വാർഷിക പൊതുയോഗം 2024
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാ
സെബിൻ എ ജേക്കബ്
മലയാളഭാഷയുടെ ഡിജിറ്റല്‍ കാലഘട്ടത്തിലെ നവഭാവുകത്വങ്ങളെയും പരിണാമങ്ങളെയും പറ്റി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പ്രസിഡന്റ് സെബിന്‍ എ ജേക്കബ് സമകാലികമലയാളം വാരിക ഓണപ്പതിപ്പില്‍ എഴുതിയ ലേഖനം.
"ഇതാണാ രേഖ...(ശങ്കരാടി.jpg)"
പ്രമാദമായ സംഭവങ്ങളേതെടുത്താലും തന്റെ പക്കൽ തെളിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരു നേതാവിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസിനു ചുവടെ ഇങ്ങനെയൊരു കമന്റ് കണ്ടുവെന്നു കരുതുക. എന്തു മനസ്സിലാക്കും നമ്മൾ? വിയറ്റ്നാം കോളനിയിൽ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രത്തോട് നേതാവിനെ ചേർത്തുവയ്ക്കുന്ന ഒരു കാരിക്കേച്ചറിങ് അവിടെ നടന്നുകഴിഞ്ഞു. അതിനായി ഒരു ചിത്രമോ ഹൈപ്പർലിങ്കോ ഉപയോഗിച്ചിട്ടുമില്ല. എന്നാൽ ആ രണ്ടുവരി മറ്റൊന്നിനെക്കൂടി ഓർമ്മിപ്പിക്കുന്ന ഹൈപ്പർടെക്സ്റ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഹിറ്റ് സിനിമയെ കുറിച്ചുള്ള ഒരു പോസ്റ്റിനു ചുവടെ വന്ന കമന്റ് ഇങ്ങനെ:
"വെറും ഹൈപ്പല്ല, അഹൈപ്പ്! (പ്രേംനസീർ.jpg). "
പടം ഊതിവീർപ്പിച്ച കുമിളയാണ് എന്നു വിശേഷണം ചേർത്തു പറഞ്ഞതാണ്. അതിനായി നസീറിന്റെ സംഭാഷണരീതിയെ കടമെടുത്തിരിക്കുന്നു. ചിലരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ഒരു പോസ്റ്റിന്റെ ചർച്ച പോയപ്പോൾ ചുവടെ കണ്ട കമന്റ് ഇങ്ങനെ:
"പൊട്ടട്ടെ കുരു പൊട്ടട്ടെ...(കലാഭവൻ_മണി.jpg). "
അനന്തഭദ്രത്തിലെ കലാഭവൻ മണി പാടിയഭിനയിച്ച മാലമ്മലുല്ലൂയ എന്ന ഗാനത്തിന്റെ ഈണം പെട്ടെന്നു മനസ്സിൽ വരികയായി. കുമ്പിടിയും കോരസാറും നിമ്പോളിയും പഞ്ചാബിഹൗസും ഒക്കെ ഇങ്ങനെ .jpg എന്ന വാലോടുകൂടി കമന്റിനൊപ്പം തലയെടുപ്പോടെ നിൽക്കുന്നതുകാണാം. ചില സ്റ്റീരിയോ ടൈപ്പുകളെ എടുത്ത് സമകാലിക സംഭവങ്ങളുമായി ചേർത്തുവയ്ക്കുകയാണ്, കമന്റർമാർ. സാമൂഹ്യവിമർശനത്തിനുള്ള വഴിയായും ആക്ഷേപഹാസ്യമായും ഇത് ഉപയോഗിക്കപ്പെടുന്നു. സദാ പരിണമിക്കുന്ന ഇന്റർനെറ്റ് മീമിന്റെ (meme) ലോകത്തേക്കു സ്വാഗതം. നിങ്ങൾ കണ്ടത്, ടെക്സ്റ്റ് ബേസ്ഡ് മീമുകൾ.
2005 മദ്ധ്യത്തോടെയാണ് മലയാളം ബ്ലോഗിങ് അനക്കം വച്ചുതുടങ്ങുന്നത്. പ്രൊഫഷണൽ എഴുത്തുകാരോ പത്രക്കാരോ ഒന്നുമല്ലാത്ത ഒട്ടേറെയാളുകൾ തങ്ങളുടെ ഭാഷയെ ലോകത്തിനുമുന്നിൽ തുറന്നുവച്ചു. ബൂലോഗം എന്ന പ്രയോഗം തന്നെയുണ്ടായി. പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാക്കുകൾ നിത്യവ്യവഹാരത്തിലെത്തി. തീർത്തും പ്രാദേശികമായ ചില ഭാഷാപ്രയോഗങ്ങളും പലയിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാർ ഇന്റർനെറ്റിലെത്തിച്ചു. നെറ്റിലെ വായനക്കാരുടെ ഒരു പുതിയ ലോകം പുതിയ പദസമ്പത്തുമായി വളർന്നുവന്നു. ഈ പത്തുവർഷം എന്നതു സ്വയം ഉള്ളടങ്ങിയ കാലയളവല്ല. അതിനു പിന്നോട്ടും വേരുകളുണ്ട്. ടൈപ്പ്റൈറ്റർ വന്നതുമുതൽ തന്നെ സാങ്കേതികവിദ്യ ഭാഷയിൽ ഇടപെടുന്നുണ്ട്. ടൈപ്പ്റൈറ്ററിനുവേണ്ടിയാണ് മലയാളത്തിലെ ആദ്യ ഔദ്യോഗിക ലിപിപരിഷ്കരണം നടപ്പാക്കുന്നതും. എല്ലാ പരിമിതികളെയും മറികടക്കാവുന്ന തരത്തിൽ ടെക്നോളജിയിൽ വമ്പിച്ച മാറ്റം കൊണ്ടുവന്ന യൂണിക്കോഡിന്റെ വ്യാപനമാണ്, പോയ ദശകത്തെ വേറിട്ടുനിർത്തുന്നത്.
ഇന്ററാക്റ്റീവ് വെബ്ബിന്റെ വളർച്ച ബ്ലോഗർമാരിൽ തട്ടി നിന്നില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിലേക്കു കൂടി അതിന്റെ ഫലങ്ങൾ എത്തിയ വർഷങ്ങളാണു കടന്നുപോയത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവോടെ താങ്ങാവുന്ന വിലയ്ക്ക് സ്മാർട് ഫോണുകൾ വിപണിയിലെത്തി. പലരുടെയും ഇന്റർനെറ്റിലേക്കുള്ള ആദ്യവാതിൽ മൊബൈൽ ഫോൺ ആയി. അവയിൽ മലയാളം സുഗമമായി ഉപയോഗിക്കാനായത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലാണ്. അഫോർഡബിളായ 3ജി കണക്ഷനുകൾ ലഭ്യമായതും സഹായകമായി. മംഗ്ലീഷിലുള്ള എസ്എംഎസുകൾ മലയാളത്തിൽ തന്നെയുള്ള വാട്സ് ആപ്പ് കമന്റുകൾക്ക് വഴിമാറി. ഫോട്ടോ കമന്റുകളെ ആളുകൾ വെറുത്തുതുടങ്ങിയപ്പോൾ ഫയൽനെയിമുകൾ ഉപയോഗപ്പെടുത്തി കാര്യം സൂചിപ്പിക്കാൻ തുടങ്ങി.
ഇതിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ക്രോം, ഫയർഫോക്സ് തുടങ്ങിയ ബ്രൗസറുകളും ആൻഡ്രോയിഡ് എന്ന മൊബൈൽ പ്ലാറ്റ്ഫോമും മറ്റ് നിരവധി ഓപ്പൺസോഴ്സ് പ്രോജക്റ്റുകളും ഉപയോഗിക്കുന്ന ഹാർഫ്ബസ് എന്ന റെൻഡറിങ് എഞ്ചിനിൽ മലയാളം റെൻഡറിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ആയിരുന്നു. സയനോജൻ മോഡിന്റെയും ഫയർഫോക്സ് ഒഎസിന്റെയും മറ്റും മെനു മലയാളീകരിക്കാനായി ഫ്യൂവൽ (Frequently Used Entries in Localisation - FUEL) പ്രോജക്റ്റ് ആരംഭിച്ചതോടെ പ്രാദേശിക ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കാൻ താത്പര്യമുള്ള ഉപയോക്താക്കളുണ്ട് എന്ന ബോധം ഹാൻഡ്സെറ്റ് നിർമ്മാതാക്കൾക്കുമുണ്ടായി. അവർ തങ്ങളുടെ ഫോണുകളിൽ യൂണിക്കോഡ് പിന്തുണ ഉറപ്പാക്കി. സെൽഫോണിലെ ഇൻഡിക് ഭാഷാ ഇൻപുട്ടിനായി സ്വതന്ത്ര ലൈസൻസിൽ സൗജന്യമായി ഇൻഡിക് കീബോർഡ് റിലീസ് ചെയ്തത് മലയാളത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്.
