സ്റ്റേറ്റ് ഓഫ് മാപ്പ് ദ കേരള 2024
ഈ വർഷത്തെ ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരളസമൂ
ആന്‍ഡ്രോയ്ഡില്‍ അധിഷ്ടിതമായ ഉപകരണങ്ങളില്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പുറത്തിറക്കിയ സമഗ്ര ലിപി ഫോണ്ടുകള്‍ ഉള്‍പ്പടെയുള്ള ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
കാഴ്ചയ്ക്ക് ഭംഗിയും വായനയ്ക്ക് അനുയോജ്യവുമായ ഫോണ്ടുകളാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പുറത്തിറക്കിയിട്ടുള്ള അക്ഷരരൂപങ്ങള്‍. സ്വതവേ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്വ. മ. കയുടെ തന്നെ രഘുമലയാളം പോലുള്ള വിഘടിതലിപി അക്ഷരരൂപമാണ് പ്രയോഗത്തിലുള്ളത്. ഈ ബ്ലോഗ് പോസ്റ്റിൽ സ്വ. മ. ക പ്രസിദ്ധീകരിച്ചിട്ടുള്ള ആൻഡ്രോയിഡ് ഫോണ്ട് പാക്കേജ് ഉപയോഗിച്ച് സമഗ്രലിപി അക്ഷരരൂപങ്ങൾ എങ്ങനെ എളുപ്പത്തിൽ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സന്നിവേശിപ്പിക്കാമെന്ന് നോക്കാം.
സ്വ. മ. കയുടെ മറ്റെല്ലാ ഉദ്യമങ്ങളെയും പോലെ തന്നെ ആന്‍ഡ്രോയ്ഡിനു വേണ്ടിയുള്ള ഫോണ്ടു് പാക്കേജും സ്വതന്ത്ര ലൈസന്‍സിലാണ് പ്രസ്ദ്ധീകരിച്ചിട്ടുള്ളതു്.
ആന്‍ഡ്രോയ്ഡ് ഫോണില്‍ സമഗ്രലിപി മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ പൂട്ട് ( റൂട്ട് ചെയ്യുക ) തുറക്കേണ്ടി വന്നേയ്ക്കും. ഉപകരണങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉപകരണ നിര്‍മ്മാതാക്കള്‍ സാധാരണഗതിയില്‍ അനുവദിയ്ക്കാറില്ല. അതിനാല്‍ നിര്‍മ്മാതാവിന്റെ പൂട്ട് ( റൂട്ട് ചെയ്യുക ) തുറക്കേണ്ടിവരും. ഇതു് ഉപകരണത്തിന്റെ വാറന്റി റദ്ദാക്കുവാന്‍ ഇടയാക്കിയേയ്ക്കും.
ഇന്‍സ്റ്റാളേഷനിടയില്‍ ഉപകരണത്തിന് എന്തെങ്കിലും നാശമുണ്ടായാല്‍ അതിന്റെ ബാധ്യതകള്‍ ലേഖകന്‍ / സംഘടന നിരാകരിക്കുന്നു. അതിനാല്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയ ശേഷം സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുന്നതാണ് അഭികാമ്യം.
ഇന്‍സ്റ്റാളേഷന്‍ എങ്ങനെയെന്ന് നോക്കാം.
ഫോണ്‍ അണ്‍ലോക്ക് ചെയ്യുക. ഇതിനായി ഫോണ്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കിയിട്ടുള്ള ഡോക്യുമെന്‍റേഷന്‍ പരിശോധിച്ചാല്‍ മതിയാകും. നിര്‍മ്മാതാക്കള്‍ ഡോക്യുമെന്‍റേഷന്‍ ലഭ്യമാക്കിയിട്ടില്ലാത്തപക്ഷം വിശ്വാസയോഗ്യമായ മറ്റു് ഉറവിടങ്ങളെ ആശ്രയിക്കുകയുമാകാം.
മാജിസ്ക്, മാജിസ്ക് മാനേജര്‍ എന്നീ ടൂളുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
സ്വ. മ. കയുടെ റീപ്പോസിറ്ററിയില്‍ നിന്നും സിപ്പ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം. ശേഷം മാജിസ്ക് മാനേജര്‍ തുറക്കുക.
ആപ്പ് ഡ്രോവറില്‍ നിന്നു് മൊഡ്യൂള്‍സ് തിരഞ്ഞെടുക്കുക. +
എന്നുള്ള ആക്ഷന്‍ ബട്ടണ്‍ ഞെക്കുക.
അപ്പോള്‍ തുറന്നു വരുന്ന ഫയല്‍ സെലക്ടര്‍ ഉപയോഗിച്ചു് ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് ഫയല്‍ തിരഞ്ഞെടുക്കുക.
ഫോണ്ട് ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായാല്‍ മാജിസ്ക് മൊഡ്യൂള്‍സില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊഡ്യൂളുകള്‍ എല്ലാം കാണാം.
ഇനി ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാം.
മൂന്നാമത്തെ സ്റ്റെപ്പിന്റെ അവസാനം ഫയല്‍ ബ്രൌസറുപയോഗിച്ചു് മലയാളം ഫോണ്ടുകളുടെ സിപ്പ് ഫയല്‍ തിരഞ്ഞെടുത്താല്‍ മേല്‍ചിത്രത്തില്‍ കാണുന്ന ഫ്ലാഷ് ചെയ്യാനുള്ള വിസാര്‍ഡിലെത്താം.
ഈ അവസരത്തിലാണ് ഏത് ഫോണ്ടാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കേണ്ടതു്.
ഗായത്രി, മഞ്ജരി, ഗായത്രി + മഞ്ജരി, രചന, മീര, അഞ്ജലി ഓള്‍ഡ് ലിപി, സുറുമ, രഘു മലയാളം, ദ്യുതി, കേരളീയം തുടങ്ങിയ ഫോണ്ടുകള്‍ ലഭ്യമാണു്. വോള്യം ബട്ടണുപയോഗിച്ചാണു് ഫോണ്ട് തിരഞ്ഞെടുക്കേണ്ടത്. വോള്യം കുറയ്ക്കാനുള്ള ബട്ടണ്‍ സെലക്ഷന്‍ നിരാകരിയ്ക്കാനും വോള്യം കൂട്ടാനുള്ള ബട്ടണ്‍ സെലക്ഷന്‍ അംഗീകരിയ്ക്കാനുമായിട്ടാണ് ഉപയോഗിയ്ക്കേണ്ടത്.
ഏതെങ്കിലും ഒരു ഫോണ്ട് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇന്‍സ്റ്റാളേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിയ്ക്കാം.
റീബൂട്ട് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത ഫോണ്ടില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം പ്രവര്‍ത്തിപ്പിക്കാം.
പിന്നീടു് എപ്പോഴെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ മേല്‍വിവരിച്ച സ്റ്റെപ്പുകള്‍ വീണ്ടും പിന്‍തുടരേണ്ടതില്ല. മാജിസ്ക് സ്വമേധയാ ഈ മൊഡ്യൂള്‍ പ്രയോഗിച്ചുകൊള്ളും.
ജിഷ്ണു മോഹന്‍ അടക്കമുള്ള സ്വ. മ. കയിലെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്താല്‍ പൂര്‍ത്തിയാക്കിയത്.