January 17, 2015

മലയാളം ഫോണ്ടുകളും ചിത്രീകരണവും: ര-യുടെ ചിഹ്നങ്ങള്‍

കാവ്യ മനോഹര്‍

ആമുഖത്തില്‍ പറഞ്ഞപോലെ ഫോണ്ടുകളുടെ സാങ്കേതികവിദ്യയിലെ ചില അടിസ്ഥാന വസ്തുതകള്‍ വിശദീകരിച്ചു് ക്രമം പാലിച്ചുള്ള ലേഖന പരമ്പരയെഴുതാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. എങ്കിലും കഴിയുന്നത്ര വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. എന്താണു് ഫോണ്ടു്, അവയുടെ ധര്‍മമെന്തു്, ടൈപ്പിങ്ങ് ടൂളുകളും ഫോണ്ടും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു തുടങ്ങിയ ചില കാര്യങ്ങള്‍ വായനക്കാര്‍ക്കറിയും എന്ന ധാരണയിലാണു് ഈ ലേഖനമെഴുതിയിരിക്കുന്നതു്. അവ അറിയില്ല്ലെങ്കില്‍ അവ ഈ ലേഖന പരമ്പരയില്‍ എഴുതി വരുമ്പോള്‍ വായിക്കാവുന്നതാണു്.

മലയാളത്തില്‍ സ്വരാക്ഷരങ്ങള്‍ക്കു തനിരൂപവും വ്യഞ്ജനങ്ങളോടൊട്ടുവാനായി ാ, ി, ീ, ു, ൂ, ൃ തുടങ്ങിയ ചിഹ്നങ്ങളുമുള്ളതു് എല്ലാവര്‍ക്കുമറിയാം. അതുപോലെ നാലു വ്യഞ്ജനാക്ഷരങ്ങൾക്കും ചിഹ്നങ്ങള്‍ ഉണ്ടു്. 'യ', 'ര', 'ല,' 'വ' എന്നിവയാണു് ആ അക്ഷരങ്ങള്‍. അവയുടെ ചിഹ്നങ്ങള്‍ ഉണ്ടാവുന്നതു് ചന്ദ്രക്കലയോടുകൂടി വേറൊരു വ്യഞ്ജനവുമായി ചേരുമ്പോഴാണു്. 'ക്യ', 'ക്ര', 'ക്ല', 'ക്വ' എന്നിവ യഥാക്രമത്തില്‍ ഇവയുടെ ഉദാഹരണങ്ങളാണു്.

'ര' എന്ന ഉച്ചാരണത്തെ സൂചിപ്പിക്കാനുള്ള ലിപികളെ പൊതുവില്‍ പറയുന്ന പേരാണു് രേഫം. ' ്ര', എന്നിവയാണു് രേഫത്തിന്റെ ചിഹ്നങ്ങള്‍.

ഒരു വ്യഞ്ജനാക്ഷരത്തിന്റെ വലത്തുഭാഗത്തു ചന്ദ്രക്കലയിട്ടു് 'ര' ചേരുമ്പോള്‍ ' ്ര' എന്ന രേഫ ചിഹ്നം ഉപയോഗിച്ചു് അതിനെ കുറിക്കുന്നു. 'ക+്+ര->ക്ര' അതിനൊരുദാഹരണമാണു്. വ്യഞ്ജനാക്ഷരത്തിന്റെ ഇടതുഭാഗത്തു് രകാരശബ്ദം ചേരുമ്പോള്‍ അതിലെ രകാരത്തെ രണ്ടു രീതിയില്‍ കുറിക്കാം. 'ര്‍' എന്ന ചില്ലക്ഷരമായും, അല്ലെങ്കില്‍ കുത്തുരേഫ ചിഹ്നമായ 'ൎ' ഉപയോഗിച്ചും. ഉദാ: കര്‍ത്താവു്, കൎത്താവു്.