സമാന്തരമായി യൂണിക്കോഡ് മലയാളത്തെ പിന്തുണയ്ക്കുന്ന നിരവധി സ്വതന്ത്ര ഫോണ്ടുകൾ റിലീസ് ചെയ്യപ്പെട്ടു. ഗൂഗിൾ തന്നെ മൊബൈൽ ഫോണുകൾക്കായി ഇന്ത്യൻ ഭാഷകളിൽ അടക്കം ഹാൻഡ്റൈറ്റിങ് ഇൻപുട്ട് മെഥേഡ് അവതരിപ്പിച്ചു. ഇങ്ങനെ നിരവധി ബോധപൂർവ്വമായ ഇടപെടലുകളുടെയും ഒപ്പം ആകസ്മികമായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിറ്റൽ മലയാളം പരിണമിക്കുന്നത്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് കേരളത്തിൽ ഒരു പഠനശാഖയല്ലാത്തതിനാൽ ഇതേവരെ അക്കാദമിക് താത്പര്യം ഈ വിഷയത്തിൽ കാര്യമായി വീണിട്ടില്ലെന്നു മാത്രം.
ബെഞ്ചമിൻ ബെയ്‌ലി മലയാളമുദ്രണം തുടങ്ങുന്ന കാലംമുതൽ മാദ്ധ്യമങ്ങളാണ് ഭാഷാപരിണാമത്തെ നയിച്ചത്. എന്നാൽ വ്യവസ്ഥാപിത മാദ്ധ്യമങ്ങളുടെ കൈയിൽ നിന്ന് ഇതിന്റെ നേതൃത്വം സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബെയ്‌ലി ഉപയോഗിച്ച മലയാളമോ അന്നത്തെ പ്രയോഗങ്ങളോ അല്ല ഇന്നു നിലവിലുള്ളത്. അക്ഷരങ്ങൾ പോലും മാറിപ്പോയിരിക്കുന്നു. കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന ജ്ഞാനനിക്ഷേപത്തിൽ വന്ന ആനയും തുന്നാരനും കുറിച്ച എന്ന നാടോടിക്കഥയിലോ ഇല്ലിക്കുന്നിൽ നിന്ന് അച്ചടിച്ച ഒരു കല്ലൻ എന്ന ചെറുകഥയിലോ ആരംഭിക്കുന്നു, മലയാളത്തിലെ ഷോർട്ട് ഫിക്ഷൻ. അന്നുമുതലിന്നോളം മലയാളഭാഷയേയും സാഹിത്യത്തേയും രൂപപ്പെടുത്തുന്നതിൽ അച്ചടിമാദ്ധ്യമങ്ങളും അവ മെച്ചപ്പെടുന്നതിനായി ലഭ്യമായ പുതിയപുതിയ സാങ്കേതികവിദ്യകളും വലിയ പങ്കാണു വഹിച്ചത്. കാലാകാലങ്ങളിൽ അവ പല പുതിയ വാക്കുകളും പ്രയോഗങ്ങളും മാനകഭാഷയിലേക്കു ക്രമപ്പെടുത്തുകയും പലതിനെയും വഴിവക്കിൽ ഉപേക്ഷിക്കുകയും ചെയ്തു.
വാക്കുകൾ മാത്രമല്ല, അക്ഷരരൂപങ്ങൾ പോലും വന്നും പോയുമിരുന്നു. ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന മീത്തൽ അഥവാ ചന്ദ്രക്കല തന്നെ ഇങ്ങനെ ഇടയ്ക്കു വന്നുകയറിയതാണ്. ഷിജു അലക്സ്, സിബു സി ജെ, സുനിൽ വി എസ് എന്നിവർ ചേർന്നെഴുതിയ ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും എന്ന ഗവേഷണപ്രബന്ധത്തിൽ സ്വരം ഹ്രസ്വമാണെന്നു കാട്ടാൻ ലത്തീൻ ഭാഷയിൽ ഉപയോഗിക്കുന്ന ബ്രീവ് ചിഹ്നം മലയാളത്തിലെ ചന്ദ്രക്കലയായി രൂപാന്തരപ്പെടുന്നതിന്റെ ലഘുചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രേവ് ചിഹ്നം, കുഞ്ഞുവട്ടം, കേവലവ്യഞ്ജനത്തെ അടയാളപ്പെടുത്താനായി അർണോസ് പാതിരിയുടെ എഴുത്തുകളിൽ ഉപയോഗിച്ചിരുന്ന, അക്ഷരമദ്ധ്യത്തിൽ കുത്തനെയുള്ള വെട്ട്, യകാരത്തിന്റെ ചില്ലുരൂപം, തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ലേഖനത്തിൽ പറയുന്നു (മലയാളം റിസർച്ച് ജേണൽ, ബെഞ്ചമിൻ ബെയ്‍ലി ഫൗണ്ടേഷൻ). പലരും വിശ്വസിക്കുന്നതുപോലെ മനോരമയോ മാമ്മൻ മാപ്പിളയോ അല്ല, അതിനും എത്രയോ മുമ്പേ തലശ്ശേരി ബാസൽ മിഷൻ പ്രസ് ആണ് ചന്ദ്രക്കലയുടെ പലവിധ ഉപയോഗങ്ങൾ തുടങ്ങിയതും പ്രചരിപ്പിച്ചതും എന്ന് പഴയകാല പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും കാട്ടി അവർ സമർത്ഥിക്കുന്നു. ഇതിനർത്ഥം മനോരമയ്ക്കോ മാതൃഭൂമിക്കോ കേരളഭൂഷണത്തിനോ നസ്രാണി ദീപികയ്ക്കോ ഒന്നും ഭാഷാമാനകീകരണത്തിൽ ഒരു പങ്കും ഇല്ലായിരുന്നു എന്നല്ല. എന്നാൽ അതിനായുള്ള ശ്രമങ്ങൾ അതിനും മുന്നേ തുടങ്ങുന്നു എന്നുമാത്രമാണ്.
ഭാഷകളുടെ പരിണാമം ജീവജാലങ്ങളുടെ പരിണാമം പോലെയാണ്. സ്വയം പകർത്താൻ സജ്ജമായ രാസസംയുക്തങ്ങളെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ജീനുകളുടെ അതിജീവനസമരമാണ് ജൈവപരിണാമത്തിന്റെ ഹേതു. സെൽഫിഷ് ജീൻ അഥവാ താന്തോന്നി ജനിതകം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ കാരണം, അത് സ്വന്തം രാസഘടന അതേപടി പകർത്തുന്നതിൽ പുലർത്തുന്ന ശ്രദ്ധയാണ് (The selfish gene: Richard Dawkins). അതിന് ആവശ്യമായ തരത്തിൽ ഇതര ജീനുകളുമായി സഖ്യമുണ്ടാക്കി ഒരുമനസ്സോടെയാണ് അവ പകർപ്പുകൾ തീർക്കുക. അങ്ങനെ തലമുറകൾ കടന്നുപോകുമ്പോൾ ഇടയ്ക്കുണ്ടാകുന്ന ചില മാറ്റങ്ങൾ അതുൾപ്പെടുന്ന ജീവവർഗ്ഗത്തിന്റെ കൂട്ടായ അതിജീവനത്തിനു കൂടുതൽ സഹായിക്കുന്നതായാൽ അവ നിലനിൽക്കും. നേരെ മറിച്ച് അത് അപകടഹേതുവായാൽ വംശനാശത്തിലേക്കു തന്നെ എത്തിയേക്കാം.
ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിൽ ബാഹ്യ ഇടപെടലിനു വലിയ പങ്കുണ്ട്. ഉദാഹരണത്തിന്, ബഹുകോശജീവികളുടെ പരിണാമത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത്, അവയെ ഉപജീവിച്ചു കാലക്ഷേപം കഴിക്കുന്ന വൈറസുകളും ബാക്ടീരിയകളുമാവും. കേവലം റൈബോന്യൂക്ലിക് ആസിഡോ (ആർഎൻഎ) ഡിയോക്സിറൈബോന്യൂക്ലിക് ആസിഡോ (ഡിഎൻഎ) മാത്രമുള്ള വൈറസുകൾ ഒരു ഹോസ്റ്റിന്റെ ശരീരത്തിൽ തങ്ങൾക്കായി വീടൊരുക്കുന്നു. മനുഷ്യൻ പല പല ശൈലികളിൽ വീടു കെട്ടുന്നതുപോലെ, അവയും തങ്ങളുടെ കോളനികൾക്ക് സുഖപ്രദമായ രീതിയിൽ ഈ ജൈവഹോസ്റ്റുകളെ അണിയിച്ചൊരുക്കുന്നു. അവരുടെ ജനിതകഘടന ഹോസ്റ്റിന്റെ ശരീരത്തിലേക്കു കുത്തിവയ്ക്കുന്നു. അത് ആ ബഹുകോശജീവികളുടെ ജനികതഘടനയിൽ കാലക്രമേണ മാറ്റങ്ങൾ കൊണ്ടുവരുന്നു. അതായത്, മാതാപിതാക്കളിൽ നിന്നു കുട്ടികളിലേക്ക് കുത്തനെയുള്ള (veritical) ജനിതകകൈമാറ്റം മാത്രമല്ല, ജീവിവർഗ്ഗത്തിൽ നിന്നു ജീവിവർഗ്ഗത്തിലേക്ക് വിലങ്ങനെയുള്ള (horizontal) കൈമാറ്റവും പ്രകൃതിയിൽ സ്വാഭാവികമായി സംഭവിക്കുന്നുണ്ട്. (A planet of viruses: Carl Zimmer) സ്വതന്ത്രതീരുമാനം അഥവാ free will എന്നൊക്കെ പറയുന്നത് ഒരു കണക്കാണ്.
