August 15, 2019

സന്തോഷ് തോട്ടിങ്ങലിനു് രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്

സന്തോഷ് തോട്ടിങ്ങലിനു് രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്

രാഷ്ട്രപതിയുടെ ഈ വർഷത്തെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ സജീവപ്രവർത്തകനായ  സന്തോഷ് തോട്ടിങ്ങലിനു്. മലയാളം ഭാഷാമേഖലയിലെ കാതലായ സംഭാവനകൾക്കാണ് അവാർഡ്. മുപ്പത് വയസ്സിനും നാൽപ്പത്തഞ്ച് വയസ്സിനും ഇടയ്ക്കുള്ള യുവപ്രതിഭകൾക്ക് സംസ്കൃതം, പേർഷ്യൻ, അറബി, പാലി, ശ്രേഷ്ഠഭാഷകളായ ഒറിയ, കന്നഡ, തെലുഗു, മലയാളം എന്നീ മേഖലകളിലെ സ്തുത്യർഹമായ സംഭാവനകൾക്ക് നൽകുന്ന ഈ അവാർഡ് 2016 ലാണ് ആരംഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഭാഷാസാങ്കേതികവിദ്യാവിഭാഗം പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ  എൻജിനിയറായ സന്തോഷ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ മുൻനിരപ്രവർത്തകരിലൊരാളും മലയാളം ഭാഷാകമ്പ്യൂട്ടിങ്ങ് മേഖലയിലെ സജീവ സാന്നിദ്ധ്യവുമാണ്. മലയാളമുൾപ്പടെയുള്ള ഇന്ത്യൻ ഭാഷകളുടെ കമ്പ്യൂട്ടേഷനിൽ വിവിധ അൽഗോരിതങ്ങൾ, ടൂളുകൾ എന്നിവ വികസിപ്പിച്ചിട്ടുള്ള സന്തോഷ് മലയാളത്തിലെ വളരെ പ്രചാരമുള്ള ഒരു ഡസനോളം ഫോണ്ടുകളുടെ പരിപാലനത്തിന് നേതൃത്വം കൊടുക്കുന്നു. ഇവയിൽത്തന്നെ ചിലങ്ക, മഞ്ജരി എന്നീ രണ്ടു മലയാളം ഫോണ്ടുകൾ രൂപകൽപന ചെയ്തതും സന്തോഷാണ്. ഭാഷകളുടെ നിവേശനരീതികൾ, അകാരാദിക്രമം, ഹൈഫണേഷൻ, ഫോണ്ടുകൾ,  ചിത്രീകരണം, ടെക്സ്റ്റ് ടു സ്പീച്ച്, പരിഭാഷ, പ്രാദേശികവത്കരണം, മാനകീകരണം, ഡിജിറ്റൈസേഷൻ എന്നിങ്ങനെ മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ ഒട്ടുമിക്ക മേഖലകളിലും സംഭാവന ചെയ്തിട്ടുള്ള സന്തോഷ് ഭാഷാസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

സന്തോഷിനൊപ്പം ഐസിഫോസ് ഈ-ഗവേണൻസ് & ട്രെയിനിങ്ങ് വിഭാഗം പ്രോഗ്രാം ഹെഡ് ആയ ശ്രീ. രാജീവ് ആർ. ആറും ഈ വർഷത്തെ അവാർഡിനർഹനായിട്ടുണ്ട്.

മലയാളം ഭാഷാകമ്പ്യൂട്ടിങ്ങിനെ പുത്തൻ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഇരുവർക്കും ഈ അവാർഡ് ഒരു പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.