ഈ ലേഖനത്തില്‍ നമ്മള്‍ പരിചയപ്പെടുന്നതു് ' ്ര' എന്ന ചിഹ്നത്തിന്റെ വ്യഞ്ജനങ്ങളോടു കൂടിയ ചിത്രീകരണത്തിന്റെ വിവിധവശങ്ങളെക്കുറിച്ചാണു്. കുത്തുരേഫത്തേക്കുറിച്ചും 'ര്‍' എന്ന ചില്ലക്ഷരത്തെക്കുറിച്ചും പിന്നീട് ചര്‍ച്ച ചെയ്യാം.

'ചന്ദ്രക്കല + ര' എന്ന ക്രമത്തിലുള്ള ഡേറ്റയാണു് ്ര' എന്ന ചിഹ്നമായി ചിത്രീകരിക്കുന്നതു്. ഈ ചിഹ്നം മലയാളത്തില്‍ രണ്ടു രീതിയില്‍ കാണപ്പെടുന്നു. കൂട്ടക്ഷരങ്ങളിലെ അക്ഷരങ്ങളും ഉകാരവും ഒക്കെ വേര്‍പെടുത്തി എഴുതുന്ന പുതിയ ലിപി എന്നോ പരിഷ്കരിച്ച ലിപി എന്നോ വിളിക്കുന്ന രീതിയിൽ ‘്ര’ എന്ന ചിഹ്നം കൂടെയുള്ള വ്യഞ്ജനാക്ഷരത്തിന്റെ അല്ലെങ്കില്‍ കൂട്ടക്ഷരത്തിന്റെ ഇടത്തുവശത്തു് വേര്‍പെട്ടു നില്‍ക്കും. അക്ഷരങ്ങളെയും സ്വരചിഹ്നങ്ങളെയും കൂട്ടി എഴുതുന്ന തനതുലിപിയെന്നും പഴയലിപിയെന്നും അറിയപ്പെടുന്ന ശൈലിയില്‍ ഇതു് അക്ഷരത്തോടൊട്ടി താഴെക്കൂടി വളഞ്ഞ് ഇടത്തുവശത്തു വന്നു കയറും.

ചിത്രം 1:  ക്ര- രണ്ടു ശൈലിയില്‍ എഴുതിയതു്

ഫോണ്ടെന്നതു് ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണല്ലോ. അതില്‍ അക്ഷരങ്ങളുടെ ചിത്രങ്ങളുണ്ടാകും - അടിസ്ഥാന അക്ഷരങ്ങള്‍ മുതല്‍ അവ കൂടിച്ചേര്‍ന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളും ചിഹ്നംചേര്‍ന്ന അക്ഷരങ്ങളും അടക്കമുള്ളവയുടെ ചിത്രങ്ങള്‍. ഈ ചിത്രങ്ങളെ ഗ്ലിഫ് എന്നു വിളിക്കും. താഴെയുള്ള ചിത്രം 2 കാണുക. രചന ഫോണ്ടിലെ അക്ഷരരൂപങ്ങളാണതില്‍ കാണുന്നതു്. ചിത്രങ്ങള്‍ മാത്രം പോരല്ലോ, അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്ന് ഇവ ഉണ്ടാകുന്നതെങ്ങനെയെന്ന പ്രോഗ്രാമിങ്ങും ഫോണ്ടില്‍ ഉണ്ടായിരിക്കും. ഇതിനായി ഉപയോഗിക്കുന്ന നിയമങ്ങളെ ലിഗേച്ചര്‍ ഫോമേഷന്‍ നിയമങ്ങള്‍ എന്നു പറയുന്നു.