ഇതിനു സമാന്തരമായ രണ്ടാമതൊരു പകർത്തുയന്ത്രം (replicator) മനുഷ്യസമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന വാദം ചില ശാസ്ത്രജ്ഞർ ഉയർത്തുന്നു. ജെനറ്റിക്സിനു / ജീനറ്റിക്സിനു (genetics) സമാന്തരമായി മെമറ്റിക്സ് / മീമറ്റിക്സ് (memetics) എന്ന ശാസ്ത്രശാഖയും അവർ മുന്നോട്ടുവയ്ക്കുന്നു. സോഷ്യബയോളജിയിൽനിന്ന് വ്യത്യസ്തമായ ഒരു വീക്ഷണമാണ്, ഈ ശാഖ പുലർത്തുന്നത്. മീം (meme) എന്നാണ് അതിലെ ജീനിനു സമാനമായ അടിസ്ഥാന ഘടകത്തിന് പറയുന്ന പേര്. ജൈവപരിണാമത്തിൽ ജീനുകൾ എന്തു പങ്കുവഹിക്കുന്നുവോ, അതേ പങ്ക് സാംസ്കാരിക പരിണാമത്തിൽ മീമുകൾ വഹിക്കുന്നു എന്നാണ് The meme machine എന്ന ഗ്രന്ഥത്തിൽ സൂസൻ ബ്ലാക്‍മോർ വാദിക്കുന്നത്.
നമ്മുടെ സ്വഭാവത്തെയും സമൂഹത്തിലെ ഇടപെടലുകളെയും നിർണ്ണയിക്കുന്നതിൽ മീമുകൾ നിർണ്ണായകമായ പങ്കാണു വഹിക്കുന്നത്. സ്വയം പകർത്തപ്പെടാൻ സജ്ജമായ ആശയം അല്ലെങ്കിൽ പ്രവൃത്തിയാണ് മീം എന്നു ലളിതമായി പറയാം. അങ്ങനെ പകർത്താനായി ഒരു വാഹനം ആവശ്യമാണ്. ഭാഷ ആ വാഹനത്തിന്റെ വേഷമാണ് അണിയുന്നത്. ഒരു ജീൻ തന്റെ ജനിതകഘടന കഴിയുന്നത്ര തലമുറകളിലേക്കു പകർത്താനാണ് ശ്രമിക്കുന്നത്. അതേപോലെ ഒരു മീം കഴിയുന്നത്ര ആളുകളിലേക്കും സമൂഹങ്ങളിലേക്കും എത്തപ്പെടുന്നു. ചിലവ ഒരു ചെറിയ കൂട്ടത്തിൽ ഒതുങ്ങുന്നു. അവിടെത്തന്നെ ഒടുങ്ങുന്നു. ആംഗ്യമായിരുന്നു, അതിന് ആദ്യമുള്ള ഉപാധി. പിന്നീട് ശബ്ദങ്ങളുപയോഗിക്കാൻ തുടങ്ങി. മെല്ലെമെല്ലെ ഭാഷ രൂപപ്പെട്ടു.
ഒറ്റയ്ക്ക് നിൽക്കുന്ന ആശയത്തെക്കാൾ പകർത്തപ്പെടാൻ കൂടുതൽ സാധ്യത പരസ്പരബന്ധിതമായ ആശയങ്ങളുടെ ഒരു സംഘാതത്തിനാണ്. അവയെ മീംപ്ലെക്സുകൾ (memeplexes) എന്നു പറയുന്നു. മതം ആണ് മീംപ്ലെക്സിന് ഒരുദാഹരണം. ജീൻപൂളിനു സമാനമാണ് മീംപ്ലെക്സ്. ആശയങ്ങൾ കൂടുതൽ ഭദ്രതയോടെ പകർത്തപ്പെടാനും നിലനിർത്തപ്പെടാനും സംഭാഷണം മാത്രമുപയോഗിച്ചാൽ കഴിയില്ല. ആ നിലയ്ക്ക് ഭാഷയെ രേഖപ്പെടുത്തിവയ്ക്കാനാവശ്യമായ ചിത്രലിപികളും അക്ഷരക്കൂട്ടങ്ങളും ഒക്കെയുണ്ടാവുകയും കാലക്രമേണ അവ ഓരോ സമൂഹത്തിലും കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. കത്ത്, അച്ചടി, സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റർ, ടെലിഗ്രാഫ്, ടെലിഫോൺ, ഫാക്സ്, ടെലിവിഷൻ, കമ്പ്യൂട്ടർ, ഡിടിപി, പേജർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഇമെയ്ൽ, എസ്എംഎസ്, ഇൻസ്റ്റന്റ് മെസേജിങ്, സോഷ്യൽ മീഡിയ, ടോറന്റ് തുടങ്ങി കമ്മ്യൂണിക്കേഷൻ മേഖലയിൽ മനുഷ്യൻ ഇതേവരെ നടത്തിയിട്ടുള്ള കണ്ടുപിടുത്തങ്ങളെല്ലാം മീമുകളുടെ അതിജീവനത്തിനുള്ള വാഹനങ്ങളായാണ് വർത്തിച്ചത്. അതിലെ ഓരോ ഘടകങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് മീമുകളുമാണ്. പരസ്പരം സഹവർത്തിക്കുന്ന ധാരാളം മീമുകൾ ചേർന്നാണ് മീംപ്ലെക്സ് രൂപപ്പെടുക എന്നും അവ കൂട്ടമായാണ് പകർത്തപ്പെടുക എന്നും അവർ പറയുന്നു.
ആശയങ്ങളുടെ ബാഹുല്യത്തെ താങ്ങാൻ പറ്റുന്നയളവിൽ ഭാഷയും പരിണമിക്കുന്നു. വൈറസുകൾ ജീവിവർഗ്ഗങ്ങളുടെ പരിണാമത്തിൽ കയറി ഇടപെടുന്നതുപോലെ ഒറ്റയ്ക്കൊറ്റയ്ക്കു വരുന്ന ചില ആശയങ്ങളും പ്രവൃത്തികളും മീംപ്ലെക്സുകളുടെ മൊത്തത്തിലുള്ള പരിണാമത്തെയും ബാധിക്കുന്നു. ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ഭാഷയുടെ പരിണാമത്തെ കണ്ടാൽ, കമ്മ്യൂണിക്കേഷൻ മേഖലയിലെ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഭാഷയെ നിർണ്ണയിക്കുന്നു എന്നു മനസ്സിലാക്കാം.
ക്ലാസിക്കൽ പദവി ലഭിക്കുന്നതിൽ ഭാഷയുടെ പഴക്കവും ഒരു ഘടകമാണ്. എങ്കിലും ഇന്നു കാണായ രീതിയിൽ മലയാളം അക്ഷരമാല ആരാണു ക്രമപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നമുക്കിന്നും തർക്കം ഒഴിവായിട്ടില്ല. പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു കരുതുന്ന പഴമംഗലം നാരായണൻ നമ്പൂതിരിയുടെ ഭാഷാനൈഷധം ചമ്പു തുടങ്ങുന്നത്, അമ്പത്തൊന്നക്ഷരാളി എന്നുപറഞ്ഞാണ്. അമ്പത്തൊന്നക്ഷരമൊന്നായപന്തം എന്ന് അജ്ഞാതകർത്തൃതമായ ഒരു പടയണിപ്പാട്ടിൽ പറയുന്നു. അമ്പത്തൊന്നും നീയേദേവി എന്നു കാലംകോലമിറങ്ങുമ്പോൾ പാടുന്ന പടയണിപ്പാട്ടിൽ. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ-ക്രമക്കണക്കേ ശരണം എന്നാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിരീക്ഷണം. അക്ഷരമാലാക്രമത്തിലാണല്ലോ, ഹരിനാമകീർത്തനം എഴുതപ്പെട്ടിട്ടുള്ളത്.
പതിമ്മൂന്നാം നൂറ്റാണ്ടിൽ തന്നെ നമുക്ക് മണിപ്രവാളസാഹിത്യമുണ്ട്. സംസ്കൃതവും തമിഴും ഇടകലർന്ന മണിപ്രവാളത്തിൽ ഒട്ടേറെ അക്ഷരങ്ങളുപയോഗിച്ചിരിക്കുന്നു. അതിനു സമാന്തരമായി തന്നെ പാട്ടുപ്രസ്ഥാനവും പോകുന്നുണ്ട്. ദ്രമിഡസംഘാതാക്ഷരനിബദ്ധം എദുകമോനവൃത്തവിശേഷയുക്തം പാട്ട് എന്നാണു പാട്ടിന്റെ ലക്ഷണം. അതിൽ അതിഖരമൃദുഘോഷങ്ങളോ ഊഷ്മഘോഷികളോ (ശഷസഹ) ഇല്ല. അതേ സമയം തമിഴിലുള്ള റ, ള, ഴ എന്നീ മദ്ധ്യമങ്ങളും ആന, ചേന തുടങ്ങിയ വാക്കുകളിലെ ന ശബ്ദവും (ഇതിനും തമിഴിൽ ലിപിയുണ്ട്) പാട്ടിൽ കടന്നുവരുന്നു. ഇക്കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച, സംഘകാലകേരളം പശ്ചാത്തലമാക്കിയ നിലംപൂത്തുമലർന്നനാൾ എന്ന മനോജ് കുറൂരിന്റെ നോവലിൽ ഇരുപതോളം അക്ഷരങ്ങളെ ഒഴിവാക്കിക്കൊണ്ട് അക്കാലത്തെ ദ്രമിഡമലയാളത്തെ പുനരാനയിക്കുന്നുണ്ട്.
