ഇന്റര്‍നെറ്റിലെ ട്രാഫിക് നേരിടാനും ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരെ സഹായിക്കുമെന്നവര്‍ വാദിക്കുന്നു."
[8] TSP കളുടെ നിലവിലെ ബിസിനസ്സുകള്‍ തകര്‍ന്നാല്‍... താങ്ങാവുന്നതും സാധാരണവുമായ ടെലിഫോണും ബ്രോഡ്ബാന്‍ഡും രാജ്യത്തെല്ലാവര്‍ക്കുമെത്തിക്കണമെന്ന ദേശീയ ലക്ഷ്യം തകിടം മറിക്കും.
[9] TRAI CP 3.4: "TSP കള്‍ വ്യവസ്ഥകള്‍ക്കുള്ളിലാണു് വരുന്നതു് എന്നാല്‍ OTT കളിക്കാര്‍
വ്യവസ്ഥകളെ മറികടക്കുകയാണു്"
[10] TRAI CP 3.8: "വ്യവസ്ഥയിലുള്ള ഈ അസമത്വമോ പക്ഷപാതിത്വ പരമായ അവസരമോ അവര്‍ക്ക് സേവനങ്ങളോ ചരക്കുകളോ കുറഞ്ഞ ചെലവിലോ സൌജന്യമായോ നല്‍കാന്‍ അവരെ അനുവദിക്കുന്നു.
[11] TRAI CP എസ്എംഎസ്സിനെ വാട്ട്സാപ്പുമായും ഫോണിനെ സ്കൈപ്പുമായും താരതമ്യം ചെയ്തു.
[12] സിഒഎഐ പത്രക്കുറിപ്പ്: "ഇന്നവസാനിച്ച സ്പെക്ട്രം ലേലത്തിലെ ഓപ്പറേറ്റര്‍മാര്‍ക്കു് കൊടുക്കേണ്ടി വന്ന ഭീമമായ വിലയില്‍ സിഒഎഇ നിരാശ പ്രകടിപ്പിച്ചു." സോറിണ്ടു്ട്ടാ, ആരൊക്കെയാണിതില്‍ പങ്കെടുത്തേന്നൊന്നൂടി പറഞ്ഞേ?
[13] സിഒഎഇ പത്രക്കുറിപ്പ്: "...എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, സ്മാര്‍ട്ട് സിറ്റികള്‍, ഗ്രാമങ്ങളിലേക്കെത്തുക, ഇ-ഗവര്‍ണന്‍സ് തുടങ്ങിയ സര്‍ക്കാരിന്റെ വലിയ ലക്ഷ്യങ്ങള്‍ക്കൊപ്പമാണെങ്കിലും, ഇതു് നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും; ഈ ലക്ഷ്യങ്ങളില്‍ ചെലവഴിക്കാനുദ്ദേശിക്കുന്ന വിഭവങ്ങളെ തടഞ്ഞാല്‍ ഇതൊന്നും സാധ്യമല്ലാതാകും." ഗ്രാമങ്ങളിലേക്കെത്തുക എന്നവര്‍ ശരിക്കും പറഞ്ഞു.
[14] TRAI CP 3.22: "ഒരു ഭീകരാക്രമണമുണ്ടാകുമ്പോള്‍, അങ്ങനെയുള്ള വിളികള്‍ ചോര്‍ത്താന്‍
ഭയങ്കര പ്രയാസമാണു്, അതുകൊണ്ടു് വോയിപ് (VoIP) നിരോധിക്കണം"
[15] നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി പുതിയ വിവരങ്ങള്‍ക്കു പേരു് ചേര്‍ക്കാന്‍
https://docs.google.com/forms/d/1lusp9OESUmEdnvaG2r5iU3-wysdIssGeIzE5OHrGb64/viewform
കടപ്പാടു്: അരവിന്ദ് രവി സുലേഖ (Aravind Ravi Sulekha)
http://aravindet.svbtle.com/appu-and-the-bus-operators
പരിഭാഷകര്‍: പൈറേറ്റ് പ്രവീണ്‍, ബാലശങ്കര്‍, അക്ഷയ് എസ് ദിനേശ്, രൺജിത്ത് സിജി.
ചിത്രത്തിനു് കടപ്പാട് - ഋഷികേശ് കെ ബി (ചിത്രത്തിന്റെ ലൈസന്‍സ്: CC-BY-SA)