ചിത്രം 2: രചനയിലെ അക്ഷരരൂപങ്ങള്‍

‘്ര’ എന്ന രേഫചിഹ്നം ഉണ്ടാകുന്നതു് ചന്ദ്രക്കലയും തുടര്‍ന്നു ‘ര’യും വരുമ്പോഴാണെന്നു കണ്ടല്ലോ. അതുകൊണ്ടു് ‘്+ര’ എന്ന ഡേറ്റയെ ‘്ര’ എന്ന അക്ഷരരൂപത്തിലേയ്ക്ക് മാപ്പ് ചെയ്യുന്ന ഒരു പ്രോഗ്രാമിങ് മലയാളം ഫോണ്ടിലുണ്ടാകണം. ചിഹ്നങ്ങള്‍ അക്ഷരത്തില്‍ നിന്നും വേര്‍പെടുത്തിയെഴുതുന്ന വിഘടിത എഴുത്തുശൈലിയില്‍ തൊട്ടുമുന്നിലുള്ള അക്ഷരത്തിന്റെ (ബേസ് ഗ്ലിഫിന്റെ) ഇടത്തുവശത്തേയ്ക്കാണല്ലോ ‘്ര’ എന്ന രേഫചിഹ്നം ചേരേണ്ടതു്.

എന്നുവച്ചാല്‍ ബേസ് ഗ്ലിഫിന്റെ വലത്തുവശത്തുവരുന്ന ‘്+ര’ എന്ന അക്ഷരക്കൂട്ടത്തെ ‘്ര’ എന്ന ഗ്ലിഫിലേയ്ക്ക് മാപ്പു ചെയ്ത് ആ ചിഹ്നത്തെ ബേസ് ഗ്ലിഫിന്റെ ഇടതുവശത്തേയ്ക്കു മാറ്റിവയ്ക്കണം.

ചിത്രം-3ല്‍ രഘുമലയാളം ഫോണ്ടിലെ '്ര' ചിഹ്നത്തിന്റെ ഗ്ലിഫ് കാണാം. അതിന്റെ ലിഗേച്ചര്‍ പ്രോഗ്രാമിങ്ങിനായി ചിത്രം-4 കാണുക.

ചിത്രം-3 : രഘുമലയാളം ഫോണ്ടിലെ “്ര” ചിത്രം

ചിത്രം-4 രഘുമലയാളം ഫോണ്ടിനുള്ളിലെ ‘്ര’ ചിഹ്നത്തിന്റെ ലിഗേച്ചര്‍ പ്രോഗ്രാമിങ്

ഓപ്പണ്‍ടൈപ്പിലെ ലിഗേച്ചര്‍ ഫോമേഷന്‍ നിയമങ്ങള്‍ പലതുണ്ടു്. ബേസ് ഗ്ലിഫിന്റെ ഇടത്തുവശത്തേയ്ക്കു ചേരുന്ന ചിഹ്നമുണ്ടാക്കുന്ന നിയമത്തെ ‘പ്രീ-ബേസ്-ഫോം’ (pref) നിയമം എന്നു വിളിക്കും. ഇവ കൂടാതെ പ്രി ബേസ് സബ്‌സ്റ്റിറ്റ്യൂഷന്‍, പോസ്റ്റ് ബേസ് സബ്സ്റ്റിറ്റ്യൂഷന്‍, ഹാഫ് ഫോം തുടങ്ങി ഒട്ടനവധി നിയമങ്ങൾ വേറെയുമുണ്ടു്. മലയാളത്തിലുപയോഗിക്കുന്ന ഓപ്പണ്‍ ടൈപ്പ് നിയമങ്ങളേക്കുറിച്ചു കൂടുതലറിയാന്‍ രജീഷിന്റെ ഈ കുറിപ്പ് വായിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ ഇനി വരുന്ന അദ്ധ്യായങ്ങളില്‍ പരിചയപ്പെടാം.

pref നിയമപ്രകാരമുള്ള ഒരു ചിഹ്നത്തിന്റെ ഗ്ലിഫ് കാണുന്ന ഷേപ്പിങ് എഞ്ചിന്‍, ആ ചിഹ്നം അക്ഷരത്തിന്റെ ഇടത്തുവശത്തേയ്ക്കു് എടുത്തുവയ്ക്കുന്നതോടെ രേഫചിഹ്നത്തിന്റെ ചിത്രീകരണം ഒരു വിഘടിത ലിപി ഫോണ്ടില്‍ പൂര്‍ണ്ണമാകുന്നു. ഇതാണു് ഹാര്‍ഫ്ബസ്സ് പോലെയുള്ള ഒരു പുതിയ ചിത്രീകരണ എഞ്ചിന്‍ ചെയ്യുന്നതു്.