ഭാഷാപരിണാമത്തിലും അതിന്റെ മാനകീകരണത്തിലും മലയാള ആനുകാലികങ്ങളിലെ പ്രൂഫ് റീഡർമാർ അദ്വിതീയമായ പങ്കാണു വഹിച്ചത്. സ്റ്റൈൽ ബുക്ക് ഉണ്ടാക്കുന്നതിനും അവ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിലും അവർ ശ്രദ്ധിച്ചു. വാർത്തകളും ലേഖനങ്ങളും അവതരിപ്പിക്കാൻ നിയതമായ ലിഖിതഭാഷയും കഥയും നോവലും അവതരിപ്പിക്കാൻ ഭാഷണഭേദങ്ങളെ അംഗീകരിക്കുന്ന സാഹിത്യഭാഷയും പ്രത്യേകമായി ഉരുത്തിരിച്ചെടുക്കുന്നതിൽ ശ്രദ്ധപുലർത്തി. വൈയാകരണന്മാരും മലയാളം മുൻഷിമാരുമൊക്കെയായിരുന്നു, അന്നത്തെ പ്രൂഫ് റീഡർമാർ. സാഹിത്യസാഹ്യം, സാഹിത്യവിദ്യ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയ കുട്ടിക്കൃഷ്ണമാരാർ ആയിരുന്നു ലിപിപരിഷ്കരണത്തിന്റെ മുമ്പന്തിയിൽ എന്നതു ചെറിയ കാര്യമല്ല. മാതൃഭൂമിയിലെ പ്രൂഫ് റീഡറായിരുന്നു, അക്കാലത്ത് അദ്ദേഹം. നിർഭാഗ്യവശാൽ ടൈപ്പ്റൈറ്ററിനുവേണ്ടി മലയാളഭാഷയെ ശകലിതമാക്കുന്നതിലും ഇവരുടെ ഇടപെടൽ പങ്കുവഹിച്ചു. അത് അക്കാലത്തെ സാങ്കേതിക ആവശ്യമായിരുന്നു എന്നതും പ്രസ്താവ്യം.
ടൈപ്പ്റൈറ്ററിന്റെ അസ്തമയവും ഡിടിപിയുടെ ഉദയവും ഭാഷയ്ക്ക് അനുഗ്രഹമായി വരേണ്ടിയിരുന്നു. കമ്പ്യൂട്ടറിന് ടൈപ്പ് റൈറ്ററിന്റെ പരിമിതിയില്ലല്ലോ. എന്നാൽ അക്കാലമായപ്പോഴേക്കും ഭാഷയുടെ ഉപയോഗം തന്നെ മാറിത്തുടങ്ങിയിരുന്നു. എൺപതുകളുടെ തുടക്കത്തോടെ കുടിപ്പള്ളിക്കൂടവും നിലത്തെഴുത്താശ്ശാന്മാരും അന്യം നിൽക്കുകയും അംഗനവാടികളും കിന്റർ ഗാർടെൻ ടീച്ചർമാരും ആ റോൾ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ അണുകുടുംബങ്ങളുടെ വളർച്ചയും കൂട്ടുകുടുംബവ്യവസ്ഥയുടെ കളമൊഴിയലുമായി ബന്ധപ്പെട്ടാണ് ഇതു സംഭവിക്കുന്നത്. 'കുലസ്ത്രീ'കളും ജോലി ചെയ്തു തുടങ്ങിയ കാലഘട്ടത്തിൽ പകൽ സമയത്തു ശിശുക്കളെ പരിപാലിക്കാൻ ഇത്തരമൊരു സംരംഭം അവശ്യമായിരുന്നു. ഇന്നത്തെ ഡേകെയർ സെന്ററുകളുടെ ആദ്യരൂപം തന്നെയാണ്, ഇപ്പോഴുമുള്ള അംഗനവാടികൾ. ഈ പുതിയ അദ്ധ്യാപകർ എറണാകുളം മുതൽ തെക്കോട്ട് കായിക്കാഗായിക്കാങാ എന്നും തൃശ്ശൂർ മുതൽ വടക്കോട്ട് കക്കഗക്കങ എന്നും ചൊല്ലിപ്പഠിപ്പിച്ചു. വിദ്യാഭ്യാസം സ്വപ്നം മാത്രമായിരുന്ന നിരവധിപേർക്ക് അക്ഷരാഭ്യാസം സാധ്യമാക്കുന്നതിൽ അംഗനവാടി മുതലുള്ള സൗജന്യവും സാർവ്വത്രികവുമായ പ്രൈമറി വിദ്യാഭ്യാസം മഹത്തായ പങ്ക് വഹിച്ചു. എങ്കിലും ശരാശരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലേക്കും അതിടയാക്കി; നല്ലതിനായും മോശത്തിനായും.
ഇങ്ങനെ അക്ഷരാഭ്യാസം സിദ്ധിച്ചവരുടെ യൗവ്വനാരംഭത്തിലാണ് നാട്ടിലെമ്പാടും ഡിടിപി സെന്ററുകൾ പൊട്ടിമുളയ്ക്കുന്നതും ടൈപ്പ് റൈറ്റർ ഇൻസ്റ്റിറ്റ്യൂട്ടുകൾ പലതും ഷട്ടർ താക്കുന്നതും. ഇവരാണ്, യഥാർത്ഥത്തിൽ ഭാഷയ്ക്കുവേണ്ടി ഒരു 'സന്ധിയില്ലാസമരം' നടത്തുന്നത്.
അതേവരെ സന്ധിസമാസനിയമങ്ങൾ വ്യക്തമായി പാലിച്ചുകൊണ്ടുമാത്രമേ എന്തെങ്കിലും അച്ചടിമഷി പുരളുമായിരുന്നുള്ളൂ. എന്നാൽ ഡിടിപിയുടെ വരവോടെ പ്രൂഫ് റീഡർമാരുടെ വംശം കുറ്റിയറ്റു. ഡിടിപിക്കാർ തന്നെ പ്രൂഫ് വായന തുടങ്ങി. അവരാകട്ടെ, ഭാഷ ഐച്ഛികമായി പഠിച്ചവരോ ഭാഷയിൽ താത്പര്യമുള്ളവരോ ആയിരുന്നില്ല. ഇപ്പോഴുമല്ല. പകരം പുതുതായി വന്ന ഒരു തൊഴിൽ സ്വായത്തമാക്കുന്നതിൽ മിടുക്കുകാട്ടിയ ടൈപ്പ് സെറ്റിങ് തൊഴിലാളികളായിരുന്നു. ഡിടിപിക്കാർ മലയാളത്തെ നിർണ്ണയിക്കാൻ തുടങ്ങിയതോടെ ഇറച്ചി കോഴി വിൽക്കാനും കച്ചവടക്കാരൻ വിൽക്കാതിരിക്കാനും തുടങ്ങി. ഇരട്ടിപ്പെന്നു പറയുന്ന സംഭവമേ മലയാളം കണ്ടിട്ടില്ല എന്ന മട്ടായി. ദ്വിത്വസന്ധി, ലോപസന്ധി, ആഗമസന്ധി, ആദേശസന്ധി എന്നിവ പാഠപുസ്തകത്തിൽ നിന്നുപോലും അപ്രത്യക്ഷമായെന്നാണ് ഒരു വിരുതൻ കളിയായി പറഞ്ഞത്.
കൂട്ടക്ഷരഭാരം കുറയ്ക്കുന്നതിനും ഇടം ലാഭിക്കുന്നതിനും വിവിധ പത്രങ്ങൾ സ്വന്തം നിലയിൽ ഭാഷാപരിഷ്കരണം നടത്തി. പേരിൽ തന്നെ മാറ്റം വരുത്തി മാധ്യമം പ്രസിദ്ധീകരണമാരംഭിച്ചു. കുട്ടിക്കൃഷ്ണമാരാർ ഇകാരത്തിനു ശേഷം പോലും അർത്ഥവ്യത്യാസം ഇല്ലാത്തിടങ്ങളിൽ യ ചേർത്ത് യ്ക്ക എഴുതണം എന്ന മട്ടുകാരനായിരുന്നുവെങ്കിൽ മാധ്യമം പ്രചരിപ്പിച്ച ശൈലിയിൽ യ്ക്ക എന്ന കൂട്ടക്ഷരം തന്നെ അപ്രത്യക്ഷമായി. അതോടെ പള്ളിയിൽ കയറുമ്പോൾ തല മറയ്ക്കണം എന്നതിനു പകരം തല മറക്കണം എന്നെഴുതുന്നതിലേക്കു വരെ കാര്യങ്ങളെത്തി. തല മറക്കാതെ ആർക്കാണു പള്ളിയിൽ കയറാൻ സാധിക്കുക എന്നു യുക്തിവാദികൾ അതിനെ കളിയാക്കി. എന്നാൽ പരിഹാസം പോലും മനസ്സിലാകാത്തതരത്തിൽ യ ചേരാത്ത ക്ക സർവ്വസാധാരണമായി.
ഇത് വലിയ തെറ്റാണെന്നോ സംഭവിക്കാൻ പാടില്ലാത്തതാണെന്നോ ഉള്ള അഭിപ്രായമൊന്നും ഇതെഴുതുന്നയാൾക്കില്ല. നമുക്കിപ്പോൾ വൃത്തികേടെന്നു തോന്നുന്നത് നാം പഠിച്ചതും നമുക്കു വഴങ്ങിയതുമായ ഭാഷയുടെ ശൈലി വേറൊന്നായിരുന്നതാണ്. പരിണാമം ഇങ്ങനെയാണ്. വ്യാകരണാനുസാരിയായി മാത്രമല്ല, ഭാഷ പരിണമിക്കുക. ഏറ്റവും മികച്ചത് എന്ന് ആരെങ്കിലും കരുതുന്നതല്ല, അതിജീവിക്കുക; കൂടുതൽ പേർ പിന്തുടരുന്നതാണ്. അതുകൊണ്ടുതന്നെ അദ്ധ്യാപകൻ അധ്യാപകനും വിദ്യാർത്ഥി വിദ്യാർഥിയും മാദ്ധ്യമം മാധ്യമവും ആയി മാറിക്കഴിഞ്ഞു. അതിൽ ആരും വേദനിച്ചിട്ട് ഒരു കാര്യവുമില്ല.
ഏറ്റവും മികച്ചത് എന്ന് ആരെങ്കിലും കരുതുന്നതല്ല, അതിജീവിക്കുക; കൂടുതൽ പേർ പിന്തുടരുന്നതാണ്. അതുകൊണ്ടുതന്നെ അദ്ധ്യാപകൻ അധ്യാപകനും വിദ്യാർത്ഥി വിദ്യാർഥിയും മാദ്ധ്യമം മാധ്യമവും ആയി മാറിക്കഴിഞ്ഞു. അതിൽ ആരും വേദനിച്ചിട്ട് ഒരു കാര്യവുമില്ല.
ടൈപ്പ് സെറ്റ് ചെയ്യുക മാത്രമായിരുന്നു ടൈപ്പ്റൈറ്ററിന്റെ പണി. കമ്പ്യൂട്ടറിലാവട്ടെ, ഡേറ്റ ഡിജിറ്റലായി സൂക്ഷിക്കാനും തിരികെവിളിക്കാനും തെരയാനും ക്രമത്തിൽ അടുക്കാനും ഒരു പ്രയോഗത്തിനു പകരം മറ്റൊന്നു തിരുകാനും (find & replace) ഒക്കെ സാധിക്കും. ഇവ സാധിക്കുന്നത് ഓരോ അടിസ്ഥാന അക്ഷരത്തിനും അക്കത്തിനും വ്യതിരിക്തമായ മൂല്യം നൽകുന്ന ശ്രേണീബദ്ധമായ ഒരു എൻകോഡിങ് ഉള്ളതിനാലാണ്. എന്നാൽ കമ്പ്യൂട്ടിങ് ചെലവേറിയിരുന്ന കാലത്ത് ഈ പട്ടിക ശുഷ്കമായിരുന്നു. ആസ്കി എന്നറിയപ്പെടുന്ന മൂല്യവ്യവസ്ഥയിൽ അക്ഷരങ്ങളെ അടുക്കാൻ ആകെയുള്ള 256 കസേരകളിൽ പാതിയിലും ലാറ്റിൻ അക്ഷരരൂപങ്ങളും മറ്റുമായിരുന്നു. നിരവധി ഇന്ത്യൻ ഭാഷകൾ ദേവനാഗരി ലിപി ഉപയോഗിക്കുംപോലെ മിക്ക യൂറോപ്യൻ ഭാഷകളും ലാറ്റിൻ ലിപി ഉപയോഗിക്കുന്നതിനാൽ അവർക്ക് ആദ്യപന്തിയിൽ തന്നെ ഇരിപ്പിടംകിട്ടി. മിച്ചമുള്ള 128 കസേരകളിൽ വേണമായിരുന്നു, ലോകത്തുള്ള മറ്റുഭാഷകളെല്ലാം ഇരിപ്പുറപ്പിക്കാൻ. അങ്ങനെ വരുമ്പോഴെന്തുചെയ്യും? ആദ്യ 128 സീറ്റുകളെ റിസർവ്വ് ചെയ്യപ്പെട്ടതുള്ളൂ. അവയുടെ മൂല്യത്തിനു മാറ്റമില്ല. ബാക്കിയുള്ള സ്ഥലത്തും തികയാതെ വരുമ്പോൾ നേരത്തെ ഇരുന്നവരുടെ മടിയിലും ഒക്കെക്കയറി സൗകര്യംപോലെ ഇരിപ്പുറപ്പിച്ചാണ് മറ്റുഭാഷകൾ അഡ്ജസ്റ്റ് ചെയ്തത്. അതായത് ആ അക്ഷരങ്ങളെയൊന്നും ഒരു സ്ഥിരം സീറ്റ് നൽകി ആദരിച്ചിരുന്നില്ല. ചുരുക്കത്തിൽ ഒരു ഗ്ലോറിഫൈഡ് ടൈപ്പ് സെറ്റർ എന്നതിൽ കവിഞ്ഞൊന്നും യൂറോപ്യനേതര ഭാഷകളിൽ കമ്പ്യൂട്ടറിനു ചെയ്യാനുണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ, ഫോണ്ടുണ്ടാക്കുന്നവർ അവരുടെ സൗകര്യത്തിന്, തങ്ങളുടെ ഭാഷയിലെ അക്ഷരത്തിന്റെ ചിത്രം കണ്ടിടത്തെല്ലാം തിരുകിവച്ചു. ഇംഗ്ലീഷ് വർണ്ണമാലയിലെ aയുടെ മേലെ ഒരു ഫോണ്ട് നിർമ്മാതാവ് മലയാളത്തിലെ 'എ'യുടെ പടമൊട്ടിച്ചു എന്നുകരുതുക. മറ്റൊരു ഫോണ്ട് ഉണ്ടാക്കുന്നയാൾ ഇവിടെ 'അ'യുടെ ചിത്രമാവാം ഒട്ടിക്കുക. കാരണം, എന്തായാലും ആ കസേര തങ്ങൾക്കുള്ളതല്ല. കാണാം / അച്ചടിക്കാം എന്നല്ലാതെ "പിസി 315” എന്നൊന്നും പേരുചൊല്ലി വിളിക്കാനാവില്ല. ഇതുമൂലം അക്ഷരച്ചിത്രങ്ങളൊട്ടിച്ചുവച്ച സ്ഥാനത്തിനു പോലും ഏകതാനത ഇല്ലാതെ പോയി. ഫലം, ഒരു സീരിസിൽ ടൈപ്പ്ചെയ്തവ വായിക്കണമെങ്കിൽ അതേ സീരീസിലെ ഫോണ്ടുകൾ സിസ്റ്റത്തിലുണ്ടാവണം. ഇതുകൊണ്ടുണ്ടായ ദോഷമെന്തെന്നുവച്ചാൽ ഭാഷയിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അച്ചടി സാധ്യമാകും എങ്കിലും കമ്പ്യൂട്ടിങ് എന്നതുകൊണ്ടു നാം അർത്ഥമാക്കുന്ന വിപുലമായ കാര്യങ്ങളൊന്നും ചെയ്യാനാവില്ല. ഉദാഹരണത്തിന് അകാരാദിക്രമത്തിൽ അടുക്കാനോ (sorting) തെരയാനോ (searching) സാധിക്കാതെ വരുന്നു. ഒരിക്കൽ ടൈപ്പ് ചെയ്ത മാറ്റർ പ്രസിലെത്തുമ്പോൾ വീണ്ടും ടൈപ്പ് സെറ്റ് ചെയ്യേണ്ട അവസ്ഥയൊക്കെ ഇതുമൂലം ഉണ്ടായിട്ടുണ്ട്. മാതൃഭൂമിയിലെ ഡിടിപി സ്റ്റാഫ് ആയിരുന്ന രാമചന്ദ്രൻ (മൊട്ടുസൂചി എന്ന ബ്ലോഗർ) ടൈപ്പിറ്റ് എന്ന ഉപായം റിലീസ് ചെയ്യുംവരെ ഡിടിപിക്കാർക്കു് ഇതുവലിയ അസൗകര്യം സൃഷ്ടിച്ചു. സിബുവിന്റെ വരമൊഴി, എസ്എംസിയുടെ പയ്യൻസും ചാത്തൻസും, അക്ഷരങ്ങൾ എന്ന സ്വകാര്യ വെബ്‌സൈറ്റ് തുടങ്ങിയവയൊക്കെ കാലക്രമത്തിൽ ഉണ്ടായെങ്കിലും അവ ഈ കാര്യത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു.