‘ചക്രം’ എന്നതു സ്ക്രീനില്‍ എങ്ങനെയാണു തെളിയുന്നതെന്നു നോക്കാം. ഇതിലടങ്ങിയിരിക്കുന്ന അടിസ്ഥാന അക്ഷരങ്ങളേന്തൊക്കെയാണ്? അടിസ്ഥാന അക്ഷരങ്ങളെന്നു് ഇവിടെ പറയുന്നതു സ്വന്തമായി യൂണിക്കോഡ് ഡേറ്റപോയിന്റ് ഉള്ള അക്ഷരങ്ങളെയാണു്. ബാക്കിയുള്ളവയൊക്കെ അടിസ്ഥാന അക്ഷരങ്ങളുടെ കൂടിച്ചേരലിലൂടെ രൂപമെടുക്കുന്ന കൂട്ടക്ഷരങ്ങളോ ചിഹ്നം ചേര്‍ന്ന കൂട്ടുരൂപങ്ങളോ ഒക്കെയായിരിക്കും.

‘ചക്ര’ത്തിന്റെ ചിത്രീകരണത്തിലേയ്ക്കു വരാം. 'ച + ക + ്+ ര + ം' എന്നതാണു് അതിലെ യൂണിക്കോഡ് അക്ഷരക്രമം. ഇതു കാണുന്ന ഷേപ്പിങ് എഞ്ചിന്‍ കടുപ്പിച്ചു കാണിച്ചിട്ടുള്ള അക്ഷരങ്ങളെ ചേര്‍ത്ത് പ്രി-ബേസ്-ഗ്ലിഫ് ഫോര്‍മേഷന്‍ (pref) നിയമപ്രകാരം ‘്ര’ എന്ന അക്ഷരം ഉണ്ടാക്കുന്നു. അതായതു് ഇപ്പോഴുള്ള അക്ഷരങ്ങള്‍ 'ച + ക + ്ര + ം' എന്നിവയാണു്. ഇതിലെ ‘്ര’ എന്ന ചിഹ്നം ഒരു പ്രി-ബേസ്-ഫോം ഗ്ലിഫ് ആണെന്നറിയാവുന്ന ഷേപ്പിങ് എഞ്ചിന്‍ അടുത്ത പടിയായി ‘്ര’ ചിഹ്നത്തെ ബേസ് ഗ്ലിഫിന്റെ ഇടതുവശത്തേയ്ക്കു് എടുത്തുവയ്ക്കുന്നു. പുതിയ അക്ഷരക്രമം ഇങ്ങനെയാണു്: 'ച + ്ര +ക+ം' . അതോടെ ‘ചക്ര’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നു.

ചിത്രം-5: ‘ചക്രം’- നോട്ടോ സാന്‍സ് മലയാളം ഫോണ്ടില്‍

ഒരു പഴയലിപി ഫോണ്ടിലാകട്ടെ, ചിത്രീകരണം ഇവിടെ അവസാനിക്കുന്നില്ല. അവിടെ ഇതിലെ ‘്ര’ ചിഹ്നം അക്ഷരത്തോടൊട്ടി ഒരു പുതിയ ഗ്ലിഫ് (അക്ഷരരൂപം) തന്നെ ഉണ്ടാക്കുന്നു. അതായത് അങ്ങനെയൊരു ഫോണ്ടില്‍ ‘ക്ര’ എന്ന ചേര്‍ത്തുവരച്ച ഒരു ഗ്ലിഫ് ഉണ്ടായിരിക്കണം. മാത്രമല്ല ‘്ര’ എന്ന പ്രി-ബേസ്-ഫോം ചിഹ്നവും അക്ഷരവും ചേരുമ്പോള്‍ അവയ്ക്കു പകരം ഇതുരണ്ടുംകൂടി ചേര്‍ന്നുള്ള ഒറ്റഗ്ലിഫ് രൂപമെടുക്കുന്ന ഒരു പ്രോഗ്രാമിങ് നിര്‍ദ്ദേശം കൂടി ഉണ്ടാകണം. ഇതിനായി ഉപയോഗിക്കുന്നത് പ്രി-ബേസ്-സബ്‍സ്റ്റിറ്റ്യൂഷന്‍ (pres) നിയമമാണു്. ചിത്രം-6 കാണുക. r4 എന്നതു് ‘ ്ര’ എന്ന ഗ്ലിഫിന്റെ പേരാണു്.