മലയാളഭാഷയിൽ നിന്ന് ഏറെക്കുറെ ഝകാരം അപ്രത്യക്ഷമാകുന്നത്, ഈ കാലത്താണ്. ഝാർഖണ്ഡ്, ഝാൻസി റാണി തുടങ്ങിയവ ജാർഖണ്ഡ്, ജാൻസി റാണി എന്നൊക്കെ എഴുതാനാരംഭിച്ചു. ഝടുതി പോലെയുള്ള വാക്കുകളുടെ ഉപയോഗം പോലും അസ്തമിച്ചു. ഝ എന്ന അക്ഷരം പരിചയമില്ലാത്ത ചില ഫോണ്ട് നിർമ്മാതാക്കൾ ആ അക്ഷരത്തെ മഴയത്തുനിർത്തി, ത്സ എന്ന കൂട്ടക്ഷരത്തെ പിടിച്ചു സീറ്റിലിരുത്തുകയായിരുന്നു. അല്ലെങ്കിൽ തന്നെ, ഈ ഘോഷമൊക്കെ ആർക്കുവേണം? പീഡനം തീരെ മൃദുവായിപ്പോയെന്നു കരുതി പീഢനമാക്കി കടുപ്പിക്കാൻ മാത്രമാണ് പലരും ഘോഷമുപയോഗിക്കുന്നത്. അവരാവട്ടെ, പ്രതിഷേധത്തെ പ്രതിക്ഷേധമാക്കി ധയെ മൃദുപ്പെടുത്തുന്നതും കാണാം. ണ്ട, ഭ എന്നീ അക്ഷരങ്ങൾ വാക്കുകൾക്കിടയിൽ നിന്ന് അപ്രത്യക്ഷമാകുന്ന മായാജാലവും ഇക്കാലത്തു കണ്ടുതുടങ്ങി. പ്രത്യേകിച്ച് ഫോട്ടോഷോപ് പോലെയുള്ള ഏറെ പ്രചാരമുള്ള പ്രോഗ്രാമുകളിൽ ആസ്കി മലയാളം ഉപയോഗിക്കുമ്പോൾ അതിലെ ചില ബഗ്ഗുകൾ മൂലം ഈ അക്ഷരരൂപങ്ങൾ ഫോണ്ടിൽ ലഭ്യമാണെങ്കിൽ കൂടി പ്രദർശിപ്പിക്കാതെ വരുന്ന പ്രശ്നമായിരുന്നു, ഇത്. പലപ്പോഴും രാഷ്ട്രീയനേതാക്കളുടെ വാർത്താക്കുറിപ്പുകളും പ്രസ്താവനകളുമൊക്കെ ന്യൂസ് ബ്യൂറോയിലെത്തുന്നത്, ഇങ്ങനെ ണ്ടയും ഭയും ഒന്നും ഇല്ലാതെയായിരുന്നു. ചുരുക്കത്തിൽ ഒന്നു കനത്തിൽ ആട്ടണമെങ്കിൽ പോലും രക്ഷയില്ലായിരുന്നു.
ആസ്കിയുടെ പരിമിതിയെ മറികടന്ന്, തങ്ങളുടെ കമ്പോളം വിസ്തൃതമാക്കാനും ലോകത്തെ ഏതു ഭാഷയിലെ അക്ഷരത്തിനും കൃത്യമായ ഇരിപ്പിടം ഉറപ്പാക്കാനും അതുവഴി യൂറോപ്യനേതര ഭാഷകളിലും കമ്പ്യൂട്ടിങ് സാധ്യമാക്കാനുമാണ്, ആസ്കിയെ ന്യൂനഗണമാക്കി നിലനിർത്തി അതിന്റെ മേലെ യൂണിക്കോഡ് എന്ന ഭീമൻശ്രേണി അതിഗണമായി പടുത്തുയർത്തുന്നത്. അതിൽ ജീവൽഭാഷകളിലെ (എഴുത്തുരൂപങ്ങളെങ്കിലും നിലനിൽക്കുന്ന മൃതഭാഷകളിലെയും) എല്ലാ ലിപിരൂപങ്ങൾക്കും ആദ്യമായി സ്വന്തം സീറ്റ് കിട്ടി. അവിടെ ശ്രദ്ധിക്കേണ്ടത്, ആറ്റത്തിനാണ്, മോളിക്യൂളിനല്ല, സീറ്റ് എന്നതാണ്. അഥവാ അടിസ്ഥാന അക്ഷരങ്ങൾക്കാണു മൂല്യം. കൂട്ടക്ഷരങ്ങൾക്കല്ല. ഉദാഹരണത്തിന് ക, ത, ചന്ദ്രക്കല എന്നിവയ്ക്ക് സീറ്റുണ്ട്. ക്ത എന്ന കൂട്ടക്ഷരത്തിനില്ല. ക ചന്ദ്രക്കല ത എന്നിവരെ അടുപ്പിച്ചിരുത്തിയാൽ അവതമ്മിൽ ഒരു കെമിക്കൽ ബോണ്ടിങ് നടന്നിരിക്കും. നാം കാണുന്ന രൂപം ക്ത ആവും. എന്നാൽ മൂല്യം ക ് ത എന്ന ക്രമത്തിൽ തന്നെ തുടരും.
ആസ്കിയിൽ നിന്നു യൂണിക്കോഡിലേക്കുള്ള മാറ്റത്തിന് ഗതിവേഗം കൂടുന്നത്, ഏറ്റവുമധികം പേർ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ എക്സ്പി സർവ്വീസ് പായ്ക്ക് 2ൽ യൂണിക്കോഡ് പിന്തുണ എത്തുന്നതോടെയാണ്. 2005ലാണ് അതു സംഭവിക്കുന്നത്. അക്കാലം മുതൽ തന്നെ മെഷീനും മനുഷ്യനും ഒരേപോലെ വായിക്കാൻ കഴിയുന്ന ഡിജിറ്റൽ മലയാളത്തിൽ ബ്ലോഗുകൾ വന്നുതുടങ്ങി.
മലയാളം ഫോണ്ടുകളും ചിത്രീകരണവും എന്ന ഈ ബ്ലോഗിലെ ലേഖന പരമ്പരയില്‍ ഇതിന്റെ സാങ്കേതികവശങ്ങള്‍ കൂടുതല്‍ വായിക്കാം
മലയാളം എഴുതാൻ മലയാളലിപി മാത്രമല്ല ഉപയോഗിച്ചിട്ടുള്ളത്. അറബി ലിപിയുപയോഗിച്ചാണ്, അറബിമലയാളം എഴുതിയിരുന്നത്. അതേ കണക്ക് ഇംഗ്ലീഷ് വർണ്ണമാലയുപയോഗിച്ച് മലയാളമെഴുതുന്ന രീതി ഇന്ന് സാർവ്വത്രികമാണ്. ഗൂഗിൾ ഹാൻഡ് റൈറ്റിങ് ഇൻപുട് അവതരിപ്പിച്ചതോടെ മലയാളികളുടെ എസ്എംഎസ് ഭാഷ മംഗ്ലീഷ് ആയിരുന്ന കാലം കഴിഞ്ഞു. മംഗ്ലീഷിൽ ഇൻപുട്ട് ചെയ്തു മലയാളലിപിയിൽ പ്രദർശിപ്പിക്കുന്ന വിവിധ ട്രാൻസ്ലിറ്ററേഷൻ ഇൻപുട്ട് മെഥേഡുകളും ലഭ്യമാണ്. സ്വനലേഖ, വരമൊഴി, വർണ്ണം, പറയുമ്പോലെ തുടങ്ങി എത്ര ലേഔട്ടുകൾ ഈ രീതിയിൽ മാത്രമുണ്ട്. ഇതൊന്നുമല്ല, ഇംഗ്ലീഷ് വർണ്ണമാലയുപയോഗിച്ചുള്ള മലയാളമെഴുത്ത് എന്നതുകൊണ്ടുദ്ദേശിച്ചത്. പകരം ഒരു പുസ്തകം തന്നെ പൂർണ്ണമായും ഇംഗ്ലീഷ് ആൽഫബെറ്റ് ഉപയോഗിച്ച് മലയാളവാചകങ്ങൾ എഴുതുകയാണെങ്കിലോ? ബോംബെ പോലെയുള്ള മഹാനഗരങ്ങളിലെ ക്രിസ്ത്യൻ പള്ളികളിൽ ഉപയോഗിക്കുന്ന കുർബാനക്രമം അടക്കമുള്ള മലയാളവും സുറിയാനിയും ഇടകലർന്ന പ്രാർത്ഥനാപുസ്തകങ്ങൾ ഇന്ന് പൂർണ്ണമായും അച്ചടിക്കുന്നത് ഇങ്ങനെ ഇംഗ്ലീഷ് വർണ്ണമാല ഉപയോഗിച്ചാണ്. മലയാള അക്ഷരങ്ങൾ പഠിക്കാത്ത, എന്നാൽ വീട്ടിൽ മലയാളം സംസാരിക്കുന്ന രണ്ടാംതലമുറ / മൂന്നാം തലമുറ മലയാളിക്കുട്ടികൾ ഈ പുസ്തകം വായിച്ചാണു കുർബാനയിൽ പങ്കെടുക്കുന്നതും പാട്ടുകൾ പാടുന്നതും പ്രതിവചനങ്ങൾ ഏറ്റുചൊല്ലുന്നതും ഒക്കെ. മതം എന്ന മീംപ്ലെക്സ് അങ്ങനെ മിശ്രഭാഷാക്കുട്ടികളുടെയിടയിലും വേരുറപ്പിച്ചുതന്നെ.
ഇത്തരം ഒരു മാറ്റത്തിനെ എയ്ഡ് ചെയ്യാൻ കഴിയുന്ന ഒരു പ്രൂഫ് ഓഫ് കൺസെപ്റ്റ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ലിബ് ഇൻഡിക് പ്രോജക്റ്റിന്റെ ഭാഗമായുണ്ട്. ഇന്ത്യൻ ഭാഷകളിൽ ഏതിലുള്ള ടെക്സ്റ്റും അതേ പടി മറ്റേത് ഇന്ത്യൻ ഭാഷയുടെയും കൂടാതെ ഇംഗ്ലീഷിന്റെയും ലിപിയിലേക്ക് മാറ്റി പ്രദർശിപ്പിക്കാനുള്ള സൗകര്യമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സങ്കേതമുപയോഗിച്ചാൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ് നാട്ടിലെ പത്രത്തിൽ വരുന്ന വാർത്ത മലയാളം ലിപി ഉപയോഗിച്ചു നമുക്കു വായിക്കാം. ഹിന്ദി എഴുതാൻ അറിയാവുന്ന, മലയാളം പഠിക്കാത്ത, ഉത്തരേന്ത്യയിൽ ജീവിക്കുന്ന മലയാളികൾക്ക് ദേവനാഗരി ലിപി ഉപയോഗിച്ച് മലയാളം പത്രം വായിക്കാം. എന്നാൽ ഇതൊന്നും നമ്മുടെ മാദ്ധ്യമങ്ങൾ അറിഞ്ഞ മട്ടില്ല. അതുകൊണ്ടുതന്നെ, ഈ ലോജിക് ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ഡവലപ് ചെയ്യാൻ ഫണ്ടും ലഭ്യമല്ല.
ഭാഷ ഉപയോഗിക്കുന്ന രീതിയിൽ കഴിഞ്ഞ രണ്ടുവർഷം വലിയ മാറ്റമുണ്ടായി എന്ന് ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവല്ലോ. അത് ഹൈപ്പർടെക്സ്റ്റുകളുടെ വർദ്ധിച്ച ഉപയോഗമാണ്. വികെഎൻ കൃതികളിലൂടെ നമുക്കു പരിചിതമാണ് ഹൈപ്പർ ടെക്സ്റ്റുകൾ. നമ്മുടെ പുരാണേതിഹാസങ്ങൾ ഹൈപ്പർടെക്സ്റ്റുകൾക്ക് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഒരു സാഹചര്യത്തിൽ എടുത്തുപയോഗിക്കുന്ന കഥയ്ക്കോ ചിലപ്പോൾ അലസമായ ഒരു പ്രയോഗത്തിനോ പോലും അവിടെ ഒതുങ്ങാത്ത ഒരു വാലുണ്ടാവും. അതുപിടിച്ചുപോയാൽ വേറൊരു വലിയ കഥയായി. ഇങ്ങനെ പരസ്പരബന്ധിതമായ ടെക്സ്റ്റുകളുടെ സങ്കീർണ്ണമായ വല അഴിയുകയായി. എല്ലാവർക്കും എല്ലാം പിടികിട്ടണമെന്നില്ല. എന്നാൽ റെഫറൻസുകൾ നേരിട്ടു ചേർക്കാതെ തന്നെ, ഹൈപ്പർ ലിങ്കുകൾ പോലും നൽകാതെ, ഇങ്ങനെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് വായനക്കാരനെ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഹൈപ്പർടെക്സ്റ്റിന്റെ പ്രസക്തി. 2008 മെയ് ലക്കം ഭാഷാപോഷിണിയിൽ തിരമൊഴി എന്ന ലേഖനത്തിലൂടെ ഹൈപ്പർ ടെക്സ്റ്റുകളുടെ ഇരച്ചുകയറലിനെ കുറിച്ച് കവി പി പി രാമചന്ദ്രൻ എഴുതിയിരുന്നു. “രേഖീയമായ തുടര്‍ച്ചയല്ല, അരേഖീയമായ പടര്‍ച്ചയാണ് തിരമൊഴിയുടെ ഘടന. വലക്കണ്ണികളെപ്പോലെ പരസ്‌പരബന്ധിതമായ പാഠങ്ങളേ തിരമൊഴിയിലുള്ളൂ. പിന്തുടര്‍ച്ചാസംസ്‌കൃതിയില്‍നിന്ന് (hierarchical culture) ശൃംഖലാസംസ്‌കൃതിയിലേക്കുള്ള (networked culture) സാമൂഹികപരിണാമത്തിന്റെ സൂചകംകൂടിയാണ് തിരമൊഴി,” എന്നാണ് പി പി രാമചന്ദ്രൻ സിദ്ധാന്തീകരിച്ചത്.
രേഖീയമായ തുടര്‍ച്ചയല്ല, അരേഖീയമായ പടര്‍ച്ചയാണ് തിരമൊഴിയുടെ ഘടന. വലക്കണ്ണികളെപ്പോലെ പരസ്‌പരബന്ധിതമായ പാഠങ്ങളേ തിരമൊഴിയിലുള്ളൂ. പിന്തുടര്‍ച്ചാസംസ്‌കൃതിയില്‍നിന്ന് (hierarchical culture) ശൃംഖലാസംസ്‌കൃതിയിലേക്കുള്ള (networked culture) സാമൂഹികപരിണാമത്തിന്റെ സൂചകംകൂടിയാണ് തിരമൊഴി - പി പി രാമചന്ദ്രൻ.
സോഷ്യൽ മീഡിയയിലെ മലയാളികളുടെ മീംഫാക്റ്ററിയായ ഇന്റർനാഷണൽ ചളു യൂണിയൻ (ICU) പോലെയുള്ള ചില ഗ്രൂപ്പുകളാണ് ഹൈപ്പർടെക്സ്റ്റുകളാൽ സമ്പന്നമായ മീമുകളുമായി ഇന്റർനെറ്റ് ചാക്യാന്മാരാവുന്നത്. ചളിയന്മാർ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. ട്രോൾ മലയാളം തുടങ്ങി ബദൽ ഗ്രൂപ്പുകളും സജീവമാണ്. ഇവരുടെ രൂക്ഷപരിഹാസത്തിനു പാത്രമാകാത്തവരായി മതം, രാഷ്ട്രീയം, സിനിമ, സാഹിത്യം, സാമൂഹ്യജീവിതം, തുടങ്ങിയ മേഖലകളിലെ ആരുംതന്നെ ഉണ്ടാവുമെന്നു തോന്നുന്നില്ല. വിവിധ മേഖലകളിൽ നേതൃത്വം വഹിക്കുന്നവരുമായി ബന്ധപ്പെട്ട പല സംവാദങ്ങൾക്കും തുടക്കം കുറിക്കാനും ചില വാദമുഖങ്ങൾ അരക്കിട്ടുറപ്പിക്കാനുമൊക്കെ ഇവരുടെ ലൈവ് കാരിക്കേച്ചറിങ് സഹായകമായിട്ടുണ്ട്. ഒരു വലിയ സംഘം എന്ന നിലയിലാണ് ഇവരുടെ പേരുപറഞ്ഞത്. എന്നാൽ ആ ഭാ സം എന്ന പേരിലും യക്ഷി എന്ന പേരിലും മറ്റുമുള്ള പേജുകൾ ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തുന്ന വിപ്ലവങ്ങളും കാണാതിരുന്നുകൂടാ.
എം കെ വാസുദേവൻ ഭട്ടതിരിപ്പാട് എന്ന തൂലികാനാമത്തിലാണ് ആ ഭാ സം - ആർഷഭാരതസംസ്കാരം എന്ന എഫ്ബി പേജിൽ കാർഡുകൾ വരുന്നത്. സംസ്കൃതശ്ലോകങ്ങളും അവയുടെ വ്യാഖ്യാനങ്ങളുമാണ്, അതിലുള്ളത്. ശ്ലോകം, അതിന്റെ ഉറവിടം, ശ്ലോകത്തിന്റെ അർത്ഥം, വ്യാഖ്യാനത്തിന്റെ സ്രോതസ് എന്നിവയും ഒരു ചിത്രവും മാത്രമാണ് കാർഡിൽ ഉണ്ടാവുക. ഒരു വരി പോലും പരിഹാസം ഉൾച്ചേർക്കാതെ തന്നെ, പുരാണംനോക്കികളെ ആധുനികലോകത്തിന്റെ ഉൾക്കാഴ്ചയോടു ചേർത്തു പരിശോധിക്കാൻ അവസരം നൽകുകയാണ്, ഇതിലെ നിന്ദാ സ്തുതികൾ. യഥാർത്ഥ വ്യാഖ്യാനം തന്നെയാണ് പറയുന്നത് എന്നതിനാൽ വികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിക്ക് ഇടമില്ല. സ്ത്രീയുടെ സ്വാതന്ത്ര്യമാണ്, യക്ഷി ആഘോഷിക്കുന്നത്.
യക്ഷി പറയുന്നത്രയും രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റുകൾ പറയുന്നുണ്ടാവില്ല.
സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്‌ബുക്കിൽ ഫോട്ടോ കമന്റുകൾ വ്യാപകമായ സമയത്ത് പോപ് കൾച്ചറിന്റെ ഭാഗമായ സിനിമാഡയലോഗുകൾ ഉപയോഗിച്ച് ആർട്ട് വർക്സ് തയ്യാറാക്കി മലയാളീഗ്രഫി തുടങ്ങിയ ചില പേജുകൾ തിളങ്ങിയിരുന്നു.