ചിത്രം-6: ‘ക്ര’ എന്ന ഗ്ലിഫും അതിന്റെ ലിഗേച്ചര്‍ പ്രോഗ്രാമിങ്ങും, മീര ഫോണ്ടില്‍

ഇനി അക്ഷരക്രമം ഇങ്ങനെയാണു്: 'ച + ക്ര +ം' . അതാണ് ഒരു കൂട്ടുലിപി ഫോണ്ടിലെ ‘ചക്രം’ എന്ന വാക്കിന്റെ ചിത്രീകരണം. ചിത്രം-7 കാണുക.

ചിത്രം-7: ‘ചക്രം’- മീര ഫോണ്ടില്‍

മേല്‍ക്കാണിച്ച ലിഗേച്ചര്‍ ചിത്രങ്ങളിലെല്ലാം ഒന്നിലധികം പ്രോഗ്രാമിങ് നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്തിരിക്കുന്നതു ശ്രദ്ധിച്ചുകാണുമല്ലോ. നമ്മള്‍ ഇവിടെ വിശദീകരിച്ചതാകട്ടെ, കൃത്യമായ ഒരു നിര്‍ദ്ദേശവും. പിന്നെ എന്തിനാണു് ബാക്കിയുള്ളവ? അതുപറയാം.

ഇപ്പോള്‍ ചര്‍ച്ച ചെയ്തതുപോലെ ‘ക്ര’യുടെ ചിത്രീകരണം നടക്കണമെങ്കില്‍ ഓപ്പണ്‍ടൈപ്പിന്റെ സ്പെസിഫിക്കേഷന്‍ കൃത്യമായി അനുസരിക്കുന്ന പുതിയ റെന്‍ഡറിങ് എഞ്ചിന്‍ ഉണ്ടായിരിക്കണം, അതുമനസ്സിലാക്കി ശരിയായി പ്രോഗ്രാമിങ് നിര്‍ദ്ദേശങ്ങളെഴുതിയ ഫോണ്ടും ഉണ്ടാകണം. എന്നാല്‍ വ്യാപകമായി ഉപയോഗത്തിലുള്ള പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ചില ആപ്പ്ലിക്കേഷനുകള്‍ ഇവയൊക്കെ ഉപയോഗിക്കുന്നതു പഴയ ഓപ്പണ്‍ടൈപ്പ് സ്പെസിഫിക്കേഷന്‍ മാത്രം പിന്തുണയ്ക്കുന്ന റെന്‍ഡറിങ് എഞ്ചിനുകളാണു്. അവയില്‍ മേല്‍പ്പറഞ്ഞപോലെ പ്രോഗ്രാമിങ് നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ ഫോണ്ടുകള്‍ ചിത്രീകരണപ്പിഴവുകള്‍ കാണിക്കും. അതുപോലെ പുതിയ ഓപ്പണ്‍ടൈപ്പ് സ്പെസിഫിക്കേഷന്‍ മാത്രം പിന്തുണയ്ക്കുന്ന റെന്‍ഡറിങ് എഞ്ചിനുകളുപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ആപ്പ്ലിക്കേഷനുകള്‍ തുടങ്ങിയവയില്‍ ഫോണ്ടുകളുടെ പഴയ പതിപ്പുകള്‍ ചിത്രീകരണപ്പിഴവുകള്‍ കാണിക്കും. പിഴവുകളില്ലാത്ത മലയാളം ചിത്രീകരണം സാദ്ധ്യമാകണമെങ്കില്‍ ഫോണ്ടിനുള്ളില്‍ പഴയതും പുതിയതുമായ ഓപണ്‍ടൈപ്പ് നിയമങ്ങള്‍ക്കനുസരിച്ചുള്ള ലിഗേച്ചര്‍ പ്രോഗ്രാമിങ് ഉണ്ടാകണം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍ മിക്കവയും പഴയതും പുതിയതുമായ ഓപ്പണ്‍ടൈപ്പ് നിയമങ്ങള്‍ പരമാവധി പിന്തുണയ്ക്കുന്ന രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ടവയാണു്. കൂടുതല്‍ വിവരങ്ങള്‍ക്കു് മലയാളം ഫോണ്ടുകള്‍ പുതുക്കേണ്ടതെന്തുകൊണ്ടു് എന്ന അനിവര്‍ അരവിന്ദിന്റെ ലേഖനം കാണുക.

ഭാഷാനിയമങ്ങള്‍ മാറുന്നില്ലല്ലോ, പിന്നെ ഈ ഓപ്പണ്‍ ടൈപ്പ് സ്പെസിഫിക്കേഷനുകള്‍ എങ്ങനെ കാലക്രമേണ മാറുന്നു എന്നു സംശയം തോന്നാം. കോംപ്ലക്സ് സ്ക്രിപ്റ്റ് എന്ന ഗണത്തില്‍ പെടുന്ന സങ്കീര്‍ണ്ണ ലിപിയുള്ള മലയാളമടങ്ങുന്ന പല ഇന്ത്യന്‍ ഭാഷകളുടെയും പിന്തുണയ്ക്കുവേണ്ട നിയമങ്ങള്‍ എല്ലാം കൃത്യമായി നിര്‍വചിച്ച് ഉള്‍ക്കൊള്ളിക്കുവാന്‍ ഓപ്പണ്‍ടൈപ്പ് നിയമങ്ങളുടെ ആദ്യപതിപ്പുകളില്‍ കഴിഞ്ഞിരുന്നില്ല. കാലക്രമേണ സ്റ്റാന്‍ഡേഡുകള്‍ പുതുക്കപ്പെട്ടു, മെച്ചപ്പെട്ടു. ലിഗേച്ചര്‍ നിയമങ്ങളടങ്ങുന്ന ലുക്കപ്പ് ടേബിളുകളില്‍ mlym എന്ന സ്ക്രിപ്റ്റ്ടാഗ് സൂചിപ്പിച്ചിക്കുന്നതു പഴയ ഓപ്പണ്‍ടൈപ്പ് സ്റ്റാന്‍ഡേഡഡ് പ്രകാരം മലയാളം സ്ക്രിപ്റ്റിനുള്ള നിയമങ്ങളെയാണു്; mlm2 എന്നതു മലയാളം സ്ക്രിപ്റ്റിനുള്ള പുതിയ നിയമങ്ങളേയും.