അമൃതാനന്ദമയിയേയും മോദിയേയും ചേർത്തുള്ള ഈ മീം ശ്രദ്ധിക്കൂ. വ്യക്തികളെയും സംഭവങ്ങളെയും മാറിപ്പോകുന്നു എന്ന പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള ആക്ഷേപം എത്ര സട്ടിലായാണ് അമൃത എന്ന സീരിയൽ നടിയുടെ അരുവിക്കര പ്രസംഗവുമായി ബന്ധിപ്പിച്ചത്. മോഹൻദാസ് കരം ചന്ദ് ഗാന്ധിയെ മോഹൻലാൽ ഗാന്ധിയാക്കിയ, ചരിത്രത്തിലെ സംഭവങ്ങൾ പലവുരു തെറ്റിച്ചുപറഞ്ഞ ഒരു മോദിയെയാവും ഈ പ്രയോഗം പൊടുന്നനെ ഓർമ്മയിലെത്തിക്കുക. അമൃതാനന്ദമയി എന്ന മഠാധികാരിയേയോ നരേന്ദ്രമോദി എന്ന രാഷ്ട്രീയഅധികാരിയേയോ ഇവർ തെല്ലും വകവയ്ക്കുന്നില്ല. ഇതാണ് ഡിജിറ്റൽ നേറ്റീവ്സിന്റെ ഒരു പ്രത്യേകത. ഒരു തരത്തിലുള്ള ഹെജിമണിയേയും ഒരു പരിധിക്കപ്പുറം വിലവയ്ക്കാൻ ഇവർ തയ്യാറല്ല. തങ്ങളുടെയൊപ്പം വലിപ്പമേ അവർ മറ്റുള്ളവർക്കും കൊടുക്കുന്നുള്ളൂ. തങ്ങളേക്കാൾ ചെറുതാണ് മറ്റുള്ളവർ എന്നു ധരിക്കുന്നുമില്ല. ആരും എപ്പോഴും ചോദ്യം ചെയ്യപ്പെടാം. നിരന്തരമായ സോഷ്യൽ ഓഡിറ്റിങ് ആണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ആ നിലയ്ക്ക് ഇതു പുതുകാലത്തിന്റെ രാഷ്ട്രീയപ്രവർത്തനം കൂടിയാകുന്നു.
ബിജെപിയിൽ അംഗത്വം എടുക്കാൻ മിസ്ഡ് കോൾ ചെയ്യൂ എന്ന പരസ്യം വന്നുതുടങ്ങിയ ഘട്ടത്തിൽ "ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മിസ്ഡ് കോളൊന്നും സേതു വിളിച്ചിട്ടില്ല" എന്ന ഡയലോഗുമായി മോഹൻലാലിന്റെ ലാൽസലാമിലെ സ്റ്റിൽ എടുത്തുപയോഗിച്ചതും ഇതേപോലെയാണ്. ചിത്രത്തിന്റെ പേര് കാവി സലാം എന്നാക്കിയിരുന്നു.
ഐസിയു പരിചയപ്പെടുത്തിയ വാക്കുകൾ കുറേയുണ്ട്. ചമ്മൽ ശബ്ദം ഇടാൻ അവതരിപ്പിച്ച പ്ലിങ് ആണ് അതിലെ താരം. ഒരു മലയാള സിനിമയിൽ നടൻ ചമ്മുന്ന സമയത്തുവന്ന പിന്നണിശബ്ദമായിരുന്നത്രേ, അത്. ഇംഗ്ലീഷിലുള്ള ഇന്റർനെറ്റ് മീംസിൽ ഒരാൾ പോസ്റ്റ് ചെയ്തതിനു ചുവടെ #meanwhile എന്ന ഹാഷ് ടാഗോടെ വേറെ ഫോട്ടോ കമന്റ് പോസ്റ്റ് ചെയ്യുന്ന രീതി വിവിധ ഫോറങ്ങളിലുണ്ട്. മലയാളി ചളിയന്മാർ ഇതിനെ മീനവിയൽ ആക്കി. Who is afraid of Virginia Wolf എന്ന ചോദ്യത്തെ വെള്ളായണി അർജ്ജുനനെ ആർക്കാണു പേടി എന്നു പരിഭാഷപ്പെടുത്തിയ വികെഎന്നിന്റെ വഴിതന്നെയാണിത്. true-story എന്ന ടാഗ് ലൈനോടെ സംഭവിച്ചതോ സംഭാവ്യമോ ആയ ഒബ്‌വിയസ് കാര്യങ്ങൾ പലരും പോസ്റ്റ് ചെയ്യാറുണ്ട്. ഇതു മലയാളത്തിൽ #സത്യകഥ ആയി. ഒറിജിനൽ മീമുകൾ #കൈപ്പണി ആയി. Close enough എന്ന് ഇംഗ്ലീഷ് മീമുകളിൽ പറയുന്ന, കാഴ്ചയിൽ സാമ്യം തോന്നുന്ന രണ്ട് എന്റിറ്റികളെ ഒരുമിച്ചുചേർത്തിടുന്ന പോസ്റ്റുകൾക്ക് ചായകാച്ചൽ എന്നാണ് മറുപേര്. ഇൻഹരിഹർനഗറിലെ ജഗദീഷിന്റെ ഒരു ഡയലോഗിൽ നിന്നാണ് ഈ പ്രയോഗം മീമുകളിലേക്ക് കയറിയത്.
സൈക്കോളജിക്കൽ മൂവ് മലയാളീകരിച്ചപ്പോൾ സൈക്കളോടിക്കൽ മൂവ് ആയി മാറി. അതുതന്നെ സഹികെടുമ്പോൾ ലോറിയടിക്കൽ മൂവ് ആയി, സൈക്കോളജിക്കൽ എന്ന കേന്ദ്ര ആശയത്തിൽ നിന്നുതന്നെ ബഹുകാതം പോയിക്കഴിഞ്ഞു. പല ഇംഗ്ലീഷ് വെർബുകളും മലയാളത്തിന്റെ വ്യാകരണ നിയമങ്ങൾ പാലിച്ച് ഉപയോഗിക്കാൻ തുടങ്ങിയതാണ് വേറൊരു കൗതുകം. ഡൗൺലോഡുക എന്ന പ്രയോഗം ഉദാഹരണം. വ്യക്തികളെ റെഫർ ചെയ്യാൻ ലെ എന്ന ഫ്രഞ്ച് സല്യൂട്ടേഷൻ ഫ്രഞ്ചിലെ നിയമങ്ങൾക്കു വിരുദ്ധമായി ലിംഗ/കാല വ്യത്യാസം കൂടാതെ പ്രയോഗിക്കുന്നതും കാണാം. ഇതും ഇംഗ്ലീഷ് മീമിൽ നിന്നു മലയാളത്തിലേക്കു വന്നതാണ്. ലെ പിണറായി വിജയൻ, ലെ ഉമ്മൻ ചാണ്ടി എന്നൊക്കെ ഇവിടെ സ്ഥിരമായി കാണാം. അർബൻ ഡിക്ഷനറി ഇംഗ്ലീഷ് ഭാഷയിലെ പുതിയ വാക്കുകളുടെ സംഭരണിയായി മാറിയതുപോലെ, മലയാളത്തിലുണ്ടാവുന്ന ഏറ്റവും പുതിയ പ്രയോഗങ്ങളുടെ ഉത്ഭവസ്ഥാനവും ഏറെക്കുറെ ഡെപ്പോസിറ്ററിയുമാണ്, ഐസിയു. വെറുതെയാണോ, അതിനു ബദലായി ഐസിയു ബിജെപി വിങ് ഇറങ്ങിയത്?
ഉപയോഗമില്ലാതായ മലയാളം വാക്കുകൾ പലതും പാഠപുസ്തകങ്ങളിലും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലും ആയി ഒതുങ്ങുകയാണ്. ആട്ടുകല്ല്, അരകല്ല്, അമ്മിക്കല്ല്, ഉറി, ഉരൽ, ഒലക്ക, പറ, നാഴി തുടങ്ങിയ വാക്കുകളൊക്കെ പതിയെപ്പതിയെ ഉപയോഗം കുറഞ്ഞുവരികയാണ്. ഇവയിൽ ആദ്യം പറഞ്ഞ കുറേ വാക്കുകൾ ഇന്ന് യുപി സ്കൂളിലെ പൈതൃക പ്രദർശനത്തിന് എത്തിക്കുന്ന കൗതുകവസ്തുക്കളായി മാറിക്കഴിഞ്ഞു. അതിന്റെ സ്ഥാനത്ത് എത്രയെത്ര അന്യഭാഷാപ്രയോഗങ്ങളാണ്, നാം മലയാളത്തിൽ ഒരു തടസ്സവും കൂടാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതേ സമയം തന്നെ ഗുണ്ടർട്ടിന്റെ കാലം മുതലുള്ള പുസ്തകങ്ങൾ സ്കൂൾ കുട്ടികളുടെ അധ്വാനത്തിൽ ഡിജിറ്റൈസ് ചെയ്യുന്ന പരിപാടിയും ഒരുവശത്തു നടന്നുകൊണ്ടിരിക്കുന്നു. അത്രയും പഴയ മലയാളത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന പല വാക്കുകളും അക്ഷരരൂപങ്ങളും കുട്ടികൾ പരിചയപ്പെടുന്നു.