ഉദാഹരണത്തിനു് ‘്ര’ എന്ന ചിഹ്നത്തെ പ്രി-ബേസ്-ഫോം ചിഹ്നമായി പഴയ സ്റ്റാന്‍ഡേഡ് പരിഗണിച്ചിരുന്നില്ല, പക്ഷേ പുതിയ സ്റ്റാന്‍ഡേഡ് അനുസരിക്കുന്ന റെൻഡറിങ് എഞ്ചിനുകള്‍ ‘്ര’ എന്ന പ്രി-ബേസ്-ഫോം ചിഹ്നത്തെ ഇടത്തുവശത്തേയ്ക്കു മാറ്റിയിട്ടു് ശരിയായ ഭാഷാനിയമം അനുസരിക്കുന്നു എന്നു നേരത്തേ കണ്ടുവല്ലോ. എന്നാല്‍ പഴയ സ്പെസിഫിക്കേഷന്‍ മാത്രം അനുസരിക്കുന്ന ഒരു റെന്‍ഡറിങ് എഞ്ചിനില്‍ അങ്ങനെ ഇടത്തുവശത്തേയ്ക്ക് ചിഹ്നത്തെ മാറ്റിയിടുവാനായി സംവിധാനം ഒന്നുമില്ല. എന്നു മാത്രമല്ല, വിചിത്രമായ ഒരു നിയമം കൂടി പഴയ ചില റെന്‍ഡറിങ് എഞ്ചിനുകള്‍ പാലിക്കുന്നുണ്ടായിരുന്നു. അതനുസരിച്ചു് ‘ചന്ദ്രക്കല+ര’ എന്ന അക്ഷരക്കൂട്ടം കാണുമ്പോള്‍ റെന്‍ഡറിങ് എഞ്ചിന്‍ ‘ര+ചന്ദ്രക്കല’ എന്നതിനെ മാറ്റിയിടണം. ഹലന്ത് ഷിഫ്റ്റിങ് (Halant shifting) എന്നാണീ നിയമത്തിന്റെ പേരു്. വിൻഡോസ് എക്സ്പി, പാംഗോയുടെ 2008നു മുമ്പുള്ള വേർഷൻ എന്നിവയെല്ലാം ഇങ്ങനെ mlym അനുസരിച്ചു് ഹലന്ത് ഷിഫ്റ്റിങ് ചെയ്യുന്ന ഷേപിങ് എൻജിനുകളാണു്.

അതായത് പഴയ ഓപ്പണ്‍ടൈപ്പ് സ്റ്റാന്‍ഡേഡ് പ്രകാരം ‘ചക്രം’ ചിത്രീകരിക്കുന്നതിനുള്ള പടികള്‍ എന്തെല്ലാമാണെന്നു നോക്കാം. 'ച + ക + ്+ര + ം' എന്നതാണല്ലോ ഇതിലെ ഡേറ്റാ ക്രമം. ഷേപ്പിങ് എഞ്ചിന്‍ ഇതിനെ ആദ്യം ഹലന്ത് ഷിഫ്റ്റിങ്ങ് നിയമപ്രകാരം ഈ ക്രമം മാറ്റി 'ച + ക +ര +് + ം' എന്നാക്കി മാറ്റും. ഇതു സംഭവിച്ചാല്‍ ‘്ര’ ചിഹ്നം ഉണ്ടാകാനുള്ള ഭാഷാനിയമം തെറ്റിക്കേണ്ടി വരും.

സ്റ്റാന്‍ഡേഡിലെ ഈ പ്രശ്നം മലയാളം ചിത്രീകരണത്തെ വളരെയേറെ ബാധിച്ചു. തെറ്റായ ഈ രീതിയില്‍ നിന്നും നമ്മള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ നിയമം ഉപയോഗിക്കുന്ന രീതിയിലേക്കു മാറിയിട്ടു് മൂന്നോ നാലോ കൊല്ലമായിട്ടേ ഉള്ളു. അപ്പോള്‍ അതിനുമുമ്പു് ക്ര ഒക്കെ എങ്ങനെയാണു് ചിത്രീകരിച്ചിരുന്നതു്? ഇപ്പോഴും പഴയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കു ക്ര ഒക്കെ എങ്ങനെയാണു നേരെ കാണുന്നതു്? ഈ ചോദ്യങ്ങളുടെ ഉത്തരം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ 2006 മുതല്‍ക്കുള്ള ഈ രംഗത്തെ പ്രവര്‍ത്തനങ്ങളിലേയ്ക്കു കൂടി വെളിച്ചം വീശുന്നവയാണു്. അതിനെപ്പറ്റി അടുത്ത അദ്ധ്യായത്തില്‍.

(ഹലന്ത് ഷിഫ്റ്റിങ് നിയമത്തിന്റെ വിശദീകരണത്തിനു് രജീഷ് കെ നമ്പ്യാരോടു കടപ്പാടു്)